നിങ്ങളെന്തുകൊണ്ട് സന്തോഷ് ട്രോഫി ടി.വിയില്‍ കാണിച്ചില്ല?


സി.പി വിജയകൃഷ്ണന്‍

കാണികള്‍ കേരള ടീമിന് മേല്‍ വൈകാരികമായ നിക്ഷേപം നടത്തിയിരുന്നു. ആഘോഷങ്ങള്‍ അതെടുത്തു കാട്ടുന്നു

ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പാണെങ്കിലും സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളവും ബംഗാളും തമ്മില്‍ നടന്ന ഫൈനല്‍ മല്‍സരത്തിന്റെ തത്സമയ സംപ്രേഷണം ടിവിയിലെ സ്‌പോര്‍ട്‌സ് ചാനലുകളില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ഫെയ്‌സ്ബുക്കിലും തുടര്‍ന്ന് മലയാള ടെലിവിഷന്‍ ചാനലുകളിലും മറ്റു തിരക്കുകള്‍ മാറ്റി വെച്ച് കേരളീയരായ കാണികള്‍ ഒരു വെല്ലുവിളി സ്വീകരിച്ചിട്ടെന്നവണ്ണം കളി കണ്ടു. എന്നു മാത്രമല്ല കളി കണ്ടു കൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് കമന്റുകളിലൂടെ തങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ പാതി സ്‌ക്രീനില്‍ 'ബംഗാളിക'ളുമായി ഏറ്റുമുട്ടാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു. സൈബര്‍ ലോകം കൂടി പങ്കുകൊണ്ട ആദ്യത്തെ സന്തോഷ് ട്രോഫി ഫൈനല്‍ ഇതാകണം. കൊല്‍ക്കൊത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കളി കണ്ടവരുടെ എണ്ണം 5500 ആണെങ്കിലും ഫെയ്‌സ്ബുക്കിലൂടെ ഇതേക്കാള്‍ കൂടുതല്‍ പേര്‍ കളി കണ്ടിട്ടുണ്ടാകണം. അത് എത്രയെന്ന് വ്യക്തമല്ലെങ്കിലും ടിവിയില്‍ പതിവായി കളി കാണുന്നവരില്‍ ഒട്ടുവളരെപ്പേര്‍ ഇക്കൂട്ടത്തിലുണ്ടാവും.

സന്തോഷ് ട്രോഫി 1973 ല്‍ കേരളം ആദ്യം നേടിയപ്പോള്‍ നടന്നതു പോലുള്ള ഒരു മത്സരമല്ല ഇപ്പോള്‍. ഫുട്‌ബോള്‍ കലണ്ടറില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും ( ഐഎസ്എല്‍) ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗിനും( ഐ ലീഗ്) പിറകിലാണ് അതിന്റെ സ്ഥാനം. കൊല്‍ക്കൊത്തയില്‍ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരം കാണാനെത്തുന്നവരുടെ എണ്ണം നോക്കുമ്പോള്‍ സന്തോഷ് ട്രോഫി ഫൈനല്‍ കാണാന്‍ ഹാജരായവരുടെ എണ്ണം തുഛമാണ് എന്നത് ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ അവസ്ഥ എടുത്തു കാണിക്കുന്നു. അതേസമയം ഒരു കൂട്ടം പുതിയ കളിക്കാര്‍ക്ക് ശ്രദ്ധയില്‍ വരാന്‍ അവസരം ഒരുക്കുന്ന എന്ന പ്രാധാന്യം സന്തോഷ് ട്രോഫിക്കുണ്ട്.

