ഗില്ലും സിറാജും ഉറപ്പിച്ചു, സഞ്ജു വരുമോ? ലോകകപ്പ് സ്വപ്‌നത്തിലേക്ക് ആരൊക്കെ


അഭിനാഥ് തിരുവലത്ത്‌



പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ശുഭസൂചനകള്‍ തന്നെയാണ് ടീമില്‍ ഇപ്പോള്‍ കാണുന്നത്. ഈ വര്‍ഷം ഇതുവരെ ശ്രീലങ്കയ്ക്കും ന്യൂസീലന്‍ഡിനുമെതിരായ ആറ് ഏകദിന മത്സരങ്ങളില്‍ നാല് തവണയാണ് ഇന്ത്യ 300 റണ്‍സിനപ്പുറം സ്‌കോര്‍ ചെയ്തത്. അതില്‍ മൂന്ന് തവണയും സ്‌കോര്‍ 370 കടന്നു എന്നതും എടുത്ത് പറയേണ്ടതുണ്ട്. പതിവു പോലെ മുന്‍നിരയുടെ പ്രകടനം തന്നെയാണ് ഈ വമ്പന്‍ സ്‌കോറുകളില്‍ നിര്‍ണായകമായത്

Premium

Photo: ANI

പ്പണിങ് സ്ഥാനം ഉറപ്പിക്കുന്ന ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം, തുടര്‍ സെഞ്ചുറികളിലേക്ക് റണ്‍മെഷീന്‍ വിരാട് കോലിയുടെ മടങ്ങിവരവ്, മൂന്ന് വര്‍ഷത്തിനു ശേഷം മൂന്നക്കത്തിലേക്കുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തിരിച്ചുവരവ്, ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയെന്ന നിലയിലേക്കുള്ള മുഹമ്മദ് സിറാജിന്റെ വളര്‍ച്ച, പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ഫോം... ഇങ്ങനെ സമീപകാലത്ത് ഇന്ത്യന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ആരാധകര്‍ ആഹ്ലാദത്തിലാണ്. ഈ വര്‍ഷം നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരെയും പിന്നാലെ ന്യൂസീലന്‍ഡിനെതിരെയുമുള്ള ഏകദിന പരമ്പരകള്‍ തൂത്തുവാരി ആത്മവിശ്വാസമുയര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ അതുകൊണ്ടുതന്നെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. 2011-ന്റെ ആവര്‍ത്തനം ഇപ്പോള്‍ തന്നെ ആരാധകര്‍ സ്വപ്‌നം കണ്ട് തുടങ്ങിയിരിക്കുന്നു.

2021, 2022 ട്വന്റി 20 ലോകകപ്പുകള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത് നിരാശയായിരുന്നു. 2021-ല്‍ ആദ്യ മത്സരത്തില്‍ പാകിസ്താനോടും പിന്നാലെ ന്യൂസീലന്‍ഡിനോടും പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴിതെളിഞ്ഞിരുന്നു. പിന്നീട് അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലന്‍ഡ്, നമീബിയ ടീമുകള്‍ക്കെതിരായ വിജയം ടീമിനെ തുണച്ചില്ല, സെമി കാണാതെ ഇന്ത്യന്‍ സംഘം പുറത്ത്. 2022 ലോകകപ്പില്‍ പക്ഷേ പ്രതീക്ഷ നല്‍കുന്നതായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ ടീമിന്റെ പ്രകടനം. പാകിസ്താന്‍, നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളെ തകര്‍ത്ത് സെമിയില്‍ കയറിയ ഇന്ത്യ പക്ഷേ ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റു. ഈ ലോകകപ്പുകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ രണ്ട് വര്‍ഷമായി പരമ്പരകളില്‍ ട്വന്റി 20-ക്കായിരുന്നു ഇന്ത്യ പ്രാധാന്യം നല്‍കിയിരുന്നത്. അവയിലെല്ലാം തന്നെ മികച്ച പ്രകടനം നടത്താനുമായി. പക്ഷേ ഐസിസി ടൂര്‍ണമെന്റ് വന്നപ്പോള്‍ ടീം കളിമറന്നു. സമീപകാലത്തായി ഇന്ത്യന്‍ ടീം നേരിടുന്ന ഈ പ്രശ്‌നം 2023 ഏകദിന ലോകകപ്പിലെങ്കിലും മാറുമോ എന്നതിലേക്കാണ് കാണികള്‍ കാത്തിരിക്കുന്നത്.

പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ശുഭസൂചനകള്‍ തന്നെയാണ് ടീമില്‍ ഇപ്പോള്‍ കാണുന്നത്. ഈ വര്‍ഷം ഇതുവരെ ശ്രീലങ്കയ്ക്കും ന്യൂസീലന്‍ഡിനുമെതിരായ ആറ് ഏകദിന മത്സരങ്ങളില്‍ നാല് തവണയാണ് ഇന്ത്യ 300 റണ്‍സിനപ്പുറം സ്‌കോര്‍ ചെയ്തത്. അതില്‍ മൂന്ന് തവണയും സ്‌കോര്‍ 370 കടന്നു എന്നതും എടുത്ത് പറയേണ്ടതുണ്ട്. പതിവു പോലെ മുന്‍നിരയുടെ പ്രകടനം തന്നെയാണ് ഈ വമ്പന്‍ സ്‌കോറുകളില്‍ നിര്‍ണായകമായത്.

ജനുവരി 10-ന് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഗുവാഹത്തിയില്‍ വിരാട് കോലിയും (113) രോഹിത് ശര്‍മയും (83) ശുഭ്മാന്‍ ഗില്ലും (70) തിളങ്ങിയപ്പോള്‍ ഏഴിന് 373 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ജനുവരി 15-ന് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ കോലിയും (166) ഗില്ലും (116) സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് അഞ്ചിന് 390 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍. ജനുവരി 18-ന് കിവീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഹൈദരാബാദില്‍ റെക്കോഡ് ഇരട്ട സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍ തിളങ്ങിയപ്പോള്‍ (208) ഇന്ത്യന്‍ സ്‌കോര്‍ എട്ടിന് 349-ല്‍ എത്തി. ജനുവരി 24-ന് ഇന്ദോറില്‍ ന്യൂസീലന്‍ഡിനെതിരേ രോഹിത്തും (101) ശുഭ്മാന്‍ ഗില്ലും (112) ഹാര്‍ദിക് പാണ്ഡ്യയും (54) തിളങ്ങിയപ്പോള്‍ ഇന്ത്യ കുറിച്ചത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ്. ഇത്തരത്തില്‍ സമീപകാലത്ത് ടീമിന് ബാറ്റിങ് വിഭാഗം നല്‍കുന്ന ആത്മവിശ്വാസം ചില്ലറയൊന്നുമല്ല.

