
1960-ലെ റോം ഒളിമ്പിക്സിൽ വനിതകളുടെ 200 മീറ്ററിൽ വിൽമ റുഡോൾഫ് (വലത്തേയറ്റം) സ്വർണം നേടുന്നു | Image Courtesy: Getty Images
22 മക്കളുള്ള ഒരു കുടുംബത്തിലെ ഇരുപതാം കുട്ടിയായിരുന്നു അവള്. കൊടുംപട്ടിണിയിലായ കുടുംബം. പിതാവ് എഡ് ചുമടെടുത്തും അമ്മ ബ്ലാക്ക് വീട്ടുവേല ചെയ്തുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പലപ്പോഴും ചാക്ക് തുന്നിയാണ് മക്കള്‍ക്ക് ഉടുപ്പുണ്ടായിരുന്നത്. നമ്മുടെ പെണ്‍കുട്ടിയെ മാസം തികയാതെ പ്രസവിച്ചതാണ്. തൂക്കവും നന്നേ കുറവായിരുന്നു. അവളുടെ ഇടതുകാല് വളരെ ശോഷിച്ചിരുന്നു. അത് പോളിയോയായിരുന്നു. അവള്‍ക്ക് നടക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മാതാപിതാക്കളും സഹോദരങ്ങളും മാറിമാറി അവളെ എടുത്തുകൊണ്ടുനടന്നു. ഇതിനിടെ അഞ്ചാം പനി, ചിക്കന്‍പോക്സ്, ന്യുമോണിയ... തുടങ്ങി പല രോഗങ്ങള്‍. ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു നേര്‍ത്ത ശ്വാസമായി അവള് നിലനിന്നു.
1960 റോം ഒളിമ്പിക്സ്. റോമിലാണ് ആദ്യമായി ഒളിമ്പിക് മത്സരങ്ങള്‍ ടെലിവിഷനില്‍ ലൈവ് സംപ്രേഷണം തുടങ്ങിയത്. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ വനിതകളുടെ 100 മീറ്റര്‍ ഫൈനല്‍ തുടങ്ങുന്നു. എണ്‍പതിനായിരത്തോളം കാണികള്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നു. വെടിയൊച്ച മുഴങ്ങി. അഞ്ചടി 11 ഇഞ്ച് ഉയരമുള്ള കറുത്തുമെലിഞ്ഞ പെണ്‍കുട്ടി എതിരാളികളെ അരിഞ്ഞുതള്ളി മുന്നേറി. കൊടുങ്കാറ്റിന്റെ വേഗത്തില്‍ പാഞ്ഞ അവള് 11 സെക്കന്‍ഡില്‍ ഫിനിഷിങ് ടേപ്പ് തൊട്ടു. ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരി. അവിടംകൊണ്ട് അവസാനിച്ചില്ല. പിന്നാലെ 200 മീറ്ററില്‍ ഒളിമ്പിക്സ് റെക്കോഡോടെ സ്വര്‍ണം. 4ഃ100 മീറ്റര്‍ റിലേയിലും ഒന്നാമത്. ഒറ്റ ഒളിമ്പിക്സില്‍ മൂന്ന് സ്വര്‍ണം. അവള്‍ക്ക് ഓമനപ്പേരിടാന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. പെണ്‍കടുവ, കറുത്ത മുത്ത്, ടൊര്‍ണാഡോ... എന്നിങ്ങനെ.

ഒരിക്കലും നടക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ച, പോളിയോ രോഗിയായ ആ പെണ്‍കുട്ടിയാണ് റോമിലെ ട്രാക്കില്‍നിന്ന് സ്വര്‍ണം വാരിയത്. അവളുടെ പേര് വില്‍മ റുഡോള്‍ഫ്. അമേരിക്കയിലെ ടെന്നസ്സിയാണ് അവളുടെ സ്വദേശം. അവളുടെ കഥ പറയുമ്പോള്‍, ആ ഓട്ടം വീഡിയോയില്‍ കാണുമ്പോള്‍ മനസ്സ് നിറഞ്ഞുപോകുന്നു.
നടക്കാന്‍ കഴിയില്ലെന്ന ഡോക്ടറുടെ തീര്‍പ്പിന് വഴങ്ങാന്‍ വില്മയുടെ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല. 50 മൈല്‍ ദൂരെയുള്ള ഫിസ്ക് യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളേജില്‍ അവര്‍ മകളെ കൊണ്ടുപോയി. രണ്ടുവര്‍ഷത്തോളം ആഴ്ചയില്‍ രണ്ടുദിവസംവെച്ച് അമ്മ മകളുമൊത്ത് ഈ യാത്ര തുടര്‍ന്നു. വീട്ടില്‍ വെച്ച് ചെയ്യാനുള്ള എക്സര്‍സൈസുകള്‍ ഡോക്ടര്‍മാര്‍ പഠിപ്പിച്ചു. 12 വയസ്സിലെത്തിയപ്പോള്‍ ക്രച്ചസിന്റെ സഹായമില്ലാതെ അവള് നടന്നുതുടങ്ങി.
തന്റെ മുന്നില്‍, ടെന്നസ്സി സ്റ്റേഡിയത്തില്‍ നടക്കുന്ന കായികമത്സരങ്ങള്‍ വീടിന്റെ വരാന്തയിലിരുന്ന് കാണുമ്പോള്‍ അത്ലറ്റാവണമെന്ന് വില്‍മയ്ക്ക് മോഹമുണ്ടായിരുന്നു. കളി കഴിഞ്ഞ് എല്ലാവരും പോയശേഷം വില്‍മ തന്റെ ഊന്നുവടിയുമായി പന്തിന് പിന്നാലെ പായും. വില്മയുടെ സഹോദരി ബാസ്കറ്റ്ബോള്‍ താരമായിരുന്നു. ബാസ്കറ്റ്ബോള്‍ കളിക്കണമെന്ന് വില്‍മയ്ക്ക് മോഹം. സഹോദരങ്ങള്‍ വീടിനോടുചേര്‍ന്ന് ഒരു ബാസ്കറ്റ്ബോള്‍ കോര്ട്ടുണ്ടാക്കി. അവിടെ വില്‍മ കളിച്ചുതുടങ്ങി. ഹൈസ്കൂള്‍ ടീമിലെത്തി. പിന്നീട് ടെന്നസ്സി സംസ്ഥാനടീമിലേക്ക്.

ടെന്നസ്സിയിലെ ട്രാക്ക് കോച്ച് എഡ് ടെമ്പിളാണ് വില്‍മയെ അത്ലറ്റിക്സിലേക്ക് നയിച്ചത്. അത്ലറ്റിക്സിലെ കടുത്ത മുറകള്‍ അവള്‍ക്ക് വഴങ്ങുമോ എന്ന് ടെമ്പിളിന് ആശങ്കയുണ്ടായിരുന്നു. വില്മയുടെ കാലുകള്‍ ദൃഢമായി. ടെന്നസ്സി സംസ്ഥാനമീറ്റില്‍ 100, 200, ലോങ്ജമ്പ് ഇനങ്ങളില്‍ റെക്കോഡോടെ സ്വര്‍ണം നേടി. 1956 മെല്‍ബണ്‍ ഒളിമ്പിക്സിനുള്ള അമേരിക്കന്‍ ടീമില്‍ സ്ഥാനം നേടി. 4ഃ100 മീറ്റര്‍ റിലേയില്‍ ഈ ടീം വെങ്കലം നേടി. അതോടെ റോം ഒളിമ്പിക്സിനുവേണ്ടി കഠിനപരിശീലനം തുടങ്ങി. ഒരു ഒളിമ്പിക്സില്‍ മൂന്ന് സ്വര്‍ണം നേടുന്ന ആദ്യ അമേരിക്കന്‍ അത്ലറ്റ് എന്ന നേട്ടത്തോടെയാണ് വില്‍മ റോമില്‍നിന്ന് മടങ്ങിയത്.
ഹൈസ്കൂളില്‍ ഒപ്പം പഠിച്ചിരുന്ന റോബര്‍ട്ട് എല്‍ഡ്രിഡ്ജിനെ 1963-ല്‍ വില്‍മ വിവാഹം കഴിച്ചു. ഇവര്‍ക്ക് നാലു മക്കളുണ്ടായി. 1994 ജൂലായിയില്‍ വില്‍മയ്ക്ക് അര്‍ബുദമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. അതേവര്‍ഷം നവംബറില്‍, 54-ാം വയസ്സില്‍ ആ ജീവിതം അവസാനിച്ചെങ്കിലും അവരുടെ ജീവിതകഥ ഇന്നും പതിനായിരങ്ങളെ പ്രചോദിപ്പിക്കുന്നു.
Content Highlights: Wilma Rudolph the tiger of Tennessee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..