കാംബ്ലിയുടെ കഥ കഴിച്ചത് ആരാണ്? എന്താണ് ആ കരിയറില്‍ സച്ചിന്റെ റോള്‍


ബി.കെ.രാജേഷ്in depth

വിനോദ് കാംബ്ലി. Photo: PTI

ണ്ടനിലെ ക്രോംവെല്‍ ആശുപത്രിയുടെ വെന്റിലേറ്ററില്‍ അവസാന ശ്വാസമെടുക്കുംമുന്‍പ് ഒരു ആഗ്രഹം ഉണര്‍ത്തിച്ചു ഐറിഷ് ഫുട്‌ബോള്‍ ഇതിഹാസം ജോര്‍ജ് ബെസ്റ്റ്. ഒരു ഫോട്ടോ പത്രത്തില്‍ പ്രസിദ്ധീകരിക്കണം. പിറ്റേ ദിവസം ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ താളു കണ്ട് ലോകം ഞെട്ടിത്തരിച്ചുപോയി. ആസകലം മഞ്ഞപ്പ് ബാധിച്ചു ശോഷിച്ച ശരീരവുമായി മൂക്കിലും വായിലുമെല്ലാം കുഴലിട്ട് കിടക്കുന്ന ബെസ്റ്റിനെ തിരിച്ചറിയാന്‍ തന്നെ പ്രയാസപ്പെട്ടു അടുത്ത സുഹൃത്തുക്കള്‍ പോലും. പക്ഷേ, അവരുടെ നെഞ്ച് നീറ്റിയത് ഈ ചിത്രമല്ല, അതിനൊപ്പമുള്ള ബെസ്റ്റിന്റെ തന്നെ കുമ്പസാരക്കുറിപ്പാണ്. 'ഡോണ്ട് ഡൈ ലൈക്ക് മീ'. 'എന്നെ പോലെ മരിക്കരുത്'. കൃത്യം അഞ്ചാം നാള്‍ ബെസ്റ്റ് ജീവിതക്കളി അവസാനിപ്പിച്ച് കളംവിട്ടു.

ദി ബെസ്‌റ്റെന്ന് പെലേയും ബെക്കന്‍ബോവറും യൂസേബിയോയുമെല്ലാം ഒരേ സ്വരത്തില്‍ വാഴ്ത്തിയ ഈ ഏഴാം നമ്പറിലെ അത്ഭുതത്തിന്റെ കളി ക്രിക്കറ്റ് താരം വിനോദ് കാംബ്ലി കണ്ടിരിക്കാന്‍ വഴിയില്ല. ലോകത്തെ ത്രസിപ്പിച്ച ആ കളി കണ്ടില്ലെങ്കിലും ടാബ്‌ളോയ്ഡില്‍ അച്ചടിച്ചുവന്ന ആ പടവും നെഞ്ചുനീറി ബെസ്റ്റ് കുറിച്ച ആ കുറിപ്പും കാംബ്ലി തിരഞ്ഞുപിടിച്ചു കണേണ്ടതാണ്. കാരണം ബെസ്റ്റിന്റെ ജീവിതത്തിലെ ഈ കറുത്തകാലത്തില്‍ എവിടെയൊക്കെയോ ഉണ്ട് കാംബ്ലി. അതില്‍ നിന്ന് എന്തൊക്കെയോ ഉണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ വീണുടഞ്ഞ വിഗ്രഹത്തിന് വായിച്ചു പഠിക്കാന്‍. നിത്യവൃത്തിക്ക് വഴിയില്ലെന്ന് കൂടെക്കൂടെ വിലപിക്കുമ്പോഴെങ്കിലും ബെസ്റ്റിനെ ഒന്ന് ഓര്‍ക്കേണ്ടതാണ് കാംബ്ലി.

ലോകകപ്പ് നേടുന്നത് പോവട്ടെ. ലോകകപ്പില്‍ കളിക്കുക പോലും ചെയ്തിട്ടില്ല വടക്കന്‍ അയര്‍ലന്‍ഡുകാരനായ ബെസ്റ്റ്. എന്നിട്ടും ഇന്നും പെലേയ്ക്കും മാറഡോണയ്ക്കുമൊപ്പമാണ് ഫുട്‌ബോള്‍ ലോകം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജീവനാഡിയായിരുന്ന ഈ വിങ്ങറെ പ്രതിഷ്ഠിക്കുന്നത്. ഡീഗോയുടെ ആസ്റ്റക്കയിലെ നൂറ്റാണ്ടിന്റെ ഗോളിന് തോളൊപ്പം ചേര്‍ത്താണ് അവര്‍ യൂറോപ്പ്യന്‍ കപ്പ് ഫൈനലില്‍ ബെനിഫിക്കയ്‌ക്കെതിരേ നേടിയ ബെസ്റ്റിന്റെ അത്ഭുതഗോളിനും മാര്‍ക്കിടുന്നത്. ലോകകപ്പ് കളിക്കാത്ത ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന ബെക്കന്‍ബോവറുടെ വിലയിരുത്തല്‍ തന്നെ ധാരാളം ബെസ്റ്റിലെ പ്രതിഭയുടെ മാറ്ററിയാന്‍. കളത്തില്‍ മാത്രമല്ല, പുറത്തും ബെസ്റ്റിനെപ്പോലൊരു പോപ്‌സ്റ്റാര്‍ വേറെയുണ്ടോയെന്ന് സംശയമാണ്. ബെക്കാമിനും എത്രയോ വര്‍ഷം മുന്‍പ് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ സ്‌റ്റൈല്‍ ഐക്കണായിരുന്നു ബെസ്റ്റ്. ജനപ്രീതിയില്‍ ബീറ്റില്‍സിനും റോളിങ് സ്‌റ്റോണ്‍സിനുമെല്ലാമൊപ്പം നിന്നയാള്‍.

ജോർജ് ബെസ്റ്റ്. Photo: AP

എന്നാല്‍, കണ്ണടച്ചു തുറക്കുന്ന വേഗതയിലായിരുന്നു ഈ സിംഹാസനങ്ങളില്‍ നിന്നുള്ള ബെസ്റ്റിന്റെ പതനം. ഇതിഹാസ പരിവേഷമുണ്ടായിട്ടും ഇരുപത്തിയെട്ടാം വയസ്സില്‍ ആ കരിയര്‍ അവസാനിച്ചു. തൊണ്ണൂറ് മിനിറ്റ് തികയുംമുന്‍പ് അവസാന വിസില്‍ മുഴങ്ങുംപോലെ. പോപ് സ്റ്റാര്‍ പരിവേഷവും ധാരാളിത്തവും ബെസ്റ്റിനുവേണ്ടി കാത്തുവച്ച വലിയ ദുരന്തം. പ്രലോഭനങ്ങളുടെ ഈ ഓഫ് സൈഡ് ട്രാപ്പില്‍ അറിഞ്ഞുകൊണ്ടുതന്നെ ചെന്നു വീഴുകയായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച ഡ്രബിളര്‍മാരില്‍ ഒരാളായ ബെസ്റ്റ്. മദ്യവും പെണ്ണും ധൂര്‍ത്തും ആ ജീവിതം അടിമുടി താളംതെറ്റിച്ചു. ബെസ്റ്റ് തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട് ഇക്കാര്യം.