തകര്‍ത്താടാന്‍ ഹിറ്റ്മാന്‍

നാട്ടില്‍ എക്കാലത്തും മികച്ച റെക്കോഡുള്ള ബാറ്ററാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇടയ്ക്ക് ഫോം മങ്ങിയ രോഹിത് ഈ വര്‍ഷം പുറത്തെടുക്കുന്ന മികച്ച ഫോം ഇന്ത്യയ്ക്ക് ആശ്വാസകരം തന്നെയാണ്. 2022-ല്‍ കളിച്ച എട്ട് ഏകദിനങ്ങളില്‍ നിന്ന് 41.50 ശരാശരിയില്‍ 249 റണ്‍സായിരുന്നു രോഹിത് നേടിയത്. മൂന്ന് അര്‍ധ സെഞ്ചുറികളടക്കമായിരുന്നു ഇത്. എന്നാല്‍ ഈ വര്‍ഷം ഇതിനോടകം കളിച്ച ആറ് ഏകദിനങ്ങളില്‍ നിന്നുതന്നെ 54.66 ശരാശരിയില്‍ 328 റണ്‍സടിച്ചുകൂട്ടിയിട്ടുണ്ട് ഹിറ്റ്മാന്‍. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഇതിനോടകം തന്നെ ആ ബാറ്റില്‍ നിന്ന് പിറന്നുകഴിഞ്ഞു. ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെയും പിന്നാലെ ന്യൂസീലന്‍ഡിനെതിരെയും രോഹിത് പുറത്തെടുത്ത ഫോം താരത്തിന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്നത് കൂടിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വര്‍ധിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ടീം അംഗങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും വലുതാണ്. ടീം അംഗങ്ങളുടെ ശരീരഭാഷയിലും ഇത് പ്രകടമാണ്.

ഓപ്പണ്‍ ചെയ്യാന്‍ ഗില്‍

നാട്ടിലെ ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം തന്നെയാണ് ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യം. വെറും 21 ഏകദിനങ്ങള്‍ മാത്രം കളിച്ച ഗില്ലിന്റെ കളിക്കണക്കുകള്‍ നോക്കുക. 21 കളികളില്‍ നിന്നായി 73.76 ശരാശരിയില്‍ 1,254 റണ്‍സ്. അഞ്ച് അര്‍ധ സെഞ്ചുറികളും നാല് സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും ഇതിനോടകം തന്നെ ഗില്‍ തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്തുകഴിഞ്ഞു. രോഹിത്തിനൊപ്പം ലോകകപ്പ് ടീമിലെ ഓപ്പണിങ് സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന പ്രകടനം. ഫോമിന് കോട്ടം സംഭവിച്ചില്ലെങ്കില്‍ ഗില്‍ തന്നെയാകും ലോകകപ്പില്‍ രോഹിത്തിന് കൂട്ട്. നിരവധി റെക്കോഡുകളാണ് ഗില്‍ ഇക്കഴിഞ്ഞ രണ്ട് പരമ്പരകള്‍ക്കിടെ സ്വന്തമാക്കിയിരിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ അതിവേഗം 1000 റണ്‍സ് തികച്ച ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ആദ്യം ഗില്ലിനെ തേടിയെത്തിയത്. വെറും 19 ഇന്നിങ്‌സുകളാണ് 1000 റണ്‍സ് തികയ്ക്കാന്‍ താരത്തിന് ആവശ്യമായി വന്നത്. 24 ഇന്നിങ്‌സില്‍ 1000 റണ്‍സ് തികച്ച വിരാട് കോലി, ശിഖര്‍ ധവാന്‍ എന്നിവരുടെ നേട്ടമാണ് താരം മറികടന്നത്. ഇതോടൊപ്പം അന്താരാഷ്ട്രതലത്തില്‍ അതിവേഗം 1000 റണ്‍സ് തികച്ച താരങ്ങളുടെ പട്ടികയില്‍ പാകിസ്താന്റെ ഇമാം ഉള്‍ ഹഖിനൊപ്പം രണ്ടാം സ്ഥാനത്തെത്താനും ഗില്ലിനായി. ഇതോടൊപ്പം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 23-കാരനായ ഗില്‍ സ്വന്തമാക്കി. മാത്രമല്ല മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം ബാബര്‍ അസമിനൊപ്പം പങ്കിടാനും ഗില്ലിനായി. ന്യൂസീലന്‍ഡിനെതിരേ ഒരു ഇരട്ട സെഞ്ചുറിയും സെഞ്ചുറിയും അടക്കം ഗില്‍ നേടിയത് 360 റണ്‍സ്. 2016-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ മൂന്ന് മത്സര പരമ്പരയില്‍ ബാബര്‍ അസം അടിച്ചെടുത്തതും 360 റണ്‍സ്.

ഇതിനെല്ലാമുപരി എടുത്തുപറയേണ്ടത് രോഹിത് ശര്‍മയുമൊത്തുള്ള ഗില്ലിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ അഞ്ച് തവണയും ഈ ഓപ്പണിങ് സഖ്യം 50 റണ്‍സ് പിന്നിട്ടിരുന്നു. ഒരു സെഞ്ചുറി കൂട്ടുകെട്ടും ഒരു ഇരട്ട സെഞ്ചുറി കൂട്ടുകെട്ടും അടക്കമാണിത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ 143 റണ്‍സ്, മൂന്നാം ഏകദിനത്തില്‍ 95, ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ 60, രണ്ടാം ഏകദിനത്തില്‍ 72, മൂന്നാം ഏകദിനത്തില്‍ 212 എന്നിങ്ങനെയാണ് ഗില്‍ - രോഹിത് സഖ്യത്തിന്റെ സ്‌കോറിങ്. ധവാന്‍ - രോഹിത് ഓപ്പണിങ് സഖ്യത്തില്‍ നിന്ന് മുന്നോട്ടുപോകാനുള്ള ടീം മാനേജ്‌മെന്റിന്റെ ശ്രമമായിരുന്നു കെ.എല്‍ രാഹുലിനെ ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവന്നത്. രണ്ട് ട്വന്റി 20 ലോകകപ്പുകള്‍ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഇന്ത്യ കാര്യമായി ഏകദിന മത്സരങ്ങള്‍ കളിച്ചിരുന്നില്ല. പലപ്പോഴും പ്രധാന താരങ്ങള്‍ ടെസ്റ്റിലും ട്വന്റി 20-യിലുമായി അണിനിരന്നപ്പോള്‍ അവസരം ലഭിച്ചവരാണ് ആ സമയം ഇന്ത്യയുടെ ഏകദിന ടീമില്‍ ഉണ്ടായിരുന്നത്. ഇതില്‍ ബംഗ്ലാദേശിനെതിരായ കഴിഞ്ഞ പരമ്പരയില്‍ ഇരട്ടസെഞ്ചുറി നേടിയ ഇഷാന്‍ കിഷനെ പുറത്തിരുത്തി ഗില്ലിനെ ഓപ്പണിങ് സ്ഥാനത്ത് പരീക്ഷിക്കാന്‍ രണ്ടും കല്‍പ്പിച്ച് രോഹിത്തെടുത്ത തീരുമാനം ക്ലിക്കായെന്നു തന്നെ പറയാം. സമീപകാലത്ത് ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും വിനാശകാരികളായ ഓപ്പണിങ് സഖ്യമായി ഗില്‍ - രോഹിത് സഖ്യം വളരുകയായിരുന്നു.

