ഫുട്‌ബോളിലെ രാജകിരീടത്തിലേക്ക് മെസ്സിക്കും റൊണാള്‍ഡോയ്ക്കും ശേഷം ആര്?


അനീഷ് പി. നായർ

മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ശേഷം ഫുട്‌ബോളിനെ ഭരിക്കാനെത്തുന്ന താരമാരെന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഫുട്‌ബോള്‍ കളി പോലെ തന്നെ രസകരമാണ് പുതിയ താരത്തിന്റെ വരവും

Image Courtesy: Getty Images

ഫുട്‌ബോള്‍ മൈതാനങ്ങളില്‍ കാലമേറെയുരുണ്ടുകഴിഞ്ഞു. അതിര്‍ത്തികളും ദേശങ്ങളും ഇല്ലാതാക്കിയും വിദ്വേഷത്തെ മായ്ച്ചും യുദ്ധങ്ങളെ മാറ്റിവെച്ചും മാന്ത്രികതയോടെ, താളബോധത്തോടെ പന്തുരുണ്ടുകൊണ്ടിരിക്കുന്നു.

22 കളിക്കാര്‍ ഒരു പന്തിനെ ജയിക്കാന്‍ വേണ്ടി നടത്തുന്ന പോരാട്ടങ്ങളിലെല്ലാം നായകന്‍മാരും സഹ നടന്‍മാരും വില്ലന്‍മാരുമൊക്കെയുണ്ടാകും. എന്നാല്‍ ലോകം ജയിക്കാന്‍ കഴിയുന്നവര്‍ എല്ലായിപ്പോഴുമുണ്ടാകില്ല. 1956-ല്‍ അവതരിച്ച ഫുട്‌ബോള്‍ ചക്രവര്‍ത്തി ബ്രസീല്‍ താരം പെലെക്ക് ശേഷം 76-ലാണ് ഫുട്‌ബോള്‍ ദൈവം മാറഡോണ വരുന്നത്. ഫുട്‌ബോളിലെ വിരുദ്ധ ചേരിയാക്കി സ്‌നേഹിക്കാനും വാശിയും വീറും നിറച്ച് അതിനെ എക്കാലത്തും നിലനിര്‍ത്താന്‍ പെലെയുടേയും മാറഡോണയുടേയും കളിമികവിനും പ്രഭാവത്തിനും കഴിഞ്ഞു.18 വര്‍ഷം മുമ്പ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 16 വര്‍ഷം മുമ്പ് അര്‍ജന്റീന താരം ലയണല്‍ മെസ്സിയും വരുന്നത് നിയോഗം പോലെയാണ്. കളികൊണ്ട് ലോകം കീഴടക്കാന്‍ നിയോഗിക്കപ്പെട്ട സൈന്യാധിപന്‍മാരായിരുന്നു അവര്‍. അവര്‍ക്ക് ലോകം കീഴടക്കാന്‍ സൈന്യമുണ്ട്, കളി തന്ത്രങ്ങളുണ്ട്, ചക്രവ്യൂഹത്തില്‍പ്പെട്ടാലും അതുതകര്‍ക്കാന്‍ കഴിയുന്ന മികവും വീര്യമുണ്ട്. ഒന്നരപതിറ്റാണ്ടിലേറെയായി ഫുട്‌ബോള്‍ ലോകം അതുകാണുന്നു.

Who will take the place of Lionel Messi and Cristiano Ronaldo in the future
നെയ്മര്‍, മെസ്സി, ക്രിസ്റ്റ്യാനോ | Image Courtesy: Getty Images

