രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ആർ. അശ്വിൻ | Photo: AP, AFP
എന്നും വീറും വാശിയുമേറിയ പോരാട്ടങ്ങള്‍ക്കാണ് ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരങ്ങള്‍ വേദിയായിട്ടുള്ളത്. ഫെബ്രുവരി ഒമ്പതിന് ഇത്തവണത്തെ ബോര്‍ഡര്‍ - ഗാവസ്‌ക്കര്‍ ട്രോഫിക്ക് തുടക്കമാകുമ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനവുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മറുവശത്ത് സ്വന്തം നാട്ടില്‍ കഴിഞ്ഞ രണ്ട് തവണയും അടിയറവെച്ച ട്രോഫി തിരികെ പിടിക്കുക എന്ന ലക്ഷ്യവുമായാണ് ഓസീസ് സംഘം എത്തുന്നത്. നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ സ്പിന്‍ കെണി ഒളിപ്പിച്ച് വാരിക്കുഴികള്‍ ഒരുക്കുന്നു എന്നത് സന്ദര്‍ശക ടീമുകള്‍ സ്ഥിരമായി പറയുന്ന കാര്യമാണ്. ഇത്തവണ അത് മുന്‍കൂട്ടി കണ്ട് അതിനൊത്ത പരിശീലനവുമായാണ് ഓസീസ് എത്തിയിരിക്കുന്നത്. നാട്ടില്‍ പച്ചപ്പ് മുഴുവന്‍ കളഞ്ഞ്, തീര്‍ത്തും ഉണങ്ങിയ പന്ത് കുത്തിത്തിരിയുന്ന പിച്ചില്‍ പരിശീലനം തുടങ്ങിയ ഓസീസ് സംഘം ഇന്ത്യയിലെത്തിയപ്പോള്‍ സ്പിന്നര്‍ ആര്‍. അശ്വിനെ എതിരിടാന്‍ പ്രത്യേക പരിശീലനമാണ് ഏര്‍പ്പെടുത്തിയത്. അശ്വിന്റെ ശൈലിയില്‍ പന്തെറിയുന്ന 21-കാരനായ മഹേഷ് പിത്തിയ എന്ന സ്പിന്നറെ നെറ്റ്സില്‍ പരിശീലനത്തിനായി ഉപയോഗിക്കുകയാണ് ഓസീസ് സംഘം.
എന്തുകൊണ്ടാണ് ഇന്ത്യയിലെത്തുമ്പോള്‍ സ്പിന്നിനെ പ്രത്യേകിച്ച് ഇപ്പോള്‍ ആര്‍. അശ്വിന്‍ - അക്ഷര്‍ പട്ടേല്‍ - രവീന്ദ്ര ജഡേജ സ്പിന്‍ ത്രയത്തെ ഓസീസ് ഇത്രകണ്ട് പേടിക്കുന്നു
2001 മുതലുള്ള കണക്കെടുത്താല്‍ ഇന്ത്യ നാട്ടില്‍ 36 ടെസ്റ്റ് പരമ്പരകള്‍ കളിച്ചിട്ടുണ്ട്. 2004-05 സീസണില്‍ ഓസ്‌ട്രേലിയയോടും 2011-12 സീസണില്‍ ഇംഗ്ലണ്ടിനോടും മൂന്ന് തവണ വീതമുള്ള തോല്‍വികള്‍ മാത്രമാണ് അതിനിടെയുള്ളത്. ഈ കാലയളവില്‍ ടീം മൊത്തം വീഴ്ത്തിയ വിക്കറ്റുകളില്‍ 68.75 ശതമാനം നേടിയത് സ്പിന്നര്‍മാരാണ്. അതായത് 101 മത്സരങ്ങളില്‍നിന്ന് 1,195 വിക്കറ്റുകള്‍ വീഴ്ത്തിയത് സ്പിന്നര്‍മാര്‍. അതില്‍ തന്നെ 44 ശതമാനം വിക്കറ്റുകളും അശ്വിനും ജഡേജയും 2021-ല്‍ മാത്രം ടെസ്റ്റില്‍ കളിതുടങ്ങിയ അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് വീഴ്ത്തിയതെന്നറിയുമ്പോഴാണ് ഇവര്‍ക്കെതിരേ ഓസീസ് എന്തിന് ഇത്ര കരുതലോടെ ഒരുങ്ങുന്ന എന്നതിന്റെ കാരണം മനസിലാകൂ.

കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സന്ദര്‍ശക ബാറ്റര്‍മാര്‍ക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നത് അശ്വിനാണ്. 2011 നവംബറില്‍ അശ്വിന്‍ ടെസ്റ്റ് കരിയര്‍ ആരംഭിച്ച ശേഷം അദ്ദേഹവും ജഡേജയുമല്ലാതെ മറ്റൊരു ബൗളറും നാട്ടില്‍ വിക്കറ്റ് നേട്ടത്തില്‍ മൂന്നക്കം തികച്ചിട്ടില്ല. 312 വിക്കറ്റുകള്‍ അശ്വിന്‍ ഇക്കാലയളവില്‍ നാട്ടില്‍ നേടിയപ്പോള്‍ ജഡേജ വീഴ്ത്തിയത് 172 എണ്ണമാണ്. ഇനി ഓസ്‌ട്രേലിയക്കെതിരായ നാട്ടിലെ കഴിഞ്ഞ രണ്ട് പരമ്പരകളില്‍ എട്ട് മത്സരങ്ങളില്‍ നിന്നായി 99 വിക്കറ്റുകളാണ് ഇരുവരും ചേര്‍ന്ന് പങ്കിട്ടെടുത്തത്.
സത്യത്തില്‍ ലോകമെമ്പാടുമുള്ള ഹോം സാഹചര്യങ്ങളില്‍ അശ്വിനേക്കാള്‍ വിക്കറ്റ് വീഴ്ത്തിയ മറ്റൊരു ബൗളറില്ല. തന്റെ നോര്‍മല്‍ ഓഫ് സ്പിന്‍ ഉപയോഗിച്ച് ഇടംകൈയന്‍ ബാറ്റര്‍മാര്‍നിന്ന് പന്തിനെ പുറത്തേക്ക് ടേണ്‍ ചെയ്യിക്കാനും തന്റെ പ്രധാന ആയുധമായ കാരംബോള്‍ ഉപയോഗിച്ച് പന്തിനെ അകത്തേക്ക് ടേണ്‍ ചെയ്യിക്കാനും അശ്വിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്. പന്തിന്റെ ഈ വേരിയേഷന്‍ തന്നെയാണ് ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ അശ്വിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്.
ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ 226 വിക്കറ്റുകളാണ് അശ്വിന്റെ അക്കൗണ്ടിലുള്ളത്. അതില്‍ 99 തവണയും അവരെ ബൗള്‍ഡാക്കിയതോ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോ ആണ്. ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ അശ്വിന്‍ റൗണ്ട് ദ വിക്കറ്റ് പന്തെറിയുന്നത് അവര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സംഗതിയാണ്. നിഗൂഢമാണ് അശ്വിന്റെ കാരംബോള്‍. പേസിലും ലൈനിലും ലെങ്തിലും വരുത്തുന്ന വേരിയേഷനുകള്‍ പന്ത് പിച്ച് ചെയ്ത് കഴിഞ്ഞ് അത് എങ്ങോട്ട് തിരിയുമെന്ന കാര്യത്തില്‍ ബാറ്റര്‍മാര്‍ക്ക് യാതൊരു സൂചനയും നല്‍കില്ല.
എന്നാല്‍ വലംകൈയന്‍മാര്‍ക്കെതിരേ അത്ര മികച്ച റെക്കോഡില്ലെങ്കിലും കഴിഞ്ഞ തവണ മാര്‍നസ് ലബുഷെയ്‌നിനെയും സ്റ്റീവ് സ്മിത്തിനെയും ലെഗ് സൈഡ് ട്രാപ്പില്‍ കുടുക്കിയ അശ്വിനെ ഇത്തവണ അവര്‍ മറക്കാനിടയില്ല.

അതേസമയം ഇടംകൈയന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറായ രവീന്ദ്ര ജഡേജയ്ക്ക് വലംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ വ്യക്തമായ മുന്‍തൂക്കമുണ്ട്. ജഡേജ വീഴ്ത്തിയ വിക്കറ്റുകളില്‍ 66 ശതമാനവും വലംകൈയന്‍മാരാണ്. പന്ത് വലിയ തോതില്‍ ടേണ്‍ ചെയ്യിക്കുന്നയാളെന്നുമല്ലെങ്കിലും കൃത്യമായി വിക്കറ്റ് ടു വിക്കറ്റ് ലൈനില്‍ പന്തെറിയാനുള്ള മികവാണ് ജഡേജയ്ക്ക് വിക്കറ്റുകള്‍ സമ്മാനിക്കുന്നത്. 2017-ല്‍ ഓസീസിനെതിരേ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 25 വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് മാത്രമല്ല തുടര്‍ച്ചയായി ഓവറുകള്‍ എറിയാനുള്ള മികവും ജഡേജയെ വ്യത്യസ്തനാക്കുന്നു. 2011-ല്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ തുടര്‍ച്ചയായി ഒറ്റയടിക്ക് 36 ഓവറുകളാണ് ജഡേജ ബൗള്‍ ചെയ്തത്. അന്ന് മൊത്തം എറിഞ്ഞത് 56 ഓവറുകളും. ആ മത്സരത്തില്‍ സൗരാഷ്ട്ര ആകെ എറിഞ്ഞ ഓവറുകളില്‍ മൂന്നിലൊന്ന് ബൗള്‍ ചെയ്തത് ജഡേജയായിരുന്നു.

ജഡേജയെ പോലെ തന്നെ ബാറ്റര്‍മാരെ ബുദ്ധിമുട്ടിലാക്കാന്‍ പോന്ന ബൗളറാണ് അക്ഷര്‍ പട്ടേല്‍. അക്ഷറിന്റെ റിലീസ് മനസിലാക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് താരത്തിന്റെ വിക്കറ്റ് വേട്ടയിലെ പ്രധാന കാര്യം. അതിനാല്‍ തന്നെ ഇത്തവണത്തെ പരമ്പരയ്ക്ക് മുമ്പ് അക്ഷറിന്റെ പന്തിന്റെ റിലീസ് മനസിലാക്കാന്‍ ഓസീസ് താരങ്ങള്‍ തങ്ങളുടെ വീഡിയോ അനലിസ്റ്റിനു മുന്നില്‍ ധാരാളം സമയം ചിലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ കളിച്ച എട്ട് ടെസ്റ്റില്‍ നിന്ന് ഇതിനോടകം തന്നെ 47 വിക്കറ്റുകള്‍ അക്ഷര്‍ വീഴ്ത്തിക്കഴിഞ്ഞു.
ജഡേജ റൗണ്ട് ദ വിക്കറ്റില്‍നിന്ന് പിച്ച് ചെയ്ത് കഴിഞ്ഞ് ബാറ്ററില്‍നിന്ന് അകന്നുപോകുന്ന തരത്തില്‍ പന്തെറിയുമ്പോള്‍ അക്ഷര്‍ ലക്ഷ്യം വെയ്ക്കുന്നത് ബാറ്ററുടെ ബാറ്റിനും പാഡിനും ഇടയിലുള്ള സ്ഥലമാണ്. സമീപനത്തിലെ ഈ വ്യത്യാസമാണ് ഈ മൂന്ന് സ്പിന്നര്‍മാരെയും നാട്ടിലെ ഏറ്റവും മികച്ച ബൗളിങ് ത്രയമാക്കുന്നത്. ഇവിടത്തെ പിച്ചില്‍നിന്ന് ലഭിക്കുന്ന പിന്തുണ കൂടിയാകുമ്പോള്‍ ഫസ്റ്റ് ഇലവനില്‍ ഇടംപിടിക്കുമെന്ന് ഉറപ്പുള്ള മൂവര്‍ സംഘത്തെ എങ്ങനെ നേരിടുമെന്നാലോചിച്ച് ഓസീസ് ക്യാമ്പ് തല പുകയ്ക്കാതിരിക്കുന്നതെങ്ങിനെ.
Content Highlights: why Ashwin Axar and Jadeja making nightmare to Australia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..