അഹങ്കാരിയോ കാള്‍സണ്‍, അവഗണിക്കപ്പെട്ട മൂന്നാം ലോകക്കാരനാണോ പ്രഗ്നാനന്ദ?


ചെസ് ഒളിമ്പ്യന്‍ എന്‍.ആര്‍ അനില്‍ കുമാര്‍ചില ലോകചാമ്പ്യന്മാര്‍ ലോകകിരീടം കിട്ടിക്കഴിഞ്ഞാല്‍ വളരെ പരിമിതമായ ടൂര്‍ണമെന്റുകളില്‍ മാത്രമേ പങ്കെടുക്കൂ. തങ്ങളുടെ റാങ്കിങ്ങിനും റേറ്റിങ്ങിനും ക്ഷതം പറ്റാതിരിക്കാനാണ് അവര്‍ ഈ ശ്രദ്ധ പുലര്‍ത്തുന്നത്. ലോകചാമ്പ്യനായിരിക്കെ ഏറ്റവുമധികം മത്സരങ്ങളില്‍ പങ്കെടുക്കുന്ന ലോകചാമ്പ്യനാണ് കാള്‍സണ്‍

Photo: twitter.com/AskAnshul

എന്താണ് പ്രഗ്നാനന്ദയുടെ നേട്ടം

വര്‍ഷമുടനീളം ലോകമെമ്പാടും അതിശക്തങ്ങളായ അന്തര്‍ദേശീയ ചെസ്സ് മത്സരങ്ങള്‍ നടക്കുന്നു. ഇവയില്‍ പലതിലും ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണും മറ്റ് മുന്‍നിര താരങ്ങളും പങ്കെടുക്കുന്നു. ഈ വര്‍ഷം നടന്ന അത്തരം മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയുടെ 17 കാരന്‍ പ്രഗ്നാനന്ദ അഞ്ച് കളികളില്‍ ലോകചാമ്പ്യന്‍ കാള്‍സനെ പരാജയപ്പെടുത്തി. ഏറ്റവും ശ്ലാഘനീയമായ വിജയങ്ങളാണിവ. ഈ വിജയങ്ങള്‍ വലിയ മാധ്യമശ്രദ്ധയും സോഷ്യല്‍ മീഡിയ അംഗീകാരവും അര്‍ഹിക്കുന്നു. ഒരു ഇന്ത്യന്‍ ചെസ്സ് താരത്തിന്റെ മികച്ച വിജയങ്ങള്‍ അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിക്കപ്പെടുന്നു, ഏറ്റവും സാധാരണക്കാരായ ചെസ്സിന്റെ സങ്കീര്‍ണ്ണതലങ്ങള്‍ അറിയാത്ത മനുഷ്യര്‍ പോലും ഈ വിജയം ആഘോഷിക്കുന്നു എന്നതില്‍ ഞങ്ങള്‍ ചെസ്സ് കളിക്കാര്‍ ആഹ്ലാദിക്കുന്നു. അവഗണനയില്‍ നിന്നും അംഗീകാരത്തിലേക്ക് ചെസ്സ് തിരിയുന്നു എന്ന പ്രത്യാശയുടെ നാമ്പുകള്‍ ഞങ്ങളുടെ മനസ്സില്‍ പൊട്ടിമുളക്കുന്നു.

ആരാണ് പ്രഗ്നാനന്ദ?

