ഴിഞ്ഞ ദിവസം മുതല്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വാക്കാണ് 'മങ്കാദിങ്'. ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് ഈ വാക്ക് ചര്‍ച്ചാവിഷയമായത്. രാജസ്ഥാന്‍ താരം ജോസ് ബട്‌ലറെ പഞ്ചാബ് ക്യാപ്റ്റന്‍ അശ്വിന്‍ മങ്കാദിങ് വിക്കറ്റിലൂടെ പുറത്താക്കിയതോടെയായിരുന്നു ഇത്.

 എന്താണ് മങ്കാദിങ്?

നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുള്ള ബാറ്റ്‌സ്മാനെ പന്ത് എറിയുന്നതിനു മുന്‍പു ബൗളര്‍ റണ്ണൗട്ടാക്കുന്ന പ്രക്രിയയാണു മങ്കാദിങ്. 1947ലെ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ബില്‍ ബ്രൗണിനെ ഇന്ത്യന്‍ താരം വിനു മങ്കാദ് രണ്ടു വട്ടം ഇത്തരത്തില്‍ റണ്ണൗട്ടാക്കിയതോടെയാണു മങ്കാദിങ് എന്ന വാക്കിന്റെ പിറവി. ഒന്ന് സന്നാഹ മത്സരത്തിലും മറ്റൊന്ന് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും. 

ബ്രാഡ്മാന്റെ പിന്തുണ

സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനു നിരക്കാത്ത മങ്കാദിങ് ക്രിക്കറ്റില്‍നിന്ന് ഒഴിവാക്കണമെന്നു സുനില്‍ ഗാവസ്‌കര്‍ അടക്കമുള്ള താരങ്ങള്‍ ശക്തമായി വാദിക്കുന്നുണ്ട്, എന്നാല്‍ നിലവില്‍ മങ്കാദിങ് കുറ്റകരമല്ല. ക്രിക്കറ്റില്‍ ഇത്തരത്തിലുള്ള റണ്‍ഔട്ട് നിയമവിധേയമാണ്. ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാനും മങ്കാദിങ്ങിനെ അനുകൂലിച്ചവരിലുണ്ട്. അന്ന് വിനു മങ്കാദിനെ എല്ലാവരും വിമര്‍ശിച്ചപ്പോള്‍ ബ്രാഡ്മാന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നു. ഇന്ത്യന്‍ താരത്തെ അനുകൂലിച്ച് തന്റെ പുസ്തകത്തില്‍ ബ്രാഡ്മാന്‍ എഴുതിയത് ഇങ്ങനെയാണ് 'വിനു മങ്കാദിന്റെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനെ മാധ്യമങ്ങള്‍ ഇങ്ങനെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് ഒരിക്കലും മനസിലാക്കാന്‍ കഴിയില്ല. നിയമാവലിയില്‍ വളരെ കൃത്യമായി തന്നെ ഇതിനുള്ള ഉത്തരമുണ്ട്. ബൗളര്‍ പന്ത് കൈയില്‍ നിന്ന് വിടുന്നതുവരെ ബാറ്റ്‌സ്മാന്‍ ക്രീസില്‍ തന്നെ നില്‍ക്കണമെന്നാണ് നിയമം. അങ്ങനെയെല്ലങ്കില്‍ പിന്നെ ബാറ്റ്‌സ്മാനെ ബൗളര്‍ക്ക് റണ്‍ഔട്ടാക്കമെന്ന നിയമം എന്തിനാണ്? ഇങ്ങനെയൊരു നിയമമില്ലെങ്കില്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള ബാറ്റ്‌സ്മാന് അത് വലിയ ആനുകൂല്യമാണ് നല്‍കുന്നത്.'

നിയമവിധേയം

2017-ലാണ് മാരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി) മങ്കാദിങ് നിയമവിധേയമാക്കിയത്. ബാറ്റ്‌സ്മാന്റെ തെറ്റുകൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്ന് വ്യക്തത വരുത്താനായി ഇതിന് 'മങ്കാദ് ലോ' എന്ന് പേരിടുകയും ചെയ്തു. 

അശ്വിനും മുമ്പ്

അശ്വിന്‍ മാത്രമല്ല മങ്കാദിങ്ങിലൂടെ വിക്കറ്റെടുക്കുന്ന താരം. ഇതിന് മുമ്പ് 1992-ല്‍ കപില്‍ ദേവ് ഇത്തരത്തില്‍ വിക്കറ്റെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ പീറ്റര്‍ കേസ്റ്റണ്‍ന്റെ വിക്കറ്റാണ് കപില്‍ വീഴ്ത്തിയത്. രണ്ട് തവണ കേസ്റ്റണ് താക്കീത് നല്‍കിയ ശേഷം മൂന്നാം തവണയും ദക്ഷിണാഫ്രിക്കന്‍ താരം ക്രീസ് വിട്ടതോടെ കപില്‍ സ്റ്റമ്പ് ചെയ്യുകയായികുന്നു. 

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി മത്സരത്തിനിടയില്‍ റെയില്‍വേസിന്റെ സ്പിന്നര്‍ മുരളി കാര്‍ത്തിക് ബംഗാളിന്റെ സന്ദീപന്‍ ദാസിനെ ഇങ്ങനെ പുറത്താക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ മുന്‍പ് ശ്രീലങ്കയ്‌ക്കെതിരെയും അശ്വിന്‍ മങ്കാദിങ് നടത്തിയിരുന്നു. എന്നാല്‍ അന്ന് ക്യാപ്റ്റന്‍ സെവാഗ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. 

കപില്‍ ദേവിന്റെ മങ്കാദിങ്‌

 

Content Highlights: What is Mankading? Why Buttler's dismissal by Ashwin sparked row