Photo: AFP
പേര് പോലെ തന്നെ ക്രിക്കറ്റിലെ ഏറ്റവും കഠിനമായ ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. ബാറ്ററായാലും ബൗളറായാലും ഫീല്‍ഡര്‍മാരായാലും എല്ലാ തരത്തിലും വിവിധ പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്ന ഫോര്‍മാറ്റ്. അതിനാല്‍ തന്നെ നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ തിളങ്ങുന്നവര്‍ ടെസ്റ്റില്‍ മികവ് കാണിക്കണമെന്നില്ല, തിരിച്ചും.
എന്നാല്‍ അഞ്ചു ദിവസം 15 സെഷനുകളിലായി ക്ഷമയും ശ്രദ്ധയും കൃത്യതയുമെല്ലാം ആവശ്യമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ സമവാക്യങ്ങള്‍ ഈ അടുത്ത കാലത്തായി മാറ്റിയെഴുതുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിലെ ആധികാരിക ജയത്തോടെ ഇംഗ്ലണ്ട് ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള 'ബാസ്‌ബോള്‍' എന്ന വാക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയിട്ടും മത്സരം നടന്ന സെഷനുകളില്‍ ഭൂരിഭാഗത്തിലും ആധിപത്യം പുലര്‍ത്താന്‍ സാധിക്കാതിരുന്നിട്ടും നാലാം ഇന്നിങ്‌സിലെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഇംഗ്ലണ്ട് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുക്കുകയായിരുന്നു. 200-ന് മുകളിലുള്ള ലക്ഷ്യം പോലും നാലാം ഇന്നിങ്‌സില്‍ ദുഷ്‌കരമാണെന്നിരിക്കെയാണ് 378 റണ്‍സെന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസമായി മറികടന്നത്. അതും വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 76.4 ഓവറിനുള്ളില്‍. ടെസ്റ്റില്‍ ഇംഗ്ലണ്ട് ചേസ് ചെയ്ത് ജയിക്കുന്ന ഉയര്‍ന്ന സ്‌കോര്‍കൂടിയായിരുന്നു ഇത്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന എട്ടാമത്തെ റണ്‍ചേസ് വിജയവും.
അതിനു മുമ്പ് ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസീലന്‍ഡിനെതിരേ നാലാം ഇന്നിങ്‌സില്‍ തുടര്‍ച്ചയായി 277, 299, 296 എന്നീ സ്‌കോറുകളും ഇംഗ്ലണ്ട് അനായാസം പിന്തുടര്‍ന്ന് ജയിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ആഷസില്‍ ഓസ്‌ട്രേലിയയോട് തകര്‍ന്നടിഞ്ഞ ഒരു ടീമാണ് ഇത്തരത്തില്‍ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
.jpg?$p=c8a05f8&&q=0.8)
ടെസ്റ്റില്‍ ഇപ്പോള്‍ ഇംഗ്ലണ്ട് പുലര്‍ത്തുന്ന ഈ നിര്‍ഭയ സമീപനത്തിന് പിന്നില്‍ അടുത്തകാലത്ത് ടീമില്‍ വന്ന രണ്ട് മാറ്റങ്ങള്‍ തന്നെയാണ് കാരണം. അതു തന്നെയാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സമവാക്യങ്ങള്‍ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന 'ബാസ്‌ബോള്‍' എന്ന പേരിനു പിന്നിലുള്ളതും.
വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട മുന്‍ ന്യൂസീലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ പരിശീലന സ്ഥാനം ഏറ്റെടുത്തത് അടുത്തിടെയാണ്. ഇതോടൊപ്പം തന്നെ ജോ റൂട്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ച സ്ഥാനത്ത് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സും വന്നു. ഈ രണ്ടു മാറ്റങ്ങള്‍ തന്നെയാണ് ഇംഗ്ലണ്ട് ടീമിന്റെ ഇപ്പോഴത്തെ ഭയമേതുമില്ലാത്ത സമീപനത്തിന് പിന്നില്‍. അതോടെ ഇംഗ്ലണ്ടിന്റെ ഈ സമീപനത്തെ മക്കല്ലത്തിന്റെ നിക്ക്‌നെയിമായ 'ബാസ്' ചേര്‍ത്ത് ആരാധകര്‍ 'ബാസ്‌ബോള്‍' എന്ന് വിളിച്ചു.
ടീമിലെത്തിയതു മുതല്‍ ഭയമില്ലാതെ കളിക്കാനാണ് മക്കല്ലം തന്റെ കളിക്കാരോട് പറഞ്ഞത്. ഇംഗ്ലണ്ട് ടീമില്‍ കോച്ചിന്റെ വാക്കുകള്‍ അക്ഷരംപ്രതി അനുസരിക്കുന്നതോ ജോണി ബെയര്‍സ്‌റ്റോയും. കിവീസിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ ബെയര്‍സ്‌റ്റോ സെഞ്ചുറി നേടിയത് 100-ല്‍ താഴെ പന്തുകളിലായിരുന്നു. ബെയര്‍സ്‌റ്റോ മാത്രമല്ല, മക്കല്ലം വന്ന ശേഷം റൂട്ട് അടക്കമുള്ളവര്‍ ബാറ്റ് വീശുന്നത് മികച്ച സ്‌ട്രൈക്ക് റേറ്റിലാണ്. ഇന്ത്യ 450 റണ്‍സ് ലക്ഷ്യം മുന്നോട്ടുവെച്ചാലും മറികടക്കാന്‍ ഉറച്ചുതന്നെയായിരുന്നു തങ്ങളെന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ വാക്കുകളിലുണ്ട് ആ ടീമിന്റെ ഇപ്പോഴത്തെ ആത്മവിശ്വാസം. അത് അതേ അളവില്‍ താരങ്ങളിലേക്ക് പകരാനും അവര്‍ക്കാകുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ ബാറ്റിങ് സമവാക്യങ്ങള്‍ തിരുത്തിയെഴുതാന്‍ ഉറച്ചുതന്നെയാണ് ഇംഗ്ലണ്ട്.
ടെസ്റ്റില്‍ ഇതാണ് സമീപനമെങ്കില്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇംഗ്ലണ്ട് എങ്ങനെയാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlights: What is BazBall England s New Approach to Test Cricket
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..