1936 ബെര്‍ലിന്‍ ഒളിമ്പിക്‌സിലെ ഹോക്കി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ജര്‍മനി ചാമ്പ്യന്മാരാകുമെന്നായിരുന്നു അഡോള്‍ഫ് ഹിറ്റ്ലറുടെ സ്വപ്നം. പ്രത്യേകിച്ചും, ഒളിമ്പിക്സ് തുടങ്ങുംമുമ്പുള്ള സന്നാഹമത്സരത്തില്‍ ജര്‍മനി 4-1ന് ഇന്ത്യയെ തോല്‍പ്പിച്ചതിനാല്‍. എന്നാല്‍, ഫൈനലില്‍ കഥ മാറി. ധ്യാന്‍ചന്ദും സംഘവും ജര്‍മനിയെ നിലംതൊടീക്കാതെ വന്നതോടെ മത്സരത്തിനിടെ ഹിറ്റ്ലര്‍ വേദിവിട്ടു. ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ ആ സ്വര്‍ണനേട്ടത്തിന് ഈ സ്വാതന്ത്ര്യദിനത്തില്‍ 85 വര്‍ഷം.

ജര്‍മന്‍ ചാന്‍സലറായ ഹിറ്റ്ലര്‍ പിന്നീട് മെഡല്‍ദാനച്ചടങ്ങിന് തിരിച്ചെത്തി. അതിന്റെ പിറ്റേന്നായിരുന്നു ധ്യാന്‍ചന്ദ്-ഹിറ്റ്ലര്‍ കൂടിക്കാഴ്ച. ഇന്ത്യ വിട്ടുവന്നാല്‍ ജര്‍മന്‍ പൗരത്വം നല്‍കാമെന്നായിരുന്നുവത്രെ ഹിറ്റ്ലറുടെ വാഗ്ദാനം. ജര്‍മന്‍ ഹോക്കി ടീമില്‍ സ്ഥാനവും സൈന്യത്തില്‍ ഉയര്‍ന്ന പദവിയും വാക്കുകൊടുത്തു. എന്നാല്‍, താന്‍ ഇന്ത്യക്കാരനാണെന്നും ഇനിയും അങ്ങനെ ആയിരിക്കുമെന്നും ധ്യാന്‍ചന്ദ് മറുപടിനല്‍കി. ഇന്ത്യന്‍ സൈന്യത്തില്‍ ഒരു ചെറിയ ജോലിയാണ് അന്ന് ധ്യാന്‍ചന്ദിനുണ്ടായിരുന്നത്. അദ്ദേഹം ലളിതജീവിതം ഇഷ്ടപ്പെട്ടു. റെയില്‍വേയില്‍ മൂന്നാം ക്ലാസില്‍ മാത്രം യാത്രചെയ്തു. സീറ്റില്ലാത്തതിനാല്‍ പലപ്പോഴും നിന്നായിരുന്നു യാത്ര. ആ മനുഷ്യനെയാണ് വലിയ പ്രലോഭനങ്ങള്‍ നല്‍കി വശത്താക്കാന്‍ ഹിറ്റ്ലര്‍ ശ്രമിച്ചത്. എന്നാല്‍, അത് ചീറ്റിപ്പോയി. സ്വര്‍ണമണിഞ്ഞ് അദ്ദേഹം ഒളിമ്പിക്‌സിനുശേഷം നാട്ടിലെത്തി. ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിന്റെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ തന്നെ സല്യൂട്ട് ചെയ്യാത്തതും ഹിറ്റ്ലര്‍ക്ക് തിരിച്ചടിയായിരുന്നു. അമേരിക്കയുടെ ജെസ്സി ഓവന്‍സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നാല് സ്വര്‍ണം നേടി ജര്‍മന്‍ ഏകാധിപതിയെ നിലംപരിശാക്കിയ ഗെയിംസ് കൂടിയായിരുന്നു അത്. ധ്യാന്‍ചന്ദിന്റെ പ്രകടനവും കണ്ടതോടെ ഹിറ്റ്ലര്‍ക്ക് വലിയ ക്ഷീണമായി.

38 ഗോള്‍

1936 ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. അടിച്ചുകൂട്ടിയത് 38 ഗോളുകള്‍. വഴങ്ങിയത് ഒന്നേയൊന്ന്. പ്രാഥമിക റൗണ്ടില്‍ ഹംഗറിയെ 4-0നും ജപ്പാനെ 9-0നും അമേരിക്കയെ 7-0നും തരിപ്പണമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാര്‍. സെമിഫൈനലില്‍ ഫ്രാന്‍സിനെ കീഴടക്കിയത് 10-0ന്.

ഒടുവില്‍ ഹിറ്റ്ലറെ വിറപ്പിച്ച ആ ഫൈനല്‍ പ്രകടനം. ഫൈനലില്‍ ഇന്ത്യയുടെ ഭൂരിഭാഗം കളിക്കാരും നഗ്‌നപാദരായാണ് കളിച്ചത്. ചിലര്‍ക്കുമാത്രം വള്ളിച്ചെരിപ്പുണ്ടായിരുന്നു. ജര്‍മന്‍കാര്‍ ക്രൂരമായ പ്രതിരോധമാണ് ഒരുക്കിയത്. അതില്‍ ധ്യാന്‍ചന്ദിന് ഒരു പല്ലും നഷ്ടമായി. എന്നാല്‍, ഹാട്രിക് നേടി സ്വര്‍ണം ഇന്ത്യയ്‌ക്കെന്നുറപ്പിക്കാന്‍ ധ്യാന്‍ചന്ദിന് കഴിഞ്ഞു.

Content Highlights: When Dhyan Chand met Hitler in 1936