റണ്‍മെഷീന്‍ കോലി

രണ്ടര വര്‍ഷത്തോളം നീണ്ടുനിന്ന മോശം ഫോം മറികടന്ന് വിരാട് കോലിയെന്ന റണ്‍ മെഷീനിന്റെ ബാറ്റ് വീണ്ടും ശബ്ദിച്ച് തുടങ്ങിയത് ടീമിന് ആശ്വാസമാണ്. 1020 ദിവസം നീണ്ട സെഞ്ചുറി ദാരിദ്ര്യത്തിനു കോലി വിരാമമിട്ടത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ഏഷ്യാകപ്പില്‍ അഫ്ഗാനിസ്താനെതിരേയായിരുന്നു. അന്ന് വെറും 61 പന്തില്‍ നിന്ന് ആറ് സിക്‌സും 12 ഫോറുമടക്കം കോലി അടിച്ചെടുത്തത് 122 റണ്‍സായിരുന്നു. രാജ്യാന്തര ക്രിക്കറ്റിലെ 71-ാം സെഞ്ചുറിയും ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി ആദ്യത്തേതും. പിന്നീട് കോലിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നാലെ നടന്ന ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരേ 53 പന്തില്‍ 82 റണ്‍സെടുത്ത് ടീമിനെ വിജയത്തിലെത്തിച്ച നിര്‍ണായക ഇന്നിങ്‌സ്. നെതര്‍ലന്‍ഡ്‌സിനെതിരേ 44 പന്തില്‍ 62, ബംഗ്ലാദേശിനെതിരേ 44 പന്തില്‍ 64, ഇംഗ്ലണ്ടിനെതിരേ 40 പന്തില്‍ 50 തുടങ്ങി സ്ഥിരതയാര്‍ന്ന ഇന്നിങ്‌സുകള്‍. പിന്നീട് 2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരേ രണ്ട് ഇന്നിങ്‌സുകളിലെ പരാജയത്തിന് ശേഷം മൂന്നാം മത്സരത്തില്‍ സെഞ്ചുറിയുമായി (113) മടങ്ങിവരവ്.

പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി (87 പന്തില്‍ 113). രണ്ടാം മത്സരത്തില്‍ ചെറിയ സ്‌കോറിന് പുറത്തായെങ്കിലും മൂന്നാം മത്സരത്തില്‍ 110 പന്തില്‍ 166 റണ്‍സെടുത്ത തകര്‍പ്പന്‍ ഇന്നിങ്‌സ്. ന്യൂസീലന്‍ഡിനെതിരേ കാര്യമായ ബാറ്റിങ് പ്രകടനം നടത്താനായില്ലെങ്കിലും തന്റെ സുവര്‍ണകാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ കവര്‍ ഡ്രൈവുകളും ഇന്‍സൈഡ് ഔട്ട് ഷോട്ടുകളും ലോഫ്റ്റഡ് കവര്‍ ഡ്രൈവുകളും ഫ്‌ളിക്കുകളുമെല്ലാം അയാളുടെ ബാറ്റില്‍ നിന്ന് അനായാസമായി ഒഴുകി. കൃത്യമായ ഫുട്‌വര്‍ക്കും ടൈമിങ്ങും സമ്മേളിച്ച മികച്ച ഇന്നിങ്‌സുകള്‍. പലപ്പോഴും ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ സ്‌റ്റെപ്പ് ഔട്ട് ചെയ്ത് ബൗളറെ അതിര്‍ത്തി കടത്താനും അദ്ദേഹം തയ്യാറായി. എങ്കിലും സ്പിന്നര്‍മാര്‍ക്ക് മുന്നില്‍, പ്രത്യേകിച്ചും ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വിക്കറ്റ് കളയുന്നത് കോലി ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുന്നുണ്ട്. ശ്രീലങ്ക ഹസരംഗയേയും ന്യൂസീലന്‍ഡ് മിച്ചല്‍ സാന്റ്‌നറേയും ഇത്തരത്തില്‍ കോലിക്കെതിരേ ഉപയോഗിക്കുന്നത് നാം കണ്ടതാണ്. മിക്കവാറും കോലിയുടേയും രോഹിത്തിന്റേയും അവസാന ലോകകപ്പാകും ഈ വര്‍ഷത്തേത്. 2011-ല്‍ സച്ചിന് ലഭിച്ചതുപോലുള്ള ഒരു കിരീട നേട്ടം രോഹിത്തും കോലിയും അര്‍ഹിക്കുന്നുണ്ട്. രണ്ട് ഏകദിന ലോകകപ്പുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാനും കോലിക്ക് അവസരമൊരുങ്ങുന്നുണ്ട്.

അയ്യര്‍ ദ ഗ്രേറ്റ്

പോയവര്‍ഷം ഏകദിനത്തില്‍ ഇന്ത്യയുടെ വിശ്വസ്തനായ താരമായിരുന്നു ശ്രേയസ് അയ്യര്‍. 2019 ലോകകപ്പില്‍ ടീം മിന്നും ഫോമിലായിരുന്നിട്ടും ഒടുക്കം തിരിച്ചടി നേരിട്ടത് മികച്ചൊരു നാലാം നമ്പര്‍ ബാറ്ററുടെ അഭാവം കാരണമായിരുന്നു. കെ.എല്‍ രാഹുലിനെയും വിജയ് ശങ്കറേയും പരീക്ഷിച്ചെങ്കിലും നിര്‍ണായക മത്സരത്തില്‍ ടീമിന് അടിപതറി. ടീം തുടക്കത്തില്‍ തകര്‍ച്ച നേരിടുമ്പോള്‍ പിടിച്ചുനിന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കാനും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് സ്‌കോര്‍ ഉയര്‍ത്താനും മികച്ചൊരു നാലാം നമ്പര്‍ ബാറ്റര്‍ക്ക് സാധിക്കണം. ആ ജോലി തന്റെ കൈയില്‍ ഭദ്രമാണെന്ന് ശ്രേയസ് ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞു. ഐസിസി പോയവര്‍ഷത്തെ മികച്ച ഏകദിന ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ അതിലെ നാലാം നമ്പര്‍ ബാറ്ററും ശ്രേയസായിരുന്നു. 17 കളികളിലെ 15 ഇന്നിങ്‌സുകളില്‍ നിന്നായി 55.69 എന്ന മികച്ച ശരാശരിയോടെ 724 റണ്‍സാണ് ശ്രേയസ് കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്. ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയുമടക്കമായിരുന്നു ഈ നേട്ടം. പരിക്ക് കാരണം ഈ വര്‍ഷം നടന്ന പരമ്പരകള്‍ നഷ്ടമായെങ്കിലും ലോകകപ്പില്‍ ഇന്ത്യയുടെ നാലാം സ്ഥാനത്ത് ശ്രേയസ് തന്നെയായിരിക്കും. 2022-ലെ താരത്തിന്റെ ടി20-യിലെ പ്രകടനവും ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. 17 മത്സരങ്ങളില്‍ നിന്ന് 463 റണ്‍സ് ശ്രേയസ് പോയ വര്‍ഷം ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. 141.15 എന്ന ടി20 സ്‌ട്രൈക്ക് റേറ്റ് ബാറ്റിങ് വിസ്‌ഫോടനം നടത്താന്‍ താരത്തിന് സാധിക്കുമെന്നതിന് തെളിവാണ്.

