ഒരിക്കലും ചര്‍ച്ചചെയ്യാനോ സംസാരിക്കാനോ ആഗ്രഹിക്കാത്ത ഒരു വിഷയമാണ് ഞാനിവിടെ ഉയര്‍ത്തുന്നത്. ജാതിയും മതവുമായി ബന്ധപ്പെടുത്തി സ്‌പോര്‍ട്‌സിനെ കുറിച്ച് സംസാരിക്കരുതെന്ന്, ഒരു കായികപ്രേമിയും ലേഖകനുമെന്ന നിലയില്‍ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷെ, നമ്മുടെ മഹത്തായ രാജ്യത്തെ സമകാലീന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ അതിനും എന്നെ നിര്‍ബന്ധിതനാക്കിയിരിക്കുന്നു.
ഇന്ത്യക്കു വേണ്ടി ക്രിക്കറ്റ് കളിച്ചതും കളിക്കുന്നതുമായ താരങ്ങളില്‍ ബഹു ഭൂരിപക്ഷവും ബ്രാഹ്മണന്‍മാരാണെന്ന വസ്തുതയെ വിലയിരുത്തിക്കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഇംഗ്ലീഷ് മാസിക കവര്‍സ്റ്റോറി പ്രസിദ്ധീകരിച്ചപ്പോള്‍ തോന്നിയ ദേഷ്യം അവരെ എഴുതി അറിയിച്ചിരുന്നതും ഇവിടെ ഓര്‍ത്തു പോവുന്നു. ആദ്യമായായിരുന്നു ഒരു പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ക്ക് വായനക്കാരന്‍ എന്ന നിലയില്‍ ഒരു കത്തെഴുതുന്നത്. രാഷ്ട്രീയവും മതവും വര്‍ണവും വേഷവുമെല്ലാം മനുഷ്യ സമൂഹത്തെ ഭിന്നിപ്പിച്ചു നിര്‍ത്തുമ്പോള്‍ നമ്മളെ ഒരുമിച്ച് ചേര്‍ക്കുന്ന ചാലകശക്തിയായി സ്‌പോര്‍ട്‌സ് നിലകൊള്ളുന്നുവെന്നതാണ് ഇന്നും എന്റെ അടിയുറച്ച വിശ്വാസം.
വസീം ജാഫറെന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ മാനേജര്‍ നവ്‌നീത് മിശ്ര ഉന്നയിച്ച ആരോപണമാണ് ഇപ്പോള്‍ ഈയൊരു വിഷയം ചര്‍ച്ച ചെയ്യുന്നതിന് എന്നെ പ്രേരിപ്പിക്കുന്നത്. ടീമിന്റെ പരിശീലകനായിരുന്ന ജാഫര്‍ മതപരമായ പക്ഷപാതം കാണിക്കുന്നുവെന്ന് മാനേജര്‍ ആരോപിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പരിശീലക സ്ഥാനം രാജിവെച്ചു. രാജിക്കു ശേഷം ജാഫറിന്റേതായി പുറത്തു വന്ന ട്വീറ്റില്‍ തന്നെ മോശമായി ചിത്രീകരിച്ചതിലുള്ള വേദന എത്രത്തോളമെന്ന് പ്രകടവുമായിരുന്നു. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യക്കും മുംബൈക്കും വേണ്ടി ജാഫറിനൊപ്പം കളിച്ചിരുന്ന താരങ്ങള്‍ ഒന്നടങ്കം അദ്ദേഹത്തെ പിന്തണച്ചു കൊണ്ട് രംഗത്തു വരുമെന്ന് ന്യായമായും പ്രതീക്ഷിച്ചിരുന്നു.
അവിടെയാണ് ഏറ്റവും വലിയ ദുരന്തം സംഭവിച്ചത്. ഇര്‍ഫാന്‍ പഠാനും മുഹമദ് കൈഫും മാത്രമേ പരസ്യമായി ജാഫറിനു വേണ്ടി പ്രതികരിച്ചതായി കണ്ടുള്ളൂ. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ഇത്തരം വിവാദങ്ങളുയര്‍ത്തി ക്രിക്കറ്റ് എന്ന നമ്മുടെ പ്രിയപ്പെട്ട ഗെയ്മിനെ മലീമസപ്പെടുത്തരുതെന്നും ട്വീറ്റ് ചെയ്തു. സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഉള്‍പ്പെടെയുള്ളവര്‍ ജാഫറിനെ പിന്തുണച്ചു കൊണ്ട് ശബ്ദിച്ചിരുന്നെങ്കില്‍ എന്നു കൊതിച്ചു പോവുന്നു. ഏതായാലും നമ്മുടെ കായിക സമൂഹം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ ഒരു ഏകദേശ ധാരണ ഈ സംഭവ വികാസങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്.
വസീം ജാഫറുമായി അടുത്ത് ഇടപഴകാനുള്ള അവസരമൊന്നും എനിക്ക് ലഭിച്ചിട്ടില്ല. അദ്ദേഹം ഏതുതരം മനുഷ്യനാണെന്ന വ്യക്തമായ ധാരണയുമില്ല. ഒരിക്കല്‍ മാത്രം അദ്ദേഹത്തെ മാതൃഭൂമിക്ക് വേണ്ടി ഇന്റര്‍വ്യൂ ചെയ്ത പരിചയമേയുള്ളൂ. പക്ഷെ, ദീര്‍ഘവും വിശിഷ്ഠവുമായ ക്രിക്കറ്റ് കരിയറിന് ഉടമായായ ജാഫറിനെ പോലുള്ള ഒരാള്‍ ആ രീതിയില്‍ മതപരിഗണനയോടെ പെരുമാറുമെന്ന് വിശ്വസിക്കാന്‍ ന്യായമില്ല. മാത്രമല്ല ജാഫര്‍ പരീശീലകനായിരുന്ന സമയത്ത് സാധാരണയില്‍ കവിഞ്ഞ് അദ്ദേഹത്തിന്റെ മതസ്ഥരായ കളിക്കാര്‍ ഉത്തരാഖണ്ഡ് ടീമില്‍ കളിച്ചിട്ടുമില്ല.
ടീമിനുള്ളില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് തന്റെ താല്‍പര്യം സംരക്ഷിക്കാനും താല്‍ക്കാലിക വിജയത്തിനുമായി മാനേജര്‍ നടത്തിയ പരിശ്രമമാണ് സ്‌പോര്‍ട്‌സിന്റെ അന്ത:സത്തക്ക് നിരക്കാത്ത ഈ പ്രസ്ഥാവനയെന്നേ കരുതാനാവൂ. ഇനി ജാഫര്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് മിസ്റ്റര്‍ മിശ്രക്ക് തോന്നിയെന്ന് വെക്കുക. ഇത്രയ്ക്ക് മോശമായ ഒരു ആരോപണം ഉന്നയിച്ച് ക്രിക്കറ്റ് എന്ന ഗെയ്മിനെ തന്നെ മലീമസമാക്കാന്‍ അയാള്‍ക്ക് ആരാണ് അധികാരം നല്‍കിയത് ?
ഇന്ത്യന്‍സ്‌പോര്‍ട്‌സില്‍ ജാഫറിന് മാത്രമല്ല അദ്ദേഹത്തെ പോലെ മറ്റു ചിലര്‍ക്കും തങ്ങളുടെ ടീമിനുള്ളില്‍ നിന്ന് ഇത്തരം ദു:ഖകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരു കാര്യം മാത്രം ഇവിടെ സൂചിപ്പിക്കാം. കേരളത്തിലെ ഒരു പ്രമുഖ ഫുട്‌ബോള്‍ ടീമിന് ദേശീയ തലത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയ പരിശീലകന്‍ സങ്കടത്തോടെ പറഞ്ഞ വാക്കുകള്‍ ഓര്‍മയിലുണ്ട്. 'ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ എനിക്ക് മതമോ ഭാഷയോ ഒരിക്കലുമുണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ എന്റെ മതത്തില്‍പ്പെട്ട കളിക്കാരെ മാത്രം പിന്തുണക്കുന്നുവെന്ന് ചിലര്‍ പറഞ്ഞു നടന്നു. ഞാന്‍ വളര്‍ത്തിയെടുത്ത കളിക്കാരില്‍ ചിലര്‍ തന്നെ അങ്ങനെ പ്രചരിപ്പിച്ചു. പലപ്പോഴും ഞാന്‍ ആരും കാണാതെ കരഞ്ഞിട്ടുണ്ട്.'
ഇന്ത്യക്കും കൊല്‍ക്കത്തയിലെ ക്ലബ്ബുകള്‍ക്കും വേണ്ടി ദീര്‍ഘകാലം കളിക്കുകയും ഒരുപാട് ആരാധകരെ സമ്പാദിക്കുകയും ചെയ്ത ഫുട്‌ബോളര്‍ കൂടിയാണ് ആ പരിശീലകന്‍. സ്വകാര്യ സംഭാഷണത്തിനിടെ പറഞ്ഞ കാര്യങ്ങള്‍ പരസ്യമാക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടാവുമോ എന്നറിയാത്തതു കൊണ്ട് ഞാന്‍ പേരു പറയുന്നില്ല. ഏതായാലും പരിശീലക സ്ഥാനത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയ ശേഷം ഒരു കാലത്ത് മലയാളികളുടെ അഭിമാനമായിരുന്ന ആ ടീം പച്ചതൊട്ടിട്ടില്ല.
ഇപ്പോള്‍ പരസ്യമായ രീതിയില്‍ തന്നെ ആരോപണത്തിന് വിധേയനായ ജാഫര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിയ താരമാണെന്നതും ഓര്‍ക്കണം. 32 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളുമാണ് അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചത്. സത്യത്തില്‍ അതിലൊക്കെ എത്രയോ മല്‍സരങ്ങള്‍ രാജ്യത്തിന് വേണ്ടി കളിക്കാന്‍ മാത്രം പ്രതിഭയുള്ള ക്രിക്കറ്ററായിരുന്നു ജാഫര്‍ എന്നതില്‍ സംശയമില്ല. രഞ്ജി ട്രോഫിയിലാവട്ടെ അദ്ദേഹം കുറിച്ച റെക്കോഡുകള്‍ ഇന്നും ഇളക്കം തട്ടാതെ നില്‍ക്കുന്നു. രഞ്ജിയില്‍ ഏറ്റവും അധികം മല്‍സരങ്ങള്‍(156) കളിക്കുകയും ഏറ്റവും അധികം റണ്‍സ് (12038) നേടുയും ചെയ്ത ബാറ്റ്‌സ്മാന്‍ ജാഫറാണ്. രഞ്ജിയില്‍ കൂടുതല്‍ സെഞ്ചുറി(40) നേടിയതും അദ്ദേഹം തന്നെ. ജാഫറല്ലാതെ മറ്റൊരു ബാറ്റ്‌സ്മാനും രഞ്ജി ട്രോഫിയില്‍ പതിനായിരം റണ്‍സ് തികച്ചിട്ടില്ലെന്നതും ഓര്‍ക്കണം. ഇങ്ങനെയെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടം നേടിയ ക്രിക്കറ്ററാണ് ഇത്രയ്ക്ക് നികൃഷ്ടമായ രീതിയില്‍ അപഹസിക്കപ്പെട്ടത്. ഇവിടെ നാണംകെട്ടത് ജാഫറല്ല. മറിച്ച് ഇന്ത്യയുടെ ക്രിക്കറ്റ് സമൂഹം തന്നെയാണ്. രാജ്യത്തിന്റെ മതേതര മനസ്സാണ്.
Content Highlights: Wasim Jaffer gets bitter experiences from cricket authorities