
Image Courtesy: Getty Images
2008-ലെ അണ്ടര്‍-19 ലോകകപ്പാണ് വിരാട് കോലിയെന്ന ഡല്ഹിക്കാരന് പയ്യന് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വാതിലുകള്‍ തുറന്നുകൊടുത്തത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനായി കോലി കപ്പ് ഏറ്റുവാങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനം എന്ന തരത്തില്‍ പിറ്റേ ദിവസത്തെ പത്രങ്ങളെല്ലാം ആഘോഷിച്ചത് അന്നത്തെ ആ പയ്യനെയായിരുന്നു. എങ്കിലും കളത്തിനകത്തെ അയാളുടെ ചൂടന്‍ സ്വഭാവം പക്ഷേ പലര്‍ക്കും അന്ന് അത്രകണ്ടങ്ങ് പിടിച്ചില്ല. എന്നാല്‍ അക്രമണോത്സുകതയും താന്‍പോരിമയും നിറഞ്ഞ ആ തുടക്കകാലത്തിനു ശേഷം പക്വതയും വിജയിക്കാനുള്ള ദാഹവുമുള്ള വിരാട് കോലി എന്ന ക്യാപ്റ്റനിലേക്ക് അന്നത്തെ ആ പയ്യന് വളര്‍ന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റിലെ കോലി യുഗത്തിന് ചൊവ്വാഴ്ച 12 വര്‍ഷം പൂര്‍ത്തിയാകുകയാണ്.
2008 ഓഗസ്റ്റ് 18-ന് ദാംബുളളയില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലായിരുന്നു കോലി ആദ്യമായി ഇന്ത്യയുടെ നീല ജേഴ്സിയണിഞ്ഞത്. അന്ന് 33 മിനിറ്റ് മാത്രം ക്രീസില്‍ ചെലവഴിച്ച കോലി 22 പന്തുകള്‍ നേരിട്ട് 12 റണ്‍സുമായി നുവാന്‍ കുലശേഖരയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. ആ മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും പിന്നീടുള്ള പതിറ്റാണ്ട് കോലിയുടേതായിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലായിടത്തും വിരാട് കോലിയെന്ന ആ പേര് മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു.

അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ കാലത്ത് അക്രമണോത്സുകതയും താന്‍പോരിമയും കൊണ്ട് വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. കളത്തിനകത്തും പുറത്തും അയാളുടെ ചോരത്തിളപ്പ് വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. റണ്സടിച്ചുകൂട്ടുന്നുണ്ടായിരുന്നെങ്കിലും കരിയറിലെ ആദ്യ രണ്ടു വര്‍ഷം കോലിയിലെ ക്രിക്കറ്റര്‍ക്ക് ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ തന്റെ തെറ്റുകള്‍ വളരെവേഗം തന്നെ തിരിച്ചറിഞ്ഞ കോലി സ്വയം അതെല്ലാം തിരുത്താനും തുടങ്ങി. കളിക്കളത്തിലെ മാനസികാവസ്ഥ മുതല്‍ ഡയറ്റില്‍ വരെ കോലി മാറ്റങ്ങള്‍ വരുത്തി. അവ പിന്നീടുള്ള അയാളുടെ ബാറ്റിങ്ങിനൊപ്പം മാറ്റംവരുത്തിയത് ക്രിക്കറ്റിലെ റെക്കോഡ് ബുക്കുകള്‍ക്കും കൂടിയാണ്.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു തലമുറ മാറ്റത്തിന്റെ തുടക്കമായിരുന്നു അതെന്ന് അന്ന് ആരും തന്നെ കരുതിയില്ല. പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞാണ് കോലി ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇന്നിതാ 14 ടെസ്റ്റ് മത്സരങ്ങള്‍ കൂടി കളിച്ചാല്‍ 100 ടെസ്റ്റുകളെന്ന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് അദ്ദേഹം. 70 രാജ്യാന്തര സെഞ്ചുറികളോടെ സച്ചിന് തെണ്ടുല്‍ക്കറുടെ 100 സെഞ്ചുറികള്‍ക്കു പിന്നില്‍ രണ്ടാമതാണ് കോലി. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ചുറികളും കോലിയുടെ പേരിലുണ്ട്.
രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഒരു പതിറ്റാണ്ടിനുള്ളില്‍ 20,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത നേട്ടം കോലി സ്വന്തമാക്കിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഏകദിന ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തിലാണ് കോലി ഈ നേട്ടം പിന്നിട്ടത്. ടെസ്റ്റ് എന്നോ ഏകദിനമെന്നോ ട്വന്റി 20-യെന്നോ വൈറ്റ് ബോളെന്നോ റെഡ് ബോളെന്നോ പിങ്ക് ബോളെന്നോ വ്യത്യാസമില്ലാതെ അദ്ദേഹം യഥേഷ്ടം റണ്‍സടിച്ചുകൂട്ടി.

കഴിഞ്ഞ 10 വര്‍ഷം ക്രിക്കറ്റ് ലോകത്തെ വിരാട് കോലിയോളം അടക്കിഭരിച്ച മറ്റൊരു താരമുണ്ടോ എന്ന് സംശയമാണ്. 2008-ല്‍ ക്രിക്കറ്റിന്റെ അനന്തവിഹായസിലേക്ക് കാലെടുത്തുവെച്ച ഈ ഡല്ഹിക്കാരന് ഇന്ന് ക്രിക്കറ്റിന്റെ മാത്രമല്ല ഫിറ്റ്നസിന്റെ കൂടി ഐക്കണാണ്.
ബാറ്റ്സ്മാനെന്ന നിലയില്‍ സച്ചിന്റെ റെക്കോഡുകള്‍ ഓരോന്നായി തിരുത്തിക്കുറിച്ചിരുന്ന കോലി ക്യാപ്റ്റനായ ശേഷം ധോനിയുടെയും റിക്കി പോണ്ടിങ്ങിന്റെയും നേട്ടങ്ങള്‍ പിന്നിട്ടാണ് ഇപ്പോള്‍ മുന്നേറുന്നത്. ഒരു പതിറ്റാണ്ടിനിടെ കോലി വാരിക്കൂട്ടിയ റണ്‍സിന്റെയും സെഞ്ചുറികളുടെയും കണക്കെടുത്താല്‍, അയാളുമായുള്ള താരതമ്യത്തിന് മറുഭാഗത്ത് മറ്റൊരു പേര് ചൂണ്ടിക്കാണിക്കാന്‍ കൂടിയില്ല.
ചരിത്രത്തില്‍ ആദ്യമായി ഒരേ വര്‍ഷം ഐ.സി.സിയുടെ എല്ലാ വ്യക്തിഗത പുരസ്കാരങ്ങളും സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടവും കോലിയെ തേടിയെത്തി. 2018-ലെ ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ (സര് ഗാരിഫീല്‍ഡ് സോബേഴ്സ് ട്രോഫി), ഏകദിന-ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരങ്ങള്‍ കോലിക്കായിരുന്നു.
86 ടെസ്റ്റുകളില്‍ നിന്ന് 53.63 ശരാശരിയില്‍ 7240 റണ്‍സാണ് കോലി സ്വന്തമാക്കിയിരിക്കുന്നത്. 27 സെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. 248 ഏകദിനങ്ങളില്‍ നിന്ന് 59.34 ശരാശരിയില്‍ 11,867 റണ്‍സ്. 43 സെഞ്ചുറികളുമായി സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടക്കാനൊരുങ്ങുകയാണ് കോലി. 81 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 50.08 ശരാശരിയില്‍ 2794 റണ്‍സും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.

കോലി തിളങ്ങിയ മത്സരങ്ങളിലെ ഇന്ത്യയുടെ വിജയ ശതമാനത്തിലുണ്ട് കോലി എന്ന എക്സ് ഫാക്ടര്‍ ടീം ഇന്ത്യയ്ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്. കോലി ഇന്ത്യയ്ക്കായി കളിച്ച 248 ഏകദിനങ്ങളില്‍ 150 ഉം ഇന്ത്യ ജയിച്ച മത്സരങ്ങളാണ്. തോറ്റ മത്സരങ്ങള്‍ 85 ഉം. ജയിച്ച 150 മത്സരങ്ങളില്‍ നിന്നായി 8489 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. 35 സെഞ്ചുറികളും ഇത്രയും മത്സരങ്ങളില്‍ നിന്നാണ്. 77.37 ആണ് വിജയിച്ച മത്സരങ്ങളില്‍ കോലിയുടെ ബാറ്റിങ് ശരാശരി. ഇനി ഇന്ത്യ തോറ്റ മത്സരങ്ങളുടെ കണക്കിതാ. ഇന്ത്യ പരാജയമറിഞ്ഞ 85 മത്സരങ്ങളില്‍ നിന്ന് കോലി നേടിയത് 2986 റണ്‍സ്. ഏകദിനത്തില്‍ കോലിയുടെ ആകെയുള്ള 43 സെഞ്ചുറികളില്‍ ഏഴ് എണ്ണം മാത്രമാണ് തോറ്റ മത്സരങ്ങളില്‍ നിന്നുള്ളത്. ശരാശരി വെറും 35.54. കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഇന്ത്യയുടെ ഏകദിന വിജയങ്ങളില്‍ കോലിയുടെ പങ്ക് ഈ കണക്കുകളില്‍ നിന്നുതന്നെ വ്യക്തമാണ്.
ഇനി ടെസ്റ്റ് മത്സരങ്ങളിലേക്ക് വരികയാണെങ്കില്‍, കോലി ആകെ കളിച്ച 86 ടെസ്റ്റുകളില്‍ 44-ലും ഇന്ത്യ ജയിച്ചു. തോറ്റത് 24 എണ്ണത്തില്‍ മാത്രം. ജയിച്ച 44 ടെസ്റ്റുകളില്‍ നിന്ന് കോലി നേടിയത് 3872 റണ്‍സ്. ശരാശരി 60.50. സെഞ്ചുറികള്‍ 13. തോറ്റ 23 ടെസ്റ്റുകളില്‍ നിന്ന് കോലിക്ക് നേടാനായത് 37.39 ശരാശരിയില്‍ 1720 റണ്‍സ് മാത്രവും. കോലിയുടെ 27 ടെസ്റ്റ് സെഞ്ചുറികളില്‍ ഏഴ് എണ്ണം പിറന്നത് ഇന്ത്യ തോറ്റ മത്സരങ്ങളിലാണ്.
ഈ റണ്‍വേട്ട തന്നെയാണ് കോലിയെ ഈ ദശാബ്ദത്തിലെ റണ്‍ മെഷീന് എന്നു വിളിക്കാന്‍ കാരണം. കഴിഞ്ഞ 10 വര്‍ഷം ക്രിക്കറ്റ് ലോകത്തെ വിരാട് കോലിയോളം അടക്കിഭരിച്ച മറ്റൊരു താരമുണ്ടോ എന്ന് സംശയമാണ്.

ബാറ്റ്സ്മാനെന്ന നിലയില്‍ സച്ചിന്റെ റെക്കോഡുകള്‍ ഓരോന്നായി തിരുത്തിക്കുറിച്ചിരുന്ന കോലി ക്യാപ്റ്റനായ ശേഷം ധോനിയുടെയും റിക്കി പോണ്ടിങ്ങിന്റെയും നേട്ടങ്ങള്‍ പിന്നിട്ടാണ് ഇപ്പോള്‍ മുന്നേറുന്നത്. ഒരു പതിറ്റാണ്ടിനിടെ കോലി വാരിക്കൂട്ടിയ റണ്‍സിന്റെയും സെഞ്ചുറികളുടെയും കണക്കെടുത്താല്‍, അയാളുമായുള്ള താരതമ്യത്തിന് മറുഭാഗത്ത് മറ്റൊരു പേര് ചൂണ്ടിക്കാണിക്കാന്‍ കൂടിയില്ല.
ക്രിക്കറ്റിലെ ഈ പതിറ്റാണ്ടിന്റെ അവകാശി കോലിയാണെന്ന് നിസ്സംശയം തന്നെ പറയാം. രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഒരു പതിറ്റാണ്ടിനുള്ളില്‍ 20,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത നേട്ടം കോലി സ്വന്തമാക്കിയത് 2019-ലായിരുന്നു. ഏകദിന ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തിലാണ് കോലി ഈ നേട്ടം പിന്നിട്ടത്.
ഒരു പതിറ്റാണ്ടിനുള്ളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങിന്റെ റെക്കോര്‍ഡ് നേരത്തേതന്നെ കോലി സ്വന്തം പേരിലാക്കിയിരുന്നു. ഈ പട്ടികയില്‍ രണ്ടാമതുള്ള പോണ്ടിങ്ങിന്റെ സമ്പാദ്യം 18,962 റണ്‍സാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ് (16,777), ശ്രീലങ്കന്‍ താരങ്ങളായ മഹേള ജയവര്‍ധനെ (16,304), കുമാര്‍ സംഗക്കാര (15,999), സച്ചിന് തെണ്ടുല്‍ക്കര്‍ (15962), രാഹുല്‍ ദ്രാവിഡ് (15,853), ഹാഷിം അംല (15,185) എന്നിവരെല്ലാം കോലിക്കു പിന്നിലാണ്.
ഇതിനൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. സച്ചിന്, ലാറ എന്നിവരെയാണ് ഇക്കാര്യത്തില്‍ കോലി പിന്നിലാക്കിയത്. 417-ാം ഇന്നിങ്സിലാണ് കോലി ഈ നേട്ടം കൈവരിച്ചത്. സച്ചിനും ലാറയും 453 ഇന്നിങ്സുകളില്‍ നിന്നാണ് ഇരുപതിനായിരം റണ്‍സ് തികച്ചത്.

ഈ പതിറ്റാണ്ടില്‍ കളിച്ച 380 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 20,688 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഇതിനൊപ്പം മൂന്ന് ഫോര്‍മാറ്റിലും 50-ലേറെ ബാറ്റിങ് ശരാശരിയുള്ള ഏകതാരവും കോലി തന്നെ. ടെസ്റ്റില്‍ 8818 റണ്‍സ്, ഏകദിനത്തില്‍ 11,036 റണ്‍സ്, ട്വന്റി 20-യില്‍ 2450 റണ്‍സ് എന്നിങ്ങനെയാണ് ഒരു പതിറ്റാണ്ടിനിടയിലെ കോലിയുടെ റണ്‍വേട്ട. (2019 ജൂലായ് വരെയുള്ള കണക്കുകള്‍)
ഈ പതിറ്റാണ്ടിലെ താരങ്ങളില്‍ 15,185 റണ്‍സുള്ള ഹഷീം അംലയാണ് കോലിക്ക് തൊട്ടുപിന്നിലുള്ള താരം. ഈയിടെ വിരമിച്ച അംല പോലും ഈ പതിറ്റാണ്ടിലെ റണ്‍ കണക്കില്‍ കോലിയേക്കാള്‍ 5000 റണ്‍സ് പിറകിലാണ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് (13,805), മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്സ് (12,820), ഇന്ത്യന്‍ താരം രോഹിത് ശര്‍മ (12,430) എന്നിവരാണ് കോലിക്ക് പിന്നിലുള്ള മറ്റു താരങ്ങള്‍.
തുടര്‍ച്ചയായ മൂന്ന് കലണ്ടര്‍ വര്‍ഷത്തില്‍ (2016, 2017, 2018) രാജ്യാന്തര ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ച ആദ്യ ഇന്ത്യന്‍ താരവും ആദ്യ ടെസ്റ്റ് ക്യാപ്റ്റനുമാണ് കോലി. 14 സെഞ്ചുറികളാണ് ഇക്കാലയളവില്‍ കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച താരവും കോലി തന്നെ. 2018-ല്‍ വെറും 15 ഇന്നിങ്സുകളേ കോലിക്ക് 1000 എന്ന സംഖ്യയിലെത്താന്‍ വേണ്ടിവന്നുള്ളൂ.
Content Highlights: Virat Kohli the run machine Completes 12 Years In International Cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..