അഞ്ചാമന്‍ രാഹുല്‍

അഞ്ചാം നമ്പറില്‍ കെ.എല്‍ രാഹുല്‍ തന്നെയായിരിക്കും ഇന്ത്യയ്ക്കായി ഇറങ്ങുക. ട്വന്റി 20-യില്‍ സമീപകാലത്തെ മെല്ലെപ്പോക്കും ഫോമില്ലായ്മയും രാഹുലിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഏകദിനത്തില്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ ടീമിന് നല്‍കുന്ന സന്തുലിതാവസ്ഥ നിര്‍ണായകമാണ്. വാഹനാപകടത്തില്‍ പരിക്കേറ്റ ഋഷഭ് പന്തിന് ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ വിക്കറ്റിനു പിന്നില്‍ രാഹുല്‍ തന്നെയായിരിക്കും ഇന്ത്യയുടെ ചോയ്‌സ്. 2022-ല്‍ രാഹുല്‍ ആകെ കളിച്ചത് 10 ഏകദിനങ്ങളാണ്. അതില്‍ തന്നെ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് 27.88 ശരാശരിയില്‍ 251 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രണ്ട് അര്‍ധ സെഞ്ചുറികളാണ് ഇക്കാലയളവില്‍ സ്വന്തമാക്കിയത്. കളിക്കണക്ക് നോക്കുമ്പോള്‍ ഇങ്ങനെയാണെങ്കിലും ഏകദിനത്തില്‍ ഒരു അഞ്ചാം നമ്പര്‍ ബാറ്ററുടെ ജോലി നന്നായി ചെയ്യാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ വര്‍ഷം ടീം ഏകദിനത്തേക്കാള്‍ ട്വന്റി 20-ക്ക് പ്രാധാന്യം കൊടുത്ത സാഹചര്യത്തില്‍. ഈ വര്‍ഷം ഇതുവരെ മൂന്ന് ഏകദിനങ്ങളിലാണ് രാഹുല്‍ കളത്തിലിറങ്ങിയത്. 55.00 എന്ന മികച്ച ശരാശരിയില്‍ 110 റണ്‍സാണ് സമ്പാദ്യം.

കുങ്ഫു പാണ്ഡ്യ

ആറാം നമ്പറില്‍ നിലവില്‍ ടീം ഇന്ത്യയ്ക്ക് ഹാര്‍ദിക് പാണ്ഡ്യയെന്ന പേരല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ലെന്നു തന്നെ പറയാം. പോയ വര്‍ഷം അധികം ഏകദിനങ്ങള്‍ കളിച്ചില്ലെങ്കിലും ട്വന്റി 20-യില്‍ ഹാര്‍ദിക് പുറത്തെടുത്ത പ്രകടനം എടുത്തുപറയേണ്ടതാണ്. ഒരു പേസ് ഓള്‍റൗണ്ടറുടെ സാന്നിധ്യം ടീമിന് നല്‍കുന്ന മുന്‍തൂക്കം ചില്ലറയൊന്നുമല്ല. 2022-ല്‍ കളിച്ച 27 ടി20 മത്സരങ്ങളിലെ 25 ഇന്നിങ്‌സുകളില്‍ നിന്നായി 607 റണ്‍സാണ് ഹാര്‍ദിക് അടിച്ചെടുത്തിരിക്കുന്നത്. 145.91 എന്ന സ്‌ട്രൈക്ക് റേറ്റില്‍ അടിച്ചുതകര്‍ക്കുന്ന താരം ഏതൊരു ടീമിനും മുതല്‍ക്കൂട്ടാണ്. ലോകകപ്പ് നടക്കുന്നത് ഇന്ത്യയിലാണെന്നതും ഹാര്‍ദിക്കിന് ഗുണകരമാകുന്ന കാര്യമാണ്. മുന്‍നിര നല്‍കുന്ന മികച്ച തുടക്കം മുതലെടുത്ത് അവസാന 10 ഓവറില്‍ പരാമാവധി റണ്‍സ് അടിച്ചുകൂട്ടുക എന്നത് തന്നെയാകും ഹാര്‍ദിക്കിന്റെ ജോലി. ഏതാനും വര്‍ഷം മുമ്പ് പരിക്ക് കരിയറിന് ബ്രേക്കിട്ട ശേഷം ഒരു തിരിച്ചുവരവ് നടത്തിയ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഭാവിയില്‍ ടീമിന്റെ നിശ്ചിത ഓവര്‍ ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്തും പാണ്ഡ്യയുടെ പേരുണ്ടാകും. നിലവില്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍സി ഹാര്‍ദിക്കില്‍ വരുത്തിയ മാറ്റം വലുതാണ്. ഉത്തരവാദിത്തമുള്ള ഒരു ടീം അംഗമായി താരം വളര്‍ന്നുകഴിഞ്ഞു. 2022-ല്‍ വെറും മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. ഒരു അര്‍ധ സെഞ്ചുറിയടക്കം 100 റണ്‍സും നേടി. എന്നാല്‍ ബൗളിങ് വിഭാഗത്തില്‍ താരം നല്‍കുന്ന സംഭാവന എടുത്തുപറയാതിരിക്കുന്നത് എങ്ങനെയാണ്. 2022-ല്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി വീഴ്ത്തിയത് ആറ് വിക്കറ്റുകള്‍. ഒരു മത്സരത്തില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ വര്‍ഷം ഇതുവരെ അഞ്ച് ഏകദിനങ്ങളില്‍ നിന്നായി അഞ്ച് വിക്കറ്റുകളും സ്വന്തമാക്കി. പലപ്പോഴും ഇന്ത്യയ്ക്കായി ബൗളിങ് ഓപ്പണ്‍ ചെയ്യാനും പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ വീഴ്ത്താനും ഹാര്‍ദിക്കിന് സാധിക്കുന്നു എന്നത് ടീമിന് വലിയ നേട്ടമാണ്. കഴിഞ്ഞ വര്‍ഷം 27 ടി20 മത്സരങ്ങളില്‍ നിന്നായി ഹാര്‍ദിക് നേടിയത് 20 വിക്കറ്റുകളാണ്. ഒരു മത്സരത്തില്‍ നാല് വിക്കറ്റുകള്‍ നേടുകയും ചെയ്തിരുന്നു. വിശ്വസ്തനായ ഒരു ബൗളര്‍ എന്ന നിലയിലേക്കുള്ള താരത്തിന്റെ വളര്‍ച്ച ലോകകപ്പ് വര്‍ഷത്തില്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യം തന്നെയാണ്. പലപ്പോഴും ഒരു ന്യൂബോള്‍ ബൗളര്‍ റണ്‍സ് വഴങ്ങുമ്പോള്‍ അയാള്‍ക്ക് പകരം ഹാര്‍ദിക്കിനെ ബൗളിങ്ങിന് നിയോഗിക്കുന്ന ക്യാപ്റ്റന്‍ രോഹിത്തിന്റെ ആത്മവിശ്വാസം തന്നെയാണ് ഹാര്‍ദിക് എന്ന ബൗളര്‍ ടീമിന് എത്രത്തോളം വിലപ്പെട്ടതാണെന്നതിന് തെളിവ്.

