വംബര്‍ 26 വൈകീട്ട് ഇന്ത്യന്‍ സമയം 6 മണിക്ക് ദുബായ് എക്‌സ്‌പോ 2020 ഉത്സവനാഗിരിയിലെ എക്‌സിബിഷന്‍ ഹാളില്‍ അസാധാരണമായൊരു യുദ്ധത്തിന് തിരശീല ഉയരുകയാണ്. യുദ്ധത്തിന്റെ ഹ്രസ്വരൂപമായി അറിയപ്പെടുന്ന ചെസ്സിന്റെ ഏറ്റവും ഉയര്‍ന്ന സിംഹാസനം സ്വന്തമാക്കാനായി ചെസ്സ് ലോകത്തെ രണ്ട് കരുത്തന്മാര്‍ - നിലവിലെ ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണും (നോര്‍വേ) ചാലഞ്ചര്‍ യാന്‍ നെപ്പോമ്‌നിയാച്ചിയും (റഷ്യ) - ബൗദ്ധികപോരാട്ടങ്ങളുടെ ആദ്യ കരുനീക്കം നടത്തുവാനൊരുങ്ങുന്നു. രണ്ട് പ്രതിയോഗികളും വ്യത്യസ്ത ശൈലികളുടെ ഉടമകളും വ്യത്യസ്ത യുദ്ധതന്ത്രങ്ങള്‍ അവലംബിക്കുന്നവരുമാണ്. 

ടൈ ബ്രേക്കുകളുടെ രാജകുമാരന്‍ 

2018-ല്‍ 12 ക്ലാസിക്കല്‍ ഗെയിമുകളും സമനിലയില്‍ കലാശിച്ചശേഷം റാപ്പിഡ് ഗെയിമുകളുടെ ടൈ ബ്രേക്ക് മത്സരത്തില്‍ കാള്‍സണ്‍, ഫാബിയോ കരുവാനയെ തകര്‍ത്തുകളഞ്ഞു. 2016-ലും ഇതുതന്നെയാണ് സംഭവിച്ചത്. എട്ടാമത്തെ ഗെയിമില്‍ ജയം നേടി മുന്നിട്ടുനിന്ന സെര്‍ജി കര്യാക്കിനെ പത്താം ഗെയിമില്‍ കീഴ്‌പെടുത്തിയശേഷം മത്സരം 6 - 6 എന്ന നിലയില്‍ സമനിലയിലേക്കെത്തിക്കുകയും പിന്നീട് നടന്ന റാപ്പിഡ് ഗെയിമുകളുടെ ടൈ ബ്രേക്കില്‍ ജയവും അതോടൊപ്പം കിരീടവും സ്വന്തമാക്കുകയുമാണ് കാള്‍സണ്‍ ചെയ്തത്.

2013-ലും 2014-ലുമാണ് ടൈ ബ്രേക്കിലേക്ക് കടക്കാതെ ക്ലാസിക്കല്‍ ഗെയിമുകളില്‍ തന്നെ ആനന്ദിനെ കീഴ്പ്പെടുത്തി കാള്‍സണ്‍ കിരീടം ചൂടിയത്. ടൈ ബ്രേക്കറുകളെ ഒഴിവാക്കി മുഖ്യ ക്ലാസിക്കല്‍ ഗെയിമുകളില്‍ വെച്ച് തന്നെ ഒരു തീരുമാനമുണ്ടാക്കാനായാണ് ഫിഡെ 12-ല്‍ നിന്നും ഗെയിമുകളുടെ എണ്ണം ഇത്തവണ 14-ലേക്ക് ഉയര്‍ത്തിയത്.

കമ്പ്യൂട്ടറുകളുടെ സ്വാധീനം

മത്സരപൂര്‍വ്വ തയ്യാറെടുപ്പുകളില്‍ കമ്പ്യൂട്ടറുകളുടെ സ്വാധീനം നിര്‍ണ്ണായകമാണെന്നും അതിനാലാണ് ക്ലാസിക്കല്‍ ഗെയിമുകളില്‍ സമനിലകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് എന്നും ചിലര്‍ വാദിക്കുന്നു.

കളിക്കുമുമ്പുള്ള കളികള്‍

അടുത്ത കാലത്ത് 2019-നു ശേഷം കാള്‍സണും നെപ്പോമനിയാച്ചിയും 4 ക്ലാസിക്കല്‍ ഗെയിമുകളില്‍ ഏറ്റുമുട്ടുകയുണ്ടായി. 1 ജയം 3 സമനില എന്ന നിലക്ക് കാള്‍സണ് അനുകൂലമാണ് സ്‌കോര്‍ നില.

എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് വളരെ വിരസമായൊരു പ്രതിരോധരീതിയെയാണ് നോര്‍വേ ക്ലാസിക് ചെസ്സ് ടൂര്‍ണമെന്റില്‍ നെപ്പോമിനിയാച്ചി കാള്‍സണെതിരെ അവലംബിച്ചത്. താന്‍ ശാന്തമായ വഴികളിലേക്ക് കളിയെ തിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നു എന്ന തെറ്റായ ധാരണ എതിരാളിയുടെ മനസ്സില്‍ ആദ്യം സൃഷ്ടിക്കുകയും എന്നാല്‍ ലോകചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ തീക്ഷ്ണമായ ആക്രമണമുറകള്‍ അഴിച്ചുവിട്ട് എതിരാളിയുടെ പ്രതീക്ഷകളെ തകിടം മറിക്കുകയും ചെയ്യുന്ന സമര്‍ഥതന്ത്രമാണോ ഇതെന്നും സംശയിക്കാവുന്നതാണ്.

