Photo: AP, Reuters
ഗുസ്തി താരങ്ങള്‍ ഗംഗാ നദിയില്‍ ഒഴുക്കുവാന്‍ കൊണ്ടുവന്ന മെഡലുകള്‍ വാങ്ങി നരേഷ് ടിക്കായത്ത് എന്ന കര്‍ഷക നേതാവ് ഒരു തുണിയില്‍ പൊതിഞ്ഞെടുത്തു. കര്‍ഷകന്റെ വിയര്‍പ്പറിഞ്ഞ ആ നേതാവിന് ഗുസ്തി താരങ്ങള്‍ ഒളിംപിക് മെഡലിനായി ഒഴുക്കിയ വിയര്‍പ് എത്രയെന്ന് മനസ്സിലായി. അതറിയാത്തത് നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്കും സ്‌പോര്‍ട്‌സ് സംഘാടകര്‍ക്കും മാത്രം. അഥവാ അവര്‍ അത് അറിഞ്ഞില്ലെന്നു നടിക്കുന്നു. ഗുസ്തി താരങ്ങളെ തെരുവില്‍ വലിച്ചിഴച്ചതുതന്നെ രാജ്യാന്തര ഗുസ്തി സംഘടനയുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. താമസിയാതെ രാജ്യാന്തര ഒളിമ്പിക് സമിതിയുടെ ശ്രദ്ധയിലും പെടും.
സാക്ഷി മാലിക്കും ബജ്‌റങ് പൂനിയയും വിനേഷ് ഫോഗട്ടുമൊക്കെ തങ്ങള്‍ക്കു ലഭിച്ച രാജ്യാന്തര മെഡലുകള്‍ ഗംഗയില്‍ ഒഴുക്കിയിരുന്നെങ്കില്‍ ലോക കായിക വേദിയില്‍ ഇന്ത്യ നാണം കെട്ടേനെ. വലിയ നാണക്കേടില്‍ നിന്നു രാജ്യത്തെ രക്ഷിച്ച നരേഷ് ടിക്കായത്തിനോട് ഇന്ത്യയിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ കടപ്പെട്ടിരിക്കുന്നു. ഗുസ്തി താരങ്ങള്‍ നീതിയുടെ സകല വാതിലുകളും അടഞ്ഞപ്പോള്‍ തങ്ങളുടെ ജീവനും ആത്മാവുമായ മെഡലുകള്‍ ഗംഗാദേവിക്കു സമര്‍പ്പിക്കാനാണ് ഒരുങ്ങിയത്. നദിയിലേക്ക് വലിച്ചെറിയാന്‍ അവര്‍ക്കാകില്ല. ഈ സംഭവം നടക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി രോഷത്തോടെ ഒളിമ്പിക് സ്വര്‍ണം നദിയിലേക്ക് വലിച്ചെറിഞ്ഞതിന്റെ ഓര്‍മ മറനീക്കി തെളിഞ്ഞുവന്നു.
വിറയ്ക്കുന്ന കൈകളുമായി, 1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സിന്റെ ഉദ്ഘാടന ദിവസം, സ്റ്റേഡിയത്തിലെ ദീപത്തില്‍ നാളം പകര്‍ന്ന മുഹമ്മദ് അലിക്ക് ഒളിമ്പിക് വേദിയില്‍ ഒരു സ്വര്‍ണമെഡല്‍ സമ്മാനിക്കപ്പെട്ടു. രാജ്യാന്തര ഒളിമ്പിക് സമിതി അധ്യക്ഷന്‍ യുവാന്‍ അന്റോണിയോ സമറാഞ്ച് ആണ് അലിയുടെ കഴുത്തില്‍ മെഡല്‍ അണിയിച്ചത്. അത് മൂന്നു വ്യാഴവട്ടം മുമ്പ് മുഹമ്മദ് അലി നദിയില്‍ എറിഞ്ഞ ഒളിമ്പിക് സ്വര്‍ണമെഡലിന് പകരമായിരുന്നു. ആ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ സാധിച്ചത് വലിയ ഭാഗ്യമായി.
