സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗിലെ ക്രെസ്റ്റോവ്സ്‌കി സ്റ്റേഡിയത്തിനരികിലൂടെ നേവാ നദി ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. പക്ഷേ, രാവിലെ മുതല്‍ അതിന്റെ ആഴങ്ങളില്‍ ഒരു തിര രൂപപ്പെടുന്നുണ്ടായിരുന്നു. 2018 റഷ്യ ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന - നൈജീരിയ ജീവന്‍മരണപ്പോരാട്ടം ജൂണ്‍ 26 രാത്രി ഒമ്പതിനായിരുന്നു.

ആദ്യമത്സരത്തില്‍ ഐസ്​ലന്‍ഡിനോട് സമനിലയില്‍ കുടുങ്ങിയ അര്‍ജന്റീന അടുത്ത കളിയില്‍ ക്രൊയേഷ്യയോട് തകര്‍ന്നടിഞ്ഞു. നൈജീരിയയോട് ജയിച്ചാല്‍ മാത്രം രണ്ടാം റൗണ്ട് എന്ന നിലയില്‍ ലയണല്‍ മെസ്സിയുടെ രാജ്യം കയ്യാലപ്പുറത്തിരിക്കുന്നു. നദിയുടെ സ്വച്ഛതയിലേക്കുനോക്കി മനസ്സ് ശാന്തമാക്കാന്‍ അര്‍ജന്റീന ആരാധകര്‍ ശ്രമിച്ചു. ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെയാണല്ലോ അവരുടെ സഞ്ചാരം.

അരങ്ങൊരുങ്ങി, നീലപ്പടയും സൂപ്പര്‍ ഈഗിള്‍സും അണിനിരന്നു. 65,000-ത്തോളം ആരാധകര്‍ നിറഞ്ഞ ഗാലറി ത്രസിക്കുന്നു. രണ്ടു മഹാപ്രതിഭകളുടെ സംഗമംകൂടിയായിരുന്നു അത്. ഗാലറിയില്‍ സാക്ഷാല്‍ ഡീഗോ മാറഡോണ, കളത്തില്‍ ലയണല്‍ മെസ്സി. അര്‍ജന്റീന ലോകത്തിന് സമ്മാനിച്ച രണ്ടു മഹാരഥന്മാര്‍. നീല ബനിയനിട്ടുവന്ന മാറഡോണ ചുരുട്ടുകള്‍ പുകച്ചുതള്ളി. ആ മുഖം സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിയുമ്പോഴെല്ലാം ആരാധകര്‍ ഇരമ്പി.

World Cup 2018 Nigeria vs Argentina the night that St. Petersburg was taken by Argentine fans
അര്‍ജന്റീനയുടെ ജയം ആഘോഷിക്കുന്ന മാറഡോണ

കളി തുടങ്ങി 14-ാം മിനിറ്റില്‍ ഫുട്ബോള്‍ ലോകം കാത്തിരുന്ന നിമിഷമെത്തി. ആദ്യമായി ലോകകപ്പ് കളിക്കുന്ന എവര്‍ ബെനേഗ മറിച്ചുകൊടുത്ത പന്ത് ലയണല്‍ മെസ്സി തുടയിലും ഇടംകാലിലും നിയന്ത്രിച്ച് വരുതിയിലാക്കി. പിന്നാലെ വലംകാല്‍കൊണ്ട് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി തകര്‍പ്പന്‍ ഷോട്ട്. നൈജീരിയ ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ് ഉസോവോയ്ക്ക് ഒരു പഴുതും നല്‍കാതെ പന്ത് വലയില്‍. മാറഡോണയും അര്‍ജന്റീന ആരാധകരും ഉന്മാദത്തിലായി. 34-ാം മിനിറ്റില്‍ മെസ്സിയുടെ ഒരു ഫ്രീകിക്ക് ഉസോവോ കഷ്ടിച്ചാണ് രക്ഷിച്ചത്. രണ്ടാം പകുതി ആറു മിനിറ്റ് പിന്നിടുമ്പോള്‍ വിക്ടോര്‍ മോസസിലൂടെ കഴുകന്മാര്‍ സമനിലപിടിച്ചു. 86-ാം മിനിറ്റുവരെ അതേ നില. അത് തുടര്‍ന്നാല്‍ അര്‍ജന്റീന പുറത്ത്, നൈജീരിയ രണ്ടാം റൗണ്ടില്‍. കളിതീരാന്‍ നാലു മിനിറ്റ് ശേഷിക്കെയാണ് മാര്‍ക്കസ് റോജോ അര്‍ജന്റീനയുടെ രക്ഷകനായി അവതരിച്ചത്. റോജോയുടെ വലംകാലനടി ഉസോവോയെ സ്തബ്ധനാക്കി. അര്‍ജന്റീന നോക്കൗട്ട് റൗണ്ടിലേക്ക്.

മാറഡോണ തുള്ളിച്ചാടിക്കൊണ്ടിരുന്നു. അതിനൊടുവില്‍ അദ്ദേഹം അവശനായി. മെഡിക്കല്‍ സംഘം പാഞ്ഞെത്തി. ആശുപത്രിയിലേക്ക് പോകാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും താരം വിലക്കി. പിന്നാലെ അദ്ദേഹം ഗ്രൗണ്ട് വിടുകയും ചെയ്തു. ആദ്യപകുതിയില്‍ത്തന്നെ അദ്ദേഹത്തിന് കഴുത്തിന് വേദനയുണ്ടായിരുന്നു. ഇടവേളയ്ക്കുശേഷം ഹോട്ടല്‍റൂമിലേക്ക് മടങ്ങാമെന്ന് സഹായികള്‍ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. തന്റെ ടീം നിര്‍ണായകമത്സരം കളിക്കുമ്പോള്‍ എങ്ങനെ മുറിയില്‍പ്പോയിരിക്കും എന്നാണ് ചോദിച്ചത്.

സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗിലെ ആ അര്‍ധരാത്രി അര്‍ജന്റീന ആരാധകര്‍ സ്വന്തമാക്കി. ആരാധന എത്ര തീവ്രമെന്ന് അടുത്തുനിന്നറിഞ്ഞു. മെസ്സിക്കും മാറഡോണയ്ക്കും ഒപ്പം ഒരേ സ്റ്റേഡിയത്തിലായിരുന്ന സംതൃപ്തിയോടെ നേവ നദിയോട് യാത്രപറഞ്ഞു. കസാനില്‍നടന്ന പ്രീക്വാര്‍ട്ടറില്‍, പിന്നീട് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനോട് പൊരുതിത്തോല്‍ക്കാനായിരുന്നു അര്‍ജന്റീനയുടെ വിധി.

Content Highlights: World Cup 2018 Nigeria vs Argentina the night that St. Petersburg was taken by Argentine fans