കരിയറിന്റെ അവസാനഘട്ടത്തിലേക്ക് ക്രിസ്റ്റ്യാനോയും മെസ്സിയും കടന്നുകഴിഞ്ഞു. 2022-ലെ ഖത്തര്‍ ലോകകപ്പിന് ശേഷവും ഒരു പക്ഷേ ഇരുവരേയും മൈതാനങ്ങളില്‍ കണ്ടേക്കാം. എന്നാല്‍ പഴയ മികവിലൊന്നുമായിരിക്കില്ല. നൈസര്‍ഗീകമായി ലഭിച്ച കളിമികവിന് മീതെ പ്രായം വന്നുമൂടും. ഫുട്‌ബോളിന്റെ സൗന്ദര്യത്തേയും സമ്പദ്‌വ്യവസ്ഥയേയും നിയന്ത്രിക്കുന്ന മെസ്സി - ക്രിസ്റ്റ്യാനോ അച്ചുതണ്ടിന് ശേഷം ആ സ്ഥാനത്തേക്ക് ആര് വരുമെന്ന ചര്‍ച്ചതുടങ്ങിയെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രതിഭകൊണ്ട് ഇരുവര്‍ക്കുമൊപ്പം നില്‍ക്കാന്‍ ശേഷിയുളള ബ്രസീല്‍ താരം നെയ്മര്‍ പിന്നാക്കം പോകുന്ന സാഹചര്യത്തിലാണ് ഒരുകൂട്ടം യുവാക്കള്‍ രംഗത്തുവരുന്നത്.

കരുത്ത്, സൗന്ദര്യം

ഫുട്‌ബോള്‍ രണ്ടായി പകുത്തെടുത്താം. കരുത്തിന്റേയും സൗന്ദര്യത്തിന്റേയും രണ്ട് പകുതികള്‍. തെക്കേ അമേരിക്കന്‍ ടീമുകളായ ബ്രസീലും അര്‍ജന്റീനയും ആരാധകരെ കീഴടക്കിയത് അവരുടെ സൗന്ദര്യാത്മകത കൊണ്ടായിരുന്നു. പാസ്സിങ്ങും ഡ്രിബ്ലിങ്ങും ഗോള്‍ സ്‌കോറിങ്ങുമെല്ലാം ആവോളം അഴക് നിറഞ്ഞത്. അതേ സമയം യൂറോപ്യന്‍ ടീമുകള്‍ പവര്‍ ഫുട്‌ബോളിന്റെയൊപ്പമായിരുന്നു. പ്രതിരോധം കൊണ്ട് ജയിച്ച ഇറ്റലിയും കരുത്തുകൊണ്ട് കീഴടക്കിയ ജര്‍മനിയും അങ്ങനെയാണ് ആരാധകരെ സമ്പാദിച്ചത്. ടിക്കിടാക്കയുമായി വന്ന സ്‌പെയിനും അതിന് മുമ്പ് ടോട്ടല്‍ ഫുട്‌ബോള്‍ കളിച്ച ഹോളണ്ടും അപവാദമായിരിക്കാം. എന്നാലും ലോങ്‌ബോളും ബസ്സ്പാര്‍ക്കിങ്ങുമൊക്കെയാണ് യൂറോപ്യന്‍ ഫുട്‌ബോള്‍.

Who will take the place of Lionel Messi and Cristiano Ronaldo in the future
മാറഡോണ | Image Courtesy: Getty Images

അതുപോലെ കളിക്കാരെയും രണ്ട് ഗണമാക്കാം. കളിയഴക് കൊണ്ട് കീഴ്‌പ്പെടുത്തുന്നവരും കരുത്ത് കൊണ്ട് മനസ് വെട്ടിപ്പിടിക്കുന്നവരും. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി ആദ്യ കൂട്ടത്തിലും യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ രണ്ടാമത്തേതിലും വരും. രണ്ടും മുന്നേറ്റനിരക്കാര്‍.

പണ്ട് പെലെ ക്ലിനിക്കല്‍ ഫിനിഷറും അടങ്ങാത്ത ഗോള്‍ദാഹിയുമായിരുന്നെങ്കില്‍ മാറഡോണ കളിനിര്‍മ്മാതാവായിരുന്നു. അറ്റാക്കിങ് തേര്‍ഡില്‍ പെലെ ഇന്ദ്രജാലക്കാരനായിരുന്നെങ്കില്‍ ബാക്കി ഭാഗം മാറഡോണയുടെ കാലിലായിരുന്നു.