റോം ഒളിംപിക്‌സില്‍ (1960) ബോക്‌സിങ് ലൈറ്റ് വെയ്റ്റ് (85 കിലോ) വിഭാഗത്തില്‍ സ്വര്‍ണം നേടി നാട്ടില്‍ മടങ്ങിയെത്തി, കറുത്ത വര്‍ഗക്കാരായ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഒഹയോയിലെ ഹോട്ടലില്‍ കയറിയ കാഷ്യസ് ക്‌ളേയെ കറുത്തവനെന്ന പേരില്‍ ഭക്ഷണം നല്‍കാതെ ഇറക്കിവിട്ടു. ഒഹയോ നദിക്കരയിലേക്ക് നടന്ന കാഷ്യസ് ക്‌ളേ കഴുത്തില്‍ അണിഞ്ഞിരുന്ന ഒളിംപിക് സ്വര്‍ണ മെഡല്‍ നദിയിലേക്കു വലിച്ചെറിഞ്ഞാണു പ്രതിഷേധിച്ചത്. അന്നത് വാര്‍ത്തയായില്ല. കാഷ്യസ് ക്‌ളേ പിന്നീട് മുഹമ്മദ് അലി എന്ന ഇതിഹാസ താരമായപ്പോഴാണ് റോം ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ നദിയില്‍ എറിഞ്ഞ കഥ ലോകം അറിഞ്ഞത്. അതോടെ വര്‍ണ വിവേചനത്തിനെതിരായ പോരാട്ടങ്ങളില്‍ മുഹമ്മദ് അലി ആവേശമായി.
പതിനെട്ടുകാരനായ കാഷ്യസ് ക്‌ളേ ഒളിമ്പിക് സ്വര്‍ണത്തിന്റെ മൂല്യമറിയാതെയാണ് മെഡല്‍ നദിയിലേക്ക് എറിഞ്ഞത്. യു.എസ്. ഒളിമ്പിക് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിമാനം കടലില്‍ വീണുമരിച്ചു പോകുമെന്ന് ഭയന്ന് താന്‍ വരുന്നില്ലെന്നു വാശി പിടിച്ച ക്‌ളേ ഒടുവില്‍ പാരഷൂട്ടുമായാണ് യാത്ര തിരിച്ചത്. ഒളിമ്പിക് ചാംപ്യനായപ്പോള്‍, എവിടുന്നോ വന്ന 15 അക്ഷരമുള്ള ഒരുത്തനെ ഇടിച്ചു ശരിപ്പെടുത്തി സ്വര്‍ണം കിട്ടിയെന്ന് അമ്മയ്ക്ക് കത്തുമെഴുതി. താനും സ്വര്‍ണം നേടിയെന്നതുമറന്ന് വില്‍മ റുഡോള്‍ഫിനൊപ്പം നിന്നു ഫോട്ടോ എടുക്കുന്നതില്‍ ആനന്ദം കണ്ടെത്തി. അങ്ങനെയൊരു മാനസികാവസ്ഥയിലാണ് മുഹമ്മദ് അലി മെഡല്‍ നദിയില്‍ എറിഞ്ഞത്.
കുട്ടികളുടെ മനസ്സും കൗമാരത്തിന്റെ തിളപ്പുമായാണ് അലി മെഡല്‍ എറിഞ്ഞു കളഞ്ഞത്. നമ്മുടെ ഗുസ്തി താരങ്ങള്‍ വര്‍ഷങ്ങളായി ഗോദയില്‍ ഉള്ളവരാണ്. പക്വതയാര്‍ന്ന മനസ്സ് യുവത്വത്തിന്റെ ആവേശത്തെ നിയന്ത്രിക്കുന്നു. അലി ഒരു നിമിഷം കൊണ്ടെടുത്ത തീരുമാനമെങ്കില്‍ നമ്മുടെ താരങ്ങള്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ട് ,ആലോചിച്ചെടുത്ത തീരുമാനമാണ്. അതാണ് രണ്ടു സംഭവങ്ങളെ വ്യത്യസ്തമാക്കുന്നത്. ഏറെ വൈകിയെങ്കിലും ഗുസ്തി താരങ്ങള്‍ക്കു നീതി ലഭിക്കട്ടെ. അവര്‍ രക്തം വിയര്‍പ്പാക്കി നേടിയ മെഡലുകള്‍ ഇന്ത്യന്‍ കായിക രംഗത്തിന് ഇനിയും പ്രഭ പകരട്ടെ.
Content Highlights: Wrestlers Halt Plan To Immerse Medals In Ganga
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..