ടുവില്‍ അത് സംഭവിച്ചു. കളിയുടെ യഥാര്‍ത്ഥ ''പരീക്ഷണ''-ത്തില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ ടെസ്റ്റ് പരമ്പര അടിയവ് വെച്ചു. മൂന്നാഴ്ച്ച മുന്‍പ്, ഈ പംക്തിയുടെ തുടക്കത്തില്‍ എഴുതിയിരുന്നു. മഹാത്ഭുതങ്ങള്‍ സംഭവിക്കാതിരിക്കുകയും മണ്ടത്തരങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്താല്‍ ഇരുപത്തിയഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോലിയും കൂട്ടരും ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര ജയിക്കുമെന്ന്. ഇന്ത്യയുടെ ബാറ്റിങ് കരുത്തിലും ബൗളിങ് മികവിലുമുള്ള വിശ്വാസവും ഈ രണ്ടു മേഖലകളിലും ഇന്ത്യയെ അപേക്ഷിച്ച് ദുര്‍ബലരായ ദക്ഷിണാഫ്രിക്കയുടെ അവസ്ഥയും വിലയിരുത്തിയായിരുന്നു ഈ പ്രവചനം. 

പുതുവര്‍ഷത്തെ ആദ്യ പ്രചവനംതന്നെ തെറ്റിച്ചത് ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാരുടെ ഉള്‍ക്കരുത്തില്ലായ്മയാണ്. മഹാത്ഭുതങ്ങള്‍ സംഭവിച്ചതോ, മഹാമണ്ടത്തരങ്ങള്‍ കാണിച്ചതോ അല്ല ഇന്ത്യയ്ക്ക് വിനയായത്. വകതിരിവില്ലായ്മയാണ് ഇന്ത്യയുടെ പതനത്തിന് കാരണമായത്. നാട്ടിലെ പുലികള്‍ എന്ന പതിവ് വിശേഷണം മതിവായില്ല ഈ കീഴടങ്ങലിന്. തുടര്‍ച്ചയായ ഒന്‍പത് പരമ്പര ജയങ്ങള്‍ക്ക് ശേഷമുള്ള ഒരു സാധാരണ തോല്‍വിയായി കടുത്ത ഇന്ത്യന്‍ ആരാധകര്‍ക്ക് ഈ പ്രകടനത്തെ കാണാം. എന്നാല്‍ ഫാസ്റ്റ് ബൗളിങ്ങിനെ നേരിടാനുള്ള സാങ്കേതിഭദ്രതയും വിവേകവും മറ്റു പലരാജ്യങ്ങള്‍ക്കുമെന്നതുപോലെ ഇന്ത്യയ്ക്കുമില്ല എന്നതാണ് സത്യം. 

അല്്പം ക്ഷമ. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി, കളിയില്‍ ചില മാറ്റങ്ങള്‍ വരുത്തുക. ഫുട്ട് വര്‍ക്കില്‍ പരിഷ്‌കാരങ്ങള്‍ നടത്തുക. പന്ത് ലീവ് ചെയ്യാന്‍ പഠിക്കുക. ഷോട്ടുകളില്‍ നിയന്ത്രണം  ഏര്‍പ്പെടുത്തുക. ഇതൊന്നും പുതിയ കാര്യമല്ല. ഇതിനേക്കാള്‍ വലിയ പേസ് ബൗളര്‍മാരും പ്രതിലോമകരമായ പിച്ചുകളും ഉണ്ടായിരുന്ന കാലത്ത്, നെറ്റ് പ്രാക്ടീസിനു പോലും ഇന്ത്യയില്‍ വേണ്ടത്ര ബൗളര്‍മാര്‍ ഇല്ലാതിരുന്ന കാലത്ത്, സുനില്‍ ഗാവസ്‌കറും വെങ്‌സര്‍ക്കാറും മൊഹീന്ദര്‍ അമര്‍നാഥും സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ലക്ഷ്മണുമൊക്കെ പേസ് ആക്രമണത്തെ ഇപ്രകാരം നേരിട്ടവരാണ്. എന്തിന് അധികം പിന്നോട്ടുപോകണം.

1997-ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്‍പ്  അലന്‍ ഡൊണാള്‍ഡിനേയും സംഘത്തിനേയും നേരിടാന്‍ നടത്തിയ മുന്നൊരുക്കമാണ് രാഹുല്‍ ദ്രാവിഡിന്റെ കരിയറില്‍ തന്നെ വഴിത്തിരിവായത്. 21 വാരയ്ക്കു പകരം 18 വാരനിന്ന് സിമെന്റ് തറയില്‍ പേസ്  ബൗളിങ്ങിനെ മണിക്കൂറോളം നേരിട്ട് പരിശീലിക്കാന്‍ ആരും അദ്ദേഹത്തോട് പറഞ്ഞില്ല. ബാറ്റിങ്ങിനോടുള്ള അഭിനിവേശമാണ് അത്.