ചെന്നൈയിലെ ഒരു ബാങ്ക് മാനേജരുടെയും വീട്ടമ്മയുടെയും മകനായി 2005 ഓഗസ്റ്റ് 10-ന് ജനിച്ച തമിഴ് ബാലന്‍. സഹോദരി ആര്‍ വൈശാലി വനിതാ ഗ്രാന്‍ഡ്മാസ്റ്ററും ചെസ്സ് ഒളിമ്പ്യാഡില്‍ വെങ്കലം നേടിയ ഇന്ത്യന്‍ വനിതാ ടീം അംഗവും മുന്‍ ദേശീയ ചാമ്പ്യനുമാണ്. തന്റെ പത്താമത്തെ വയസില്‍ ഈ ബാലന്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ ചെസ്സ് മാസ്റ്റര്‍ ആയി. പന്ത്രണ്ടാമത്തെ വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ചെസ്സ് താരമായി. പതിനാലാം വയസില്‍ തന്നെ ലോക അണ്ടര്‍ 18 കിരീടം ചൂടി. പിന്നീടുള്ള മൂന്ന് വര്‍ഷക്കാലത്തിനുള്ളില്‍ ലോകത്തെ ശ്രദ്ധേയ യുവ ചെസ്സ് താരങ്ങളില്‍ ഒരാളായി മാറി.

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ചില പൊതുധാരണകള്‍ ചിലത് തിരുത്തപ്പെടേണ്ടതുണ്ടെന്ന് ചെസ്സ് കളിക്കാരായ ഞങ്ങള്‍ക്ക് തോന്നുന്നു.

കാള്‍സണ്‍ അഹങ്കാരിയോ?

കാള്‍സണ്‍ ചെസ്സ് ചരിത്രം ദര്‍ശിച്ച ഏറ്റവും മഹാനായ കളിക്കാരനാണ് എന്ന് കരുതുന്ന വലിയൊരു ചെസ്സ് പണ്ഡിത സമൂഹം ഇന്നുണ്ട്. തുടര്‍ച്ചയായി 5 പ്രാവശ്യം ലോക ചാമ്പ്യന്‍, 10 വര്‍ഷം ലോക നമ്പര്‍ വണ്‍ കളിക്കാരന്‍, ചെസ്സ് കംപ്യുട്ടറുകളുടെ അതിപ്രസരകാലത്തും ചെസ്സിലെ മൗലികത നിലനിര്‍ത്തുന്ന മഹാപ്രതിഭ, ഏറ്റവും മികച്ച സാര്‍വ്വലൗകികശൈലിയുടെ ഉടമ - ഇങ്ങിനെ വിവിധ കാരണങ്ങള്‍ ഈ 31-കാരനെ ജീവിക്കുന്ന ഒരു അനുപമ ഇതിഹാസമാക്കി മാറ്റുന്നു.

ചില ലോകചാമ്പ്യന്മാര്‍ ലോകകിരീടം കിട്ടിക്കഴിഞ്ഞാല്‍ വളരെ പരിമിതമായ ടൂര്‍ണമെന്റുകളില്‍ മാത്രമേ പങ്കെടുക്കൂ. തങ്ങളുടെ റാങ്കിങ്ങിനും റേറ്റിങ്ങിനും ക്ഷതം പറ്റാതിരിക്കാനാണ് അവര്‍ ഈ ശ്രദ്ധ പുലര്‍ത്തുന്നത്. ലോകചാമ്പ്യനായിരിക്കെ ഏറ്റവുമധികം മത്സരങ്ങളില്‍ പങ്കെടുക്കുന്ന ലോകചാമ്പ്യനാണ് കാള്‍സണ്‍. ലോകചാമ്പ്യന്മാര്‍ മാത്രമല്ല പല മുന്‍നിര താരങ്ങള്‍ പോലും ലോക ചെസ്സ് ഒളിമ്പ്യാഡില്‍ തങ്ങളുടെ രാഷ്ട്രത്തിനു വേണ്ടി കളിക്കാനായി വൈമുഖ്യം കാണിക്കുന്നു. തങ്ങളേക്കാള്‍ കുറഞ്ഞ റേറ്റിംഗ് ഉള്ള പ്രതിയോഗികളോട് കളിച്ചാല്‍ തങ്ങളുടെ റേറ്റിങ്ങും അതുവഴി തങ്ങളുടെ ലോക റാങ്കിങ്ങും ഇടിയും എന്ന ആശങ്ക മൂലമാണ് പലരും തങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത്. എന്നാല്‍ നോര്‍വെക്കായി ഒളിമ്പ്യാഡില്‍ പതിവായി കളിക്കുന്ന കാള്‍സണ്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഉത്തമ മാതൃകയാണ്. കോവിഡ് കാലത്ത് പതിനായിരക്കണക്കിന് കളികളാണ് ഓണ്‍ലൈനില്‍ തന്നെക്കാള്‍ വളരെ റേറ്റിംഗ് കുറവുള്ള കളിക്കാരുമായി കാള്‍സണ്‍ കളിച്ചത്. പ്രതിയോഗികളോട് മാത്രമല്ല തന്നെ കാണാനെത്തുന്ന ചെസ്സ് പ്രേമികളോടും ഏറ്റവും സൗഹാര്‍ദ്ദത്തോടെ പെരുമാറുന്ന ലോകചാമ്പ്യനാണ് കാള്‍സണ്‍. ലോകത്തെ ഒരു ചെസ്സ് കളിക്കാരനും ചെസ്സ് നിരൂപകനും ഇന്ന് വരെ കാള്‍സണ്‍ അഹങ്കാരി എന്ന് വിശേഷിപ്പിച്ചിട്ടില്ല. പ്രഗ്നാനന്ദയെപ്പോലെ പ്രതിഭാശാലിയായ ഒരു യുവതാരത്തെ അംഗീകരിക്കുന്നതിനായി കാള്‍സണ്‍ എന്ന ഉജ്ജ്വലവ്യക്തിത്വത്തെ അഹങ്കാരി എന്ന വാസ്തവവിരുദ്ധമായ മിത്തില്‍ അവതരിപ്പിക്കരുത്.

ടൂര്‍ണമെന്റും ലോകചാമ്പ്യന്‍ഷിപ്പും തമ്മിലുള്ള അന്തരം

ലോകചെസ്സിലെ ഏറ്റവും വലിയ നേട്ടം ലോകചാമ്പ്യന്‍ ആവുക, ലോക റാങ്കിങ്ങില്‍ ഒന്നാമനാവുക എന്നതാണ്. ഇത് രണ്ടും കുറേക്കാലമായി കാള്‍സന്റെ കൈപ്പിടിയിലാണ്. കാള്‍സണും മറ്റ് ലോകചാമ്പ്യന്മാരും നിരവധി ടൂര്‍ണമെന്റുകളില്‍ പല പ്രതിയോഗികളോടും പല കളികളിലും പരാജയപ്പെടാറുണ്ട്. ഒരു കളി പോലും ആരോടും തോല്‍ക്കാത്ത ഒരു ലോക ചാമ്പ്യനും ഇന്ന് വരെ ഉണ്ടായിട്ടില്ല, ഉണ്ടാകാന്‍ സാധ്യതയുമില്ല. ചില ഗെയിമുകളില്‍ ചില കളിക്കാര്‍ ലോക ചാമ്പ്യനെ തോല്‍പ്പിച്ചു എന്നതുകൊണ്ട് അവര്‍ ലോകചാമ്പ്യന് മേലെ പ്രതിഷ്ഠിക്കപ്പെടുന്നില്ല. എന്നാല്‍ ലോക ചാമ്പ്യന്‍ ആവുക എന്നത് അനുപമവും ദുഷ്‌കരവുമാണ്. പ്രഗ്നാനന്ദ 5 തവണ കാള്‍സണെ പരാജയപ്പെടുത്തിയതിനാല്‍ പ്രഗ്നാനന്ദ ലോകചാമ്പ്യന്‍ പദവിക്ക് അര്‍ഹനായി എന്ന ധാരണ തിരുത്താനായി പറഞ്ഞതാണ് ഇക്കാര്യങ്ങള്‍.

പ്രഗ്നാനന്ദയുടെ നേട്ടങ്ങള്‍ അവഗണിക്കപ്പെടുകയാണോ?

