ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. 

കാര്യമായ സര്‍പ്രൈസുകളൊന്നും ഇല്ലാതെയാണ് ബി.സി.സി.ഐ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പേസര്‍ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി ഷാ എന്നിവര്‍ക്ക് ഇടംലഭിക്കാതെ പോയതാണ് എടുത്തുപറയക്കത്ത കാര്യം. 

എന്നാല്‍ സ്റ്റാന്‍ഡ് ബൈ ആയി തിരഞ്ഞെടുത്ത താരങ്ങളിലൊരാളെ ചുറ്റിപ്പറ്റി ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഓപ്പണിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ അഭിമന്യു ഈശ്വരന്‍, പേസര്‍മാരായ പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍സാന്‍ നഗ്വാസ്വല്ല എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍.

ഇതില്‍ 23-കാരനായ ഇടംകൈയന്‍ ഗുജറാത്ത് പേസര്‍ അര്‍സാന്‍ നഗ്വാസ്വല്ലയാണ് ആരാധകര്‍ അന്വേഷിക്കുന്ന താരം. കാരണം ഐ.പി.എല്‍ അടക്കമുള്ള ടൂര്‍ണമെന്റുകളിലൂടെ നമുക്ക് പരിചിതരാണ് അര്‍സാന്‍ നഗ്വാസ്വല്ലയ്‌ക്കൊപ്പം സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍. എന്നാല്‍ ഇതുവരെ ഐ.പി.എല്ലിന്റെ പടിവാതിലില്‍ പോലും ആരും അര്‍സാനെ കണ്ടിട്ടില്ല. ആരാണ് ഈ അര്‍സാന്‍ നഗ്വാസ്വല്ല?

അടുത്തിടെ ആഭ്യന്തര മത്സരങ്ങളില്‍ തരംഗമുണ്ടാക്കിയ താരമാണ് ഈ ഇടംകൈയന്‍ പേസര്‍. 16 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് ഇതിനോടകം തന്നെ അര്‍സാന്‍ 62 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു. 20 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 39 വിക്കറ്റുകളും 15 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകളും നേടി. 

Who is Arzan Nagwaswalla the pacer picked as standby player in India squad
അര്‍സാന്‍ നഗ്വാസ്വല്ല

ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനും കൃത്യമായ ലൈനും ലെങ്തും ഉറപ്പാക്കാനുമുള്ള കഴിവ് അര്‍സാനുണ്ട്. 

ഇംഗ്ലണ്ടിലെ സാഹചര്യവും അവരുടെ ടീമിലെ ഇടംകൈയന്‍ ബൗളര്‍മാരുടെ സാന്നിധ്യവും കണക്കിലെടുത്താല്‍ അത്തരം സാഹചര്യങ്ങളോട് പെട്ടെന്ന് പരിചയപ്പെടാന്‍ അര്‍സാന്റെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സഹായിക്കും. പ്രത്യേകിച്ചും പരിക്കേറ്റ ടി. നടരാജന്‍ ടീമിന് പുറത്തായിരിക്കുന്ന സാഹചര്യത്തില്‍. 

ഗുജറാത്തില്‍ 1997 ഒക്ടോബര്‍ 17-നാണ് അര്‍സാന്‍ നഗ്വാസ്വല്ലയുടെ ജനനം. 23 വയസുകാരനായ താരം ഇതുവരെ ഐ.പി.എല്ലില്‍ പങ്കെടുത്തിട്ടില്ല. ഗുജറാത്തിലെ ഉമ്പര്‍ഗാവോണിനടുത്തുള്ള നര്‍ഗാള്‍ ഗ്രാമത്തില്‍ നിന്നാണ് അര്‍സാന്‍ വരുന്നത്. ചേട്ടന്‍ വിസ്പി ക്രിക്കറ്റ് കളിക്കുന്നത് കണ്ടാണ് അര്‍സാനും ക്രിക്കറ്റിലേക്ക് ആകൃഷ്ടനാകുന്നത്. 1995-ന് ശേഷം രഞ്ജി ട്രോഫി കളിക്കുന്ന ആദ്യ പാര്‍സി ക്രിക്കറ്ററാണ് അര്‍സാന്‍.

2018 നവംബര്‍ ഒന്നിന് ഗുജറാത്തിനായി വഡോദരയില്‍ ബറോഡയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ രഞ്ജി ട്രോഫി അരങ്ങേറ്റം. 

തന്റെ മൂന്നാമത്തെ ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ മുംബൈക്കെതിരേ അഞ്ചു വിക്കറ്റുമായി തിളങ്ങിയതോടെയാണ് അവന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഗുജറാത്ത് ഒമ്പത് വിക്കറ്റിന് ജയിച്ച ആ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ്, സിദ്ധേഷ് ലാഡ്, ആദിത്യ താരെ തുടങ്ങിയ താരങ്ങളുടെ വിക്കറ്റ് സ്വന്തമാക്കിയത് അര്‍സാനായിരുന്നു.

അരങ്ങേറ്റ രഞ്ജി സീസണില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. തൊട്ടടുത്ത സീസണില്‍ അര്‍സാന്‍ കൊടുങ്കാറ്റായി മാറി. വെറും എട്ടു മത്സരങ്ങളില്‍ നിന്ന് കൊയ്തത് 41 വിക്കറ്റുകളായിരുന്നു. 

2020 ജനുവരിയിലാണ് താരത്തിന്റെ മികച്ച പ്രകടനം ക്രിക്കറ്റ് ലോകം കണ്ടത്. പഞ്ചാബിനെതിരായ മത്സരത്തില്‍ അര്‍സാന്‍ 10 വിക്കറ്റുമായി തിളങ്ങിയപ്പോള്‍ 110 റണ്‍സിനായിരുന്നു ഗുജറാത്തിന്റെ വിജയം. 

അടുത്തിടെ സമാപിച്ച നിശ്ചിത ഓവര്‍ ടൂര്‍ണമെന്റുകളിലും അര്‍സാന്‍ പന്തുകൊണ്ട് തിളങ്ങി. വിജയ് ഹസാരെ ട്രോഫിയില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. അതും 4.32 എന്ന എക്കോണമിയില്‍. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കളിച്ച അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകളും വീഴ്ത്തി.

Content Highlights: Who is Arzan Nagwaswalla the pacer picked as standby player in India squad