ലോകചെസ്; പ്രതിരോധത്തിന്റെ കാലം


#ദുബായില്‍ നിന്ന് ചെസ് ഒളിമ്പ്യന്‍ എ.ആര്‍ അനില്‍കുമാര്‍

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന്‌ | Photo: AFP

2016 ല്‍ ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണും അന്നത്തെ ചാലഞ്ചര്‍ സെര്‍ജി കറിയാക്കിനും തമ്മില്‍ നടന്ന പത്താം ഗെയിമില്‍ കാള്‍സണ്‍ വിജയിച്ചു. പിന്നീട് അവശേഷിച്ച 2 ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലായി. ടൈ ബ്രേക്കിലൂടെയാണ് കാള്‍സണ്‍ കിരീടം നിലനിര്‍ത്തിയത്.

2018 ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാകട്ടെ ഫാബിയോ കരുവാനക്കെതിരെ കാള്‍സണ്‍ കളിച്ച 12 ക്ലാസിക്കല്‍ ഗെയിമുകളും സമനിലകള്‍ക്കപ്പുറം പോയില്ല. അന്നും ടൈ ബ്രേക്കര്‍ തന്നെയാണ് കാള്‍സണ് കിരീടം നേടിത്തന്നത്. ഇപ്പോള്‍ കാള്‍സണും നെപ്പോമ്‌നിഷിയും തമ്മിലുള്ള ആദ്യ മൂന്ന് ഗെയിമുകളും വിജയപരാജയങ്ങളെ സ്പര്‍ശിക്കാതെ സമനിലകളില്‍ കുരുങ്ങിയിരിക്കുന്നു. മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളിലായി 17 തുടര്‍ സമനിലകളുടെ ഒരു പാരമ്പരയിലൂടെയാണ് നമ്മള്‍ ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.എന്തുകൊണ്ടാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ സമനിലകളുടെ എണ്ണം ഇപ്രകാരം വര്‍ദ്ധിച്ചു വരുന്നത്?

ചെസ്സില്‍ പ്രൊഫഷണലിസം വന്നതോടെ ചെസ്സ് ലോകത്തെ സൂപ്പര്‍ ഗ്രാന്‍ഡ്മാസ്റ്റര്മാര്‍ അവിശ്വസനീയമായ അര്‍പ്പണമനോഭാവത്തോടെയാണ് ചെസ്സിനെ സമീപിക്കുന്നത്. സൈദ്ധാന്തികമായും മാനസികമായും ശാരീരികമായും അവര്‍ കഠിനമായ തയ്യാറെടുപ്പുകള്‍ എടുക്കുന്നു. ലോകചാമ്പ്യന്ഷിപ്പിനൊരുങ്ങുന്ന പ്രതിയോഗികള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തയ്യാറെടുപ്പുകള്‍ നടത്തുന്നു. ലോകത്തെ ഏറ്റവും മികച്ച ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ ഈ തയ്യാറെടുപ്പുകളില്‍ സഹായിക്കുന്നതിനായി ഇക്കാലമത്രയും അവരോടൊപ്പം അദ്ധ്വാനിക്കുന്നു.

ലക്ഷക്കണക്കിന് കളികള്‍ അടങ്ങിയ ചെസ്സ് ഡാറ്റാബേസുകള്‍ ഈ സംഘങ്ങള്‍ പഠനവിധേയമാക്കുന്നു. പുതിയ ആശയങ്ങള്‍ക്കായി പരതുന്നു. എതിരാളിയുടെ കളികളും ശൈലിയുമെല്ലാം സൂഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കി അവയിലെ ദൗര്‍ബല്യങ്ങളും കരുത്തുകളും കൃത്യമായി ഒപ്പിയെടുക്കുന്ന. ഗ്രാന്‍ഡ് മാസ്റ്റര്‍മാരോടൊപ്പം സൂപ്പര്‍ കമ്പ്യൂട്ടറുകളും ചെസ്സ് വിശകലനങ്ങളില്‍ പങ്കാളികളാകുന്നു. ചെസ്സ് തയ്യാറെടുപ്പുകളോടൊപ്പം സമഗ്രമായ ശാരീരിക തയ്യാറെടുപ്പുകളും പ്രതിയോഗികള്‍ നടത്തുന്നു. ഓരോ ദിവസവും മണിക്കൂറുകള്‍ വ്യായാമമുറകള്‍ക്കും കായികവിനോദങ്ങള്‍ക്കുമായി മാറ്റിവെക്കപ്പെടുന്നു. ടീമിലെ മനഃശാസ്ത്രവിദഗ്ദര്‍ ശരിയായ മനസികാവസ്ഥയോടെയാണ് കളിക്കാര്‍ മത്സരങ്ങള്‍ക്കിറങ്ങുന്നത് എന്ന് ഉറപ്പുവരുത്തുന്നു.

സൂപ്പര്‍ കംപ്യുട്ടറുകളുടെ വരവ്, സമഗ്രമായ സൈദ്ധാന്തികഗവേഷണം എന്നിവയുടെ വരവോടെ കളിക്കാര്‍ തമ്മില്‍ കരുത്തിന്റെ കാര്യത്തിലുള്ള അന്തരം കുറഞ്ഞുവന്നിരിക്കുന്നു. സ്വാഭാവികമായും സമനിലകളുടെ എണ്ണം കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഒരു ജയമോ പരാജയമോ മുഴുവന്‍ മത്സരത്തിന്റേയും വിധി പോലും നിര്‍ണയിച്ചേക്കാം.

മാഗ്‌നസ് കാള്‍സണും യാന്‍ നെപ്പോമ്‌നിഷിയും തമ്മില്‍ നടന്ന മൂന്നാം ഗെയിം സംഭവബഹുലമല്ലാത്ത സമനിലയിലാണ് കലാശിച്ചത്. സൈദ്ധാന്തികമായി കൃത്യതയാര്‍ന്ന ഓപ്പണിങ്ങ് സമീപനം കളിയെ സുരക്ഷിതമായ സമനിലയിലേക്കെത്തിച്ചു.

ഗെയിം 3
വൈറ്റ്: യാന്‍ നെപ്പോമ്‌നിഷി
ബ്‌ളാക്ക്: മാഗ്‌നസ് കാള്‍സണ്‍

1. e4 e5 2. Nf3 Nc6 3. Bb5 a6 4. Ba4 Nf6 5. O-O Be7 6. Re1 b5 7. Bb3 O-O 8. a4

ആന്റി മാര്‍ഷല്‍ വാരിയേഷന്‍ ആദ്യഗെയിം തുടര്‍ന്നത് 8. h3 Na5 9. Nxe5 Nxb3 10. axb3 Bb7 എന്ന ക്രമത്തിലായിരുന്നു.

8. ...Bb7 9. d3 d6 10. Nbd2 Re8

ഈ പൊസിഷനില്‍ കൂടുതലായും കണ്ടുവരുന്നത് 8. Na5, 8.Nd7, 8.Qd7, 8.h6 എന്നീ നീക്കങ്ങളാണ്.

11. Nf1 h6 12. Bd2 Bf8 13. Ne3 Ne7 14. c4 bxc4 15. Nxc4 Nc6 16. Rc1 a5 17. Bc3

യുക്തിഭദ്രമായ രീതിയില്‍ തങ്ങളുടെ കരുക്കളെ ഏറ്റവും നല്ല കളങ്ങളിലേക്ക് പുറത്തുകൊണ്ടുവരികയോ അല്ലെങ്കില്‍ പുറത്തുവന്ന കരുക്കളെ കുറേക്കൂടി നല്ല കളങ്ങളിലേക്ക് മാറ്റുകയോ ആണ് ഇരുവരും ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പൊസിഷനില്‍ ഏറ്റവും നല്ല നീക്കമായി സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍ദ്ദേശിക്കുന്ന നീക്കം അല്പം അസാധാരണമായി തോന്നിയേക്കാം. ആ നീക്കം തന്നെ ലോകചാംപ്യനും കണ്ടെത്തുന്നു.

17. ... Bc8!

e6 ലേക്കാണ് ബിഷപ്പിന്റെ പുറപ്പാട്

18. d4 exd4 19. Nxd4 Nxd4 20. Qxd4 Be6

കളി ഈ പൊസിഷനില്‍ വന്നെത്തിയപ്പോള്‍ നെപ്പോമ്‌നിഷി അതിദീര്‍ഘമായ ചിന്തയിലാണ്ടു. 25 മിനിറ്റുകള്‍ക്ക് ശേഷം അദ്ദേഹം സുരക്ഷിതമായൊരു കൊച്ചു പോണ്‍ നീക്കം നടത്തി.

21. h3

നീണ്ട ആലോചനയുടെ ഊഴം ഇപ്പോള്‍ കാള്‍സണിലേക്ക് മാറി. 21. ...d5 , 21. ...c6 എന്നിനി നീക്കങ്ങളുടെ ഭവിഷ്യത്തുകളായിരിക്കണം ആദ്ദേഹം പരിഗണിച്ചത്.

21. ...c6 22. Bc2 d5

നെപ്പോവിനു മുന്നില്‍ ഇപ്പോള്‍ 2 സാദ്ധ്യതകളാണുള്ളത്: ഒന്നുകില്‍ പോണിനെ വെട്ടുക, അല്ലെങ്കില്‍ പോണിനെ മുന്നോട്ടുതള്ളുക. ഏത് വഴി തെരഞ്ഞെടുത്താലും ബ്‌ളാക്ക് തുല്യതയിലേക്ക് നീങ്ങും. കുറേക്കൂടി മെച്ചപ്പെട്ട രണ്ടാമത്തെ വഴി ചലഞ്ചര്‍ തെരഞ്ഞെടുക്കുന്നു.

23. e5 dxc4 24. Qxd8 Rexd8 25. exf6 Bb4! 26. fxg7 Bxc3 27. bxc3 Kxg7 28. Kf1 Rab8

റൂക്കുകള്‍ പരസ്പരം വെട്ടിമാറ്റപ്പെടുന്നു. എന്‍ഡ് ഗെയിം തത്വം അനുസരിച്ച് ഇരുവരും തങ്ങളുടെ രാജാക്കന്മാരെ കളമദ്ധ്യത്തിലേക്ക് ആനയിക്കുന്നു. ഓപ്പണിങ്ങിലും മിഡില്‍ ഗെയിമിലും സുരക്ഷിതമായ കോട്ടയ്ക്കുള്ളില്‍ ഒളിച്ചിരുന്നശേഷം എന്‍ഡ്‌ഗെയിമില്‍ ശക്തനായ പോരാളിയായി പുറത്തിറങ്ങുന്ന കരുവാണ് ചെസ്സിലെ രാജാവ്.

29. Rb1 Kf6 30. Rxb8 Rxb8 31. Rb1 Rxb1+ 32. Bxb1 Ke5 33. Ke2 f5 34. Bc2 f4 35. Bb1 c5 36. Bc2 Bd7 37. f3 Kf6 38. h4 Ke5 39. Kf2 Kf6 40. Ke2 Ke5 41. Kf2

സമനിലക്കപ്പുറം ഈ പൊസിഷനില്‍ യാതൊന്നുമില്ല എന്നതിനാല്‍ പ്രതിയോഗികള്‍ സമനില സമ്മതിച്ചു. ½-½
വിശ്രമദിവസമായ തിങ്കളാഴ്ചക്ക് ശേഷം വെള്ളക്കരുക്കളുമായി നാലാം ഗെയിം കളിക്കാനിറങ്ങുന്ന ലോകചാമ്പ്യന്‍ ഇന്ന് ജയത്തിനായി കിണഞ്ഞുപരിശ്രമിക്കും എന്നതില്‍ സംശയമില്ല. കഴിഞ്ഞ മൂന്ന് കളികളിലും ചാമ്പ്യനെ അനായാസമായി സമനിലയില്‍ തളച്ച ആത്മവിശ്വാസത്തോടെ പോരാട്ടത്തിനിറങ്ങുന്ന ചലഞ്ചറാകട്ടെ അട്ടിമറിജയത്തിനുള്ള അവസരങ്ങള്‍ക്കായുള്ള ശ്രമവും ഇന്ന് നടത്തും.

Content Highlights: world chess championship Carlsen vs Nepo


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented