വര: എൻ.എൻ. സജീവൻ
പതിനാറുവര്‍ഷവും മൂന്നുമാസവും മുമ്പാണ് കോച്ച് ഗ്രെഗ് ചാപ്പലുമായ് കലഹിച്ച് സൗരവ് ഗാംഗുലിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായത്. മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍നിന്നും പുറത്തായി. ഗാംഗുലി മോശം ക്യാപ്റ്റനാണെന്നും ശാരീരികമായും മാനസികമായും സജ്ജനല്ലെന്നും ടീമില്‍ ഭിന്നതയുണ്ടാക്കുന്നെന്നും ചാപ്പല്‍ ബി.സി.സി.ഐ.ക്ക് മെയില്‍ അയച്ചു. ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി. ആ സമയം ഗാംഗുലി അനുഭവിച്ച അപമാനവും വേദനയും ചെറുതല്ല. പക്ഷേ, ബി.സി.സി.ഐ. ഇടപെട്ട് ഗാംഗുലിയെ സമാധാനിപ്പിച്ചു. കുറെ മാസങ്ങള്‍ കഴിഞ്ഞ് ഗാംഗുലി ടീമിലേക്ക് മടങ്ങിയെത്തി. രാഹുല്‍ ദ്രാവിഡിനു കീഴില്‍ കളിച്ചു.
ഗാംഗുലി ഇന്ന് ബി.സി.സി.ഐ. പ്രസിഡന്റാണ്. വിരാട് കോലി അത്ര സുഖകരമല്ലാത്തവിധം ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താകുമ്പോള്‍ ഗാംഗുലി ഏതുരീതിയിലാവും ഇടപെടുക? കോലിയെ പുറത്താക്കിയതിന് കാരണമെന്ത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി നിയമിച്ചു എന്ന ഒറ്റവരിയില്‍ ബോര്‍ഡ് കാര്യങ്ങള്‍ ഒതുക്കി. അത് ശരിയായില്ല എന്ന വിമര്‍ശനം വ്യാപകമായപ്പോഴാണ് ഗാംഗുലി ചില പ്രതികരണങ്ങളുമായി രംഗത്തുവന്നത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിനെ പ്രഖ്യാപിക്കുന്നതിനുമുമ്പേയാണ് ഈ പുറത്താക്കല്‍. ഇത് ഇന്ത്യന്‍ ക്രിക്കറ്റില്‍ അസ്വാരസ്യങ്ങളുണ്ടാക്കി എന്നതില്‍ തര്‍ക്കമില്ല.
ഐ.സി.സി. കിരീടങ്ങളില്ല എന്നതാണ് കോലിക്കുമേല്‍ ചാര്‍ത്തുന്ന ഒരു കുറ്റം. കപില്‍ദേവും എം.എസ്. ധോനിയുമല്ലാതെ മറ്റേത് ഇന്ത്യന്‍ ക്യാപ്റ്റനാണ് ഐ.സി.സി. കിരീടമുള്ളത്. 2023-ലെ ഏകദിന ലോകകപ്പ് ഇന്ത്യയിലാണ്. കിരീടം തിരിച്ചുപിടിക്കാനുള്ള മികച്ച അവസരം. തന്റെ മേലുള്ള കളങ്കം മായ്ച്ചുകളയാന്‍ ആ അവസരം ഉപയോഗിക്കാമെന്ന് കോലി സ്വപ്നം കണ്ടിരിക്കണം. അതിനാണ് ബി.സി.സി.ഐ. തടയിട്ടത്. ഇത് കോലിയെ കുറച്ചൊന്നുമാകില്ല നൊമ്പരപ്പെടുത്തുക. സ്ഥാനമൊഴിയാന്‍ 48 മണിക്കൂര്‍ നല്‍കിയെന്നും സമ്മതിക്കാതെ വന്നതോടെ പുറത്താക്കിയെന്നും വാര്‍ത്തകളുണ്ട്. ഏതായാലും ഇങ്ങനെയൊരു പുറത്താകല്‍ കോലി അര്‍ഹിക്കുന്നില്ല.
ഏതാനുംമാസം മുമ്പുവരെ ഇന്ത്യന്‍ ക്രിക്കറ്റിലെ ചോദ്യംചെയ്യപ്പെടാത്ത നേതാവായിരുന്നു കോലി. കാര്യങ്ങള്‍ മാറിയത് പൊടുന്നനെയാണ്. ട്വന്റി 20 നായകസ്ഥാനം ഒഴിയുമെന്ന് കഴിഞ്ഞ ലോകകപ്പിനുമുമ്പേ കോലി പ്രഖ്യാപിച്ചിരുന്നതാണ്. കോലിയുടെ ഈ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ഗാംഗുലി വ്യക്തമാക്കുകയുംചെയ്തു. ലോകകപ്പിലെ പരാജയത്തോടെ കോലിയെ കൈവിടുക എന്ന കഠിനതീരുമാനത്തില്‍ ബി.സി.സി.ഐ. എത്തിയിരുന്നു. ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമെങ്കിലും അതെത്രകാലം എന്ന് കണ്ടറിയണം. രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റനായി നിയമിച്ചത് കോലിക്ക് അപായസൂചനയാണ്.
ക്യാപ്റ്റനെന്നനിലയില്‍ കോലി ഒരു പരാജയമായിരുന്നില്ല. കോലി നയിച്ച 95 ഏകദിനങ്ങളില്‍ 65-ലും ഇന്ത്യ ജയിച്ചു. 50 ട്വന്റി 20കളില്‍ 30 ജയം.
ഫോം വീണ്ടെടുക്കുക എന്നതാണ് കോലിക്കുമുന്നിലുള്ള വെല്ലുവിളി. രണ്ടുവര്‍ഷമായി താരത്തിന് അന്താരാഷ്ട്ര സെഞ്ചുറികളില്ല. റണ്‍മെഷീന്‍ വീണ്ടും പ്രവര്‍ത്തിച്ചില്ലെങ്കില്‍ ടീമില്‍നിന്ന് പുറത്താവാം. മികച്ചരീതിയില്‍ കളിച്ചാല്‍ അഞ്ചുവര്‍ഷംകൂടി അദ്ദേഹത്തിന് ക്രിക്കറ്റില്‍ തുടരാനാവും. കോലിയെ സാന്ത്വനിപ്പിക്കേണ്ടതും രോഹിതിനുകീഴില്‍ കളിക്കാന്‍ മാനസികമായി സജ്ജമാക്കേണ്ടതും ബി.സി.സി.ഐ.യുടെ ചുമതലയാണ്.
Content Highlights: why rohit sharma replaced virat kohli as white-ball captain
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..