വിശ്വനാഥന്‍ ആനന്ദ് 5 തവണ ലോക ക്ലാസിക്കല്‍ ചെസ്സ് കിരീടവും രണ്ട് തവണ ലോക റാപ്പിഡ് കിരീടവും കൊനേരു ഹംപി ലോക വനിതാ റാപ്പിഡ് ചാംപ്യന്‍ഷിപ്പും ഇന്ത്യയുടെ ഡസന്‍ കണക്കിന് താരങ്ങള്‍ വ്യത്യസ്ത പ്രായപരിധിമത്സരങ്ങളില്‍ നിരവധി വിശ്വകിരീടങ്ങളും കരസ്ഥമാക്കിയപ്പോഴും ലഭിക്കാതെ പോയ അംഗീകാരവും പബ്ലിസിറ്റിയും ഇന്ന് പ്രഗ്നാനന്ദ എന്ന യുവപ്രതിഭാശാലിയിലൂടെ ഈ ധൈഷണികവിനോദം നേടുന്നു എന്നത് ചെസ്സ് പ്രേമികള്‍ക്ക് വ്യത്യസ്താനുഭവമാകുന്നു. പല കാരണങ്ങളാല്‍ മാധ്യമങ്ങള്‍ ചെസ്സിന് ചെറിയ ഇടമേ പലപ്പോഴും നല്‍കാറുള്ളൂ. ചെസ്സ് ഒരു സ്പെക്ടേറ്റര്‍ ഗെയിം അല്ല. അതിനാല്‍ തന്നെ ദൃശ്യമാദ്ധ്യമങ്ങളില്‍ ചെസ്സിന്റെ സാദ്ധ്യത തുലോം പരിമിതമാണ് (ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഓരോ ഓവറിനിടക്കും പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ കഴിയുന്ന ക്രിക്കറ്റ്). ഇന്ത്യന്‍ ചെസ്സ് താരങ്ങളില്‍ ഏറ്റവും മാധ്യമശ്രദ്ധ പ്രഗ്നാനന്ദക്ക് ലഭിച്ചു എന്നത് സന്തോഷകരമാണ്.

അവഗണിക്കപ്പെട്ട മൂന്നാം ലോകക്കാരനാണോ പ്രഗ്നാനന്ദ?

ഇതുവരെ അജ്ഞാതനും അവഗണിക്കപ്പെട്ടവനുമായ ഒരു മൂന്നാം ലോക ബാലന്‍ ഈ ഉജ്ജ്വലവിജയങ്ങളോടെ ലോകശ്രദ്ധ പിടിച്ചുപറ്റി എന്നത് മറ്റൊരു മിത്ത് ആണ്. പത്താം വയസ്സില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ആയപ്പോഴും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായപ്പോഴും പതിനാലാം വയസില്‍ ലോക അണ്ടര്‍ 18 ചാമ്പ്യന്‍ ആയപ്പോഴും ചെസ്സ് ലോകം പ്രഗ്നാനന്ദയെ അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്തിരുന്നു. സൂസന്‍ പോള്‍ഗാര്‍ ഫൗണ്ടേഷനും അമേരിക്കയിലെ വെബ്സ്റ്റര്‍ യൂണിവേഴ്സിറ്റിയും ചേര്‍ന്ന് ഈ ബാലന് അവിടെ ഉപരിപഠനസൗകര്യവും 70 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും ഒരുക്കിനല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഈ കുട്ടിക്ക് മികച്ച ജോലിയാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്. 18 വയസ് തികയുമ്പോള്‍ പ്രഗ്നാനന്ദക്ക് ആ ജോലിയില്‍ പ്രവേശിക്കാം. മുന്‍ ലോകചാമ്പ്യന്മാരായ വിശ്വനാഥന്‍ ആനന്ദ്, വ്‌ളാദിമിര്‍ ക്രാംനിക്ക്, പ്രശസ്ത പരിശീലകന്‍ ആര്‍ ബി രമേശ് തുടങ്ങി നിരവധി പ്രഗത്ഭ ചെസ്സ് പരിശീലകരുടെ കീഴില്‍ വിദഗ്ദപരിശീലനം ഈ ബാലന് ഇതിനകം ലഭിച്ചിട്ടുണ്ട്.