ഏതായാലും കേരളം കാണികളെ നിരാശപ്പെടുത്തിയില്ല. പ്രതികൂല സാഹചര്യങ്ങളില്‍ കളിക്കുമ്പോഴാണ് ഒരു ടീമിന്റെ മികവ് വ്യക്തമാവുക. ഫൈനല്‍ കേരളത്തിന് എവേ മത്സരമായിരുന്നുവല്ലോ. ബംഗാളിന്റെ സമ്മര്‍ദ്ദത്തെ കേരളം കുടിച്ചു വറ്റിച്ചു. പ്രത്ര്യാക്രമണത്തില്‍ ആപത്ത് വിതറുകയും ചെയ്തു. മുമ്പ് ഒരേ തരത്തില്‍ ആക്രമിച്ചു കളിക്കുക എന്നതായിരുന്നു കേരളത്തിന്റെ കളിയുടെ സവിശേഷത. പ്രതിരോധം ശക്തമല്ലെങ്കില്‍ ഇത് തിരിച്ചടിക്കും. 100 മീറ്റര്‍ സ്പ്രിന്റ് ഓടിയിടത്ത് കേരളം ഇപ്പോള്‍ 1500 മീറ്റര്‍ ഓടുന്നു. മൂന്നാം തട്ടിലുള്ള മത്സരമാണെങ്കിലും കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയത്തിന്റെ മാറ്റ് കുറയുന്നില്ല. സൈബര്‍ കാണികള്‍ അതാണല്ലോ തെളിയിച്ചത്. മാത്രമല്ല കാണികള്‍ കേരള ടീമിന് മേല്‍ വൈകാരികമായ നിക്ഷേപം നടത്തിയിരുന്നു. ആഘോഷങ്ങള്‍ അതെടുത്തു കാട്ടുന്നു. അതേസമയം മാറിയ സാഹചര്യത്തില്‍ പൂര്‍ണ ശക്തിയുള്ള കേരള-ബംഗാള്‍ ടീമുകളല്ല മത്സരിച്ചത് എന്ന പശ്ചാത്തലം കൂടി മനസ്സില്‍ വെക്കണം എന്നു മാത്രം.

ഐ ലീഗില്‍ കോഴിക്കോട്ട് സ്വന്തം ഗ്രൗണ്ടായി കളിച്ച ഗോകുലം എഫ്.സി യുടെ ആദ്യ മത്സരങ്ങള്‍ക്ക് താരതമ്യേന കുറഞ്ഞ കാണികളേ ഉണ്ടായിരുന്നുള്ളൂ. കളിക്കാരുമായുള്ള പരിചയക്കുറവ്, ചില കളികള്‍ ഉച്ചയ്ക്ക് നടത്തിയത് തുടങ്ങി ഇതിന് കാരണങ്ങള്‍ പലതാണ്. ദൂരെയെങ്ങോ കളി നടന്നിട്ടും ടെലിവിഷനില്‍ തത്സമയ സംപ്രേഷണം ഇല്ലാതിരുന്നിട്ടും കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലേക്ക് കേരള കാണികളുടെ ആകാംക്ഷ നീണ്ടുചെന്നു. ഗോകുലം എഫ്സിക്കും കേരളത്തിലെ ഫുട്‌ബോള്‍ സംഘാടകര്‍ക്കും ഇതില്‍ നിന്ന് പഠിക്കാനുണ്ടാവും. പ്രദേശവുമായുള്ള അടുപ്പം ജ്വലിപ്പിക്കുക എന്നതാണത്.

മറ്റെന്തൊക്കെയാവാം ഇത്രയധികംപേര്‍ ഈ ഫൈനല്‍ മത്സരത്തിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം? കാണികളുടെ സമീപനത്തില്‍ ഐഎസ്എല്‍ കൊണ്ടു വന്ന മാറ്റം തന്നെയാണ് ഇതില്‍ പ്രധാനം. ലോകകപ്പ് ടൂര്‍ണമെന്റ് അടുത്തെത്തിയിരിക്കുന്നതിനാല്‍ കാണികളുടെ ഒരു കണ്ണ് സദാ പന്തിന്‍മേലുണ്ട്. അതാണ് മറ്റൊന്ന്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഏതാണ്ടെല്ലാവരും തന്നെ നമുക്ക് 'ബംഗാളി'കളായതിനാല്‍, അവരേക്കാള്‍ മേല്‍ക്കൈയുണ്ട് തങ്ങള്‍ക്ക് എന്ന വിചാരം കേരളമെന്ന വികാരം ഉദ്ദീപിപ്പിക്കുന്നതില്‍ പങ്കുവഹിച്ചു എന്ന് കരുതാമോ? ഫുട്‌ബോള്‍ കാണികളുടെ കാര്യത്തില്‍ ലോകത്തെല്ലായിടത്തും ഇത്തരത്തിലുള്ള വാശിയുണ്ട് എന്നു മാത്രമേ ഇതിനെക്കുറിച്ച് പറയാനാകൂ, ശരി തെറ്റുകള്‍ എന്തുമാകട്ടെ. സ്‌കോട്‌ലൻഡിൽ രണ്ടു പ്രമുഖ ക്ലബ്ബുകള്‍ തമ്മിലുള്ള വാശിയുടെ അടിസ്ഥാനം മതപരമാണല്ലോ. ഗ്ലാസ്‌ഗോ റേഞ്ചേഴ്‌സ് പ്രൊട്ടസ്റ്റന്റ് ആണെങ്കില്‍ സെല്‍ട്ടിക്ക് കാത്തോലിക്കര്‍ പിന്തുണയ്ക്കുന്ന ടീമാണ്.