Who will take the place of Lionel Messi and Cristiano Ronaldo in the future
പെലെ | Image Courtesy: Getty Images

മെസ്സിയുടെ നൈസര്‍ഗ്ഗിമായ കളിയാണ്. അടിമുതല്‍ മുടി വരെ ഫുട്‌ബോള്‍ ചിന്തകള്‍ ഭരിക്കുന്നയാള്‍. ക്രിസ്റ്റിയാനോ ഫുട്‌ബോള്‍ കളിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടയാളാണ്. ഗോളിലേക്കുള്ള സഞ്ചാരമാണ് അയാളുടെ കളി. ക്രിക്കറ്റില്‍ സച്ചിനേയും വിരാട് കോലിയേയും താരതമ്യപ്പെടുത്തുന്നതു പോലെ. സച്ചിനെ തേടി റണ്‍സ് വരികയായിരുന്നു. കോലിയാകട്ടെ റണ്‍സ് സൃഷ്ടിക്കുന്നയാളും. മാറഡോണ, മെസ്സി, സച്ചിന്‍ എന്നിവരുടെ കളിയില്‍ അലസസൗന്ദര്യമുണ്ട്. പെലെ, ക്രിസ്റ്റ്യാനോ, കോലി എന്നിവരുടെ കളിയില്‍ കണിശതയുടെ ആള്‍രൂപങ്ങളെ കാണാം. ക്രിസ്റ്റിയാനോയുടെ ഫ്രീകിക്കുകള്‍ അതിന്റെ കരുത്ത് കൊണ്ടാകും എതിര്‍ ഗോളിയെ കീഴടക്കുന്നത്. മെസ്സിയുടേത് സൗന്ദര്യം കൊണ്ടും. വന്യമായ കരുത്തില്‍ അഭിരമിക്കുന്നവര്‍ക്ക് പോര്‍ച്ചുഗല്‍ താരംവീരപുരുഷനാകുന്നു. അയാളുടെ ഉറച്ച ശരീരവും കരുത്ത് വെളിവാക്കുന്ന ആഘോഷവും ഹരമാകുന്നു. മെസ്സിയുടെ ആഘോഷവും ശരീരവും അയാള്‍ നേടുന്ന ഗോളുകളോടാണ് സംവദിക്കുന്നത്.

കാലം, കളി

പോര്‍ച്ചുഗലിലെ മെദീരയില്‍ നിന്ന് ക്രിസ്റ്റ്യാനോ എത്തുന്നത് കളിച്ച് ലോകം വെട്ടിപ്പിടിക്കാന്‍ വേണ്ടിയായിരുന്നു. സ്‌പോര്‍ട്ട് ലിസ്ബണ്‍ അക്കാദമിയിലെത്തിയതോടെയാണ് കഴിവുകള്‍ പൂര്‍ണമായും പുറത്തുവന്നത്.

2002-ല്‍ സ്‌പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി കളിച്ചുതുടങ്ങുന്നു. പിന്നീട് 2003-ല്‍ 12 ദശലക്ഷം പൗണ്ടിന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്. അവിടെ നിന്ന് റെക്കോഡ് തുകക്ക് റയല്‍ മഡ്രിഡിലേക്കും യുവന്റസിലേക്കും. ക്രിസ്റ്റ്യാനോയുടെ ഒരോ കൂടുമാറ്റങ്ങളും ഫുട്‌ബോള്‍ ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്.

Who will take the place of Lionel Messi and Cristiano Ronaldo in the future
ക്രിസ്റ്റ്യാനോ | Image Courtesy: Getty Images

മെസ്സി ബാഴ്‌സയുടെ ലാ മാസിയ അക്കാദമിയുടെ ഉല്‍പ്പന്നമാണ്. കുട്ടിക്കാലത്ത് ഹോര്‍മോണ്‍ കുറവ് കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മെസ്സിയെ അലട്ടിയിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് കളിച്ചുതുടങ്ങിയ മെസ്സി ബാഴ്‌സ വിട്ടെങ്ങും പോയിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കൗതുകകരമായ ഒരു കാര്യം സംഭവിച്ചു. ഒരേ ദിവസം ക്രിസ്റ്റ്യാനോ സീനിയര്‍ കരിയറില്‍ 1000 മത്സരം തികച്ചപ്പോള്‍ മെസ്സി 1000 ഗോളുകളില്‍ പങ്കാളിയായി (ഗോളും അസിസ്റ്റും). കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ കാര്യമായ റെക്കോഡുകളും ബഹുമതികളും മൂന്നാമതൊരാള്‍ക്ക് വിട്ടുനല്‍ക്കാത്ത ഇരുവരും ഒരേ പോലെ, ഒരേ ലക്ഷ്യത്തോടെ സഞ്ചരിക്കുന്നുവെന്നതിനൊപ്പം വന്നുചേര്‍ന്ന അപൂര്‍വത.

Who will take the place of Lionel Messi and Cristiano Ronaldo in the future
മെസ്സി | Image Courtesy: Getty Images

മെസ്സി ആറ് തവണ ലോക ഫുട്‌ബോളര്‍ പട്ടത്തിലേക്ക് കയറിയപ്പോള്‍ അഞ്ച് തവണ ക്രിസ്റ്റ്യാനോ പുരസ്‌ക്കാരത്തില്‍ മുത്തമിട്ടു. റെക്കോഡുകളിലും കളിമികവിലും ഇരുവരും മത്സരിക്കുന്നു. ക്ലബ്ബ് തലത്തില്‍ 838 കളിയുടെ കഥകളാണ് ക്രിസ്റ്റ്യാനോയ്ക്ക് പറയാനുള്ളത്. അതില്‍ 626 ഗോളുകളുടെ ചരിത്രവുമുണ്ട്. പോര്‍ച്ചുഗലിനായി 164 മത്സരവും 99 ഗോളുകളും.

യുണൈറ്റഡിനൊപ്പം ഒമ്പതും റയല്‍ മഡ്രിഡിനൊപ്പം പതിനഞ്ചും യുവന്റസിനൊപ്പം രണ്ടും കിരീടങ്ങള്‍. ആകെ 26 ക്ലബ്ബ് കിരീടങ്ങള്‍. പോര്‍ച്ചുഗലിനൊപ്പം യൂറോകപ്പും യുവേഫ നേഷന്‍സ് ലീഗും.

മെസ്സി ബാഴ്‌സ സീനിയര്‍ ടീമില്‍ കളിച്ചത് 718 മത്സരം. അടിച്ചത് 627 ഗോള്‍. അര്‍ജന്റീനക്കായി 138 കളിയും 70 ഗോളും. ബാഴ്‌സക്കൊപ്പം 34 കിരീടനേട്ടങ്ങളില്‍ പങ്കാളി. അര്‍ജന്റീനക്കൊപ്പം ഒളിമ്പിക് സ്വര്‍ണവും. ക്ലബ്ബ് തലത്തില്‍ നേട്ടങ്ങളില്‍ ക്രിസ്റ്റ്യാനോയെക്കാള്‍ ഇത്തിരി മുന്‍തൂക്കം മെസ്സിക്ക് അവകാശപ്പെടാം. അതിന് കാരണവുമുണ്ട്. മെസ്സി കളിച്ചുവളര്‍ന്ന ക്ലബ്ബ് ഇതുവരെ വിട്ടുപോയിട്ടില്ല. അതിലാണ് അയാളുടെ കളി. ക്ലബ്ബില്‍ നിന്നുള്ള കൂടുമാറ്റത്തിന്റെ സംഘര്‍ഷം മെസ്സി അനുഭവിച്ചിട്ടില്ല. ക്രിസ്റ്റ്യാനോ അങ്ങനെയല്ല. മൂന്ന് വന്‍കിട ക്ലബ്ബുകളില്‍ കളിച്ചുകഴിഞ്ഞു. എല്ലായിടത്തും വേരോട്ടമുണ്ടാക്കാനുമായി.

മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ലോകകപ്പിന്റെ പെരുമയില്ല. എന്നാല്‍ ക്രിസ്റ്റ്യാനോക്ക് കിരീടങ്ങളുടെ ഗരിമയുണ്ട്. യൂറോകപ്പും പ്രഥമ യുവേഫ നേഷന്‍സ് കപ്പും പോര്‍ച്ചുഗല്‍ നേടുമ്പോള്‍ അതില്‍ സൂപ്പര്‍താരത്തിന്റെ സാന്നിധ്യമുണ്ട്. അതേ സമയം ലോകകപ്പ്, കോപ്പ അമേരിക്ക ഫൈനലുകളിലേക്ക് അര്‍ജന്റീന ടീമിനെ മെസ്സി നയിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം.

പണം, അണികള്‍

കളിക്കളത്തില്‍ കാണുന്ന കളിക്കള്‍ക്കപ്പുറം ഫുട്‌ബോളിന്റെ മറ്റൊരു മുഖമുണ്ട്. പണംകുത്തിയൊഴുകുന്ന ഒരു ലോകം. അവിടുത്ത തുറുപ്പുചീട്ടുകളാണ് മെസ്സിയും ക്രിസ്റ്റ്യാനോയും. ക്രിസ്റ്റ്യാനോ ലാലിഗയില്‍ നിന്ന് ഇറ്റാലിയന്‍ സീരി എ യിലേക്ക് പോകുമ്പോള്‍ സ്പാനിഷ് ഫുട്‌ബോളിനുണ്ടാകുന്ന ആഘാതവും ഇറ്റാലിയന്‍ ഫുട്‌ബോളിനുണ്ടാകുന്ന നേട്ടവും ശതകോടികളാണ്. ലോകകപ്പില്‍ മെസ്സിയും ക്രിസ്റ്റ്യാനോയും കളിക്കാതിരിക്കുന്നത് അടുത്ത ടൂര്‍ണമെന്റ് വരെയെങ്കിലും ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്.

ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലും ഒഴുകുന്ന കോടികള്‍ക്ക് മെസ്സിയുടേയും ക്രിസ്റ്റ്യാനോയുടേയും കളിയുടെ പരോക്ഷ സ്വാധീനമുണ്ട്. ഇരുവരുടേയും സാന്നിധ്യമാണ് ഫുട്‌ബോളിനെ ജനപ്രിയവും വികാരഭരിതവുമാക്കി നിര്‍ത്തുന്നത്. ചൂടപ്പം പോലെ വിറ്റുപോകാന്‍ കഴിയുന്ന ഉല്‍പ്പന്നമായി നിലനിര്‍ത്തുന്നത്.

Who will take the place of Lionel Messi and Cristiano Ronaldo in the future
Image Courtesy: Getty Images

മെദീരയിലെ ദരിദ്രകുടുംബത്തില്‍ നിന്ന് ക്രിസ്റ്റ്യാനോയും റൊസാരിയോ തെരുവിലെ ഇടത്തരം കുടുംബത്തില്‍ നിന്ന് മെസ്സിയും സമ്പത്തിന്റെ കൊടുമുടിയിലേക്ക് കയറിപ്പോയത് കളികൊണ്ട് ലഭിച്ച പണം കൊണ്ടാണ്. 460 ദശലക്ഷം ഡോളറാണ് യുവന്റസ് താരത്തിന്റെ ആസ്തി. മെസ്സിയുടേത് 400 ദശലക്ഷം ഡോളര്‍ വരും. ഫോബ്‌സ് വാരികയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന താരങ്ങളുടെ 2019-ലെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മെസ്സിയും രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോയുമാണ്.
കളിക്കളത്തില്‍ നിന്നുള്ള വരുമാനത്തിന് പുറമെ പരസ്യമടക്കമുള്ള വരുമാനവും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുളള വരുമാനവും ഇതില്‍പ്പെടും. ക്രിസ്റ്റ്യാനോക്ക് സി.ആര്‍ 7 എന്ന പേരില്‍ ബിസ്‌നസുകളുമുണ്ട്. കളിയെ മാത്രമല്ല കളിക്ക് പുറത്തുള്ള സാമ്പദ് വ്യവസ്ഥയേയും ഇരുവരും കാര്യമായി സ്വാധീനിക്കുന്നുണ്ട്.

സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ 200 ദശലക്ഷം പേര്‍ പിന്തുടരുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ഫെബ്രുവരി മാസത്തിലാണ് ക്രിസ്റ്റ്യാനോക്ക് സ്വന്തമായത്. ഇന്‍സ്റ്റഗ്രാമിന് പുറമെ ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലുമായി ക്രിസ്റ്റ്യാനോയെ മൊത്തം 330 ദശലക്ഷം പേര്‍ പിന്തുടരുന്നുണ്ടെന്നാണ് കണക്ക്. 48 ദശലക്ഷം ഡോളറാണ് സാമൂഹിക മാധ്യങ്ങള്‍ വാര്‍ഷിക വരുമാനമായി ക്രിസ്റ്റ്യാനോക്ക് ലഭിക്കുന്നത്. ക്രിസ്റ്റ്യാനോ യുവന്റസില്‍ എത്തിയതോടെ ക്ലബ്ബിന് ഒരു കോടി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സാണ് പുതിയതായുണ്ടായത്. ട്വിറ്ററില്‍ 60 ലക്ഷവും ഫെയ്‌സ്ബുക്കില്‍ 30 ലക്ഷവും കൂടി.

മെസ്സിക്ക് 143 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുണ്ട്. സാമൂഹിക മാധ്യമത്തില്‍ മൊത്തം 215 ദശലക്ഷം പേര്‍ പിന്തുടരുന്നു. 23.3 ദശലക്ഷം ഡോളറാണ് വാര്‍ഷിക വരുമാനം. കളിക്കളത്തിലെ മികവും ഫുട്‌ബോള്‍ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാനുള്ള ജനപ്രീതിയും സാമൂഹികമാധ്യമങ്ങളില്‍ അണികളെ സൃഷ്ടിക്കാനുള്ള പ്രഭാവവും അടങ്ങിയ ഒരാള്‍ക്കോ ഒന്നിലധികം പേര്‍ക്കോ ആകും മെസ്സിയും ക്രിസ്റ്റിയാനോയും ഒഴിച്ചിട്ടുപോകുന്ന സിംഹാസനത്തില്‍ കയറിയിരിക്കാന്‍ കഴിയുകയുള്ളു.

ക്രിസ്റ്റിയാനോക്ക് 35 വയസും മെസ്സിക്ക് 32 വയസുമായി. എന്നാല്‍ ഇരുവരുടേയും പ്രകടനത്തില്‍ അത് ബാധിച്ചിട്ടില്ല. ഇരുവരും ഗോളടിച്ചുകൂട്ടുന്ന കാഴ്ച്ചയാണ് നടപ്പുസീസണില്‍ കാണുന്നത്.

Who will take the place of Lionel Messi and Cristiano Ronaldo in the future
കൈലിയന്‍ എംബാപ്പ | Image Courtesy: Getty Images

യുവതുര്‍ക്കികള്‍

ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പയെയാണ് ക്രിസ്റ്റ്യാനോ ഭാവി താരമായി കാണുന്നത്. ചെറുപ്പകാലത്ത് ക്രിസ്റ്റ്യാനോയുടെ കളി കണ്ട് വളര്‍ന്ന താരമാണ് എംബാപ്പ. ഫ്രാന്‍സിനൊപ്പം ലോകകപ്പും പി.എസ്.ജിക്കൊപ്പം നിരവധി കിരീടനേട്ടങ്ങളിലും 21-കാരന്‍ താരം പങ്കാളിയായി. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ ആക്രമണത്തിലെ പ്രധാനി. ക്രിസ്റ്റ്യാനോയെ പോലെ വേഗമാണ് കരുത്ത്. അതിവേഗത്തിലൂടെ എതിരാളികളുടെ നിലതെറ്റിക്കുന്നത് കഴിഞ്ഞ ലോകകപ്പില്‍ കണ്ടു. പ്രായവും കളിമികവും അനൂകൂലഘടകം. കളിക്കളത്തില്‍ നിന്ന് ഇതുവരെ മോശം വാര്‍ത്തകളുമില്ല. ഗോളുകള്‍ ഇടമുറിയാതെ വരുന്നുമുണ്ട്.

Who will take the place of Lionel Messi and Cristiano Ronaldo in the future
എര്‍ലിങ് ഹാളണ്ട് | Image Courtesy: Getty Images

ബി.ബി.സിയുടെ ഫുട്‌ബോള്‍ വിദഗ്ധര്‍ ഭാവിതാരമായി പ്രവചിക്കുന്നത് എംബാപ്പയെയാണ്. ആഗോളമാധ്യമങ്ങളില്‍ കൂടുതലും പറഞ്ഞു കേള്‍ക്കുന്നതും ഫ്രഞ്ച് താരത്തിന്റെ പേര് തന്നെ.
ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനായി കളിക്കുന്ന ഇംഗ്ലീഷ് വിങ്ങര്‍ ജേഡന്‍ സാഞ്ചോ, മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് മുന്നേറ്റനിരക്കാരന്‍ മാര്‍ക്കസ് റാഷ്‌ഫോഡ്, ഗിനി ബിസാസുവില്‍ നിന്ന് ബാഴ്‌സലോണയിലെത്തിയ വിങ്ങര്‍ അന്‍സു ഫാത്തി, ബ്രസീല്‍ മണ്ണില്‍ നിന്നും റയലിലേക്കെത്തിയ റോഡ്രിഗോ എന്നിവരൊക്കെ പട്ടികയിലുണ്ട്. ഇവര്‍ക്കൊപ്പം ബൊറൂസ്സിയയില്‍ അത്ഭുത പ്രകടനം നടത്തുന്ന നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്, ലിവര്‍പൂളിന്റെ വിങ്ബാക്ക് ട്രെന്‍ഡ് അര്‍നോള്‍ഡ്, റയലിന്റെ ബ്രസീല്‍ മുന്നേറ്റനിരക്കാരന്‍ വിനീഷ്യസ്, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ഫില്‍ ഫോഡന്‍... പട്ടിക നീണ്ടുകൊണ്ടിരിക്കും.

Who will take the place of Lionel Messi and Cristiano Ronaldo in the future
മാര്‍ക്കസ് റാഷ്‌ഫോഡ് | Image Courtesy: Getty Images

ആരാധകകൂട്ടവും ഫുട്‌ബോള്‍ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാന്‍ കഴിയുംവിധമുള്ള കളിമികവും കൂടിയുണ്ടെങ്കിലേ മെസ്സി-ക്രിസ്റ്റ്യാനോ ദ്വയം ഒഴിച്ചിടുന്ന കസേരയിലേക്ക് കയറിയിരിക്കാന്‍ കഴിയുകയുള്ളു. ഫുട്‌ബോള്‍ അടക്കം എല്ലാ കായിക ഇനങ്ങള്‍ക്കും എല്ലാ കാലത്തും കളിയെ ഭരിക്കാന്‍ കഴിയുന്ന താരങ്ങളെ ആവശ്യമുണ്ട്. സ്വാഭാവികമായും ഉയര്‍ന്നുവന്നില്ലെങ്കില്‍ ഉയര്‍ത്തിയെടുക്കാന്‍ കഴിയുന്ന സംവിധാനങ്ങളും അണിയറക്കുള്ളിലുണ്ട്. പുതിയ കാലത്ത് ആരായിരിക്കും താരമെന്നത് ഫുട്‌ബോളിലെ 90 മിനിറ്റ് കളിപോലെ തന്നെ രസകരമാണ്.

(മാതൃഭൂമി സ്പോർട്സ് മാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Who will take the place of Lionel Messi and Cristiano Ronaldo in the future


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented