വാഷിങ്ടൺ സുന്ദർ ബാറ്റിങ്ങിനിടെ | Photo: twitter.com|ICC
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജിന്റെ വിക്കറ്റ് ബെന്‍ സ്‌റ്റോക്‌സ് പിഴുതപ്പോള്‍ വിക്കറ്റില്‍ പന്ത് തട്ടിയതിനേക്കാള്‍ വേഗത്തില്‍ പിടഞ്ഞത് യുവതാരം വാഷിങ്ടണ്‍ സുന്ദറിന്റെ ഹൃദയമാണ്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ 96 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു സുന്ദര്‍. ആദ്യ സെഞ്ചുറിയിലേക്ക് വെറും നാലുറണ്‍സിന്റെ ദൂരമേയുണ്ടായിരുന്നുവെങ്കിലും വിധി താരത്തിനെതിരായിരുന്നു.
സിറാജിന്റെ വിക്കറ്റ് പിഴുതപ്പോള്‍ സ്‌റ്റോക്‌സിനുപോലും സങ്കടം തോന്നിയെങ്കില്‍ ഊഹിക്കാം സുന്ദര്‍ എന്ന 21 കാരന്‍ എത്രമാത്രം മത്സരത്തെ സ്വാധീനിച്ചുവെന്ന്. അക്ഷര്‍ പട്ടേലിനൊപ്പം 106 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സുന്ദര്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി സ്വപ്നം കാണവേയാണ് ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്.
114-ാം ഓവറിന്റെ അവസാന പന്തില്‍ അനാവശ്യ റണ്ണിന് ഓടി അക്ഷര്‍ പട്ടേല്‍ റണ്‍ ഔട്ട് ആയതോടെ ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. പിന്നീടേവരും കാത്തിരുന്നത് സുന്ദറിന്റെ വീരോചിതമായ അര്‍ഹിച്ച സെഞ്ചുറി നേട്ടത്തിനായിരുന്നു. പക്ഷേ വിധി അവിടെ വില്ലനായി അവതരിച്ചു. 115-ാം ഓവറില്‍ സുന്ദര്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലായിരുന്നു. ആ ഓവര്‍ എറിഞ്ഞ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ആദ്യ പന്തില്‍ തന്നെ ഇഷാന്തിനെ മടക്കി. ഇതോടെ സുന്ദറും ആരാധകരും ആകാംക്ഷയുടെ മുള്‍മുനയിലായി. ഒരു സിംഗിള്‍ നേടാന്‍ ഇഷാന്തിന് സാധിച്ചിരുന്നെങ്കില്‍ അത് ചരിത്രമായേനേ.
ഇഷാന്തിന് പിന്നാലെ ക്രീസിലെത്തിയ സിറാജിനെ ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റോക്‌സ് ഇന്ത്യന്‍ ഇന്നിങ്‌സ് 365-ല്‍ ഒതുക്കി. ഇതെല്ലാം നിസ്സഹായനായി നോക്കി നില്‍ക്കാനേ സുന്ദറിന് സാധിച്ചുള്ളൂ. പക്ഷേ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് തലയുയര്‍ത്തിത്തന്നെയാണ് യുവതാരം ഗ്രൗണ്ട് വിട്ടത്. കോലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ സുന്ദറിനെ ഹര്‍ഷാരവത്തോടെ വരവേറ്റു. 174 പന്തുകളില്‍ നിന്നും 10 ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് സുന്ദര്‍ 96 റണ്‍സെടുത്തത്. ക്ഷമയും ആക്രമണവും ഒരുപോലെ ഇടകലരുന്ന മികച്ച ഇന്നിങ്‌സ്.
സുന്ദര്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ഇന്ത്യയുടെ നില പരിതാപകരമായിരുന്നു. സ്‌കോര്‍ 146-ല്‍ നില്‍ക്കെ ഏഴാമനായാണ് സുന്ദര്‍ ക്രീസിലെത്തിയത്. മറുവശത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. ഇരുവരെയും പുറത്താക്കി ലീഡുനേടാമെന്ന ഇംഗ്ലണ്ടിന്റെ അതിമോഹത്തെ പന്തും സുന്ദറും ചേര്‍ന്ന് തല്ലിക്കെടുത്തി. ഇരുവരും ചേര്‍ന്ന് ഇന്ത്യയ്ക്ക് അത്ഭുതകരമായ ഊര്‍ജം പകര്‍ന്നു.
പന്തിനൊപ്പം 113 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സുന്ദര്‍ ടെസ്റ്റ് കരിയറിലെ മൂന്നാം അര്‍ധസെഞ്ചുറി കുറിച്ചു. സെഞ്ചുറി നേടി പന്ത് മടങ്ങിയപ്പോഴും സുന്ദര്‍ കുലുങ്ങാതെ നിന്നു. കോലിയും രഹാനെയും പൂജാരയുമെല്ലാം മുട്ടുമടക്കിയ അതേ ബൗളിങ് നിരയെ തുടക്കക്കാരന്റെ പരിഭ്രമങ്ങളില്ലാതെ സുന്ദര്‍ അനായാസം നേരിട്ടു. അക്ഷര്‍ പട്ടേലിനെ കിട്ടിയതോടെ സുന്ദര്‍ കളി ഇന്ത്യയും വരുതിയിലാക്കി. ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ 160 റണ്‍സിന്റെ വലിയ ലീഡും സമ്മാനിച്ചു.

ഇതാദ്യമായല്ല സുന്ദര്‍ അവസരത്തിനൊത്തുയരുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ശാര്‍ദുല്‍ ഠാക്കൂറിനെ കൂട്ടുപിടിച്ച സുന്ദര്‍ നിര്‍ണായകമായ 62 റണ്‍സാണ് നേടിയത്. മൂളിപ്പറക്കുന്ന ഔസിസ് ബൗളര്‍മാരുടെ പന്തുകളെ താരം അനായാസേന നേരിട്ടു. 186-ന് ആറ് എന്ന നിലയിലായിരുന്ന ഇന്ത്യയെ 328 റണ്‍സിലെത്തിക്കാന്‍ താരത്തിന് സാധിച്ചു. ആ ഇന്നിങ്‌സില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയയിലെ ചരിത്ര വിജയം സ്വപ്നങ്ങളില്‍ മാത്രമായി ഒതുങ്ങിയേനേ.
പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങുന്ന വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്. നിലവില്‍ നാല് ടെസ്റ്റ് മത്സരങ്ങള്‍ മാത്രം കളിച്ച സുന്ദര്‍ 66.25 ശരാശരിയില്‍ 265 റണ്‍സ് നേടിയിട്ടുണ്ട്. ആറുവിക്കറ്റുകളും വീഴ്ത്തി. വലംകൈ കൊണ്ട് പന്തെറിയുകയും ഇംകൈ കൊണ്ട് ബാറ്റ് പിടിക്കുകയും ചെയ്യുന്ന സുന്ദര്‍ അശ്വിനും ജഡേജയ്ക്കും ഹാര്‍ദിക് പാണ്ഡ്യയ്ക്കും ശേഷം ഇന്ത്യയ്ക്ക് ലഭിച്ച ലക്ഷണമൊത്ത ഓള്‍റൗണ്ടറാണ്. കളിച്ച മത്സരങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമുകള്‍ക്കെതിരേയാണ്. ഓസിസിനെ അവരുടെ നാട്ടില്‍ ഇന്ത്യ അടിയറവുപറയിച്ചപ്പോള്‍ അതില്‍ സുന്ദറിന്റെ പങ്ക് വളരെ വലുതാണ്. ഇംഗ്ലണ്ടിനെതിരേയും അതേ ഫോം തുടര്‍ന്നതോടെ സുന്ദര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.
ഐ.പി.എല്ലിലൂടെയാണ് സുന്ദര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്നത്. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ സുന്ദര്‍ അണ്ടര്‍ 19 ടീമില്‍ നിന്നും ഐ.പി.എല്ലില്‍ റൈസിങ് പുണെ ജയന്റ്‌സിലെത്തി. ഇപ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലാണ് താരം കളിക്കുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന സുന്ദര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെ സുന്ദരമാക്കുന്നു.
Content Highlights: Washington Sundar played a remarkable innings against England with bat and ball
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..