മിന്നും അക്ഷര്‍

പാണ്ഡ്യയ്ക്കു ശേഷം നിലവിലെ ഫോമില്‍ ഇന്ത്യയുടെ സ്വാഭാവികമായ തിരഞ്ഞെടുപ്പ് അക്ഷര്‍ പട്ടേലാണ്. ബാറ്റിങ് നിരയുടെ ആഴം കൂട്ടാനും മധ്യ ഓവറുകളില്‍ സ്‌കോറിങ് റേറ്റ് പിടിച്ചുനിര്‍ത്താനും നിലവിലെ ഫോമില്‍ അക്ഷറിനേക്കാള്‍ മികച്ചൊരാളില്ല. പാണ്ഡ്യയ്‌ക്കൊപ്പം മറ്റൊരു ഓള്‍റൗണ്ടറുടെ സാന്നിധ്യവും ടീമിന് മുതല്‍ക്കൂട്ടാണ്. പോയവര്‍ഷം എട്ട് ഏകദിനങ്ങളിലാണ് താരം കളിച്ചത്. അതില്‍ ബാറ്റിങ്ങിനിറങ്ങിയ ആറ് ഇന്നിങ്‌സുകളില്‍ നിന്നായി ഒരു അര്‍ധ സെഞ്ചുറിയടക്കം 168 റണ്‍സാണ് സമ്പാദ്യം. 120 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് അക്ഷറിന്റെ സ്‌കോറിങ് എന്നത് എടുത്ത് പറയണം. 4.39 എന്ന മികച്ച എക്കോണമി റേറ്റില്‍ 10 വിക്കറ്റുകളാണ് താരം കഴിഞ്ഞ വര്‍ഷം വീഴ്ത്തിയത്. 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ടി20-യിലും കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ഇതുവരെയും താരതമ്യേന മികച്ച പ്രകടനം തന്നെയാണ് അക്ഷര്‍ പുറത്തെടുത്തിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്നായി ഒരു അര്‍ധ സെഞ്ചുറിയടക്കം 117 റണ്‍സാണ് നേടിയിരിക്കുന്നത്. 195 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും അക്ഷറിനെ മികച്ചൊരു ഏഴാം നമ്പര്‍ താരമാക്കുന്നു. ടി20-യില്‍ കഴിഞ്ഞ വര്‍ഷം കളിച്ച 21 ഇന്നിങ്‌സുകളില്‍ നിന്നായി 21 വിക്കറ്റുകള്‍ അക്ഷര്‍ നേടിയിട്ടുണ്ട്. 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. നിര്‍ണായക സമയത്ത് കൂട്ടുകെട്ടുകള്‍ പൊളിക്കാനും ആവശ്യം വന്നാല്‍ തകര്‍ത്തടിക്കാനും കെല്‍പ്പുള്ള താരമെന്നത് അക്ഷറിന്റെ വിലവര്‍ധിപ്പിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ ബാറ്റിങ്ങില്‍ അക്ഷര്‍ പുറത്തെടുത്ത പ്രകടനം നമ്മളെല്ലാം കണ്ടതാണ്. ഇത്തരത്തില്‍ നിര്‍ണായക സമയത്ത് നിര്‍ണായക ഇന്നിങ്‌സുകള്‍ കളിക്കാനുള്ള താരത്തിന്റെ കഴിവാണ് മറ്റുള്ളവരില്‍ നിന്ന് അക്ഷറിനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളുടെ ആനുകൂല്യവും അക്ഷറിന് കരുത്താകും.

വരുമോ ജഡേജ

എന്നാല്‍ അക്ഷറിന് വെല്ലുവിളി ഉയര്‍ത്തി രവീന്ദ്ര ജഡേജയുണ്ട്. പരിക്ക് കാരണം ഇപ്പോള്‍ ടീമിന് പുറത്തുള്ള ജഡേജ കഴിഞ്ഞ വര്‍ഷം ആകെ കളിച്ചത് മൂന്ന് ഏകദിന മത്സരങ്ങള്‍ മാത്രമാണ്. അതില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് 36 റണ്‍സാണ്. ഒരു വിക്കറ്റും നേടി. എന്നാല്‍ പോയ വര്‍ഷം കളിച്ച ഒമ്പത് ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 50.25 ശരാശരിയില്‍ 201 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട് ജഡേജ. അതും 141.54 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍. അഞ്ച് വിക്കറ്റും ജഡേജ വീഴ്ത്തിയിട്ടുണ്ട്. പരിക്ക് മാറി ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ അക്ഷറിന് മുകളില്‍ ടീം മാനേജ്‌മെന്റ് തിരഞ്ഞെടുക്കുക ജഡേജയെ തന്നെയാകും. ബാറ്റിങ്ങും ബൗളിങ്ങും മാറ്റിനിര്‍ത്തിയാല്‍ ലോകോത്തര നിലവാരമുള്ള ജഡേജയുടെ ഫീല്‍ഡിങ്ങിന് 100 മാര്‍ക്കാണ്. ഉന്നം പിഴയ്ക്കാതെയുള്ള ത്രോകളും ഫീല്‍ഡില്‍ സേവ് ചെയ്യുന്ന ഉറച്ച ബൗണ്ടറികളും അര്‍ധാവസരം പോലും ക്യാച്ചാക്കി മാറ്റാനുള്ള മികവും ഇന്ത്യന്‍ ടീമില്‍ അവകാശപ്പെടാനുള്ളത് ജഡേജയ്ക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ജഡേജയുടെ സാന്നിധ്യമുണ്ടാകും.

തിരിച്ചെത്താന്‍ ബുംറ

ബൗളിങ് വിഭാഗത്തില്‍ ടീമിന് തലവേദനകളും ആശ്വാസവും ഒരുപോലെയുണ്ട്. ടീം ഇന്ത്യയുടെ പ്രധാന ബൗളര്‍ ജസ്പ്രീത് ബുംറ ഇടയ്ക്കിടെ പരിക്കിന്റെ പിടിയിലാകുന്നതാണ് ടീം മാനേജ്‌മെന്റിന് തലവേദനയാകുന്നത്. 2022 സെപ്റ്റംബറിലാണ് ബുംറ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കിടെ താരത്തിന് പരിക്കേറ്റിരുന്നു. പിന്നാലെ നടന്ന ഏഷ്യാകപ്പ്, ടി20 എന്നീ വലിയ ടൂര്‍ണമെന്റുകള്‍ ബുംറയ്ക്ക് നഷ്ടമായി. ഏഷ്യാകപ്പിലും ലോകകപ്പിലും ബുംറയുടെ അഭാവം ബൗളിങ്‌നിരയുടെ പ്രകടനത്തില്‍ നിഴലിക്കുകയും ചെയ്തു. 2022-ല്‍ ബുംറ ആകെ കളിച്ചത് അഞ്ച് ഏകദിനങ്ങള്‍ മാത്രമാണ്. 13 വിക്കറ്റുകളാണ് ആകെ സമ്പാദ്യം. എന്നാല്‍ 4.33 എന്ന മികച്ച എക്കോണമി റേറ്റും 19 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രകടനവും എടുത്തുപറയേണ്ടതാണ്. പരിക്ക് കാരണം കഴിഞ്ഞ രണ്ട് വര്‍ഷവും ബുംറ കാര്യമായ ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ആകെ കളിച്ച അഞ്ച് ടി20 മത്സരങ്ങളില്‍ നിന്നായി നാല് വിക്കറ്റുകള്‍ മാത്രമാണ് ബുംറയുടെ സമ്പാദ്യം. എന്നാല്‍ ബുംറയുടെ സാന്നിധ്യം ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അവസാന ഓവറുകളിലെ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനും കൂട്ടുകെട്ടുകള്‍ പൊളിക്കുന്നതിനും ഇന്ത്യയ്ക്ക് ബുംറയുടെ സാന്നിധ്യം കൂടിയേതീരൂ.