ഇത്തരം സമര്‍ത്ഥമായ ബൗദ്ധികതന്ത്രങ്ങള്‍ ലോകചാമ്പ്യന്‍ഷിപ്പ് പ്രതിയോഗികള്‍ സ്ഥിരം പയറ്റിവരാറുണ്ട്. 24-നു നടന്ന പത്രസമ്മേളനത്തില്‍ നെപ്പോമ്‌നി യാച്ചിയെക്കുറിച്ച് കാള്‍സണ്‍ പറഞ്ഞവാക്കുകളും ഇത്തരം സമര്‍ഥതന്ത്രത്തിന്റെ ഭാഗമാണോ എന്ന് സംശയിച്ചാല്‍ അതിനെ തെറ്റ് പറയാനാകില്ല. നെപ്പോയുടെ ശൈലിയുടെ സവിശേഷത എന്താണ് എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി കൗതുകരമായിരുന്നു - 'രാജാവിന്റെ സുരക്ഷിതത്വം സഹജവാസനയിലൂടെ മണത്തറിയുവാനുള്ള പാടവം'. രാജാവിന്റെ സുരക്ഷിതത്വം ഒരു പ്രശ്‌നമാക്കാതെ ധീരമായി ആക്രമിക്കുന്ന കളിക്കാരന്‍ എന്നതാണ് നെപ്പോമ്‌നിയാച്ചിയെക്കുറിച്ചുള്ള പൊതുധാരണ. നെപ്പോവിന്റെ കളിയില്‍ മറ്റാരും കണ്ടെത്താത്ത ഒരു വശം താന്‍ കണ്ടെത്തിയതുകൊണ്ടാണോ അതോ മനഃപൂര്‍വ്വം നെപ്പോവിന്റെ കളിയില്‍ ഇല്ലാത്ത ഒരു വശത്തെ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് നെപ്പോവിനെ തെറ്റായ സുരക്ഷിതബോധത്തിലേക്ക് നയിക്കുക എന്ന സമര്‍ത്ഥമായ ഉദ്ദേശം മനസ്സില്‍ വെച്ചുകൊണ്ടാണോ കാള്‍സണ്‍ അപ്രകാരം പറഞ്ഞത് എന്ന് തിരിച്ചറിയുക എളുപ്പമല്ല.

ഗറില്ലാ യുദ്ധമുറ

11 വര്‍ഷത്തോളം ലോകറാങ്കിങ്ങിന്റെ കൊടുമുടിയില്‍ നിലകൊള്ളുകയും 4 ക്ലാസിക്കല്‍ ലോക കിരീടങ്ങള്‍ അടക്കം മൊത്തം 12 ലോകചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കുകയും ചെയ്ത കാള്‍സണ്‍ എന്ന ചെസ്സ് കൊളോസസിനെ അട്ടിമറിക്കുക ലോക അഞ്ചാം റാങ്കുകാരനായ നെപ്പോവിന് വളരെ ദുഷ്‌കരമായിരിക്കും എന്നത് തീര്‍ച്ചയാണ്. അയാഥാസ്ഥിതിക തന്ത്രങ്ങള്‍ പയറ്റുക എന്നതാണ് നെപ്പോവിന് അവലംബിക്കാവുന്ന തന്ത്രം എന്ന് പല ചെസ്സ് പണ്ഡിതരും അഭിപ്രായപ്പെടുന്നു. പരമ്പരാഗതരീതിയില്‍ കാള്‍സണെ നേരിട്ട ആനന്ദ് രണ്ടുതവണയും ദാരുണമായ പരാജയം ഏറ്റുവാങ്ങി. നീണ്ട എന്‍ഡ്ഗെയിമുകളില്‍ എതിരാളികളെ സാവകാശം ശ്വാസംമുട്ടിച്ച് കൊല്ലുന്നതില്‍ വിദഗ്ധനായ ആരാച്ചാരാണ് കാള്‍സണ്‍. ഏതാണ്ട് ദൗര്‍ബല്യങ്ങള്‍ ഇല്ലാത്ത ഒരു സാര്‍വലൗകിക ചെസ്സ് ശൈലിയുടെ ഉടമയായ ലോകചാമ്പ്യനെതിരെ ഗറില്ലാ യുദ്ധമുറകള്‍ അവലംബിക്കുക എന്നതായിരിക്കാം ചാലഞ്ചറുടെ ഗൂഢപദ്ധതി.
സങ്കീര്‍ണ്ണതകള്‍ മനോഹരമാക്കുന്ന പോരാട്ടത്തിന്റെ ദിനങ്ങള്‍ ദുബായിലെ ലോകചാമ്പ്യന്‍ഷിപ്പിനെ ആസ്വാദ്യകരമാക്കിത്തീര്‍ക്കും എന്ന കാര്യത്തില്‍ സംശയത്തിനിടമില്ല.

Content Highlights: world chess championship magnus carlsen to battles challenger ian nepomniachtchi