റഷ്യയെ വിലക്കിയ ടൂര്‍ണമെന്റില്‍ കിരീടം നേടിയ 'റഷ്യ'ക്കാരി; ഇത് റൈബാക്കിനയുടെ റിട്ടേണ്‍


ആദര്‍ശ് പി ഐ

Photo: AP

ലെന റൈബാക്കിനയെന്ന 23-കാരിയുടെ ഷോട്ടുകള്‍ക്ക് അപ്രതിരോധ്യമായൊരു കരുത്തുണ്ട്. ആരും പരാജയപ്പെടുന്ന അക്രമണോത്സുകതയുണ്ട്. അപ്രവചനീയമായൊരു വേഗതയുണ്ട്. അവിടെ എതിരാളികള്‍ക്ക് മറുപടിയുണ്ടായ്‌ക്കൊളളണമെന്നില്ല. അവര്‍ക്ക് പലപ്പോഴും കാഴ്ചക്കാരെപ്പോലെ നോക്കിനില്‍ക്കാന്‍ മാത്രമേ സാധിച്ചുവെന്ന് വരൂ. ജിംനാസ്റ്റിക്‌സും ഐസ് സ്‌കേറ്റിംഗും ഇഷ്ടപ്പെട്ട ആ പെണ്‍കുട്ടിയുടെ ജീവിതത്തിനും അതേ കരുത്തുണ്ട്. അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് റഷ്യയില്‍ ജനിച്ച കൗമാരക്കാരിയ്ക്ക്, റഷ്യന്‍ താരങ്ങളെ വിലക്കിയ ഒരു ടൂര്‍ണമെന്റിന്റെ ചരിത്രപുസ്തകത്തിലേക്ക് ഇങ്ങനെ എളുപ്പത്തില്‍ നടന്നുകയറാനാകുക. പച്ചപ്പുല്ലില്‍ നെയ്‌തെടുത്ത സെന്റര്‍ കോര്‍ട്ടിനെ കീഴടക്കാനാകുക.

1999 ജൂണ്‍ 17 ന് മോസ്‌കോയിലാണ് എലെന റൈബാക്കിനയുടെ ജനനം. ചെറുപ്പം മുതല്‍ തന്നെ സ്‌പോര്‍ട്‌സ് ഇഷ്ടപ്പെട്ടു തുടങ്ങിയ കുട്ടിയായിരുന്നു റൈബാക്കിന. ജിംനാസ്റ്റിക്‌സിലും ഐസ് സ്‌കേറ്റിംഗിലുമായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ മേഖലകളില്‍ ഒരു പ്രൊഫഷണലായി മാറണമെന്നായിരുന്നു ആഗ്രഹം. ആ ആഗ്രഹവുമായാണ് സഹോദരിയുമൊത്ത് കളിച്ചുതുടങ്ങുന്നത്.

എന്നാല്‍ ആ ആഗ്രഹത്തിന് അല്‍പ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ചന്റേയും പരിശീലകരുടേയും നിര്‍ദേശപ്രകാരം ജിംനാസ്റ്റിക്‌സും ഐസ് സ്‌കേറ്റിംഗും ഉപേക്ഷിക്കേണ്ടിവരുന്നു. റൈബാക്കിനയുടെ നീളക്കൂടുതലായിരുന്നു കാരണം. ശേഷമാണ് ടെന്നീസ് കളിച്ചുതുടങ്ങാന്‍ റൈബാക്കിനയോട് അച്ചന്‍ പറയുന്നത്. ടെന്നീസിനോടുളള പിതാവിന്റെ ഇഷ്ടം തന്നെയായിരുന്നു ഇതിന് പിന്നില്‍. അങ്ങനെയാണ് എലെന റൈബാക്കിന എന്ന ആറ് വയസ്സുകാരി തന്റെ എല്ലാ ഇഷ്ടങ്ങളും മാറ്റി വെച്ച് ടെന്നീസ് ലോകത്തേക്ക് കടക്കുന്നത്.

ടെന്നീസില്‍ ആശാവഹമായ തുടക്കമായിരുന്നില്ല റൈബാക്കിനയുടേത്. പങ്കെടുത്ത ടൂര്‍ണമെന്റുകളിലെല്ലാം ആദ്യ റൗണ്ടുകളില്‍ തന്നെ പുറത്തായി. സഹപാഠികള്‍ വേഗത്തില്‍ മുന്നേറിയപ്പോള്‍ റൈബാക്കിനയുടെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതായിരുന്നു. 14-ാം വയസിലാണ് റൈബാക്കിന ജൂനിയര്‍ ടൂര്‍ണമെന്റുകള്‍ കളിക്കാനാരംഭിച്ചത്. ഗ്രേഡ് 1, ഗ്രേഡ് 2, ഗ്രേഡ് 3 മത്സരങ്ങള്‍ കളിച്ചായിരുന്നു തുടക്കം. പലപ്പോഴും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനാവാതെ വന്നു.

Photo: AP

സ്‌കൂള്‍ പഠനകാലം പൂര്‍ത്തിയായതിന് ശേഷം കോളേജിലേക്ക് ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ റൈബാക്കിനയ്ക്ക് ആശയക്കുഴപ്പം നേരിട്ടു. തുടര്‍ന്ന് കളിക്കാനായിരുന്നു റൈബാക്കിനയ്ക്ക് താത്പര്യം. പക്ഷേ കോളേജില്‍ പോകാനാണ് പിതാവ് നിര്‍ദേശിച്ചത്. അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വിവിധ ഓഫറുകളും വന്നു. എന്നാല്‍ മകളുടെ അടങ്ങാത്ത ആഗ്രഹവും കളിക്കളത്തിലെ പ്രകടനവും പരിഗണിച്ച് പിതാവ് ടെന്നീസ് കളിക്കാന്‍ സമ്മതം മൂളുന്നിടത്താണ് റൈബാക്കിനയുടെ പ്രൊഫഷണല്‍ യാത്ര തുടങ്ങുന്നത്.

2017-ലാണ് താരം ഡബ്ല്യൂ ടി എ ടൂറില്‍ അരങ്ങേറുന്നത്. പിന്നീട് നിരവധി ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന താരം ഭേദപ്പെട്ട പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. തുടക്കത്തില്‍ 450-ാം റാങ്കിലായിരുന്ന റൈബാക്കിന പടിപടിയായി റാങ്കിംഗ് മെച്ചപ്പെടുത്തിക്കൊണ്ടേയിരുന്നു. ഐടിഎഫ് ഗ്രേഡ് 3 ടൂര്‍ണമെന്റാണ് റൈബാക്കിനയുടെ കരിയറില്‍ വഴിത്തിരിവായി മാറുന്നത്. ടൂര്‍ണമെന്റിലുടനീളം അവിശ്വസനീയ പ്രകടനം കാഴ്ചവെച്ച റൈബാക്കിന ചാമ്പ്യനായാണ് മടങ്ങിയത്. തുടരെത്തുടരെ പതറിയ റൈബാക്കിനയ്ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു കിരീടനേട്ടം. അങ്ങനെയാണ് കൂടുതല്‍ ടൂര്‍ണമെന്റ് കളിക്കാന്‍ റൈബാക്കിന തീരുമാനിക്കുന്നത്. വര്‍ഷാവസാനം ജൂനിയര്‍ ലെവലില്‍ മൂന്നാം റാങ്കിലായിരുന്നു റൈബാക്കിന.

ശേഷം റൈബാക്കിനയുടെ ടെന്നീസ് കരിയര്‍ പെട്ടെന്നാണ് വളര്‍ന്നത്. റൈബാക്കിനയുടെ പ്രകടനം കണ്ട കസാഖ്‌സ്താന്‍ ഫെഡറേഷന്‍ താരത്തിന് മുന്നില്‍ വലിയൊരു ഓഫര്‍ മുന്നോട്ട് വെച്ചു. ആ ഓഫര്‍ സ്വീകരിക്കാന്‍ റൈബാക്കിനയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയേ വന്നില്ല. അതിനെ തുടര്‍ന്നാണ് കസാഖ്‌സ്താന്‍ പൗരത്വം സ്വീകരിക്കുന്നത്. ടൂര്‍ണമെന്റുകളില്‍ അത്ര ഉജ്വലമായ പ്രകടനങ്ങളൊന്നും കാഴ്ചവെക്കാതിരുന്നിട്ടും അവര്‍ തന്നെ വിശ്വസിച്ചു എന്നാണ് അതിനോട് റൈബാക്കിന പ്രതികരിച്ചത്.

2019-മുതല്‍ ഡബ്ല്യൂ ടി എ ടൂറുകളിലാണ് റൈബാക്കിന കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിരവധി ഗ്രാന്‍ഡ്സ്ലാം ക്വാളിഫയര്‍ മത്സരങ്ങളും കളിക്കുന്നു. വൈകാതെ തന്നെ ഡബ്ല്യൂ ടി എ ടൂര്‍ കിരീടം സ്വന്തമാക്കുന്ന റൈബാക്കിന ഡബ്ല്യൂ ടി എ റാങ്കിംഗില്‍ ആദ്യ നൂറിലെത്തുന്നു. താരത്തിന്റെ കരിയറിലെ സുപ്രധാന നേട്ടമായിരുന്നു അത്. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ വീണ്ടും മത്സരിച്ചുകൊണ്ട് താരം തന്റെ കരിയര്‍ മുന്നോട്ടേക്ക് കൊണ്ടുപോയി. വുഹാന്‍ ഓപ്പണില്‍ ലോക ആറാം നമ്പര്‍ സിമോണ ഹാലെപ്പിനെ പരാജയപ്പെടുത്താനും കഴിഞ്ഞു. അപ്പോഴേക്കും റൈബാക്കിന ലോക റാങ്കിംഗില്‍ 37-ാം സ്ഥാനത്തെത്തിയിരുന്നു.

2021-ലെ ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ്. നാലാം റൗണ്ടില്‍ ഇതിഹാസതാരം സെറീന വില്ല്യംസിനെ തോല്‍പ്പിച്ചായിരുന്നു റൈബാക്കിനയുടെ മുന്നേറ്റം. പടിപടിയായി കരിയര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനിടയിലാണ് 2022-ലെ വിംബിള്‍ഡണില്‍ ഏറ്റുമുട്ടുന്നത്. വിംബിള്‍ഡണില്‍ അവിശ്വസനീയമായിരുന്നു അവരുടെ ഓരോ പ്രകടനങ്ങളും. ആദ്യ നാല് റൗണ്ടുകള്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെയാണ് വിജയിച്ച് കയറിയത്. സെമിയില്‍ ഹാലെപ്പിനെ കീഴടക്കിയാണ് ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്.

ഫൈനലില്‍ ഓന്‍സ് ജാബിയൂറായിരുന്നു റൈബാക്കിനയുടെ എതിരാളി. വിംബിള്‍ഡണിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തുന്ന ആദ്യ അറബ് വനിതയെന്ന റെക്കോഡ് സ്വന്തമാക്കിയാണ് ജാബിയൂര്‍ കളിക്കാനിറങ്ങിയത്. ഫൈനലില്‍ ആദ്യ സെറ്റില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 6-3 നാണ് സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍ റൈബാക്കിന തോല്‍ക്കാന്‍ ഒരുക്കമല്ലായിരുന്നു. അതി ശക്തമായി തിരിച്ചടിച്ചു. 6-2 ന് അടുത്ത രണ്ട് സെറ്റുകളും സ്വന്തമാക്കിക്കൊണ്ടാണ് സെന്റര്‍ കോര്‍ട്ടില്‍ വിസ്മയം തീര്‍ത്തത്. പിന്നാലെ ചരിത്രവും. 2011-ന് ശേഷം വിംബിള്‍ഡണ്‍ നേടുന്ന പ്രായം കുറഞ്ഞ താരമാണ് റൈബാക്കിന. ഗ്രാന്‍ഡ്സ്ല്ാം നേടുന്ന ആദ്യ കസാഖ്‌സ്താന്‍ താരമായി മാറാനും ആ 23-കാരിക്ക് കഴിഞ്ഞു.

യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ താരങ്ങള്‍ക്ക് വിംബിള്‍ഡണ്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സന്ദര്‍ഭത്തിലാണ് അതേ ടൂര്‍ണമെന്റില്‍ റഷ്യയില്‍ ജനിച്ച ഒരു താരം കിരീടം ചൂടുന്നത്. അതും ചരിത്രം കുറിച്ചുകൊണ്ട്. കായികലോകമൊന്നടങ്കം റൈബാക്കിനയെ ഉറ്റുനോക്കുകയാണ്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ആ 23-കാരി അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. അതിനായി കാത്തിരിക്കുകയാണ് ലോകം. റൈബാക്കിനയുടെ റിട്ടേണ്‍ തുടര്‍ന്നുകൊണ്ടിരിക്കട്ടെ.

Content Highlights: Wimbledon 2022 Elena Rybakina scripts history becomes 1st kazakhstan player to win grand slam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented