ക്രിക്കറ്റ് മതവും സച്ചിന്‍ അതിലെ ദൈവവുമായ ഇന്ത്യാ മഹാരാജ്യത്തിലെ കിരീടം വെയ്ക്കാത്ത രാജാക്കന്‍മാരില്‍ ഒരാളാണ് വസീം ജാഫര്‍. രാജ്യാന്തര ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകളില്‍ മിക്കതിലും സച്ചിനെന്ന മഹാമേരു തന്റെ പേര് പതിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ സച്ചിനെ പോലും വെല്ലുന്ന നേട്ടങ്ങളാണ് വസീം ജാഫറെന്ന മുംബൈ സ്വദേശി ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്വന്തമാക്കിയിരിക്കുന്നത്. 

രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ജാഫറിനെ പോലെ ഇത്രകണ്ട് നേട്ടങ്ങള്‍ സ്വന്തമാക്കിയ മറ്റൊരു താരമില്ല. സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടുമ്പോള്‍ ജാഫര്‍ ഇവിടെ ഇന്ത്യന്‍ മണ്ണില്‍ റണ്‍സിന്റെ എവറസ്റ്റ് തീര്‍ക്കുകയായിരുന്നു. ഈ റണ്‍ദാഹം തന്നെയാണ് 'മുംബൈയിലെ റണ്‍ദൈവം' എന്ന ജാഫറിന്റെ പേരിനു പിന്നില്‍.

ഇന്ത്യന്‍ ദേശീയ ടീമില്‍ 2000 മുതല്‍ 2008 വരെ വെറും എട്ടു വര്‍ഷം മാത്രമാണ് ജാഫര്‍ കളിച്ചത്. 2000 ഫെബ്രുവരി 24-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ജാഫറിന്റെ ടെസ്റ്റ് അരങ്ങേറ്റം. 2008 ഏപ്രില്‍ 11-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെയായിരുന്നു അവസാന ടെസ്റ്റും.

Wasim Jaffer the domestic giant

31 ടെസ്റ്റുകളില്‍ നിന്ന് 1944 റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ ഇക്കാലയളവിനുള്ളില്‍ അഞ്ച് സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും ആ ബാറ്റില്‍ നിന്ന് പിറന്നു. 

എന്നാല്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലേക്കു വരുമ്പോള്‍ ജാഫര്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ക്ക് കൈയും കണക്കുമില്ല. 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 50.67 ശരാശരിയില്‍ അടിച്ചുകൂട്ടിയിരിക്കുന്നത് 19,410 റണ്‍സാണ്. 57 സെഞ്ചുറികളും 91 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 1996-97 ലെ തന്റെ അരങ്ങേറ്റ സീസണില്‍ സൗരാഷ്ട്രയ്‌ക്കെതിരേ മുംബൈക്ക് വേണ്ടി  നേടിയ 314* റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Wasim Jaffer the domestic giant

24 വര്‍ഷക്കാലം ക്രിക്കറ്റ് മൈതാനങ്ങളില്‍ നിറഞ്ഞു നിന്ന അദ്ദേഹം 40 സെഞ്ചുറികളുമായി രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ താരമാണ്. മുംബൈ രഞ്ജി ടീമില്‍ കളിച്ചുതുടങ്ങിയ ജാഫര്‍ കരിയറിന്റെ അവസാന കാലത്ത് വിദര്‍ഭയിലേക്ക് ചുവടുമാറ്റിയിരുന്നു. മുംബൈയെ രണ്ടു തവണ രഞ്ജി കിരീടത്തിലേക്ക് നയിച്ച നായകനും കൂടിയാണ് ജാഫര്‍.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി, സഹീര്‍ ഖാന്‍ തുടങ്ങിയവര്‍ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ട ജാഫര്‍ പില്‍ക്കാലത്ത് രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, ആദിത്യ താരെ തുടങ്ങിയവര്‍ക്കൊപ്പവും ഡ്രസ്സിങ് റൂം പങ്കിട്ടിട്ടുണ്ട്. 

10 രഞ്ജി ട്രോഫി ഫൈനലുകള്‍ കളിച്ച ജാഫറിന്റെ ടീം ഒന്നില്‍ പോലും തോറ്റിട്ടില്ല. മുംബൈക്കൊപ്പം എട്ടു കിരീടങ്ങളും വിദര്‍ഭയ്‌ക്കൊപ്പം രണ്ട് കിരീട  നേട്ടങ്ങളിലും പങ്കാളിയായി. വിദര്‍ഭയ്‌ക്കൊപ്പം റണ്ടു തവണ ഇറാനി കപ്പും വിജയിച്ചിട്ടുണ്ട്.

Wasim Jaffer the domestic giant

രഞ്ജി ട്രോഫിയുടെ രണ്ട് സീസണുകളില്‍ 1,000 റണ്‍സ് പിന്നിട്ട ഒരേയൊരു താരവും ജാഫറാണ്. 2008-09, 2019-20 സീസണുകളിലാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരവും 12,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരവും ജാഫറാണ്.

Content Highlights: Wasim Jaffer the domestic giant