പ്രവചനങ്ങളും കണക്കുകൂട്ടലുകളുമെല്ലാം കടന്ന് സത്യത്തിന്റെ മുഹൂര്‍ത്തം വന്നെത്തി. ദുബായ് എക്‌സ്‌പോ 2020 എക്‌സിബിഷന്‍ ഹാളില്‍ നവംബര്‍ 26 ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് ലോകകിരീടപോരാട്ടങ്ങള്‍ക്കായുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു.

ഒന്നാം ഗെയിമില്‍ വെളുത്ത കരുക്കള്‍ എടുത്തുകൊണ്ട് ചലഞ്ചര്‍ യാന്‍ നേപ്പോംനിഷി നിലവിലെ ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെതിരെ ആദ്യ കരുനീക്കം നടത്തിക്കൊണ്ട് നിര്‍ണ്ണായകപോരാട്ടത്തിന് തുടക്കം കുറിച്ചു.

വൈറ്റ് : യാന്‍ നേപ്പോംനിഷി (റഷ്യ)
ബ്ലാക്ക് : മാഗ്‌നസ് കാള്‍സണ്‍ (നോര്‍വേ)

  • e4 e5 2. ♘f3 ♘c6 3. ♗b5

പതിനാറാം നൂറ്റാണ്ടില്‍ സ്പാനിഷ് പുരോഹിതന്‍ റൂയ് ലോപ്പസ് സെഗുറ തുടങ്ങി വെച്ച് പില്‍ക്കാലത്ത് വളരെ സ്വീകാര്യമായിത്തീര്‍ന്ന റൂയ് ലോപ്പസ് പ്രാരംഭമുറ.

  • a6

മഹാനായ പോള്‍ മോര്‍ഫി പത്തൊമ്പതാം നൂറ്റാണ്ടില്‍ കണ്ടെത്തിയ മികച്ച നീക്കം. ഈ നീക്കം നടത്തുക വഴി ഇക്കാലത്ത് ഏറ്റവും പ്രചാരത്തിലുള്ള ബെര്‍ലിന്‍ പ്രതിരോധം തന്‍ ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ചാമ്പ്യന്‍ വ്യക്തമാക്കുന്നു.

  • ♗a4 ♘f6 5. O-O ♗e7 6. ♖e1 b5 7. ♗b3 O-O 8. h3

പകരം 8. c3 കളിച്ചാല്‍ വേണമെങ്കില്‍  8 ... d5 കളിച്ചുകൊണ്ട് ആക്രമണസ്വഭാവമുള്ള മാര്‍ഷല്‍ ഗാംബിറ്റ് കളിക്കുവാനുള്ള അവസരം കാള്‍സണ് ലഭിക്കുമായിരുന്നു . 8. h3 ഈ സാധ്യതയെ തടയുന്നു.

8. …♘a5!?

ഇതൊരു പോണ്‍ ബലിയാണ്. താന്‍ എതിരാളിക്ക് ദാനം നല്‍കുന്ന കാലാളിനു പകരമായി ബ്ലാക്കിന് ലഭിക്കുന്നത് 2 ഗുണങ്ങളാണ് - 1. ബിഷപ്പ് ദ്വയം 2. കൂടുതല്‍ സജീവമായ കരുവിന്യാസം. ഒരു പോണ്‍ മികവാണോ പ്രധാനം അതോ ഇരട്ടബിഷപ്പുകളും മെച്ചപ്പെട്ട കരുവിന്യാസവും ആണോ പ്രധാനം എന്ന ചോദ്യത്തിനുള്ള ഉത്തരം തേടലാണ് കളിയുടെ ഇനിയുള്ള നീക്കങ്ങളില്‍ അടങ്ങിയിരിക്കുന്നത്.

9. ♘xe5

പെട്ടെന്നാണ് നേപ്പോംനിഷി ഈ കാലാളിനെ വെട്ടിയെടുത്തത് എന്നത് രണ്ട് കളിക്കാരും ഈ ഓപ്പണിങ് മുറ ആഴത്തില്‍ പഠിച്ചാണ് ഗോദയിലിറങ്ങിയിരിക്കുന്നത് എന്ന വസ്തുത വ്യക്തമാക്കുന്നു.

9. …♘xb3 10. axb3 ♗b7 11. d3 d5 12. exd5 ♕xd5 13. ♕f3 ♗d6 14. 

♔f1! മികച്ച നീക്കം. നെപ്പോ വരാനിരിക്കുന്ന എന്‍ഡ് ഗെയിമിനെ മുന്‍കൂട്ടി കണ്ട് രാജാവിനെ കളമധ്യത്തിലേക്ക് കൊണ്ടുവരുന്നു. അതോടൊപ്പം ബ്ലാക്ക് e5 ലെ കുതിരയെ വെട്ടുകയാണെങ്കില്‍ പകരം b7 ലെ ബിഷപ്പിനെ തിരിച്ചുവെട്ടിയെടുക്കുവാനുള്ള തയ്യാറെടുപ്പും നടത്തുന്നു.

14. … ♖fb8!

നെപ്പോയുടെ മികച്ച നീക്കത്തെ സ്വയം ഒരു മികച്ച നീക്കം നടത്തിക്കൊണ്ട് കാള്‍സണ്‍ നേരിടുന്നു. ബ്ലാക്ക് തന്റെ ക്വീനിനെ മാറ്റി എതിരാളിയുടെ ക്വീനിനെ തന്റെ ബിഷപ്പ് കൊണ്ട് ആക്രമിക്കും എന്നതാണ് ഭീഷണി. ഇതോടെ കളി ഏന്‍ഡ് ഗെയിമിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാകുന്നു.

15. ♕xd5 ♘xd5

ഈ പൊസിഷന്‍ ഇതിനുമുന്‍പ് 8 കറസ്‌പോണ്ടന്‍സ് ഗെയിമുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതാണ് കൗതുകകരം. അവയില്‍ പൊതുവെ വൈറ്റിനായിരുന്നു മേല്‍ക്കൈ.

16. ♗d2

ഈ നീക്കം 16. … Nb4 നെ തടയുന്നു.

16. … d2 c5 17. ♘f3 ♖d8 18. ♘c3 ♘b4 19. ♖ec1 ♖ac8 20. ♘e2 ♘c6

21. ♗e3

ഈ നീക്കത്തിനുപകരം അമേരിക്കൻ ഗ്രാൻഡ്‌മാസ്റ്റർ ഷാങ്ക്ലാൻഡ് കുറേകൂടി മെച്ചപ്പെട്ട തുടർനീക്കങ്ങൾ ഇപ്രകാരം നിർദ്ദേശിക്കുന്നു- (21. Bf4 Bf8 22. Ne1)  വൈറ്റിന് ഒന്നുകൂടി സുഖകരമായ അവസ്ഥ ലഭിക്കും).

21. … ♘e7

f5, g6 എന്നീ കളങ്ങളിലേക്ക് സഞ്ചരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നല്ലൊരു നീക്കം.

22. ♗f4 ♗xf3 23. gxf3 ♗xf4 24. ♘xf4 ♖c6

ഈ നീക്കങ്ങളോടെ കളി തികഞ്ഞ തുല്യാവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. നെപ്പോവിന് ഒരു പോൺ മികവ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ പോൺ ഘടന ദുർബലമാണ്.

25. ♖e1 ♘f5 26. c3 ♘h4 27. ♖e3 ♔f8 28. ♘g2 ♘f5 29. ♖e5 g6

30. ♘e1 ♘g7!

മറ്റൊരു മികച്ച കുതിരച്ചാട്ടം. നല്ല കളം ആയ d6 ലേക്കാണ് നൈറ്റിന്റെ വരവ്.

31. ♖e4 f5 32. ♖e3 ♘e6 33. ♘g2 b4!

വൈറ്റിൻറെ പോൺഘടനക്കുമേൽ സമ്മർദ്ദം ചെലുത്തുന്ന ഒന്നാംതരം നീക്കം.

34. ♔e2!

മികച്ച മറുപടി. തനിക്ക് ലഭിച്ച പോൺ തിരികെ നൽകിക്കൊണ്ട് തന്റെ രാജാവിനെ ഏറ്റവും പ്രധാനപ്പെട്ട മദ്ധ്യഭാഗത്തേക്ക് കൊണ്ടുവന്ന് നെപ്പോ സമനില ഉറപ്പിക്കുന്നു.

34. … ♖b8 35. ♔d2! bxc3+ 36. bxc3 ♖xb3 37. ♔c2 ♖b7 38. h4 ♔f7 39. ♖ee1 ♔f6 40. ♘e3 ♖d7 41. ♘c4 ♖e7 42. ♘e5 ♖d6 43. ♘c4 ♖c6 44. ♘e5 ♖d6 45. ♘c4   ഡ്രോ

നീക്കങ്ങളും പൊസിഷനും ആവര്‍ത്തിക്കുക മാത്രമേ ഇരുവര്‍ക്കും ചെയ്യാനുള്ളൂ. അതിനാല്‍ അവര്‍ ഡ്രോ സമ്മതിച്ചു.


ചെസ്സിന്റെ ഏറ്റവും ഉയര്‍ന്ന തലം പലഘടകങ്ങളുടെയും മിശ്രണമാണ്. കുറ്റമറ്റ മത്സരപൂര്‍വ്വ തയ്യാറെടുപ്പ്, ഉയര്‍ന്ന കായികക്ഷമത, അസാമാന്യമായ മനക്കരുത്തും പോരാട്ടവീര്യവും , ചെസ്സ് ബോര്‍ഡിന് മേലെയുള്ള പൂര്‍ണ്ണത നിറഞ്ഞ കണക്കുകൂട്ടല്‍ പാടവം, കൃത്യസമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള അനുഭവസമ്പത്തും ഉള്‍പ്രേരണയും, അതിശയകരമായ ഓര്‍മ്മശക്തി, ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഏകാഗ്രത - ഇവയെല്ലാം മനോഹരമായി ലയിച്ചുചേരുന്നമുഹൂര്‍ത്തങ്ങളിലാണ് ലോകചാമ്പ്യന്മാര്‍ പിറവിയെടുക്കുന്നത്.

അത്തരം ഒരു ചാമ്പ്യന്‍ ആരെന്ന് അറിയുവാനായി 14 ഗെയിമുകളുടെ ഈ മത്സര പരമ്പരയിലെ ഇനിയുള്ള കരുനീക്കങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.

Content Highlights: world chess championship magnus carlsen v ian nepomniachtchi game analysis