വസാനം കണ്ടുമുട്ടിയതും സംസാരിച്ചതും ഫേസ്ബുക്കിലാണ്. വര്‍ഷങ്ങളുടെ ഇടവേളക്ക്  ശേഷം. കളിച്ചും കളിയെഴുതിയും ആഘോഷപൂര്‍വം ഒപ്പം സഞ്ചരിച്ച ആ പഴയ കാലത്തെക്കുറിച്ചുള്ള ഓര്‍മ പുതുക്കലിനിടെ ചോദിച്ചു: ''ആരാണ് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ ഫുട്‌ബോളര്‍?'' ''കിഷാനു ഡേ. അദ്ദേഹത്തിന്റെ കളി കണ്ട് ആവേശം മൂത്താണ് ഞാന്‍ പന്തുകളിയെ സ്‌നേഹിച്ചു തുടങ്ങിയതു തന്നെ.'' കാള്‍ട്ടണ്‍ ചാപ്മാന്‍ പറഞ്ഞു. ഒരുമിച്ചു കളിച്ചവരിലോ? ''സംശയമെന്ത്? ഐ.എം വിജയന്‍.'' ഒപ്പം മനോഹരമായ രണ്ട് 'സൂപ്പര്‍' സ്‌മൈലികളും.

പെട്ടെന്ന് ഓര്‍മ വന്നത് കാള്‍ട്ടണുമായുള്ള ആദ്യസമാഗമമാണ്. അതിന് നിമിത്തമായത് വിജയന്‍ തന്നെ. പുതിയ യുവതാരത്തെ കോഴിക്കോട്ടെ ഹോട്ടല്‍ മുറിയില്‍ വെച്ച് പേര് പറഞ്ഞു പരിചയപ്പെടുത്തിയ ശേഷം മുഖത്ത് കൃത്രിമ ഗൗരവം വരുത്തി വിജയന്‍ പറഞ്ഞു: ''ആരാണിഷ്ടാ നിനക്ക് ഇങ്ങനെയൊരു വായില്‍ കൊള്ളാത്ത പേരിട്ടത്? വിളിക്കും മുന്‍പ് കടലാസില്‍ എഴുതി വായിച്ചുപഠിക്കേണ്ട കേസാ. വല്ല ഷാജീന്നോ ഗോപീന്നോ ഇട്ടാ പോരായിരുന്നോ?''

കാള്‍ട്ടണ്‍ അതിലെ നര്‍മ്മം മുഴുവന്‍ ഉള്‍ക്കൊണ്ട് മനസ്സുതുറന്നു ചിരിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു: ''യു കോള്‍  മി കാള്‍. ഏറ്റവും അടുത്ത കൂട്ടുകാര്‍ അങ്ങനെയാണ് വിളിക്കാറ്..'' അത് ശരിയാവില്ലട്ടോ, ഞാന്‍ ഷാജിന്നേ വിളിക്കൂ, വിജയന്‍. മുറിയില്‍ വീണ്ടും ചിരിമേളം.

നേരത്തെ കേട്ടിട്ടുണ്ട് കാള്‍ട്ടണ്‍ ചാപ്മാനെ കുറിച്ച്. 1990-കളുടെ തുടക്കത്തില്‍  ടാറ്റാ ഫുട്ബാള്‍ അക്കാദമിക്ക് വേണ്ടി ഫെഡറേഷന്‍ കപ്പില്‍ ടാലന്റ് ഹണ്ട് നടത്താനെത്തിയ മുന്‍ ഇന്റര്‍നാഷണല്‍ മുഹമ്മദ് ഹബീബില്‍ നിന്ന്. അന്ന് ടി.എഫ്.എയുടെ കോച്ചാണ് ഹബീബ്. ''കുറച്ചു നല്ല കളിക്കാരുണ്ട്  ഞങ്ങളുടെ അക്കാദമിയില്‍. കാള്‍ട്ടണ്‍ ചാപ്മാന്‍, ഗോഡ്ഫ്രേ പെരേര, തൗസീഫ് ജമാല്‍, അലോക് ദാസ്, ഗൗതം ഘോഷ്. ചെറിയ കുട്ടികളാണ്. പക്ഷേ വലിയ ആളുകളേക്കാള്‍ നന്നായി കളിക്കുന്നവര്‍. അവരെക്കുറിച്ച് ഇനിയും കേള്‍ക്കാനിരിക്കുന്നു നിങ്ങള്‍..'' പറയുന്നത്, പൊതുവെ മിതഭാഷിയായ ഹബീബ് ആയതുകൊണ്ട് അത്ഭുതം തോന്നി.

അധികം കാത്തിരിക്കേണ്ടി വന്നില്ല ഹബീബിന്റെ പ്രവചനത്തിന്റെ പൊരുളറിയാന്‍. ടി.എഫ്.എയില്‍ നിന്ന് കോഴ്സ് കഴിഞ്ഞു പുറത്തിറങ്ങേണ്ട താമസം ഈസ്റ്റ് ബംഗാള്‍ കാളിനെ റാഞ്ചുന്നു. രണ്ടുകൊല്ലം കൊല്‍ക്കത്ത ടീമിനൊപ്പം. ആദ്യ സീസണില്‍ തന്നെ ഏഷ്യന്‍ കപ്പ് വിന്നേഴ്സ് കപ്പ് മത്സരത്തില്‍ പ്രബലരായ ഇറാഖി ക്ലബ്ബ് അല്‍-സാവരക്ക് എതിരെ ഹാട്രിക്കടിച്ച തടിച്ചുരുണ്ട പയ്യനെ  ഫുട്ബാള്‍  ലോകം വിസ്മയത്തോടെ ശ്രദ്ധിച്ചു. ഇതാരപ്പാ ഈ ഇന്ത്യന്‍ മറഡോണ?

തിളക്കമാര്‍ന്ന ഒരു ജൈത്രയാത്രയുടെ കിക്കോഫ് ആയിരുന്നു അത്. അധികം വൈകാതെ ദേശീയ സീനിയര്‍ ടീമിന്റെ മിഡ്ഫീല്‍ഡില്‍ സ്ഥിരക്കാരനായി കാള്‍. ജെ.സി.ടിക്കും എഫ്.സി കൊച്ചിനും ഈസ്റ്റ് ബംഗാളിനുമൊക്കെ വേണ്ടി അസാധ്യ കളി കെട്ടഴിച്ചു. അവരുടെ നിരവധി അഖിലേന്ത്യാ വിജയങ്ങളില്‍ പങ്കാളിയായി. സന്തോഷ് ട്രോഫിയില്‍ കര്‍ണാടകക്കും പഞ്ചാബിനും ബംഗാളിനും കളിച്ചു. 

2001-ല്‍ കളിക്കളത്തോട് വിടവാങ്ങിയ ശേഷം തന്നെ താനാക്കി മാറ്റിയ ടാറ്റാ ഫുട്ബാള്‍ അക്കാദമിയിലേക്ക് തിരിച്ചുപോയി. ഇത്തവണ പരിശീലകനായി. തുടര്‍ന്ന് റോയല്‍ റേഞ്ചേഴ്സ്, റോയല്‍ വാഹിങ്‌ദോ, ഭവാനിപുര്‍, സുദേവ മൂണ്‍ലൈറ്റ് എഫ്.സി തുടങ്ങിയ ക്ലബ്ബുകള്‍ക്കൊപ്പം. ഇടക്ക്  കോഴിക്കോട്ടെ ക്വാര്‍ട്‌സ് അക്കാദമിയുടെ ടെക്നിക്കല്‍ ഡയറക്റ്റര്‍.

അവസാനത്തെ സംഭാഷണം അവസാനിപ്പിക്കും മുന്‍പ് കാള്‍ ചോദിച്ചു: ''നിങ്ങള്‍ക്കെന്താ സംഗീതത്തില്‍ കാര്യം? ആര്‍ യു ഫെഡ് അപ്പ് വിത്ത് സോക്കര്‍?'' എന്റെ ഫേസ്ബുക്ക് വാളിലെ  സംഗീത പോസ്റ്റുകളുടെ ബഹളം കണ്ടാവണം ആ ചോദ്യം. ''വൈ? ഫുട്ബാള്‍ തന്നെ സംഗീതമല്ലേ? നിങ്ങളൊക്കെ കളിക്കുമ്പോള്‍?'' കാള്‍ ഇത്തവണ മെസെഞ്ചര്‍ ബോക്‌സില്‍ അത്ഭുതമുദ്ര ചാര്‍ത്തി. അര്‍ത്ഥഗര്‍ഭമായ ഒരു ചിരിയും ''ഓ ഒരു തമാശ'' എന്ന ധ്വനിയോടെ.

സത്യത്തില്‍ തമാശയായിരുന്നില്ല. വിജയനും ജോപോളും തേജീന്ദറും കാള്‍ട്ടണും ഒരുമിച്ചണിനിരക്കുമ്പോള്‍ ഏതു കളിയിലാണ് സംഗീതം വന്നു നിറയാതിരിക്കുക? ആദരാഞ്ജലികള്‍, പ്രിയ സുഹൃത്തേ...

Content Highlights: When you are playing football itself is music remembering Carlton Chapman