മാസംതോറും സ്‌പോര്‍ട്‌സ് കാറുകള്‍ മാറ്റുന്ന, പണം അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന ബെസ്റ്റിനെ കുറിച്ച് എഴുതിയിട്ടുണ്ട് കളിയെഴുത്തുകാരന്‍ ഡങ്കന്‍ ഹാമില്‍ട്ടണ്‍. വീടു വൃത്തിയാക്കാനെത്തിയ ആള്‍ക്ക് സോക്‌സില്‍ നിന്ന് മുപ്പതിനായിരം പൗണ്ട് ലഭിച്ച കഥ വരെയുണ്ട്. അക്കാലത്ത് പരിശീലനത്തിനു പകരം പബ്ബുകളിലേക്കായിരുന്നു ബെസ്റ്റിന്റെ യാത്രകള്‍ ഏറെയും. അങ്ങനെയാണ് യുണൈറ്റഡ് പതുക്കെ ബെസ്റ്റിനെ തഴഞ്ഞുതുടങ്ങിയത്. അവിടെ തുടങ്ങി തകര്‍ച്ചയുടെ ഇരുണ്ടകാലം. കേവലം ഒരു പതിറ്റാണ്ട് കൊണ്ടുതന്നെ ആ വിഗ്രഹം വീണുടഞ്ഞു. പതിനൊന്ന് വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി കളിച്ച ബെസ്റ്റ് പിന്നീടുള്ള പത്ത് കൊല്ലം ബൂട്ടണിഞ്ഞത് പതിനേഴ് ടീമുകള്‍ക്കുവേണ്ടി. കാശൊക്കെ ധൂര്‍ത്തടിച്ചുതീര്‍ന്നശേഷം അമേരിക്കയില്‍ മോഷണത്തിന് പിടിയിലായ ചരിത്രവുമുണ്ട്. പിന്നീട് മദ്യപിച്ച് വാഹനമോടിക്കുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു.

1984ല്‍ ലോകം ക്രിസ്മസ് ആഘോഷത്തിന്റെ ലഹരിയില്‍ അമരുമ്പോള്‍ സസെക്‌സിലെ ഫോര്‍ഡ് ഓപ്പണ്‍ ജയിലില്‍ അഴിക്കുള്ളിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പഴയ ത്രിമൂര്‍ത്തികളില്‍ ഒരാള്‍. ടെലിവിഷന്‍ ഷോകളില്‍ കുടിച്ച് ലക്കുകെട്ട് വരുന്നതും അക്കാലത്ത് പതിവായിരുന്നു. ഒടുവില്‍ കരള്‍ പണിമുടക്കി. കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും പിന്നീട് ന്യുമോണിയ പിടിമുറുക്കി. ഒരുവിധം ജീവിതം തിരിച്ചുപിടിച്ചെങ്കിലും വീണ്ടും മദ്യത്തില്‍ തന്നെയായി അഭയം. പൊതുപണമെടുത്ത് ചികിത്സ നടത്തിയിട്ട് വീണ്ടും മദ്യശാലകള്‍ തേടിപ്പോയതിനെതിരേ പൊതുവികാരമുയര്‍ന്നു. പക്ഷേ, ബെസ്റ്റിനുണ്ടായില്ല തെല്ലും കുലുക്കം. അതിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് വീണ്ടും പിടിയിലായി. അടുത്ത ഊഴം വൃക്കയുടേതായിരുന്നു. ആശുപത്രിവാസത്തിനിടെ ശ്വാസകോശവും പിണങ്ങി. ഇക്കുറി പക്ഷേ, വിധി കനിഞ്ഞില്ല. ഒരു മാസത്തിനകം തന്നെ കാലം അവസാന വിസിലൂതി. മദ്യപാനത്തിന് അടിപ്പെട്ട് അമ്പത്തിനാലാം വയസ്സില്‍ മരിച്ച അമ്മയുടെ അതേ പാതയില്‍ മകനും. പഴയ ഹോക്കി താരം കൂടിയായ അമ്മ ആന്‍ ബെസ്റ്റിന്റെയും മകന്റെയും ഈ കഥ ബി.ബി.സി ബെസ്റ്റ്: ഹിസ് മദേഴ്‌സ് സണ്‍ എന്ന സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ ചിത്രത്തിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു.

ബെസ്റ്റ് കളി നിര്‍ത്തി പിന്നെയും നാലുകൊല്ലം കഴിഞ്ഞാണ് വിനോദ് കാംബ്ലി കൂട്ടുകാരന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം ഹാരിസ് ഷീല്‍ഡില്‍ ചരിത്രം രചിക്കുന്നത്. കളിക്കളത്തില്‍ ബെസ്റ്റും കാംബ്ലിയും തമ്മില്‍ താരതമ്യങ്ങളില്ല. പുറത്ത് ഏറെ കണ്ടെത്താനാവുകയും ചെയ്യും. ഗ്രൗണ്ടില്‍ ശരവേഗത്തിലായിരുന്നു വേറിട്ട ശൈലിയും ഡ്രിബിളിങ്ങും ടെക്‌നിക്കും കൊണ്ടുള്ള സമാനതകളില്ലാത്ത ബെസ്റ്റിന്റെ വളര്‍ച്ച. പതിനഞ്ചാം വയസ്സില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അണിയില്‍ ചേര്‍ക്കുമ്പോള്‍ ഒരു പ്രതിഭയെ കണ്ടെത്തി എന്നായിരുന്നു മാനേജര്‍ മാറ്റ് ബസ്ബിക്ക് ലഭിച്ച കമ്പി. മദ്യത്തിന്റെ ടാക്ലിങ്ങില്‍ അടിതെറ്റുംവരെ ലോകഫുട്‌ബോളിനെ അടക്കിവാണു ബെസ്റ്റ്. അസാമാന്യ പ്രതിഭ ഉള്ളിലുണ്ടായിട്ടും ബെസ്റ്റിനെ പോലെ ലോകം കീഴടക്കാന്‍ കാംബ്ലിക്കായില്ല. ബെസ്റ്റിന്റെ അവസാനകാല ദുരന്തത്തിലെ ഏടുകള്‍ ഓരോന്നും വള്ളിപുള്ളി തെറ്റാതെ അതേപടി സ്വന്തം ജീവിതത്തില്‍ പകര്‍ത്തുക മാത്രമാണ് ഈ ഇടങ്കയ്യന്‍ ബാറ്റര്‍ ചെയ്തത്. ഇംഗ്ലീഷ് ഫുട്‌ബോളിലെ ആദ്യത്തെ പോപ്‌സ്റ്റാറായിട്ടും വെറും ഒരു ലക്ഷം പൗണ്ടിന്റെ സ്വത്ത് വകകള്‍ മക്കള്‍ക്കായി ബാക്കിവച്ചാണ് ബെസ്റ്റ് യാത്രയായത്. ക്രിക്കറ്റ് ബോര്‍ഡ് കനിഞ്ഞുനല്‍കുന്ന മുപ്പതിനായിരം രൂപയിലാണ് ജീവിതം തള്ളിനീക്കുന്നതെന്ന കാംബ്ലിയുടെ പരിദേവനം കേള്‍ക്കുമ്പോള്‍ ഒരു ഫുട്‌ബോള്‍ താരമായിട്ടും ബെസ്റ്റ് മനസ്സില്‍ തെളിഞ്ഞില്ലെങ്കിലേ അത്ഭുതമുളളൂ. നിസ്വനായാണ് മരിച്ചതെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാള്‍ എന്നൊരു മുദ്ര ബാക്കിവയ്ക്കാന്‍ ബെസ്റ്റിനായി. എന്നാല്‍, അപാരമായ പ്രതിഭ ഉണ്ടായിട്ടും ജീവിതം തുലച്ച താരം എന്ന അപഖ്യാതി മാത്രമായി കാംബ്ലിയുടെ നീക്കിയിരിപ്പ്.

ഈ ദുരന്തവഴിയിലേയ്ക്ക് കാംബ്ലി സ്വയം നടന്നിറങ്ങിയതോ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദുഷിച്ച വ്യവസ്ഥിതി വഴിതെറ്റിച്ചെത്തിച്ചതോ? ഹാരിസ് ഷീല്‍ഡ് ട്രോഫിയില്‍ സെന്റ് സേവിയേഴ്‌സ് സ്‌കൂളിനെതിരേ കൂടുതല്‍ റണ്‍സ് നേടിയിട്ടും ആറ് വിക്കറ്റ് വീഴ്ത്തി ജയമുറപ്പിച്ചിട്ടും കാംബ്ലിയെ മറികടന്ന് ഇളയവനായ സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ടീമില്‍ കയറിക്കൂടിയതു മുതല്‍ തുടങ്ങിയതാണ് ഈ ചര്‍ച്ച. സച്ചിനുശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് തുല്ല്യ പ്രതിഭയുണ്ടെന്ന് വലിയൊരു വിഭാഗം ഉറച്ചുവിശ്വസിക്കുന്ന കാംബ്ലി ഇന്ത്യന്‍ ടീമിലെത്തുന്നത്. സച്ചിന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ അണ്ടര്‍ 19 ടീമിനുവേണ്ടി കളിക്കുകയായിരുന്നു കാംബ്ലി. സച്ചിന്‍ അരങ്ങേറ്റം കുറിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ഒരു കിടിലിന്‍ സിക്‌സോടെ രഞ്ജിയിലെ കാംബ്ലിയുടെ അരങ്ങേറ്റം. സ്വാഭാവികമായും ഇരുവരും ഒരേ തട്ടിലിട്ട് തുലനം ചെയ്യപ്പെട്ടു. കാംബ്ലിയോടുള്ള അവഗണനയും ചര്‍ച്ചയായി. ഇക്കളി കളംവിട്ടും മുന്നേറി. ഇന്ത്യന്‍ ക്രിക്കറ്റിലെ ജാതി വരേണ്യതയും ദളിത് സ്വത്വവുമെല്ലാം പിച്ച് കയ്യേറി കളിച്ചു. വ്യാഖ്യാനങ്ങളും പഠനങ്ങളും ഇന്നും അവസാനിച്ചിട്ടില്ല. പക്ഷേ, ഈ ഏട്ടിലെ കോലാഹലങ്ങളെയെല്ലാം കാംബ്ലി തന്നെ കുത്തഴിഞ്ഞ തന്റെ ജീവിതം കൊണ്ട് നിഷ്പ്രഭമാക്കി എന്നതാണ് വാസ്തവം.

സച്ചിന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടും കംബ്ലിക്ക് രണ്ടു വര്‍ഷം കാത്തിരിക്കേണ്ടിവന്നതില്‍ വലിയ ന്യായീകരണങ്ങളൊന്നും നല്‍കാനായിരുന്നില്ല ക്രിക്കറ്റ് ലോകത്തിന്. ജാതിയും കുടുംബ പശ്ചാത്തലവുമെല്ലാം ഇഴകീറി പരിശോധിക്കപ്പെട്ടതിന്റെ ഒരു കാരണം ഇതാണ്. സിക്‌സര്‍ കൊണ്ട് രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ച്, ഇംഗ്ലണ്ടിനും സിംബാബ്‌വെയ്ക്കുമെതിരേ ഇരട്ട സെഞ്ചുറികളും ശ്രീലങ്കയ്‌ക്കെതിരേ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളും കൊണ്ട് ഈ സന്ദേഹങ്ങള്‍ക്ക് കാംബ്ലി ബലം പകരുകയും ചെയ്തു. സച്ചിനേക്കാള്‍ മികച്ച പ്രതിഭ താനാണെന്ന് കപില്‍ദേവിനെയും രമാകാന്ത് അചരേക്കറെയും കൊണ്ട് പറയിപ്പിക്കുക പോലും ചെയ്തു കാംബ്ലി. കണക്കുകളില്‍ ഇത് തീര്‍ത്തും അടിസ്ഥാനരഹിതമല്ല. ടെസ്റ്റില്‍ 54.20 ആണ് കാംബ്ലിയുടെ ബാറ്റിങ് ശരാശരി. സച്ചിന്റേത് 53.8ഉം. കാംബ്ലി മൂന്നാമത്തെയും നാലാമത്തെയും ഇന്നിങ്‌സുകളില്‍ ഇരട്ട സെഞ്ചുറിയും അടുത്ത രണ്ടിന്നിങ്‌സുകളില്‍ സെഞ്ചുറികളും നേടിയപ്പോള്‍ ഓള്‍ഡ് ട്രാഫോഡില്‍ സച്ചിന്‍ ആദ്യമായി നൂറടിക്കുന്നത് എട്ട് ടെസ്റ്റുകള്‍ക്ക് ശേഷമാണ്. ആദ്യ ഏകദിന സെഞ്ചുറി നേടുന്നതാവട്ടെ 78 മത്സരങ്ങള്‍ക്കുശേഷവും. മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകളില്‍ കാംബ്ലി ഇരട്ട സെഞ്ചുറി നേടിയപ്പോള്‍ സച്ചിന് ഇരുന്നൂറ് കടക്കാനായി കാത്തിരിക്കേണ്ടിവന്നത് പത്ത് വര്‍ഷമാണ്. കാംബ്ലിക്ക് ടെസ്റ്റില്‍ ആയിരം റണ്‍സ് തികയ്ക്കാന്‍ വേണ്ടിവന്നത് വെറും പതിനാല് ഇന്നിങ്‌സാണ്. സച്ചിന്നാവട്ടെ ഇതിന്റെ നേരെ ഇരട്ടിയും. അതായത് ഇരുപത്തിയെട്ട് ഇന്നിങ്‌സ്. ഈ നേട്ടത്തില്‍ ഇന്നും ലോകത്തില്‍ അഞ്ചാമതുണ്ട് കാംബ്ലി. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് രണ്ട് സ്ഥാനം മാത്രം താഴെ. കാംബ്ലി പക്ഷേ, ഈ ആയിരത്തോട് മൂന്ന് ടെസ്റ്റില്‍ നിന്ന് വെറും എണ്‍പത്തിനാല് റണ്‍സാണ് ചേര്‍ത്തത്. സച്ചിനാവട്ടെ 172 ടെസ്റ്റ് കൂടി കളിച്ചു. 14,921 റണ്‍സ് കൂടി ചേര്‍ത്തു.

സച്ചിനും കാംബ്ലിയും

ഇത് കണക്ക്. കാംബ്ലിയുടെ ഇന്നിങ്‌സിന് പക്ഷേ, കേവലം രണ്ട് വര്‍ഷത്തെ ആയുസ്സേ ഉണ്ടായുള്ളൂ. 1991ല്‍ അത്ഭുതബാലനായി അരങ്ങേറ്റംകുറിച്ച കാംബ്ലി വെറും പതിനേഴ് ടെസ്റ്റ് കളിച്ച് 1993ല്‍, അതായത് ഇരുപത്തിമൂന്നാം വയസ്സില്‍ ടെസ്റ്റിനോട് വിടപറഞ്ഞു. 2000ത്തിനുശേഷം ഏകദിനവും കളിച്ചില്ല. ഒന്‍പതു കൊല്ലത്തെ കളിക്കാതെയുള്ള കാത്തിരിപ്പിനൊടുവില്‍ വിരമിക്കലും പ്രഖ്യാപിച്ചു. ഇക്കാലത്തിനിടെ ആകെ കളിച്ചത് 104 മത്സരങ്ങള്‍ മാത്രമാണ്. അതും 34 എന്ന ശരാശരിയില്‍. തന്റെ ശൈലിക്ക് ഏറെ ഇണങ്ങുന്ന ഫോര്‍മാറ്റായിട്ടും ഇതില്‍ നിന്ന് രണ്ട് സെഞ്ചുറിയും പതിനാല് അര്‍ധസെഞ്ചുറിയും മാത്രമാണ് കാംബ്ലിയുടെ സമ്പാദ്യം. ഏറ്റവും ഉയര്‍ന്ന സ്‌കോറാവട്ടെ 106 ഉം. അടുത്ത വര്‍ഷം ഏതാണ്ട് ആറു കൊല്ലക്കാലം ഒരു പന്ത് പോലും കളിക്കാതെ 2010ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് നല്ലൊരു വാര്‍ത്ത പോലുമായില്ല. സ്വാഭാവിക പ്രതിഭയില്‍ ഒരടി താഴെയാണെന്ന് ചില ക്രിക്കറ്റ് പണ്ഡിതരെങ്കിലും വിലയിരുത്തിയ സച്ചിന്‍ കളമൊഴിഞ്ഞതാവട്ടെ രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ട കരിയറില്‍ ഇരുന്നൂറ് ടെസ്റ്റില്‍ നിന്നും 463 ഏകദിനത്തില്‍ നിന്നും സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചും.

കാംബ്ലി ഖനനം ചെയ്‌തെടുത്ത അസംസ്‌കൃത വൈരക്കല്ല് പോലുള്ള ഒരു സ്വാഭാവിക പ്രതിഭയും സച്ചിന്‍ രാകിമിനുക്കി സ്ഫുടം ചെയ്‌തെടുത്ത പ്രതിഭയുമാണെന്നുമൊരു വിലയിരുത്തല്‍ പണ്ടേയുണ്ട്. അരങ്ങേറ്റ കാലത്ത് കൂട്ടുകാരനെ നിഷ്പ്രഭമാക്കുമെന്നു വരെ വന്നു പ്രവചനങ്ങള്‍. അറ്റാക്കിങ് ഷോട്ടുകള്‍ കൊണ്ടും ടൈമിങ് കൊണ്ടും ക്രിക്കറ്റ് പ്രേമികളെ ത്രസിപ്പിക്കുന്ന ക്ലീന്‍ ഹിറ്റര്‍. സ്പിന്നര്‍മാരുടെ അന്തകന്‍. ശൈലിയില്‍ ബ്രയാന്‍ ലാറയോടായിരുന്നു താരതമ്യം. എന്നാല്‍, അത് തന്നെയായിരുന്നു കാംബ്ലിയുടെ ദുരന്തവും. കാംബ്ലി സ്വന്തം സ്വാഭാവിക പ്രതിഭയെ മാത്രം ആശ്രയിച്ചപ്പോള്‍ സച്ചിന്‍ തന്റെ തെറ്റുകളില്‍ നിന്നും പോരായ്മകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഉയരങ്ങളിലേയ്ക്ക് കുതിച്ചു.തന്റെ സ്വാഭാവിക പ്രതിഭയില്‍ തന്നെ തളയ്ക്കപ്പെടാനായിരുന്നു കാംബ്ലിയുടെ വിധി. സച്ചിന്‍ അത് തേച്ചുമിനുക്കി ഇതിഹാസ പദവിയോളം ചെന്നെത്തുകയും ചെയ്തു. മിന്നിത്തിളങ്ങിയ ആദ്യ ഏഴ് സെഞ്ചുറികള്‍ക്കുശേഷം ആ ബാറ്റില്‍ നിന്ന് കാര്യമായി റണ്ണൊന്നുമൊഴുകിയില്ല. ഷോര്‍ട്ട് പിച്ച് പന്തുകളിലെ ബലഹീനത ബൗളര്‍മാര്‍ തിരിച്ചറിഞ്ഞതാണ് കാംബ്ലിയുടെ ആക്രമണത്തിന്റെ മുനയൊടിച്ചത്. വിന്‍ഡീസിന്റെ ഇന്ത്യാ പര്യടനത്തില്‍ വാരിയെല്ലും കഴുത്തും തകര്‍ത്ത കോട്ണി വാള്‍ഷിന്റെയും കേട്‌ലി ആംബ്രോസിന്റെയും വിന്‍സന്റ് ബെഞ്ചമിന്റെയും തീപാറുന്ന ബൗണ്‍സറുകളാണ് ആ ബലഹീനതകള്‍ പുറത്തുകൊണ്ടുവന്നത്.

ഇത് തിരുത്താന്‍ പക്ഷേ, കാംബ്ലി മിനക്കെട്ടേയില്ല. സച്ചിനുമുണ്ടായിരുന്നു ഇതേ പോരായ്മ തുടക്കകാലത്ത്. എന്നാല്‍, പില്‍ക്കാലത്ത് സച്ചിന്‍ പണിപ്പെട്ട് ആ ഓട്ട അടച്ചു. 1996 ലോകകപ്പില്‍ സച്ചിന്‍ ഷെയ്ന്‍ വോണിനെതിരെ പതറുന്നത് നമ്മള്‍ കണ്ടു. പിന്നീട് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ അടക്കമുള്ള ലെഗ് സ്പിന്നര്‍മാരുടെ അടുത്ത് ചെന്ന് പ്രാക്ടീസ് ചെയ്തു. അങ്ങനെ ലെഗ് സ്പിന്നിനെയും വോണിനെയും കളിക്കാന്‍ പഠിച്ചു. ശേഷം ചരിത്രം. ഇങ്ങനെ യാതൊരു പ്രത്യേക പരിശീലനവുമില്ലാതെ തന്നെ ഇതിന് രണ്ട് വര്‍ഷം മുന്‍പ് ഓസ്ട്രല്‍-ഏഷ്യാ കപ്പില്‍ ഇതേ വോണിനെ കാംബ്ലി ഒരോവറില്‍ ഇരുപത്തിരണ്ട് റണ്‍സ് പറത്തിയ ചരിത്രവുമായി വേണം ഇതിനെ കൂട്ടിവായിക്കാന്‍.