2003-ലെ പരമ്പരയ്ക്കു മുന്‍പ് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ ഷോട്ട് പിച്ച് പന്തുകള്‍ നേരിടാന്‍ ഗ്രെഗ് ചാപ്പലിനു ശിഷ്യപ്പെട്ട സൗരവ് ഗാംഗുലിയേയും മറക്കാറായിട്ടില്ല. എത്രയധികം ടൂര്‍ണമെന്റുകള്‍ കളിച്ചാലും ഗ്രൗണ്ടില്‍ ആദ്യ എത്തി ഏറ്റവും അവസാനത്തെ ആള്‍ പോകുന്നതുവരെ പരിശീലിക്കുന്നതായിരു്ന്നു സച്ചിന്‍ തെണ്ടുല്‍ക്കറുടെ സംസ്‌കാരം. ഇന്ത്യന്‍
പിച്ചുകളില്‍ നേടുന്ന കേലവവിജയങ്ങളിലല്ല കാര്യം എന്ന തിരിച്ചറിവും അതില്‍ അഭിരമിക്കാതിരിക്കാനുള്ള യാഥാര്‍ത്ഥ്യബോധവും ഇവര്‍ക്കുണ്ടായിരുന്നു. ഇപ്പോഴത്തെ കളിക്കാര്‍ക്ക് ഈ പ്രതിബദ്ധതയില്ലെന്ന് പറയുന്നില്ല. എന്നാല്‍ മുന്‍ഗാമികള്‍ക്ക് ഉണ്ടായിരുന്ന അളവില്‍ ഉണ്ടോയെന്ന് സംശയമാണ്. 

ഭയപ്പെട്ടു കളിക്കാന്‍ പിച്ചില്‍ ഒരു ചുക്കമില്ല എന്ന് രണ്ടു ടെസ്റ്റുകളിലും തെളിയിച്ച അശ്വിന്റെ പ്രകടനം മാത്രംമതി, ഇന്ത്യന്‍ ബാറ്റിങ്ങിന് എന്ത് സംഭവിച്ചു എന്ന് വ്യക്തമാകാന്‍. കേപ് ടൗണില്‍ പന്ത് നന്നായി ബൗണ്‍സ് ചെയ്തു. പ്രിട്ടോറിയയില്‍ പന്ത് പലപ്പോഴും ഇന്ത്യന്‍ പിച്ചുകള്‍ക്ക് സമാനമായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മന്മാരുടെ സമീപനം തന്നെയായിരുന്നു പ്ര്ശ്‌നം.

എന്നാല്‍ ഇപ്പോള്‍ എല്ലാ കുറ്റവും ചുമത്തപ്പെട്ടിരിക്കുന്നത് ബി.സി.സി.ഐയുടെ തലയ്ക്കലാണ്. ശ്രീലങ്കയ്്‌ക്കെതിരായ പരമ്പര കാരണം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തയ്യാറെടുക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ല എന്നാണ് പരാതി. അത് നൂറു ശതമാനം ശരിയാണ്. ഇങ്ങനെ മത്സരങ്ങള്‍ കുത്തിനിറയ്ക്കുന്നത് കളിക്കാരുടെ പ്രകടനത്തെ  ബാധിക്കും. അതുകൊണ്ടാണ്,  വിശ്രമവും ആവശ്യപ്പെട്ട് ക്യാപ്റ്റന്‍ കോലി, ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനിന്നത്. ഇത് മറ്റുള്ള കളിക്കാര്‍ക്കും ആവശ്യപ്പെടാമായിരുന്നു. ന്യായമായ ആവശ്യമുന്‍നിര്‍ത്തി ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടാല്‍ ഇപ്പോഴത്തെ ഭാരണസമിതിക്ക് മനസ്സിലാകും. ചില കളിക്കാര്‍ക്കെങ്കിലും അവര്‍ അവധി നല്‍കിയേനേ. മുന്‍പുള്ളവരെ പോലെ ആധികാരത്തിന്റെ ധാര്‍ഷ്ട്യമുള്ളവല്ല ഇപ്പോഴത്തെ ബി.സി.സി.ഐ-യുടെ താല്‍ക്കാലിക ഭരണസമിതി. കളിക്കാര്‍ക്കുള്ള പ്രതിഫലത്തുക പോരെന്ന് ടീം ഒന്നടങ്കം പറഞ്ഞപ്പോള്‍ ബി.സി.സി.ഐ കാശ് കൂട്ടിത്തന്നില്ലേ. അപ്പോഴൊന്നും എന്തേ മത്സരങ്ങളുടെ ആധിക്യത്തെ കുറിച്ച് ആരും പരാതിപ്പെട്ടില്ല ?

ഏറ്റവും സങ്കടകരമായ കാര്യം, രണ്ട് ടെസ്റ്റിന്റെയും രണ്ട് ഇന്നിങ്‌സുകളിലും ദക്ഷിണാഫ്രിക്കയെ ഓള്‍ ഔട്ടക്കാന്‍ ഇന്ത്യന്‍ ബൗളങ്ങിനു കഴിഞ്ഞിട്ടും ജയിക്കാനായില്ല എന്നതാണ്. ഒരുപക്ഷേ ചരിത്രത്തിലെ തന്നെ ഏറ്റവും വൈവിധ്യപൂര്‍ണമായ പേസ് ആക്രമണനിരയുമായി പര്യടനത്തിറങ്ങുന്ന ഇന്ത്യന്‍ ടീമാണിത്. മുന്‍പൊക്കെയുള്ള പരാതി, വിദേശപര്യടനങ്ങളില്‍ രണ്ട് ഇന്നിങ്്‌സുകളിലായി 20 വിക്കറ്റുകള്‍ വീഴ്ത്താനുള്ള ശേഷി ഇന്ത്യന്‍ ബൗളിങ്ങിനില്ല എന്നതാണ്. ബൗളര്‍മാര്‍ കടമ ഭംഗിയായി നിര്‍വ്വഹിച്ചപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒഴികെയുള്ളവര്‍ പതറി. രണ്ടു ടെസ്റ്റുകളിലായി ഇന്ത്യ നേടിയത് ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും മാത്രം.

മറ്റൊരു പ്രധാന സംഗതി കോലിയുടെ നേതൃത്വമാണ്. കളിക്കുക എന്നാല്‍ നിരന്തം ആക്രമിച്ചുകൊണ്ടിരിക്കുക എന്നതല്ല, പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റ്. ഒരു  ചെസ് മത്സരം പോലെയാണ് അഞ്ചു ദിവസത്തെ കളി. ചിലപ്പോള്‍ ആക്രമിക്കണം. സന്ദര്‍ഭം നോക്കി പിന്‍വാങ്ങണം. അല്ലെങ്കില്‍ പിന്‍വാങ്ങുന്നതായി ഭാവിക്കണം. ചില ഘട്ടങ്ങളില്‍ നിശിതമായി ആക്രമിക്കണം. വിരാട് കോലി തന്റെ വ്യക്തിത്വത്തിന്റെ അതേ ആവിഷ്‌കാരമാണ് ക്യാപ്റ്റന്‍ എന്ന നിലയിലും പ്രകടമാക്കുന്നത്. നിരന്തരവും തീവ്രവുമായ ആക്രമോത്സുകത. അത് ഏകദിനത്തിലും ട്വന്റി ട്വന്റിയിലും ഫലിച്ചേക്കാം. ടെസ്റ്റ് ക്രിക്കറ്റ് അങ്ങനെയല്ല. ക്ഷമയോടെ കരുക്കള്‍ നീക്കണം.

അപ്പോള്‍''സന്ദേശം''സിനിമയില്‍ ചോദിക്കുന്നതുപോലെ പാര്‍ട്ടി എന്തുകൊണ്ടു തോറ്റു എന്നതിന്, ഒരുത്തുരമോയുള്ളൂ. നിലവാരമുള്ള പിച്ചുകളില്‍ നിലവാരമുള്ള ബൗളിങിനെതിരെ കളിക്കാനുള്ള ത്രാണി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കില്ല. അല്ലാതെ മറ്റ് ''അന്തര്‍ധാരകളെ'' കുറിച്ചുള്ള വാചകടമടിക്ക് പ്രസക്തിയില്ല...25 വര്‍ഷം മുന്‍പ് ഇന്ത്യയുടെ ആദ്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ 103 റണ്‍സിനായി പ്രവീണ്‍ ആമ്രേ നടത്തിയ അധ്വാനത്തിന്റെ ദൃശ്യങ്ങള്‍ യു-ടൂബിലുണ്ട്. എന്താണ് പ്രതിബദ്ധത, എന്താണ് ഉള്‍ക്കരുത്ത് എന്ന് അതുകണ്ടാല്‍ മനസ്സിലാവും. അല്‍പവിഭവനായ ആമ്രേയ്ക്ക് ഇതിനു കഴിഞ്ഞുവെങ്കില്‍, അദ്ദേഹത്തെക്കാള്‍ പ്രതിഭയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഇന്നത്തെ കളിക്കാര്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ല ?

Content Highlights: Why India Lost To South Africa In Test Series Cricket