ത്രില്ലടിപ്പിച്ച് സിറാജ്

എന്നാല്‍ ബുംറയുടെ അഭാവത്തില്‍ മികവില്‍ നിന്ന് മികവിലേക്കുയര്‍ന്ന മുഹമ്മദ് സിറാജാണ് സമീപകാലത്ത് ടീം ഇന്ത്യയേയും ആരാധകരേയും ഞെട്ടിച്ച താരം. മാത്രമല്ല മികച്ച പ്രകടനങ്ങളോടെ ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും സിറാജിനായി. 2022-ല്‍ കളിച്ച 15 ഏകദിനങ്ങളില്‍ നിന്ന് 24 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. 23.50 എന്ന ശരാശരിയും 4.62 എന്ന എക്കോണമി റേറ്റും താരത്തിന്റെ ബൗളിങ് മികവ് തുറന്നുകാട്ടുന്നു. ഈ വര്‍ഷം ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകള്‍ സിറാജ് വീഴ്ത്തിക്കഴിഞ്ഞു. 32 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ ബൗളിങ് മികവിന്റെ ഫലമാണ് ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറെന്ന നേട്ടവും പോയവര്‍ഷത്തെ ഐസിസിയുടെ ഏകദിന ടീമിലെ സ്ഥാനവും താരത്തെ തേടിയെത്തിയത്. ടെസ്റ്റ് ടീമിലൂടെ അരങ്ങേറി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ തുടക്കത്തില്‍ തിളങ്ങാന്‍ സിറാജിന് സാധിച്ചിരുന്നില്ല. പലപ്പോഴും പ്രധാന ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കുമ്പോഴോ വിശ്രമം അനുവദിക്കുമ്പോഴോ മാത്രം ടീമിലെത്തിയിരുന്ന സിറാജ് തന്റെ നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവും കൊണ്ട് ടീമിന്റെ സ്ഥിരം സ്ഥാനമെന്ന നേട്ടത്തിലേക്ക് എത്തുകയായിരുന്നു. പലപ്പോഴും ചെണ്ട സിറാജെന്ന് കളിയാക്കിയിരുന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പോലും ഇന്ന് സിറാജിനെ വാഴ്ത്തിപ്പാടുന്നു. ബുംറയുടെ അഭാവത്തില്‍ ബൗളിങ് ഓപ്പണ്‍ ചെയ്യാനും പവര്‍പ്ലേയില്‍ ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കി വിക്കറ്റ് വീഴ്ത്താനും സിറാജിന് സാധിക്കുന്നു എന്നത് ലോകകപ്പ് അടുത്തിരിക്കേ ടീം ഇന്ത്യയ്ക്ക് ശുഭസൂചനയാണ്. നിലവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബൗളറെന്ന നേട്ടത്തിലേക്ക് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു സിറാജ്. ഇക്കഴിഞ്ഞ ശ്രീലങ്ക, ന്യൂസീലന്‍ഡ് പരമ്പരകളില്‍ ടീമിനായി ബൗളിങ്ങില്‍ തിളങ്ങിയതും മറ്റാരുമല്ല. പലപ്പോഴും ബുംറയുടെ അഭാവം ടീം അറിഞ്ഞില്ലെന്നത് സിറാജിന്റെ മികവ് കാരണമാണ്.

ചാന്‍സുണ്ടോ ഷമിക്ക്

അനുഭവസമ്പത്തിന് ടീം പ്രാമുഖ്യം കൊടുത്താല്‍ അടുത്ത ബൗളിങ് ഓപ്ഷന്‍ മുഹമ്മദ് ഷമിയാകും. പക്ഷേ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഷമിയെ ഒരു ടെസ്റ്റ് ബൗളര്‍ എന്ന നിലയില്‍ മാത്രമാണ് ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നത്. 2022-ല്‍ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് ഷമി കളിച്ചത്. നാല് വിക്കറ്റുകളും നേടി. ഈ വര്‍ഷം ഇതുവരെ കളിച്ചത് അഞ്ച് ഏകദിനങ്ങള്‍. വീഴ്ത്തിയത് ഏഴ് വിക്കറ്റുകള്‍. പോയവര്‍ഷം കളിച്ചത് ആറ് ട്വന്റി 20 മത്സരങ്ങള്‍. വീഴ്ത്തിയത് ആറ് വിക്കറ്റുകളും. മികച്ച ബൗളിങ് പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ഫീല്‍ഡിങ്ങിലെ അലസത ഷമിക്ക് തിരിച്ചടിയാണ്. പലപ്പോഴും എളുപ്പത്തില്‍ തടയാന്‍ സാധിക്കുന്ന അല്ലെങ്കില്‍ അല്‍പമൊന്ന് പ്രയത്‌നിച്ചാല്‍ തടയാന്‍ സാധിക്കുന്ന പന്തുകള്‍ താരം നഷ്ടപ്പെടുത്തിക്കളയുന്നത് ഇന്ത്യയുടെ മത്സരങ്ങളിലെ പതിവ് കാഴ്ചയാണ്. ബുംറയും സിറാജും ടീമില്‍ ഇടംപിടിച്ചാല്‍ ഷമിയുടെ വാതില്‍ അടയും.

തച്ചുതകര്‍ക്കാന്‍ താക്കൂര്‍

എന്നാല്‍ ഒരുപക്ഷേ മുഹമ്മദ് ഷമിയേക്കാള്‍ ടീം പ്രാമുഖ്യം കൊടുക്കുക ശാര്‍ദുല്‍ താക്കൂറിനായിരിക്കും. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും സ്ലോ ബോളുകളും കട്ടറുകളും നക്കള്‍
ബോളുകളും അനായാസം എറിയാനുള്ള ശാര്‍ദുലിന്റെ മികവ് തന്നെയാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ബാറ്റിങ് ഡെപ്തിന് ഏറെ പ്രാധാന്യമുള്ള നിലവിലെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒരു ടീമിന് ഒരിക്കലും മാറ്റിനിര്‍ത്താനാകാത്ത താരമാണ് ശാര്‍ദുല്‍. ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും പുറത്തെടുക്കുന്ന മികവ് താരത്തിനും ടീം ഇന്ത്യയ്ക്കും ഗുണകരമാണ്. അതിനാല്‍ തന്നെ മികച്ചൊരു എട്ടാം നമ്പര്‍ താരമെന്ന നിലയില്‍ ലോകകപ്പ് ടീമില്‍ ശാര്‍ദുല്‍ ഉള്‍പ്പെടാന്‍ സാധ്യതയേറെയാണ്. നിര്‍ണായക ഘട്ടങ്ങളില്‍ കൂട്ടുകെട്ടുകള്‍ പൊളിക്കാനുള്ള താരത്തിന്റെ മികവ് ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് പരമ്പരയിലടക്കം നാം കണ്ടതാണ്. വാലറ്റത്ത് 10 പന്തുകളില്‍ 20-30 റണ്‍സ് അടിച്ചെടുക്കാന്‍ കെല്‍പ്പുള്ള ഒരു താരം ടീമിന് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. 2022-ല്‍ 16 ഏകദിനങ്ങളിലാണ് താരം ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്. 22 വിക്കറ്റുകളും സ്വന്തമാക്കി. ഇതില്‍ തന്നെ ഭൂരിഭാഗവും എതിര്‍ ബാറ്റിങ് നിര നിലയുറപ്പിച്ച് കളിക്കുന്ന മധ്യ ഓവറുകളിലാണെന്നതാണ് ശ്രദ്ധേയമായ കാര്യം. വിലപ്പെട്ട വിക്കറ്റുകള്‍ നിര്‍ണായക സമയത്ത് വീഴ്ത്തുന്ന ശാര്‍ദുലിനെ മജീഷ്യന്‍ എന്നാണ് ടീം അംഗങ്ങള്‍ വിളിക്കുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞത് അടുത്തിടെയാണ്. കഴിഞ്ഞ വര്‍ഷം ഒരു അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്.

ലോകകപ്പ് നാട്ടിലായതിനാല്‍ തന്നെ സ്പിന്നര്‍മാരുടെ തിരഞ്ഞെടുപ്പും പ്രധാനമാണ്. യുസ്‌വേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും തന്നെയാകും നറുക്ക് വീഴാന്‍ സാധ്യതയെങ്കിലും സമീപകാലത്ത് ഏകദിനത്തിലും ട്വന്റി 20-യിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ തിളങ്ങുന്ന വാഷിങ്ടണ്‍ സുന്ദറും ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയേറെയാണ്. രണ്ട് റിസ്റ്റ് സ്പിന്നര്‍മാരും ഒരു ഫിംഗര്‍ സ്പിന്നറും തമ്മില്‍ ലോകകപ്പ് ടീം ബര്‍ത്തിനായി കടുത്ത പോരാട്ടം തന്നെ നടന്നേക്കാം.

യൂസിയോ കുല്‍ദീപോ?

കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ചത് യുസ്‌വേന്ദ്ര ചാഹലാണ്. 14 മത്സരങ്ങള്‍. 21 വിക്കറ്റുകളും വീഴ്ത്തി. 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് പോയ വര്‍ഷം താരത്തിന്റെ മികച്ച പ്രകടനം. 27.09 എന്ന ബൗളിങ് ശരാശരിയും 5.48 എന്ന എക്കോണമി റേറ്റും താരതമ്യേന ഭേദപ്പെട്ട കണക്കാണ്. ഈ വര്‍ഷം ഇതുവരെ രണ്ട് ഏകദിനങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. മൂന്ന് വിക്കറ്റുകളാണ് സമ്പാദ്യം. ഇന്ത്യന്‍ സാഹചര്യത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നത് തന്നെയാണ് ചാഹലിന്റെ നേട്ടം. വലംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരായ മികച്ച റെക്കോഡും ലെഗ് ബ്രേക്കുകളും ഫ്‌ളിപ്പറുകളും ഗൂഗ്ലികളും എറിയാനുള്ള മികവും ചാഹലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. മധ്യ ഓവറുകളില്‍ റണ്‍നിരക്ക് പിടിച്ചുനിര്‍ത്താനുള്ള കഴിവും ചാഹലിനെ വ്യത്യസ്തനാക്കുന്നു.

ടീം ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ് യാദവ്. കഴിഞ്ഞ വര്‍ഷം എട്ട് ഏകദിനങ്ങള്‍ കളിച്ച താരം വീഴ്ത്തിയത് 12 വിക്കറ്റുകള്‍. 18 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 27.75 എന്ന ബൗളിങ് ശരാശരിയും 4.95 എന്ന എക്കോണമി റേറ്റും മികച്ച കണക്കുകള്‍ തന്നെ. എന്നാല്‍ ഈ വര്‍ഷം ഇതുവരെ കളിച്ച അഞ്ച് ഏകദിനങ്ങളില്‍ നിന്ന് ഇതിനോടകം തന്നെ 11 വിക്കറ്റുകള്‍ കുല്‍ദീപ് വീഴ്ത്തിക്കഴിഞ്ഞു. ഇടംകൈ-വലംകൈ ബാറ്റര്‍മാരെ ഒരേപോലെ പ്രതിരോധത്തിലാക്കാന്‍ സാധിക്കുന്നു എന്നത് കുല്‍ദീപിന്റെ നേട്ടമാണ്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ അക്ഷര്‍ പട്ടേലോ രവീന്ദ്ര ജഡേജയോ കളിക്കുകയാണെങ്കില്‍ മറ്റൊരു ഇടംകൈ സ്പിന്നര്‍ക്ക് ടീമില്‍ അവസരമുണ്ടാകുമോ എന്നത് മാത്രമാണ് കുല്‍ദീപിന്റെ ടീമിലെ സ്ഥാനത്തിന്റെ കാര്യത്തില്‍ സംശയമുണ്ടാക്കുന്ന കാര്യം.

സുന്ദറിനെ തഴയുന്നതെങ്ങിനെ

ചാഹലും കുല്‍ദീപും ലോകകപ്പ് ടീമിലെ സ്ഥാനത്തിനായുള്ള മത്സരത്തില്‍ മുമ്പിലുണ്ടെങ്കിലും ഇവര്‍ക്ക് വെല്ലുവിളിയാകുന്ന പ്രകടനവുമായി വാഷിങ്ടണ്‍ സുന്ദര്‍ പിന്നാലെയുണ്ട്. കഴിഞ്ഞ വര്‍ഷം 11 ഏകദിനങ്ങളില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ സുന്ദര്‍ 13 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 20.30 എന്ന ബൗളിങ് ശരാശരിയും 4.40 എന്ന എക്കോണമി റേറ്റും സുന്ദറിന്റെ മികവ് എടുത്തുകാട്ടുന്നതാണ്. എന്നാല്‍ ബാറ്റ് കൊണ്ടും തിളങ്ങാന്‍ സാധിക്കുന്നു എന്നത് സുന്ദറിന് ആനുകൂല്യം നല്‍കുന്ന വസ്തുതയാണ്. കഴിഞ്ഞ വര്‍ഷത്തെ 11 ഏകദിനങ്ങളില്‍ നിന്നായി 35.33 ശരാശരിയില്‍ 212 റണ്‍സും താരം നേടിയിട്ടുണ്ടെന്ന് പറയുമ്പോള്‍ ശാര്‍ദുല്‍ താക്കൂര്‍ കൂടി ഉള്‍പ്പെട്ടാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ശക്തി ഒമ്പതാം നമ്പര്‍ ബാറ്റര്‍ വരെ നീളുമെന്നത് ടീം മാനേജ്‌മെന്റിനെ ഇരുത്തി ചിന്തിപ്പിച്ചേക്കാം. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച ബൗളിങ് പ്രകടനത്തിനൊപ്പം തകര്‍പ്പന്‍ ബാറ്റിങ്ങും പുറത്തെടുത്ത സുന്ദര്‍ ടീമിലെ സ്ഥിരം സാന്നിധ്യത്തിനു വേണ്ടിയുള്ള വലിയ ശബ്ദത്തിന്റെ ഉടമയാണ്.

ഭുവി കാത്തിരിക്കുന്നു

കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി 32 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച ഭുവനേശ്വര്‍ കുമാറും ലോകകപ്പ് ടീമിലെ സ്ഥാനത്തിനായുള്ള മത്സരത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ട് ഏകദിനങ്ങള്‍ മാത്രം കളിച്ച ഭുവിയെ മാനേജ്‌മെന്റ് ട്വന്റി 20 ടീമിലേക്കാണ് പരിഗണിച്ചിരുന്നത്. പ്രത്യേകിച്ചും പരിക്ക് കാരണം ബുംറ ടീമിന് പുറത്തായിരുന്ന സമയങ്ങളില്‍ ഭുവിയായിരുന്നു ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ 32 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 37 വിക്കറ്റുകളാണ് താരം നേടിയത്. പവര്‍പ്ലേ ഓവറുകളിലെ കണിശതയോടെയുള്ള ബൗളിങ്ങാണ് ഭുവിയുടെ ശക്തി. ഇതോടൊപ്പം പന്ത് ഇരുഭാഗത്തേക്കും സ്വിങ് ചെയ്യിക്കാനുള്ള താരത്തിന്റെ കഴിവ് ന്യൂ ബോളില്‍ താരത്തെ അപകടകാരിയാക്കും. പക്ഷേ ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്തത് ഭുവിക്ക് തിരിച്ചടിയാകും.

വരുമോ സഞ്ജു, അതോ ഇഷാനോ?

ലോകകപ്പ് ടീമില്‍ ആരൊക്കെ വന്നാലും പോയാലും മലയാളികള്‍ക്ക് അറിയേണ്ടത് ഒന്നുമാത്രം നമ്മുടെ സ്വന്തം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിക്കുമോ? ലോകകപ്പ് ടീമില്‍ സഞ്ജു ഇടംപിടിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ വിദൂര സാധ്യത മാത്രമാണുള്ളത്. ശ്രേയസ് അയ്യരും രാഹുലും ഉള്‍പ്പെടുന്ന മധ്യനിരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുക എന്നത് അസാധ്യമായ കാര്യമാണ്. ഋഷഭ് പന്തിന് കളിക്കാന്‍ സാധിച്ചാലും ഇല്ലെങ്കിലും രാഹുല്‍ തന്നെയാകും വിക്കറ്റിനു പിന്നിലെന്നത് ഏകദേശം ഉറപ്പുള്ള കാര്യമാണ്. പോയ വര്‍ഷം 10 ഏകദിനങ്ങളില്‍ നിന്ന് 71.00 ശരാശരിയില്‍ രണ്ട് അര്‍ധ സെഞ്ചുറികളടക്കം 284 റണ്‍സടിച്ചുകൂട്ടിയ സഞ്ജു മികച്ച ഫോമില്‍ തന്നെയായിരുന്നു. പക്ഷേ നിലവിലെ ടീമില്‍ ഇടംകണ്ടെത്തുക എന്നത് സഞ്ജുവിനെ സംബന്ധിച്ച് കഠിനമായ കാര്യം തന്നെയാണ്. എന്നാല്‍ പന്തിന്റെ അഭാവത്തില്‍ ഒരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്തായാലും സ്‌ക്വാഡില്‍ ഉള്‍പ്പെടുമെന്നതിനാല്‍ സഞ്ജുവിനും ഇഷാന്‍ കിഷനും പ്രതീക്ഷയ്ക്ക് വകയുണ്ട്.

എന്നാല്‍ പോയവര്‍ഷം ഏകദിനത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനം ഇഷാന് കിഷന് ടീമിലേക്ക് വഴിതുറക്കാനാണ് സാധ്യത കൂടുതല്‍. കഴിഞ്ഞ വര്‍ഷം കളിച്ച എട്ട് ഏകദിന മത്സരങ്ങളില്‍ നിന്നായി 59.57 എന്ന മികച്ച ശരാശരിയില്‍ 417 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ഇരട്ട സെഞ്ചുറി പ്രകടനവും ഉള്‍പ്പെടുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇടംകൈയന്‍ ബാറ്റര്‍ എന്നതും താരത്തിന് അനുകൂലമായ കാര്യമാണ്. പക്ഷേ വിക്കറ്റ് കീപ്പിങ്ങിലെ പോരായ്മകള്‍ ഇഷാന് വെല്ലുവിളിയാകും. സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പറെയാണ് തിരഞ്ഞെടുക്കുകയെങ്കില്‍ നറുക്ക് സഞ്ജുവിനെ വീണേക്കാം.

സൂര്യയ്ക്ക് സാധ്യത

ട്വന്റി 20-യില്‍ ആണെങ്കിലും സമീപകാലത്തെ മികച്ച ഫോം സൂര്യകുമാര്‍ യാദവിനും ലോകകപ്പ് സ്‌ക്വാഡിലേക്ക് വഴിതുറന്നേക്കും. 2022-ല്‍ 13 ഏകദിന മത്സരങ്ങളിലാണ് സൂര്യയ്ക്ക് അവസരം ലഭിച്ചത്. ഒരു അര്‍ധ സെഞ്ചുറിയടക്കം 26 ശരാശരിയില്‍ 260 റണ്‍സാണ് താരം നേടിയത്. പക്ഷേ ട്വന്റി 20-യില്‍ സമാനതകളില്ലാത്ത നേട്ടമാണ് സൂര്യയുടേത്. കഴിഞ്ഞ വര്‍ഷം കളിച്ച 31 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 46.56 ശരാശരിയില്‍ 1164 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് സെഞ്ചുറിയും ഒമ്പത് അര്‍ധ സെഞ്ചുറികളും സൂര്യയുടെ ബാറ്റില്‍ നിന്നും പിറന്നു. 187.43 എന്ന സ്‌ട്രൈക്ക് റേറ്റ് സൂര്യയുടെ സ്‌ഫോടനാത്മക ബാറ്റിങ്ങിന്റെ തെളിവാണ്. ഈ വര്‍ഷം ഇതുവരെ നാല് ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയുമടക്കം 217 റണ്‍സ് താരം ഇതിനോടകം തന്നെ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ശ്രേയസും രാഹുലും ഹാര്‍ദിക്കും അണിനിരക്കുന്ന ഇന്ത്യന്‍ മധ്യനിരയില്‍ സൂര്യയ്ക്കും ഒരു അവസരത്തിനായി ശ്രമിച്ച് നോക്കാവുന്നതാണ്. ഈ വര്‍ഷം ഏകദിന മത്സരങ്ങളില്‍ താരത്തിന്റെ പ്രകടനം അനുസരിച്ചിരിക്കും കാര്യങ്ങള്‍. നിലവില്‍ പരിക്കേറ്റ് മാറിനില്‍ക്കുന്ന ശ്രേയസിന് പകരം ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സൂര്യയ്ക്ക് സാധിച്ചിരുന്നില്ല. എങ്കിലും ബൗളിങ്ങിനനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്യുന്ന എതിര്‍ ടീം ക്യാപ്റ്റനെ നിസ്സഹായനാക്കി ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുകളുതിര്‍ക്കാന്‍ കഴിയുന്ന സൂര്യയുടെ മികവ് ടീമിന് പരിഗണിക്കാതിരിക്കാനാകില്ല.

സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിങ്, ദീപക് ഹൂഡ, ഉമ്രാന്‍ മാലിക്ക് എന്നിവരും സ്‌ക്വാഡിലോ റിസര്‍വ് നിരയിലോ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരാണ്. ഇവര്‍ക്ക് ടീമിലെത്താന്‍ കടുത്ത മത്സരം തന്നെയാണ് മുന്നിലുള്ളതെന്നതാണ് വസ്തുത.

Content Highlights: who all will get a place in india s 2023 world cup team

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented