കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റും അടക്കിവാണിരുന്ന താരമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ടെസ്റ്റാകട്ടെ ഏകദിനമാകട്ടെ ട്വന്റി 20 ആകട്ടെ, ആ ബാറ്റില്‍ നിന്ന് പിറക്കുന്ന റണ്‍സിന് കൈയും കണക്കുമില്ലായിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി അസാധാരണമായ ഒരു സെഞ്ചുറി വരള്‍ച്ചയുടെ പിടിയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന നിലയില്‍ നിന്നാണ് 2015-ല്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം കോലിയിലേക്ക് വന്നുചേരുന്നത്. അതോടെ ടെസ്റ്റില്‍ വിദേശത്തും സ്വദേശത്തും കോലി റണ്‍സടിച്ചുകൂട്ടുകയായിരുന്നു.
2016, 2017, 2018 വര്‍ഷങ്ങളിലെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ താരതമ്യേന കഠിനമായ പര്യടനങ്ങളിലും കോലിയുടെ ബാറ്റ് ശബ്ദിക്കാതിരുന്നില്ല. നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 254 റണ്‍സ് കുറിച്ചതിനു പിന്നാലെ കൊല്‍ക്കത്തയുടെ മണ്ണില്‍ ബംഗ്ലാദേശിനെതിരായ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ 136 റണ്‍സ് നേടി അദ്ദേഹം തിളങ്ങുകയും ചെയ്തു.
എന്നാല്‍ അവിടെ നിന്നും പിന്നീട് കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ടില്ല.
2020-ന്റെ തുടക്കത്തിലും കോലി മികച്ച ഫോം തുടരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ന്യൂസീലന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 2,19, 3, 14 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.
പിന്നീട് കോവിഡ് കാരണം കളിക്കളങ്ങള്‍ നിശ്ചലമായി. അതിനു ശേഷം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മാത്രമാണ് കോലി കളിച്ചത്. ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
അഡ്‌ലെയ്ഡില്‍ ഒന്നാം ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമായി ഉണ്ടായ ധാരണപ്പിശകില്‍ റണ്ണൗട്ടാകുകയായിരുന്നു. 74 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ ഒന്നാം ഇന്നിങ്‌സിലെ സമ്പാദ്യം. ഈ ഇന്നിങ്‌സും സെഞ്ചുറിയിലെത്തിക്കാന്‍ കോലിക്ക് സാധിക്കാതെ പോയി.
ഒരു സെഞ്ചുറി പോലുമില്ലാതെ 10 ഇന്നിങ്‌സുകള്‍ കോലി പിന്നിട്ടു കഴിഞ്ഞു. കരിയറിന്റെ തുടക്ക കാലത്ത് 13 ഇന്നിങ്‌സുകള്‍ ഒരു സെഞ്ചുറി പോലുമില്ലാതെ കോലി പിന്നിട്ടിരുന്നു. പിന്നീട് 2015-ല്‍ 11 ഇന്നിങ്‌സുകളിലും കോലി സെഞ്ചുറിയില്ലാതെ കടന്നു പോയി.
അര്‍ധ സെഞ്ചുറി സെഞ്ചുറിയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള കഴിവാണ് ലോകത്തെ മറ്റ് ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് കോലിയെ വ്യത്യസ്തനാക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ മുഖമുദ്രയും അതു തന്നെയാണ്.
എന്നാല്‍ 2019 മുതല്‍ കോലിയുടെ ഈ പരിവര്‍ത്തന നിരക്ക് ഇടിയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019-ന് ശേഷം ടെസ്റ്റിലെ കോലിയുടെ ബാറ്റിങ് ശരാശരിയിലും ഈ ഇടിവ് പ്രകടമാണ്.
ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകള്‍ കൂടി കോലിക്ക് ബാക്കിയുണ്ട്. ചെന്നൈയില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെയും രണ്ടാം ഇന്നിങ്‌സില്‍ കോലി അര്‍ധ സെഞ്ചുറി പിന്നിട്ടിരുന്നു. എന്നാല്‍ അവയും സെഞ്ചുറിയിലെത്തിക്കാന്‍ ക്യാപ്റ്റന്‍ സാധിക്കാതെ പോയി. ഇനി അഹമ്മദാബാദ് കാത്തിരിക്കുകയാണ്. കോലിയുടെ ബാറ്റില്‍ നിന്ന് മൂന്നക്കം പിറക്കുന്നത് കാണാന്‍ വേണ്ടി.
Content Highlights: Will Motera witness the end of Virat Kohli unusual century drought