MT Samuel Photo: Facebook
കൊച്ചി: തീവ്രവാദ ഭീതിയില്‍ നടന്ന ഗുവാഹാട്ടി ദേശീയ ഗെയിംസില്‍ കേരളം വോളിബോളില്‍ ചാമ്പ്യന്‍മാരായപ്പോള്‍ ടീം എല്ലാ നന്ദിയും പറഞ്ഞത് അയാളോടായിരുന്നു, ഉറങ്ങാത്ത കാവല്‍ക്കാരനായ എം.ടി. സാമുവലിനോട്. കളത്തിന് അകത്തും പുറത്തും ഉണര്‍ന്നിരുന്ന പ്രതിഭ..ആത്മസമര്‍പ്പണം കൊണ്ടായിരുന്നു രാജ്യം കണ്ട ഏറ്റവും മികച്ച വോളിബോള്‍ പരിശീലകനെന്ന മേല്‍വിലാസം സാമുവല്‍ സ്വന്തമാക്കിയത്.
ഗുവാഹാട്ടി ദേശീയ ഗെയിംസില്‍ കേരളം ചാമ്പ്യന്‍മാരാകുമ്പോള്‍ സാമുവല്‍ എന്ന കോച്ച് വഹിച്ച റോള്‍ പലതായിരുന്നു. 'അന്ന് കേരളത്തെ ചാമ്പ്യന്‍മാരാക്കിയ തന്ത്രശാലിയായ കോച്ച് എന്ന റോളില്‍ സാമുവല്‍ സാറിനെ ലോകമറിഞ്ഞിരുന്നു. എന്നാല്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ താരങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഉറക്കമൊഴിഞ്ഞിരുന്ന ഒരു മനുഷ്യനെ അധികമാര്‍ക്കുമറിയില്ല. അന്ന് ഗെയിംസ് നടന്നുകൊണ്ടിരിക്കേ തീവ്രവാദ ആക്രമണമുണ്ടായി. ഞങ്ങള്‍ താമസിച്ചു കൊണ്ടിരുന്ന സ്ഥലത്തിന് പുറത്തുണ്ടായ ആക്രമണം എല്ലാവരേയും ഭയപ്പെടുത്തി. എന്നാല്‍ സാര്‍ ഞങ്ങള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കി. അന്നു രാത്രി ഉറക്കമൊഴിഞ്ഞ് സാര്‍ ഞങ്ങള്‍ക്കു കാവലിരുന്നു...' കേരള ടീമില്‍ അംഗമായിരുന്ന അന്താരാഷ്ട്ര താരം ടോം ജോസഫിന്റെ വാക്കുകള്‍.
1992 മുതല്‍ 2012 വരെ നീണ്ട 20 വര്‍ഷം കൊച്ചിന്‍ പോര്‍ട്ട് കോച്ച് ആയി സേവനമനുഷ്ഠിച്ചപ്പോഴും സാമുവല്‍ എന്ന പ്രതിഭയുടെ തിളക്കം എത്രയോ തവണ രാജ്യം കണ്ടു. രണ്ടുതവണ കൊച്ചിന്‍ പോര്‍ട്ടിനെ ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍മാര്‍ ആക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് സാമുവലായിരുന്നു.
93, 94, 95, 2012 എന്നീ വര്‍ഷങ്ങളില്‍ കേരള സംസ്ഥാന ടീമിന്റെ പരിശീലകന്‍ ആയിരുന്നു. 2012-ല്‍ കേരളം ദേശീയ ചാമ്പ്യന്മാര്‍ ആകുമ്പോള്‍ സാമുവല്‍ ആയിരുന്നു പ്രധാന പരിശീലകന്‍. 2013-ല്‍ ചൈനയില്‍ നടന്ന ചലഞ്ചേഴ്‌സ് ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനും സാമുവലായിരുന്നു.
കൊച്ചിന്‍ പോര്‍ട്ടില്‍ നിന്ന് വിരമിച്ച ശേഷം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലകനായി. ശേഷം 2019 വരെ കൊച്ചി റിഫൈനറി പരിശീലകനായി തുടര്‍ന്നു. 27 വര്‍ഷം നീണ്ടുനിന്ന പരിശീലന കാലയളവില്‍ നിരവധി അന്താരാഷ്ട്ര താരങ്ങളെ സൃഷ്ടിക്കാന്‍ സാമുവലിന് കഴിഞ്ഞു. രാജ് വിനോദ്, അനില്‍ ബി., ടോം ജോസഫ്...ആലപ്പുഴ എസ്.ഡി. കോളേജില്‍ വോളിബോള്‍ കളി തുടങ്ങിയ സാമുവല്‍ ഒരു നാഷണല്‍ റഫറി കൂടി ആണ്.
കളത്തിലാകുമ്പോള്‍ എതിരാളികളുടെ ഓരോ ചലനവും മനസ്സിലാക്കി തടയിട്ട സാമുവല്‍ കോച്ചായിരിക്കുമ്പോള്‍ ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കിയതും അതേ പാഠങ്ങളായിരുന്നു. സാമുവല്‍ വിടവാങ്ങുമ്പോള്‍ വോളിബോള്‍ ലോകം അനുഭവിക്കുന്ന വലിയ നഷ്ടവും അതുതന്നെയായിരിക്കും.
Content Highlights: Volleyball Coach MT Samuel
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..