കാള്‍സനെ തോല്‍പ്പിച്ച മലയാളികള്‍

കോവിഡ് കാലത്ത് ചെസ്സിന്റെ ഒരു ഓണ്‍ലൈന്‍ വിപ്ലവം ലോകമെമ്പാടും സംഭവിച്ചു. തന്നെക്കാള്‍ വളരെ താഴ്ന്ന റേറ്റിംഗ് ഉള്ള കളിക്കാരുമായി, പ്രത്യേകിച്ചും യുവകളിക്കാരുമായി കളിക്കാനുള്ള മഹാമനസ്‌കത ഇക്കാലത്ത് കാള്‍സണില്‍ നിന്നുമുണ്ടായി. മലയാളി ഗ്രാന്‍ഡ്മാസ്റ്റര്മാരായ നിഹാല്‍ സരിനും എസ് എല്‍ നാരായണനും ഈ അവസരം വിനിയോഗിച്ചുകൊണ്ട് പലതവണ ലോകചാമ്പ്യനെ പരാജയപ്പെടുത്തി എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ബുള്ളറ്റ് ഗെയിം ഫോര്‍മാറ്റില്‍ 37 പ്രാവശ്യം നിഹാല്‍ കാള്‍സണെ പരാജയപ്പെടുത്തി. ചെസ്സ് ഒളിമ്പ്യാഡില്‍ ഇരുവരും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചു. നിഹാല്‍ സ്വര്‍ണ്ണമെഡല്‍ നേടിയപ്പോള്‍ മുടിനാരിഴവ്യത്യാസത്തിന് നാരായണന് വ്യക്തിഗതവെങ്കലമെഡല്‍ നഷ്ടമായി. മുറ്റത്തെ മുല്ലയുടെ മണവും നാം അറിയാതെ പോകരുത്.

ഇന്ത്യന്‍ ചെസ്സില്‍ ഇന്ന് എന്ത് സംഭവിക്കുന്നു?

ലോകചെസ്സിലെ വന്‍ശക്തിയായി ഇന്ത്യ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ആരെയും വീഴ്ത്താനുള്ള കരുത്തും ഇച്ഛാശക്തിയുമുള്ള ഒരു യുവനിരയുടെ കുതിപ്പിന്റെ അലയൊലികളാണ് നാം ചുറ്റും കാണുന്നത്. വിദിത് ഗുജറാത്തി, അര്‍ജുന്‍ ഏറിഗൈസി, ഗുകേഷ്, പ്രഗ്നാനന്ദ, നിഹാല്‍ , നാരായണന്‍ തുടങ്ങി ഭാവി ലോകചാമ്പ്യന്മാരാവാന്‍ കെല്‍പ്പുള്ള ഏറ്റവും ചുരുങ്ങിയത് രണ്ട് ഡസന്‍ യുവപ്രതിഭകളെങ്കിലും ഇന്ന് ഇന്ത്യയിലുണ്ട്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പ്രതിഭാശാലികളായ ഈ കുട്ടികള്‍ക്ക് എല്ലാ അംഗീകാരവും പ്രോത്സാഹനവും നല്‍കണം. അതിലുപരി സര്‍ക്കാരുകളും കോര്‍പ്പറേറ്റുകളും അവര്‍ക്ക് ജോലിയും സ്‌പോണ്‍സര്‍ഷിപ്പും നല്‍കണം. കളികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും നീതിപൂര്‍വകമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരണം (ചില കളികള്‍ക്ക് മാത്രം പ്രാധാന്യം എന്ന നില മാറണം).

Content Highlights: Why it is silly to mock Magnus Carlsen over his loss against R Praggnanandhaa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented