കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ കുടുസ്സു മുറിയില്‍ നിന്നുതിരിയാന്‍ അന്ന് ഇടമുണ്ടായിരുന്നില്ല. ചെന്നൈയില്‍ നിന്നും ആംബുലന്‍സ് എത്താന്‍ വൈകുംതോറും റോഡിലും ആരാധകരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു. ചിലര്‍ റോഡിന് എതിര്‍വശത്തെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിന്റെ മതിലിലും ചാടിക്കയറി ഇടം പിടിച്ചു. പുറത്തെ ബഹളങ്ങളൊന്നും ബാധിക്കാതെ, വിശേഷങ്ങളൊന്നും അറിയാതെ നരച്ചുവിളറി നിന്ന കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ പേടിപ്പെടുത്തുന്നൊരു  മൗനം തളംകെട്ടി നില്‍ക്കുന്നത് വ്യക്തമായിരുന്നു കെ.ഡി.എഫ്.എ.യുടെ അകത്തെ മുറിയില്‍ നിന്നുള്ള ജനല്‍ക്കാഴ്ചയില്‍.

പത്തിരുപത് കൊല്ലം മുന്‍പത്തെ ഒരു സായാഹ്നമാണ് അപ്പോള്‍ മനസ്സില്‍ മിന്നിമാഞ്ഞത്. മണ്ണും പുല്ലും കടലയുടെയും പോപ്‌കോണിന്റെയും അവശിഷ്ടങ്ങളും ചേര്‍ന്ന് പരവതാനി ഒരുക്കിയ പഴയ കിഴക്കേ ഗ്യാലറിയില്‍ കീറിയ പത്രക്കടലാസു വിരിച്ച് തിക്കിത്തിരക്കിയിരുന്ന് കേരള പോലീസിന്റെ മഞ്ഞക്കുപ്പായത്തില്‍ നിറഞ്ഞുകളിച്ച ആ ഒന്‍പതാം നമ്പറുകാരനുവേണ്ടി ആര്‍ത്തുവിളിച്ച നിമിഷമായിരുന്നു മനസ്സ് മുഴുവന്‍. ഏത് ആക്രമണത്തെയും നെഞ്ചുറപ്പോടെ അയാള്‍ നേരിട്ടു. ഏത് ഡ്രിബിളിങ്ങിനെയും കണ്ണില്‍ ചോരയില്ലാതെ ടാക്കിള്‍ ചെയ്തു. ഐ.എം. വിജയന്‍ എന്ന ആക്രമണകാരി കയറിക്കൂടുംമുന്‍പേ പാപ്പച്ചനും ഷറഫലിക്കുമെല്ലാമൊപ്പം പോലീസ് കുപ്പായത്തിലുള്ള ഈ പ്രതിരോധക്കാരനായിരുന്നു അവസാന ബസിലെ മടക്കയാത്രത്തില്‍ മനസ്സ് മുഴുവന്‍.

santhosh trophy
സന്തോഷ് ട്രോഫി നേടിയ കേരള ടീമിനൊപ്പം സത്യൻ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ഈ ഒന്‍പതാം നമ്പറുകാരന്റെ ചേതനയറ്റ ജഡത്തിനുവേണ്ടിയാണ് സ്‌റ്റേഡിയത്തിന്റെ വാരകള്‍ മാത്രം അകലത്ത് റോഡിനപ്പുറത്തെ ഇത്തിരിപ്പോന്ന മുറിയില്‍ തിക്കിത്തിരക്കി നില്‍ക്കുന്നതെന്ന് ഓര്‍ക്കാനേ കഴിഞ്ഞില്ല. പിന്‍നിരയും മധ്യനിരയും അടക്കിവാഴുന്നത് പിന്നെയും പലവുരു കണ്ട ആ ശരീരം ചലമറ്റ് കിടക്കുന്നത് കാണണമെന്നുണ്ടായിരുന്നില്ല. മുഖത്തെ പരുക്കന്‍ ഭാവത്തിന് പകരം ദൈന്യത നിഴലിടുന്നത് ഓര്‍ക്കാന്‍ പോലുമാകുമായിരുന്നില്ല. ചെന്നൈയില്‍ നിന്നും വി.പി.സത്യന്റെ ജഡവുമായി ആംബലുന്‍സ് എത്തുമ്പോള്‍ ഏറെ വൈകി. പോലീസിന്റെ മഞ്ഞയിലല്ലാതെ, ഇന്ത്യയുടെ നീലയിലല്ലാതെ ജീവിതത്തില്‍ ആദ്യമായി വെള്ള പുതച്ചെത്തിയ ക്യാപ്റ്റന്റെ ജഡം പണിപ്പെട്ടാണ് കെ.ഡി.എഫ്.എ ഓഫീസിലെ ഇത്തിരിപ്പോന്ന മുറിയിലേയ്ക്ക് കൊണ്ടുവന്നത്. ചുമരിനോട് ചേര്‍ന്ന്, സൂചി കുത്താന്‍ ഇടമില്ലാത്ത മുറിയില്‍ ഞെങ്ങി ഞെരുങ്ങി നിന്നപ്പോള്‍ ചെന്നൈ പല്ലാവരത്ത് റെയില്‍വെ ട്രാക്കില്‍ വീണ് കരുവാളിച്ച ആ മുഖമല്ല, ഒരു പകല്‍ മുഴുവന്‍ ചെന്നൈയില്‍ നിന്ന് ആംബുലന്‍സില്‍ യാത്ര ചെയ്തുകൊണ്ടുവന്ന ശരീരത്തില്‍ നിന്നുള്ള രൂക്ഷഗന്ധമാണ് ആദ്യം ശ്രദ്ധിച്ചത്. അസഹ്യമായ ആ ദുര്‍ഗന്ധം സഹിച്ച് ഒരു മണിക്കൂറോളം നേരെ പണിപ്പെട്ടാണ് തുന്നിക്കെട്ടിയ ആ ജഡത്തിനരികെ നിന്നത്. ഇനി മൂന്ന് മണിക്കൂറിലേറെ നേരം സഞ്ചരിച്ചുവേണം കണ്ണൂര്‍ മേക്കുന്നിലെത്തിച്ച് സംസ്‌കരിക്കാന്‍. അപ്പൊഴേയ്ക്കും എന്താവും ആ ജഡത്തിന്റെ അവസ്ഥ. ഇതിനു മാത്രം എന്തു തെറ്റാണ് ഈ മുന്‍ ഇന്ത്യന്‍ നായകന്‍ ചെയ്തത്. മുന്‍ ഇന്ത്യന്‍ നായകനല്ലെ. ചെന്നൈയില്‍ നിന്ന് ഒരു വിമാനത്തില്‍ കൊണ്ടുവരാമായിരുന്നില്ലെ. ചുരുങ്ങിയത് ഒരു ഫ്രീസറെങ്കിലും സംഘടിപ്പിക്കാമായിരുന്നില്ലെ പത്രത്താളുകളില്‍ അനുസ്മരിച്ച് മുതലക്കണ്ണീര്‍ പൊഴിച്ച ഫുട്‌ബോള്‍ നടത്തിപ്പുകാര്‍ക്ക്?. മൃതദേഹം സന്ദര്‍ശിച്ച് മടങ്ങിയ കളിക്കാരും കളി നടത്തിപ്പുകാരും കളിയാരാധകരുമായ മുഖങ്ങളുടെ പേരുകള്‍ കുറിച്ചെടുക്കുമ്പോള്‍ തോന്നിയത് രോഷമോ സങ്കടമോ ആത്മനിന്ദയോ എന്ന് വ്യക്തമല്ല. ധൃതിയില്‍ മടങ്ങുമ്പോള്‍ ഒരൊറ്റ ചോദ്യം മാത്രം ശേഷിച്ചു മനസ്സില്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നെങ്കില്‍ ഈ ഗതി വരുമായിരുന്നോ?

ചോദ്യം തന്നെ എത്ര നിരര്‍ഥകം. നിത്യവൃത്തിക്ക് കരിങ്കല്ല് ചുമക്കാനും പൂരപ്പറമ്പില്‍ വെടിമരുന്ന് നിറയ്ക്കാനുമെല്ലാം വിധിക്കപ്പെട്ടവര്‍ ഫുട്‌ബോള്‍ താരങ്ങളും അത്‌ലറ്റുകളും മാത്രമാണെന്ന് അറിയാത്തതാണോ? നാല്‍പത്തിയൊന്നാം വയസ്സില്‍ ജീവിതത്തിന്റെ വിഷാദച്ചുഴിയിലേയ്ക്ക് സെല്‍ഫ് ഗോളടിച്ച് അവസാന വിസിലൂതിയ വട്ടപ്പറമ്പത്ത് സത്യന്‍ മാത്രം പിന്നെങ്ങനെ ഒരപവാദമാവും. സത്യന്‍ ഒന്നുമില്ലെങ്കിലും ബയോപിക്കിലൂടെയെങ്കിലും അനശ്വരനായി. സെല്ലുലോയ്ഡിലെ സിനിമാറ്റിക് എഡിറ്റിങ്ങില്‍ കറുത്ത ഏടുകള്‍ പലതും മാഞ്ഞുപോവുകയും ചെയ്തു. നെഹ്‌റു ട്രോഫിയിലെയും മെര്‍ദേക്കയിലെയും ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിലെയുമെല്ലാം ഗോളുകളിലൂടെയല്ലെങ്കിലും ജയസൂര്യയിലൂടെയെങ്കിലും നാളത്തെ തലമുറ എണ്‍പത്തിയൊന്ന് തവണ ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ച ക്യാപ്റ്റനെ ഓര്‍ക്കുമല്ലോ. നന്ദി ജയസൂര്യ, നന്ദി പ്രജേഷ് സെന്‍.

കോഴിക്കോട് ഫിലിം സിറ്റിയിലെ ശീതീകരിക്കപ്പെട്ട അകത്തളത്തിലിരുന്ന് ക്യാപ്റ്റനെ സിനിമയും ജീവിതവുമായി ഇഴകീറുമ്പോഴും മനസ്സില്‍ തിരയടിച്ചത് പക്ഷേ, സത്യന്റെ കളിക്കാലമായിരുന്നില്ല. കാണാന്‍ മനസ്സ് കൂട്ടാക്കാതിരുന്ന കെട്ടിപ്പൊതിഞ്ഞ ജഡത്തില്‍ നിന്നുള്ള ദുര്‍ഗന്ധം മനസ്സില്‍ നിന്ന് മാഞ്ഞുപോയതുമില്ല. ഓരോ ജൂലൈ പതിനെട്ട് കടന്നുപോകുമ്പോഴും, ചര്‍വിതചര്‍വ്വണ അനുസ്മരണങ്ങള്‍ കണ്ണില്‍ പെടുമ്പോഴും ഈ ദുര്‍ഗന്ധം മാത്രം തികട്ടിവന്നുകൊണ്ടേയിരുന്നു. അതിനി വിട്ടുപോവുകയുമില്ല, സത്യന്‍ എന്ന പേര് മാഞ്ഞുപോയാല്‍ പോലും. കാരണം ഇത് ഒരു സത്യന്റെ മാത്രം ദുര്‍വിധിയായി ഒടുങ്ങില്ല. എത്ര പ്രൊഫഷണലിസത്തിന്റെ മേനി നടിച്ചാലും ഓരോ ഫുട്‌ബോള്‍ താരത്തിനും അതിന്റെ നടത്തിപ്പുകാര്‍ കാത്തുവയ്ക്കുന്നത് നെറികേടിന്റെ ഈയൊരു ചുവപ്പ് കാര്‍ഡാണ്. അവരുടെ അജണ്ട കളിയേക്കാള്‍, കളിക്കാരേക്കാള്‍ മറ്റെന്തൊക്കെയോ ആണ്. 1956ലെ ഒളിമ്പിക് സെമിയുടെയും കളിക്കാതെ പോയ 1950ലെ ലോകകപ്പിന്റെയും മേനി പറയുന്നവര്‍ അര നൂറ്റാണ്ട് കൊണ്ട് നൂറാം റാങ്കിന് താഴെ പോകുന്നത് പിന്നെങ്ങനെ. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ പോലും ജയം സ്വപ്‌നം കാണാന്‍ കഴിയാത്ത അവസ്ഥയിലാകുന്നതും എങ്ങനെ.

sathyan
ജയസൂര്യ ക്യാപ്റ്റൻ സിനിമയുടെ ഫോട്ടോഷൂട്ടിൽ

നഗ്‌നപാദരായി കളിക്കാനാവാത്തതുകൊണ്ടാണ് 1950ലെ ലോകകപ്പ് നഷ്ടമായതെന്നൊരു കഥയുണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന്. നല്ല ഒന്നാന്തരം കെട്ടുകഥ. രാജാവ് നഗ്നനാണെന്ന് അന്നത്തെ ക്യാപ്റ്റന്‍ ശൈലന്‍ മന്ന തന്നെ വിളിച്ചുപറഞ്ഞിട്ടും നമ്മള്‍ പിന്നെയും പിന്നെയും ആ കളവില്‍ അഭിരമിച്ചുകൊണ്ടിരുന്നു. ഫുട്‌ബോള്‍ ഫെഡറേഷന്റെ പിടിപ്പുകേടാണ് ബ്രസീലിലേയ്ക്കുള്ള ചരിത്രം കുറിക്കുമായിരുന്ന യാത്ര മുടക്കിയതെന്ന മന്നയുടെ തുറന്നുപറച്ചില്‍ ഒരു ചലനവുമുണ്ടാക്കിയില്ല ഇന്ത്യന്‍ ഫുട്‌ബോളില്‍. ഏഴു പതിറ്റാണ്ടിനുശേഷവും കളത്തിന് പുറത്തെ ഫൗള്‍പ്ലേകള്‍ സൂചിപ്പിക്കുന്നത് അതു മാത്രമാണ്. ഹാരി റൈറ്റ് മുതല്‍ ഇഗോര്‍ സ്റ്റിമാക്ക് വരെ വന്‍ പ്രൈസ് ടാഗുള്ള വിദേശ പരിശീലകര്‍ പലരും വന്നുപോയിട്ടും ശങ്കരന്‍ തെങ്ങിന്മേല്‍ തന്നെ. സാഫ് കപ്പില്‍ പോലും റണ്ണറപ്പാണ് ഇന്ത്യ. നൂറ്റി ഇരുപത്തിരണ്ടാം റാങ്കുകാരായ ഉത്തര കൊറിയയോട് അഞ്ചും നൂറ്റി ഇരുപതാം റാങ്കുകാരായ താജിക്കിസ്താനോട് നാലും ഗോളുകള്‍ വഴങ്ങി. പതിമൂന്ന് കൊല്ലം മുന്‍പ് കെ.ഡി.എഫ്.എ ഓഫീസിലെ പൊതിഞ്ഞുകെട്ടിയ ജഡത്തില്‍ നിന്നുള്ള അതേ ദുര്‍ഗന്ധം ഇപ്പോഴും വമിക്കുന്നു ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്നും.

വരാനിരിക്കുന്ന ദുര്‍ഗന്ധപൂരിതമായൊരു കാലത്തിനാണ് ഇക്കഴിഞ്ഞ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ ഐ.എസ്.എല്ലിന്റെ പുരപ്പുറത്തേറി കൂവുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തുടക്കം കുറിച്ചതെന്ന ആക്ഷേപം എഴുതിത്തള്ളേണ്ട ഒന്നല്ല. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന് ഐ ലീഗ് ചാമ്പ്യന്മാര്‍ക്ക് പകരം ഐ.എസ്.എല്‍ ചാമ്പ്യന്മാരെ അയക്കാനുള്ള തീരുമാനം ചരിത്രപരമാണ്. ഐ.എസ്.എല്ലിനെ വളര്‍ത്തുന്നതും ഐ ലീഗിനെ കൊല്ലാക്കൊല ചെയ്യുന്നതുമാണ്.  ഒരു വലിയ പാരമ്പര്യം വേരോടെ പിഴുതെടുക്കുന്നതിനെതിരേ രോഷം പുകഞ്ഞുതുടങ്ങി. പക്ഷേ, പുതിയ വിപണിയില്‍ ഡിമാന്റ് പ്രൊഫഷണലിസത്തിനാണ്. പാരമ്പര്യം ഒരു എടുക്കാച്ചരക്കാണിവിടെ.

ഐ ലീഗ് ക്ലബുകള്‍ ഇപ്പോള്‍ തന്നെ അങ്കക്കലി പൂണ്ട് പടയ്ക്കിറങ്ങിക്കഴിഞ്ഞു. സൂപ്പര്‍ കപ്പ് ബഹിഷ്‌കരണം ഒരു സൂചന മാത്രമായിരുന്നു. വരുകാലങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നാളിതുവരെ സാക്ഷ്യംവഹിക്കാത്തൊരു വിപ്ലവത്തിന് വേദിയായിക്കൂടെന്നില്ല കോഴിക്കോട്ടെയും ചെന്നൈയിലെയും ഗുവാഹട്ടിയിലെയും മുംബൈയിലെയും ഡല്‍ഹിയിലെയുമെല്ലാം സ്‌റ്റേഡിയങ്ങള്‍.

v.p.sathyan

ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രൊഫഷണല്‍ വഴിയിലെ നാഴികക്കല്ലെന്നു വേണമെങ്കില്‍ എ.ഐ.എഫ്.എഫിന്റെ ഇക്കഴിഞ്ഞ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗമെന്ന് വേണമെങ്കില്‍ ചോദിക്കാം. എന്നാല്‍, സ്വന്തം ഉടമസ്ഥതയിലുള്ള ഐ ലീഗിന് മേല്‍ ഐ.എസ്.എല്ലിനെ പ്രതിഷ്ഠിക്കുക മാത്രമല്ല ഫെഡറേഷന്‍ ചെയ്തത്. ഇന്ത്യന്‍ ഫുട്‌ബോള്‍ എന്ന കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ആരാധകരുടെ പൊതു സ്വത്തിനെ ഒരു സ്വകാര്യ കോര്‍പ്പറേറ്റിന് വില്‍ക്കുകയാണെന്ന് ആലങ്കാരികമായി പറയാം. നാളത്തെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖമെന്നോ ഇന്ത്യന്‍ ഫുട്‌ബോളിന്റെ കച്ചിത്തുരുമ്പെന്നോ ഒക്കെ വിശേഷിപ്പിക്കാമെങ്കിലും നാളെ ഇന്ത്യയുടെ ഒന്നാം ഡിവിഷന്‍ ലീഗായി പരിണമിക്കാന്‍ പോകുന്ന ഐ.എസ്.എല്ലില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഓഹരി പങ്കാളിത്തം കുറവാണ് എന്നതാണ് യാഥാര്‍ഥ്യം. ചുരുക്കത്തില്‍ ടീമുകളുടേതായാലും കളിക്കാരുടേതായാലും മത്സരക്രമത്തിന്റെ കാര്യമായാല്‍ പോലും ഒന്നിലും ഇന്ത്യയുടെ ഫുട്‌ബോള്‍ നടത്തിപ്പുകാര്‍ക്ക് യാതൊരു പങ്കുമുണ്ടാണ്ണിഒ. എന്ന സാരം. എഫ്.എസ്.ഡി.എല്ലാവും (ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ്) ഇനി ഇന്ത്യയിലെ കളിക്കാര്യങ്ങള്‍ തീരുമാനിക്കുക. ഇവരാവട്ടെ ഫെഡറേഷന്റെ വ്യാപാര പങ്കാളിയായ ഐ.എം.ജി റിലയന്‍സിന്റെ ശാഖകളില്‍ ഒന്നാണ് താനും. മറ്റ് പലതും പോലെ ഇന്ത്യന്‍ ഫുട്‌ബോളും ഇനി റിലയന്‍സിന് സ്വന്തമാവുമെന്ന് സാരം. കേട്ടുകേള്‍വിയുള്ളതല്ല ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇങ്ങനെയുള്ളൊരു പരസ്യമായ വില്‍പന. പക്ഷേ അത് സംഭവിക്കുകയാണ്. അല്ലെങ്കില്‍ സംഭവിച്ചുകഴിഞ്ഞു.

പ്രൈവറ്റോ പബ്ലിക്കോ. ആരു വേണമെങ്കിലും നടത്തട്ടെ ഇന്ത്യന്‍ ഫുട്‌ബോള്‍ രക്ഷപ്പെട്ടാല്‍ മതിയെന്നൊരു സമാശ്വാസശ്രമമുണ്ട് കഥയറിയാതെ ആട്ടം കാണുന്ന ശരാശരി ആരാധകന്. ഐ.എം.ജി റിലയന്‍സിനാണ് പിതൃത്വം എന്നറിഞ്ഞിട്ടും ഐ.എസ്.എല്‍ ആഘോഷിക്കപ്പെടാനുള്ള കാരണം മറ്റൊന്നല്ല. പെലെയുടെയും മാറഡോണയുടെയുമെല്ലാം വെറും സന്ദര്‍ശനങ്ങള്‍ വലിയ ആഘോഷമാകുന്നത് കണ്ടവര്‍ക്ക് ഡെല്‍ പിയറോയും റോബര്‍ട്ടോ കാര്‍ലോസും മറ്റരാസിയുമെല്ലാം ഇന്ത്യന്‍ ക്ലബുകളുടെ കുപ്പായമണിഞ്ഞ് കളിക്കുന്നതും സീക്കോ കളി പഠിപ്പിക്കുന്നതുമെല്ലാം സ്വപ്‌നസാഫല്യമായാണ് ശരാശരി ഇന്ത്യന്‍ ആരാധകര്‍ കണ്ടുനിന്നത്. അവര്‍ കലൂരിലെയും ബെംഗളൂരുവിലെയും മുംബൈയിലെയും ഡെല്‍ഹിയിലെയും ഗുവാഹട്ടിയിലെയും സ്‌റ്റേഡിയങ്ങളിലേയ്ക്ക് ഇരമ്പിയെത്തി. നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയങ്ങള്‍ ലാലീഗയെയും പ്രീമിയര്‍ലീഗിനെയും അമ്പരിപ്പിച്ചു. കളിക്കാര്‍ ക്രിക്കറ്റ് താരങ്ങളെപ്പോലെ ഐക്കണുകളായി. വിപണിയില്‍ വിലയേറിയ ബ്രാന്‍ഡായി. അവരും വിലയേറിയ പ്രൈസ് ടാഗുകള്‍ അണിഞ്ഞതുടങ്ങി. ഇന്ത്യന്‍ ഫുട്‌ബോള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ സൂചനകള്‍ ഇതില്‍ നിന്നെല്ലാം വായിച്ച് വിദഗ്ദ്ധരും കച്ചവടക്കാരും പുതിയ വിപണി സമവാക്യങ്ങള്‍ രചിച്ചു. സ്വാഭാവികമായും ഐ ലീഗ് രണ്ടാംതരമായി. ആദ്യ പ്രൊഫഷണല്‍ ലീഗ് എന്ന ഖ്യാതി സ്വന്തമായിട്ടും നിര്‍ദയം തഴയപ്പെട്ടു. നൂറ്റാണ്ടിന്റെ ചരിത്രം അവകാശപ്പെടാവുന്ന മോഹന്‍ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും പാരമ്പര്യം വേരോടെ അറുക്കപ്പെട്ടു.

സംപ്രക്ഷണാവകാശത്തിന്റെ കാര്യത്തിലായിരുന്നു ഐലീഗ് ടീമുകള്‍ക്ക് ആദ്യ പ്രഹരം. ടെലിവിഷന്‍ സംപ്രേക്ഷണത്തിന്റെ പേരില്‍ മത്സരങ്ങള്‍ നേരത്തെയാക്കിയത് ഗ്യാലറികളില്‍ നിന്ന് ആരാധകരെ അകറ്റി. പിന്നീട് ലീഗിന്റെ രണ്ടാം പകുതിലെ മുപ്പത് മത്സരങ്ങള്‍ മാത്രമേ സംപ്രേക്ഷണം ചെയ്യുകയുള്ളൂവെന്ന് സ്റ്റാര്‍ പറഞ്ഞതോടെ പ്രതിസന്ധി കടുത്തു. ലീഗിനെ കൊല്ലുകയാണെന്ന് ടീമുകള്‍ പരസ്യമായി പ്രതികരിച്ചു. പ്രതിഷേധത്തെ ഐ.എസ്.എല്ലിലെ ആള്‍ക്കൂട്ടത്തിന്റെ ബലത്തില്‍ പ്രതിരോധിച്ചു.

I League
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം കേരളയുടെ മത്സരത്തിൽ നിന്ന്

പക്ഷേ, അത് പഴയ കഥ. ഓടിത്തളര്‍ന്ന വിദേശ പടക്കുതിരകള്‍ക്ക് പുതിയ ലായത്തില്‍ തിളങ്ങാന്‍ കഴിയാതായതോടെ ക്രമേണ ഐ.എസ്.എല്‍ ടീമുകളും വിയര്‍ത്തുതുടങ്ങി. ഗ്യാലറികളില്‍ പതുക്കെ ആളുകള്‍ കുറഞ്ഞുതുടങ്ങി. മറുഭാഗത്താവട്ടെ ഐ ലീഗ് ക്ലബുകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്തു. കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിനുള്ളതിനേക്കാള്‍ കാണികള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഗോകുലത്തിനുവേണ്ടി തിങ്ങിനിറഞ്ഞത് വലിയ വാര്‍ത്തയായി. ബ്ലാസ്‌റ്റേഴ്‌സിനെതിരേ മഞ്ഞപ്പടയില്‍ നിന്നു തന്നെ കലാപക്കൊടി ഉയര്‍ന്നു. ഐ.എസ്.എല്ലിന്റെ ജനപ്രീതി ചോദ്യംചെയ്യപ്പെട്ടുതുടങ്ങി. ഗ്രൗണ്ടില്‍ ഐ.എസ്.എല്‍ ടീമുകള്‍ ഐ ലീഗ് ക്ലബുകളോട് തോല്‍ക്കുക കൂടി ചെയ്തതോടെ ഐ.എസ്.എല്ലിന്റെ സാംഗത്യത്തിനുനേരെ തന്നെ ചൂണ്ടുവിരല്‍ ഉയര്‍ന്നുതുടങ്ങി.

ഈ സമയത്തു തന്നെയാണ് ഐ.എസ്.എല്‍ ടീമുകളെ ഐ ലീഗിന് മുകളില്‍ പ്രതിഷ്ഠിക്കാനുള്ള എ.ഐ.എഫ്.എഫിന്റെ ശ്രമം എന്നതാണ് കൗതുകകരം. രണ്ട് സമാന്തര ലീഗുകള്‍ എന്നത് മാറ്റി ഒരൊറ്റ ലീഗെന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഇതുവരെ ഫെഡറേഷന് കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ താക്കീതിന്റെ വാള്‍ ഭീഷണിയായി തലയ്ക്ക് മുകളിലുണ്ട്. അവസാനവട്ട അനുരഞ്ജനത്തിനായി എ.എഫ്.സിയുടെ ഒരു ഉന്നതതല സംഘം ഇന്ത്യയിലെത്തുന്നുണ്ട്. ഇവരുടെ പരിശ്രമം വൃഥാവിലായാല്‍ വലിയ വില നല്‍കേണ്ടിവരും ഇന്ത്യന്‍ ഫുട്‌ബോള്‍. ഐ-ലീഗ് ശോഷിച്ച് ഇല്ലാതാവുകയും ഐ.എസ്.എല്‍ വിചാരിച്ച ഫലമുണ്ടാക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ആരു സമാധാനം പറയും. ഐ. എം.ജി റിലയന്‍സിന് മറുപടി പറയാനുള്ളത് അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട് മാത്രമാണ്. അവര്‍ക്കോ?

football
കേന്ദ്ര കായികമന്ത്രി കിരൺ റിജിജു ഇന്ത്യൻ ടീമിനൊപ്പം

പുതിയ താരങ്ങളെ കണ്ടെത്താനും വളര്‍ത്താനുമായി ഫുട്‌ബോള്‍ ഫെഡറേഷന് കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കാമെന്ന് പുതിയ കേന്ദ്ര കായികമന്ത്രി കിരണ്‍ റിജുജു പ്രഖ്യാപിച്ചത് ടീം പുതിയ പരിശീലകന് കീഴില്‍ ദയനീയമായി തോറ്റമ്പിയ കോണ്ടിനെന്റല്‍ കപ്പിനിടയിലാണ്. എന്നാല്‍, ഫുട്‌ബോളിന്റെ നടത്തിപ്പ് ചുമതല കൈമാറുന്ന ഫെഡറേഷന് നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ എന്ന വിശേഷണവും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാരിന്റെ ധനസഹായത്തിനുള്ള അര്‍ഹതയും നഷ്ടമായിക്കഴിഞ്ഞതായി ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ഫലത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ദുര്‍ഗന്ധം വമിക്കുന്ന ഒരു ജഡമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നഷ്ടം എന്തായാലും പ്രഫുല്‍ പട്ടേലിനോ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കോ അഭിഷേക് ബച്ചനോ നിത അംബാനിക്കോ അല്ല. ഇന്ത്യന്‍ ഫുട്‌ബോളിന് മാത്രമാണ്. അതിന്റെ വലിയ പാരമ്പര്യത്തിന് മാത്രമാണ്. കാലങ്ങളായി അര്‍ജന്റീനയ്ക്കും ബ്രസീലിനും മെസ്സിക്കും ക്രിസ്റ്റിയനോയ്ക്കും വേണ്ടി മാത്രം ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മാത്രമാവും.

Content Highlights: VP Sathyan Indian Football ISL I League Kerala Blasters AFC Champions League