ബംഗാളും കേരളവും തമ്മില്‍ വീണ്ടും മത്സരിക്കുന്നതു കാണാന്‍ കാണികള്‍ക്ക് ആഗ്രഹമുണ്ടാകും. എന്നാല്‍ അടുത്ത വര്‍ഷവും ഇവര്‍ തന്നെയായിരിക്കും അവസാന മത്സരത്തില്‍ പങ്കെടുക്കുക എന്നതിന് യാതൊരു ഉറപ്പുമില്ല. അവിടെയാണ് ടിവി സംപ്രേഷണം ഇല്ല എന്നതു പോലെ തന്നെ സന്തോഷ് ട്രോഫിയുടെ ബലഹീനത പ്രകടമാവുന്നത്. സന്തോഷ് ട്രോഫി ഒരു ലീഗ് മത്സരമായിരുന്നുവെങ്കില്‍ കേരളവും ബംഗാളും തമ്മില്‍ എല്ലാ സീസണിലും അവരുടെ നാട്ടിലും കേരളത്തിലും വെച്ച് പരസ്പരം മത്സരിക്കുമായിരുന്നു. ക്ലബ്ബുകളാണ് കളിക്കാരുടെ തൊഴില്‍ദാതാക്കള്‍ എന്നതു കൊണ്ട് ക്രിക്കറ്റിലെന്നതു പോലെ സ്‌റ്റേറ്റ് ടീമുകള്‍ തമ്മില്‍ അത്തരത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക സാധ്യമല്ല. അതിനുള്ള സംവിധാനവുമില്ല. അതേസമയം കൊല്‍ക്കൊത്തയിലെ ക്ലബ്ബുകള്‍ കേരള ടീമുകളുമായി എല്ലാ തവണയും മത്സരിക്കുന്ന സാധ്യത ക്ലബ്ബ് ഫുട്‌ബോളില്‍ നിലനില്‍ക്കുന്നു.

കേരള-ബംഗാള്‍ മത്സരം അങ്ങനെ തുടര്‍ച്ചയായി നടക്കില്ല എന്നതു പോലെ തന്നെ, നമ്മള്‍ വിജയം ആഘോഷിച്ച കേരള ടീമിലെ മിക്ക കളിക്കാരുടെയും കളി നമുക്ക് കാണാന്‍ അവസരം കുറവാണ് എന്നതും മറന്നുകൂടാത്തതാണ്. കാരണം കേരളം ഒരു ക്ലബ്ബ് ടീമല്ല എന്നതു തന്നെ. ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുക ക്ലബ്ബുകളെ അടിസ്ഥാനമാക്കിയുള്ള ടീമുകളും ലീഗ് സമ്പ്രദായവുമാണ് എന്ന തിരിച്ചറിവില്‍ നടത്തിയ ഒരു ചുവടുമാറ്റത്തിന്റെ സ്വാഭാവിക പരിണതിയാണ് സന്തോഷ് ട്രോഫിക്ക് പിണഞ്ഞിട്ടുള്ള താഴ്ച്ചയും വീഴ്ചയും. കേരളം ബംഗളൂരുവില്‍ നടന്ന രണ്ട് യോഗ്യതാ നിര്‍ണയമത്സരങ്ങള്‍ ഉള്‍പ്പെടെ ഇത്തവണ കളിച്ചത് എട്ടു കളിയാണ്. കേരളം സെമിയില്‍ കടക്കുന്നില്ല എന്നു വെക്കുക. അപ്പോള്‍ കളികളുടെ എണ്ണം ആറായി ചുരുങ്ങും. വല്ലപ്പോഴും നടക്കുന്ന ദേശീയ ഗെയിംസ് ഒഴിച്ചു നിര്‍ത്തിയാല്‍ കേരളമെന്ന പേരില്‍ ടീം ഒരു കൊല്ലം കളിക്കുന്നത് ആറോ എട്ടോ കളിയാണ്. ലീഗ് സമ്പ്രദായത്തില്‍ ഒരു ക്ലബ്ബ് പട്ടികയില്‍ ചുവടെയായാലും മുകളിലായാലും നിശ്ചിത എണ്ണം മത്സരങ്ങള്‍ കളിച്ചിരിക്കും.

ദേശീയ ടീമും ഒരു വര്‍ഷം കുറഞ്ഞ എണ്ണം കളികളിലെ പങ്കെടുക്കുന്നുള്ളുവെങ്കിലും അതും ഒരു സ്റ്റേറ്റ് ടീമും തമ്മില്‍ താരതമ്യമില്ല. ഏതൊരു ദേശീയ ടീമും അതതിടത്തെ ഫുട്‌ബോള്‍ നിലവാരത്തിന്റെ അടയാളമായി നിലകൊള്ളുന്നത് കൊണ്ട് അതിന്റെ നടത്തിപ്പ് ഒരു സ്ഥിരം സംവിധാനത്തിന്റെ കീഴിലാണ്. ഒരു ചെറിയ ടീം നാലോ എട്ടോ പന്ത്രണ്ടോ വര്‍ഷത്തിലൊരിക്കല്‍ നന്നെ കഷ്ടപ്പെട്ട് ലോക കപ്പില്‍ എത്തിപ്പെട്ടാല്‍ തന്നെ മൂന്നേ മൂന്ന് മത്സരത്തില്‍ മാത്രം പങ്കെടുത്ത് തോറ്റു മടങ്ങിയെന്നു വരാം. പക്ഷെ ആ നാട്ടില്‍ ഒരു സീസണ്‍ മുഴുവന്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നുണ്ടാവും. ഭൂഖണ്ഡതല മത്സരങ്ങളും സൗഹൃദ മത്സരങ്ങളും ഇതിനെ പുറമെയാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ഒരു അര്‍ജന്റീനക്കാരനാണ്. ലയണല്‍ മെസ്സിയുടെ കളി നേരിട്ടു കാണാന്‍ നാട്ടുകാര്‍ക്ക് അവസരം കിട്ടുന്നത് ദേശീയ ടീം സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ മാത്രമാണ് എന്നു വരാമെങ്കിലും ആ കളി ടി വിയില്‍ സദാസമയവും കാണാവുന്നതാണ്. ദേശീയ ടീമുകളുടെ കളി അങ്ങനെയാണ്.

കേരളീയരായ കളിക്കാര്‍ക്ക് കളിക്കാനും അതാസ്വദിക്കാന്‍ കാണികള്‍ക്കും വേണ്ടത്ര അവസരമൊരുക്കുക എന്നതാണ് കേരള ഫുട്‌ബോള്‍ സംഘാടകരുടെ മുന്നിലുള്ള വെല്ലുവിളി. 2013-14 ല്‍ കേരള പ്രീമിയര്‍ ലീഗിന് തുടക്കമിട്ടിട്ടുള്ളത് ഇതിലേക്കുള്ള ഒരു ചുവടുവെപ്പാണ്. അതേസമയം കണ്ണുരും കോഴിക്കോടും പോലുള്ള, ഒരു കാലത്ത് പേരു കേട്ട പട്ടണങ്ങള്‍ കേരള പ്രീമിയര്‍ ലീഗിന്റെ ഭൂപടത്തില്‍ പെട്ടിട്ടില്ല എന്നതും കാണണം. രണ്ടു ലീഗുകളിലായി കേരളത്തിലെ രണ്ടു ടീമുകള്‍ കളിക്കുന്നു. 14 വര്‍ഷത്തിനു ശേഷം കേരളം സന്തോഷ് ട്രോഫി നേടിയിരിക്കുന്നു. ഈ ഉണര്‍വ് പ്രയോജനപ്പെടുത്താന്‍ വഴികള്‍ തേടുകയാണ് ഇനി വേണ്ടത്. സന്തോഷ് ട്രോഫി നേടുക എന്നതായിരിക്കരുത് ദീര്‍ഘകാല ലക്ഷ്യം എന്നു മാത്രം.

cpvkrishnan@gmail.com

Content Highlights: Why wasn’t Santosh Trophy final telecast live

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented