പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുമ്പേ പിറന്ന കുഞ്ഞ്, അഞ്ചുവയസ്സുവരെ വിടാതെ പിന്തുടര്‍ന്ന രോഗങ്ങള്‍, ഉയരക്കുറവ്... ഇടിക്കൂട്ടിലേക്ക് പറ്റിയ ആളായിരുന്നില്ല അമിത് കുമാര്‍ പംഗല്‍. എന്നാല്‍, ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടത്തോടെ തലയുയര്‍ത്തുമ്പോള്‍ ഹരിയാണക്കാരന്‍ നല്‍കുന്നത് അതേ സന്ദേശമാണ്. പൊരുതാനുള്ള മനസ്സുണ്ടെങ്കില്‍ ലക്ഷ്യം അകലെയാകില്ല.

വികൃതിനിറഞ്ഞ കുട്ടിക്കാലമായിരുന്നു പംഗലിന്റേത്. മിക്കവയും മുതിര്‍ന്ന കുട്ടികള്‍ക്കെതിരേയാകും. എന്നാല്‍, കുഞ്ഞു പംഗലിനെ പിടികൂടി ശിക്ഷിക്കാന്‍ ചേട്ടന്‍മാര്‍ക്ക് കഴിയാറില്ല. കാരണം വേഗത്തിലുള്ള ഓട്ടം തന്നെ. ബോക്സിങ് റിങ്ങിലേക്കുവന്നപ്പോള്‍ അഞ്ചടി മൂന്നിഞ്ചുകാരനായ പംഗലിന്റെ പ്രധാന ആയുധവും വേഗം തന്നെയാണ്. എതിരാളിയുടെ നില തെറ്റിക്കുന്ന തരത്തില്‍ പഞ്ചുകളില്‍നിന്ന് ഒഴിഞ്ഞുമാറാനും കൈകാലുകളുടെ ദ്രുതചലനങ്ങള്‍ കൊണ്ട് കടുത്ത പ്രത്യാക്രമണം നടത്താനും താരത്തിനാകും.

World Boxing Championships Amit Panghal Historic Silver

രോഗങ്ങളും വികൃതിയും നിറഞ്ഞ കുട്ടിക്കാലത്ത് പ്രകടിപ്പിച്ച അതേ ആത്മവിശ്വാസമാണ് ബോക്‌സിങ് റിങ്ങിലും പംഗല്‍ പ്രകടിപ്പിക്കുന്നത്. ഉയരക്കുറവ് എതിരാളിക്ക് നല്‍കുന്ന ആനുകൂല്യത്തെ കൃത്യമായ ഹോം വര്‍ക്കുകളിലൂടെ താരം മറികടക്കും. എതിരാളിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ പഠിക്കാന്‍ മണിക്കൂറുകള്‍ ചെലവിടുന്ന പംഗലിനെ പരിശീലകര്‍ ഓര്‍ക്കുന്നുണ്ട്. ഉയരക്കുറവിനെ മറികടക്കുന്ന പ്രകടനം തുടര്‍ച്ചയായ വന്നതോടെയാണ് 'ഛോട്ടാ ടൈസന്‍' എന്ന വിളിപ്പേര് വീണു.

റോത്തക്കിലെ മെയ്ന ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന പംഗല്‍ സഹോദരന്‍ അജയിന്റെ പാത പിന്തുടര്‍ന്നാണ് ബോക്സിങ് റിങ്ങിലെത്തുന്നത്. അജയ് ജില്ലാ തലത്തിലൊക്കെ ചാമ്പ്യനായിരുന്നു. മെയ്നയിലുള്ള അമിത് ധാന്‍ക്കറിന്റെ അക്കാദമിയില്‍ നിന്നാരംഭിച്ച ബോക്‌സിങ് ലോകചാമ്പ്യന്‍ഷിപ്പിന്റെ മെഡല്‍ നേട്ടത്തിലേക്ക് എത്തുമ്പോള്‍ പിന്നിട്ട വഴിയില്‍ ഒട്ടേറെ പോരാട്ടങ്ങളും വിജയകഥകളുമുണ്ട്. 

റിയോ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് ഹു ജിയാങ്ഹുവാന്‍, ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ള കിം ഇന്‍ക്യു, റിയോ ഒളിമ്പിക്‌സ് സുവര്‍ണ ജേതാവ് ദുസ്മാറ്റോവ് എന്നിവരൊക്കെ പലകാലങ്ങളില്‍ പംഗലിന് മുന്നില്‍ വീണവരാണ്.

52 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മത്സരിക്കുന്ന 23-കാരന്‍ 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 2019 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിട്ടുണ്ട്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടി. 38 പോരാട്ടങ്ങളില്‍ 32 ജയവും ആറ് തോല്‍വിയുമാണ് ക്രെഡിറ്റിലുള്ളത്.

Content Highlights: World Boxing Championships Amit Panghal Historic Silver