കാംബ്ലിയും സച്ചിനും

സച്ചിനെപ്പോലൊരു തേച്ചുമിനുക്കല്‍, പക്ഷേ, കാംബ്ലിക്ക് കരിയറില്‍ സാധിച്ചില്ല. ഷോര്‍ട്ട് പിച്ച് പന്തുകളായിരുന്നു ബലഹീനത. കുത്തിപ്പൊന്തുന്ന പന്തുകളില്‍ ഉഴറിത്തുടങ്ങിയതോടെ എതിരാളികള്‍ക്ക് പിടിമുറുക്കാനായി. വാംഖഡേയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനിടെ ഡ്രസ്സിങ് റൂം സന്ദര്‍ശിച്ച സുനില്‍ ഗവാസ്‌ക്കര്‍ ലെഗ് സ്റ്റമ്പ് തുറന്നിടുന്ന പ്രവണതയ്‌ക്കെതിരേ കാംബ്ലിക്ക് താക്കീത് നല്‍കിയിരുന്നു. ഇംഗ്ലീഷ് ബൗളര്‍മാര്‍ ഇത് ലക്ഷ്യമിടുമെന്നും ഗാവസ്‌ക്കര്‍ മുന്നറിയിപ്പ് കൊടുത്തു. ഗാവസ്‌ക്കറുടെ വാക്ക് അന്ന് അക്ഷരംപ്രതി അനുസരിച്ചു കാംബ്ലി. ഇംഗ്ലണ്ടിനെതിരേ 224 റണ്‍സെടുത്ത് ഗുരുദക്ഷിണ കൊടുക്കുകയും ചെയ്തു. പതിമൂന്ന് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന ഗാവസ്‌ക്കറുടെ പേരിലുള്ള അന്നത്തെ റെക്കോഡ് തന്നെ കടപുഴകുമായിരുന്നു. എന്നാല്‍, പിന്നീട് കാംബ്ലി തന്നെ ഇക്കാര്യങ്ങളൊക്കെ മറന്നു. പിഴവുകള്‍ ആവര്‍ത്തിച്ചു. അങ്ങനെ തിരിച്ചുവരവിന്റെ വാതില്‍ ക്രമേണ മുന്നില്‍ അടഞ്ഞുകൊണ്ടിരുന്നു. ഈയൊരു പോരായ്മയുടെ പേരിലാണ് വിന്‍ഡീസ്, ന്യൂസീലന്‍സ് പര്യടനങ്ങളില്‍ നിന്ന് ആദ്യമായി തഴയപ്പെട്ടത്. എന്നാല്‍, കേവലം ഒന്നോ രണ്ടോ ടെസ്റ്റിലെയും ഏകദിനത്തിലെയും ഫോമില്ലായ്മയുടെ പേരിലല്ല കാംബ്ലിക്ക് കളി അവസാനിപ്പിക്കേണ്ടിവന്നത്. ഏതാണ്ട് പത്ത് തവണയെങ്കിലും ടീമിലേയ്ക്ക് തിരിച്ചുവരാനുള്ള അവസരം ഒരുക്കിക്കൊടുത്തിരുന്നു സെലക്ടര്‍മാര്‍. പക്ഷേ ഈ പത്ത് വരവിലും കാര്യമായി എന്തെങ്കിലും സംഭാവന ചെയ്യാനായില്ലെന്നു മാത്രം. 1994 ഫെബ്രുവരിയിലായിരുന്നു അവസാന അര്‍ധശതകം. പിന്നീടുള്ള ആറു മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തം തട്ടകമായ വാംഖഡേയില്‍ വിന്‍ഡീസിനെതിരേ നേടിയ നാല്‍പത് റണ്‍സാണ്. 1996 മാര്‍ച്ചില്‍ കാണ്‍പുരില്‍ സിംബാബ്‌വെയ്‌ക്കെതിരേ സെഞ്ച്വറി നേടിയശേഷം മൂന്ന് തവണ മാത്രമാണ് അര്‍ധസെഞ്ചുറി കടക്കാനായത്.

പതനത്തിന്റെ വഴിയില്‍ നിന്നുള്ള തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല കാംബ്ലിക്ക്. ടെസ്റ്റില്‍ ദ്രാവിഡ്, ഗംഗുലി, ലക്ഷ്മണ്‍ ത്രയം ഇരിപ്പിടം ഉറപ്പിച്ചതോടെ ടെസ്റ്റിലേയ്ക്കുള്ള വഴി എന്നെന്നേയ്ക്കുമായി അടഞ്ഞു. കൈഫും യുവരാജും ബദാനിയുമെല്ലാം അവതരിച്ചതോടെ ഏകദിനവും കൈയില്‍ നിന്നു വഴുതി. തിരിച്ചടികളുടെ ഇക്കാലത്തും കാംബ്ലിക്ക് തിരിച്ചുവരാന്‍, തന്റെ മാറ്ററിയിക്കാനുള്ള ഏറ്റവും വലിയ അവസരമായിരുന്നു 1996 ലോകകപ്പ് സെമി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആ കറുത്ത ദിനം എല്ലാംകൊണ്ടും കാംബ്ലിയുടെ കരിയറിലെയും കറുത്ത പൊട്ടായി. വല്ലാത്തൊരു ഹംസഗാനമായി. ശ്രീലങ്കയ്‌ക്കെതിരായ ഈഡന്‍ ഗാര്‍ഡന്‍സിലെ ആ അഭിശപ്തസെമിയില്‍ ഒരറ്റത്ത് ഇന്ത്യയുടെ വിക്കറ്റുകള്‍ പൊഴിഞ്ഞുകൊണ്ടിരുന്നപ്പോള്‍ മറുഭാഗത്ത് കാംബ്ലിയായിരുന്നു ക്രീസില്‍. സച്ചിനും മടങ്ങിയശേഷം നങ്കൂരമിട്ട് ടീമിനെ കരകയറ്റി വീരനായകനാവാനുളള അസുലഭാവസരം. എന്നാല്‍, മറുഭാഗത്ത് നിസ്സഹായനായി വിക്കറ്റുവീഴ്ച നോക്കിനില്‍ക്കാനേ കാംബ്ലിക്കായുള്ളൂ. കാണികള്‍ അക്രമാസക്തരാകുമ്പോഴും കാംബ്ലിയായിരുന്നു ക്രീസില്‍. ഒടുവില്‍ മത്സരം ഉപേക്ഷിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ക്രീസ് വിടുകയും ചെയ്തു. കാംബ്ലിയുടെ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും ദുരന്തപൂര്‍ണമായ ചിത്രമായി അതങ്ങനെ. 1996നും വിരമിക്കല്‍ പ്രഖ്യാപിച്ച 2000നും ഇടയില്‍ വെറും മുപ്പത്തിയഞ്ച് ഏകദിനങ്ങള്‍ മാത്രമാണ് കാംബ്ലി കളിച്ചത്. അതും 19.31 എന്ന ശരാശരിയില്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ശപിക്കപ്പെട്ട സെമിയായിരുന്നു വന്‍വീഴ്ചയുടെ ആദ്യ പടി.

പിന്നെ കാംബ്ലി മറ്റെന്തൊക്കെയോ ആയി മാറി. ബോളിവുഡിലായിരുന്നു ആദ്യ പരീക്ഷണം. ഒരു മെക്കാനിക്കിന്റെ കൊച്ചുവേഷം വരെ ചെയ്തു. അതുകഴിഞ്ഞ് ടെലിവിഷനായി. അതും ഫ്‌ളോപ്പായപ്പോള്‍ രാഷ്ട്രീയമായി പരീക്ഷണശാല. ആദ്യം ഭക്തി ശക്തി പാര്‍ട്ടി. പിന്നെ ലോക് ഭാരതി പാര്‍ട്ടി. തിരഞ്ഞെടുപ്പിലും അരക്കൈ നോക്കി. കെട്ടിവെച്ച കാശ് പോയി നാണംകെട്ടത് മിച്ചം. നില തെറ്റി ടെലിവിഷന്‍ ഷോകളില്‍ പലതും വിളിച്ചുപറയുന്ന അവസ്ഥയായി. 1996ലെ നാണംകെട്ട ലോകകപ്പ് സെമി തോല്‍വി ഒത്തുകളിയായിരുന്നുവെന്നായിരുന്നു ആദ്യ വെടി. അതുകൊണ്ടത് അന്ന് ടീമിനെ നയിച്ച മുഹമ്മദ് അസറുദ്ദീന്റെ നെഞ്ചത്ത്. ആരോപണത്തെ തള്ളിക്കളയുക മാത്രമല്ല, വ്യകതിത്വമില്ലാത്തവനെന്ന് പറഞ്ഞ് അധിക്ഷേപിക്കുക കൂടി ചെയ്തു ക്ഷുഭിതനായ അസര്‍.

മുന്‍ ഓപ്പണറും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത്‌സിങ് സിദ്ദുവിനും അക്കാലത്ത് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായിരുന്നു മുന്‍താരം റമീസ് രാജയ്ക്കുമെതിരായ അധിക്ഷേപം ട്വിറ്ററിലൂടെയായിരുന്നു. ഒടുവില്‍ ക്ഷമാപണം കൊണ്ടാണ് തടിയൂരിയത്. ഉറ്റതോഴന്‍ സച്ചിനെയും വെറുതെ വിട്ടില്ല. ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ കാലത്തിലൂടെ കടന്നുപോകുമ്പേള്‍ സച്ചിന്‍ തിരിഞ്ഞുനോക്കിയില്ല എന്നായിരുന്നു ആക്ഷേപം. വിരമിക്കല്‍ പാര്‍ട്ടിക്ക് ക്ഷണിക്കാത്തതായിരുന്നു ചൊടിക്ക് കാരണം. കളിക്കുന്ന കാലത്തും സച്ചിന്‍ വേണ്ട രീതിയില്‍ പിന്തുണച്ചില്ലെന്നും കോന്‍ ബനേഗ ക്രോര്‍പതിയില്‍ ബിഗ് ബിയുടെ സാന്നിധ്യത്തില്‍ കാംബ്ലി തുറന്നടിച്ചു. സച്ചിനാണ് ആ കരിയര്‍ അവസാനിക്കാന്‍ കാരണം എന്നുവരെ ഉയര്‍ന്നു ആക്ഷേപം. ജാതിയും കുടുംബപശ്ചാത്തലവുമെല്ലാം പിച്ചിലേയ്ക്ക് വന്നത് അങ്ങനെയാണ്. വളര്‍ത്തുദോഷമാണ് കാംബ്ലിയുടെ പതനത്തിന് വഴിവച്ചതെന്ന് ഒരു പൊതുചടങ്ങിലെ കപില്‍ദേവിന്റെ തുറന്നുപറച്ചില്‍ ഈ ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടി. കൂട്ടംതെറ്റിയ കുഞ്ഞാടിനെ നല്ലവഴിക്ക് നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു നല്ല ശമരിയക്കാരനുണ്ടാവാത്തിലും വിമര്‍ശനമുയര്‍ന്നു. വരേണ്യരുടെ കളിയില്‍ വഴിതെറ്റി വന്ന ഒരു പിന്നാക്കക്കാരന്‍ പിഴച്ചുപോയെങ്കില്‍ ആര്‍ക്കെന്തു ചേതമെന്ന ചോദ്യമുയര്‍ന്നു. കാംബ്ലിയും ദൊഡ്ഡ ഗണേഷും ടി. നടരാജനും പല്‍വാങ്കര്‍ ബാലുവുമെല്ലാം നേരിട്ട സ്വത്വപ്രതിസന്ധിയിലേയ്ക്ക് ചര്‍ച്ചകള്‍ വഴിമാറി.

ക്രിക്കറ്റ് എന്ന കളി വേലിക്കപ്പുറത്തേയ്ക്ക് മാറിയ ഈ ചര്‍ച്ചകളില്‍ പക്ഷേ, കാംബ്ലിയെ വെട്ടിയ യഥാര്‍ഥ വില്ലന്‍ മാത്രം വിസ്മരിക്കപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് സമ്പന്നതയുടെ പുതിയ മേച്ചില്‍പ്പുറങ്ങളിലേയ്ക്ക് വളരുന്ന കാലത്ത് എന്തുകൊണ്ട് കാംബ്ലിയുടെ കരിയര്‍ മാത്രം ക്ഷണികമായെന്ന ചോദ്യത്തിന് ആ കരിയര്‍ തന്നെയാണ് ഉത്തരം. സച്ചിനെ പോലെ സമ്പന്നതയിലായിരുന്നില്ല ജനനം. വളര്‍ന്നതും ഒരു ക്രിക്കറ്റ് താരത്തിനുവേണ്ട ധാരാളിത്തത്തിലായിരുന്നില്ല. ഏറെ കഷ്ടപ്പെട്ടാണ് മെക്കാനിക്കായ അച്ഛന്‍ മകന് കളിക്കാന്‍ വേണ്ട സൗകര്യങ്ങളുണ്ടാക്കിയത്. തിരക്കേറി വണ്ടികളില്‍ ഭാരമേറിയ ക്രിക്കറ്റ് കിറ്റും പേറിയായിരുന്നു ആ മകന്റെ യാത്ര. ഇന്ത്യന്‍ ടീമില്‍ നിന്നുള്ള വരുമാനവും കളിക്കാര്‍ക്ക് ലഭിക്കുന്ന താരപദവിയുമൊന്നും അവന് താങ്ങാവുന്നതിലപ്പുറമായിരുന്നു. സ്വാഭാവിമായും അവന്‍ ആ മായികവലയത്തില്‍ വീണു പൊലിഞ്ഞു. കളത്തിന് പുറത്ത് മറ്റൊരു കാംബ്ലി ഉദയം ചെയ്തു. നിശാപാര്‍ട്ടികളും ലഹരിയും പെണ്ണുമൊക്കെയായി അവന്റെ ആഘോഷം. പരിശീലനങ്ങളില്‍ ഉഴപ്പി. കളിയിലുള്ള ശ്രദ്ധ കുറഞ്ഞു. ബാറ്റിങ്ങിലെ പിഴവുകള്‍ നികത്താന്‍ ശ്രമമുണ്ടായില്ല. ശ്രദ്ധയത്രയും ആഘോഷങ്ങളിലായി.

പര്യടനങ്ങള്‍ക്കിടെ പാര്‍ട്ടി കഴിഞ്ഞ് പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെയായി മുറിയിലേയ്ക്കുള്ള മടക്കം. വന്നാല്‍ തന്നെ സഹതാരങ്ങളുടെ മുറിയില്‍ അടിച്ച് ബഹളം വയ്ക്കുന്നത് പതിവായി. പലപ്പോഴും രാക്കൂട്ടിന് സ്ത്രീകളും എത്തി. ഒരിക്കല്‍ ഹോട്ടല്‍ വരാന്തയിലൂടെ മദ്യപിച്ച് ലക്കുകെട്ട് നഗ്‌നനായി ഓടിയെന്നു വരെ കഥകള്‍ പ്രചരിച്ചു. ബഹളം അസഹ്യമായതോടെ സഹമുറിയനായിരുന്ന സച്ചിന്‍ മറ്റൊരു മുറിയിലേയ്ക്ക് മാറി. പിന്നെ വെങ്കിടപതി രാജുവും അതുല്‍ ബദാദേയും മുറി പങ്കിടാന്‍ വിസമ്മതിച്ചു.

വിനോദ് കാംബ്ലി

സിംലയില്‍ നടന്ന ബി.സി.സി.ഐയുടെ ഒരു യോഗത്തില്‍ ന്യായീകരിച്ച മുന്‍ മാനേജര്‍ അജിത് വഡേക്കറോട് ഷാര്‍ജയിലെ കാംബ്ലിയുടെ പേക്കൂത്തുകള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞു അന്നത്തെ അധ്യക്ഷന്‍ ഐ.എസ്. ഭിന്ദ്ര. കാംബ്ലിയെ തഴഞ്ഞതിനെതിരായ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഭിന്ദ്ര ഡ്രസിങ് റൂം രഹസ്യങ്ങള്‍ യോഗത്തില്‍ പരസ്യമാക്കിയത്. ലഖ്‌നൗ ഏകദിനത്തിന്റെ തലേദിവസം മദ്യപിച്ച് ലക്കുകെട്ട് ഹോട്ടലിലെത്തി പ്രതിശ്രുത വധുമായി അടികൂടിയത് തുടക്കത്തില്‍ വ്യക്തിപരമായ കാര്യമാണെന്ന് കണ്ട് തള്ളിക്കളയുകയായിരുന്നു ബോര്‍ഡെന്ന് ഭിന്ദ്ര പറഞ്ഞു. എന്നാല്‍, കാംബ്ലി ഇത് ശീലമാക്കി. തനിക്ക് മുന്‍പേ ബദാദയെ ബാറ്റിങ്ങിനയച്ചതിന് ഡ്രസിങ് റൂമില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനുമായി വന്‍ സംഘര്‍ഷമുണ്ടാക്കി. പത്ത് റണ്‍സ് മാത്രമെടുത്ത് പുറത്തായശേഷം ഡ്രസ്സിങ് റൂമിലെത്തിയ കാംബ്ലി ഒന്നര മണിക്കൂര്‍ നേരമാണ് അസറിനെതിരേ ശകാരവര്‍ഷം നടത്തിയത്. ഇനി കാംബ്ലിക്കൊപ്പം കളിക്കാനാവില്ലെന്ന് കാണിച്ച് അന്ന് അസര്‍ മാനേജര്‍ ജ്യേതി വാജ്‌പെയിക്ക് കത്ത് നല്‍കി. ഒന്നുകില്‍ അയാള്‍. അല്ലെങ്കില്‍ ഞാന്‍. രണ്ടുപേരും കൂടി ഇനി പറ്റില്ല-രൂക്ഷമായ ഭാഷയില്‍ തന്നെ അസര്‍ കുറിച്ചു. ഒടുവില്‍ അസറുമായി ഏതാണ്ട് നാലു മണിക്കൂര്‍ നേരം സംസാരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

കാംബ്ലിയെ തിരിച്ചുവിളിക്കാന്‍ ബോര്‍ഡ് ഒരുങ്ങിയെങ്കിലും ഒടുവില്‍ സച്ചിന്‍ ഇടപെട്ടു. ഇനി കാംബ്ലി അലമ്പുണ്ടാക്കാതെ താന്‍ നോക്കിക്കൊള്ളാമെന്ന് സച്ചിന്‍ വാക്കുകൊടുക്കുകയായിരുന്നുവെന്ന് സെക്രട്ടറി ജഗ്‌മോഹന്‍ ഡാല്‍മിയയും യോഗത്തില്‍ അറിയിച്ചു. മേലില്‍ അച്ചടക്കം പാലിച്ചുകൊളളാമെന്ന് വാക്കാല്‍ ഒരു ഉറപ്പും കൊടുത്തു കാംബ്ലി. ഇപ്പോള്‍ ടീമില്‍ നിന്ന് തഴഞ്ഞില്ലെങ്കില്‍ അയാള്‍ ഗുരുതരമായ അച്ചടക്കലംഘനം നേരിടേണ്ടിവരുമെന്നും അത് അയാളുടെ കരിയര്‍ എന്നെന്നേക്കുമായി തകര്‍ക്കുമെന്നും ഭിന്ദ്ര വഡേക്കറോട് വിശദീകരിച്ചു. ടീമില്‍ നിന്ന് ഒഴിവാക്കുന്നത് വഴി കാംബ്ലിയെ രക്ഷിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നതെന്നും വിശദീകരിച്ചു ഭിന്ദ്ര. ടീമില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് തഴയപ്പെട്ടതോടെ കളിയിലെ ശ്രദ്ധ കൂടുതല്‍ നഷ്ടമായി. സച്ചിന്‍ കൂടി കൈയൊഴിഞ്ഞതോടെ നേരാംവണ്ണം വഴിനടത്താന്‍ ആളില്ലാതായി. ഒരു പ്രതിഭ കണ്‍മുന്നില്‍ കൂമ്പില്‍ തന്നെ കരിയുന്നതിനും ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷിയായി. കളിയില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ മറ്റൊരു സച്ചിനാകുമായിരുന്നു എന്നാണ് അന്ന് ശരദ് പവാര്‍ പറഞ്ഞത്.

ഇതിനിടെ കാലിനേറ്റ പരിക്ക് കൂടിയായതോടെ ആ പതനം ഏതാണ്ട് പൂര്‍ണമായി. ടീമില്‍ നിന്ന് സ്ഥിരമായി പുറത്തിരിക്കുക എന്ന വലിയ ശിക്ഷയാണ് കാംബ്ലിയെ കാത്തിരുന്നത്. തിരിച്ചുവരവിന് പരിശ്രമിക്കുന്നതിന് പകരം കൂടുതല്‍ മദ്യപാനത്തിലേയ്ക്ക് നടന്നുനീങ്ങുന്നാണ് പില്‍ക്കാലത്ത് കണ്ടത്. ബോളിവുഡും ടിവിയും രാഷ്ട്രീയവും പിഴച്ചതോടെ ഇടയ്ക്ക് പരിശീലകനാവാന്‍ ഒരുങ്ങി. സച്ചിന്റെ സഹായത്തോടെ ഒരു അക്കാദമിയില്‍ കുറച്ചുകാലം പോയി. ഒടുവില്‍ യാത്രാപ്രശ്‌നം ചൂണ്ടിക്കാട്ടി അതും നിര്‍ത്തി. കളി പോലെ ജീവിതവും കൈവിട്ടുതുടങ്ങി അക്കാലത്ത്. വഴക്കും വക്കാണവും പതിവായി. വീട്ടുജോലിക്കാരിയെ മര്‍ദിച്ചതിനായിരുന്നു ആദ്യ കേസ്. പിന്നെ ഗായകന്‍ അങ്കിത് തിവാരിയുടെ അച്ഛനെ കൈയേറ്റം ചെയ്തതിനെതിരേയായിരുന്നു അടുത്ത കേസ്. ഇയ്യിടെ മദ്യപിച്ച് വാഹനമോടിച്ചെത്തി അപ്പാര്‍ട്ട്‌മെന്റിന്റെ ഗേറ്റ് ഇടിച്ചു തകര്‍ത്തതിന് വീണ്ടുമൊരു കേസായി. ഇതിനിടെ കഴിഞ്ഞ വര്‍ഷം കൈയിലുണ്ടായിരുന്ന കാശ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കവര്‍ന്നു. ഓരോ ദിവസവും അവിശ്വസനീയമായ തകര്‍ച്ചയിലേയ്ക്ക് നടന്നുകൊണ്ടിരുന്നു കാംബ്ലി. ഉയരങ്ങളില്‍ നിന്നു പതിച്ച ബെസ്റ്റിനെപ്പോലെ ഉയരങ്ങളിലെത്താതെ തന്നെ കാലിടറി വീണുകൊണ്ടിരുന്നു.

കാംബ്ലിയും ബെസ്റ്റും മാത്രമല്ല, മദ്യവും ധൂര്‍ത്തുമെല്ലാം മുനയൊടിച്ചുകളഞ്ഞ പ്രതിഭകള്‍ വേറെയുമുണ്ട് വേണ്ടുവോളം കായികചരിത്രത്തില്‍. 2007ലെ ലോകകപ്പിന്റെ വേളയിലാണ് ആന്‍ഡ്ര്യു ഫ്‌ളിന്റോഫ് മദ്യപിച്ച് ബഹളംവച്ചത്. ടീം തോല്‍ക്കുകയും ഫ്‌ളിന്റോഫിന് ഉപനായക വേഷം നഷ്ടമാവുകയും ചെയ്തു. നിശാപാര്‍ട്ടിക്കിടെ ആക്രമിക്കപ്പെട്ട ജെസ്സി റൈഡര്‍ അമ്പത്തിയാറ് ദിവസമാണ് കോമയില്‍ കിടന്നത്. നിശാപാര്‍ട്ടിയ്ക്കിടയിലാണ് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ ജോ റൂട്ടിന്റെ ഇടിച്ചിട്ടത്. ആന്‍ഡ്ര്യു സിമ്മണ്ട്‌സിനും റിക്കി പോണ്ടിങ്ങിനുമുണ്ട് മദ്യപിച്ച് ബഹളം വച്ചതിന്റെ പേരില്‍ ടീമിലെ സ്ഥാനം തെറിച്ച അനുഭവം.

ക്രിക്കറ്റിനേക്കാള്‍ വലിയ ദുരന്തകഥകളുണ്ട് ഫുട്‌ബോളിന് പറയാന്‍. മയക്കുമരുന്ന് പ്രതിഭയെ കവര്‍ന്ന ഡീഗാ മാറഡോണ തന്നെ നയിക്കും ഈ ധൂര്‍ത്തപുത്രന്മാരുടെ തീരാത്ത പട്ടികയെ. മദ്യത്തില്‍ മുങ്ങി നശിച്ച ബ്രസീലിയന്‍ ഇതിഹാസം ഗരിഞ്ച, നിശാക്ലബില്‍ ജീവിതം ഹോമിച്ച പോള്‍ ഗാസ്‌കോയ്ന്‍, കൊക്കെയ്‌നില്‍ ലഹരി കണ്ടെത്തിയ അഡ്രിയന്‍ മുട്ടുവും മാര്‍ക്ക് ബോസ്‌നിച്ചും ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ പോള്‍ മേഴ്‌സണ്‍, ആര്‍സനല്‍ സൂപ്പര്‍സ്റ്റാര്‍ ടോണി ആഡംസ്, ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ മാല്‍ക്കം മക്‌ഡൊണാള്‍ഡ്, പോള്‍ മഗ്രാത്ത്... ഈ പട്ടികയ്ക്കില്ല അവസാനം.

മദ്യപിക്കാതെ കളിച്ചിരുന്നെങ്കില്‍ കാംബ്ലി മറ്റൊരു സച്ചിന്‍ ആകുമായിരുന്നു, തീര്‍ച്ച. പക്ഷേ, പിന്നെ കാംബ്ലി ഇല്ലല്ലോ. കാംബ്ലിക്ക് കാംബ്ലിയാവാനെ പറ്റു. മാറഡോണയ്ക്ക് ഒരിക്കലും മറ്റൊരു മെസ്സിയാകാന്‍ കഴിയാത്ത പോലെ, ഗരിഞ്ചയ്ക്ക് പെലേയാവാന്‍ കഴിയാത്ത പോലെയും. ഇത്തരം ചില സെല്‍ഫ് ഗോളകള്‍ക്കുമുണ്ട് ചരിത്രത്തില്‍ ഇടം. ഹിറ്റ് വിക്കറ്റുകള്‍ക്കും. കാംബ്ലി പക്ഷേ, ഹിറ്റ്‌വിക്കറ്റാവും മുന്‍പ് അല്‍പം കൂടി പ്രതിരോധിക്കേണ്ടിയിരുന്നു എന്നു മാത്രം.

Content Highlights: vinod kambli, sachin tendulkar, indian cricket, bcci, gavaskar george best, maadona


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented