Photo: AFP
പിച്ചില്‍ വന്ന് പതിക്കുന്ന തുകല്‍ പന്തിനെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഇരു വശത്തേക്കും ടേണ്‍ ചെയ്യിക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്ന വിക്കറ്റുകള്‍ ധാരാളമുള്ള ഇടമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം.
ബിഷന്‍ സിങ് ബേദി, ബി.എസ് ചന്ദ്രശേഖര്‍, ഇ.എ.എസ് പ്രസന്ന, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, വെങ്കടപതി രാജു, അമിത് മിശ്ര, പ്രഗ്യാന്‍ ഓജ, ആര്‍. അശ്വിന്‍, സഖ്‌ലെയ്ന്‍ മുഷ്താഖ്, അബ്ദുള്‍ ഖാദില്‍, ഡാനിഷ് കനേരിയ, മുഷ്താഖ് അഹമ്മദ്, യാസില്‍ ഷാ, മുത്തയ്യ മുരളീധരന്‍, രംഗണ ഹെറാത്ത്, അജാന്ത മെന്‍ഡിസ്, ഉപുള്‍ ചന്ദന തുടങ്ങി നിരവധി സ്പിന്നര്‍മാര്‍ വിക്കറ്റുകള്‍ വാരിക്കൂട്ടിയ ഇടമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം.
ടെസ്റ്റിലായാലും ഏകദിനത്തിലായാലും ഒരു കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാന ടീമുകളുടെ ആയുധവും സ്പിന്‍ തന്നെയായിരുന്നു. പ്രത്യേകിച്ചും ഇന്ത്യയുടെ കാര്യത്തില്‍. ഇന്ത്യയിലെ കുത്തിത്തിരിയുന്ന പന്തുകള്‍ പലപ്പോഴും വിദേശ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കടുത്ത വെല്ലുവിളി തന്നെയായിരുന്നു. നിരവധി ഇതിഹാസ സ്പിന്നര്‍മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് ഇന്ത്യ. സ്പിന്നര്‍ ഇല്ലാത്ത ഒരു ടീം എന്നത് ഇന്ത്യക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കൂടി സാധിക്കാത്ത കാര്യമായിരുന്നു.
ഇതിന്റെ മറുവശം എന്തായിരുന്നുവെന്ന് വെച്ചാല്‍ മികച്ച പേസ് ബൗളര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമില്‍ നിഴലിച്ചിരുന്നു എന്നതാണ്. ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ പ്രധാന റോളിലെത്തിയിരുന്നത് സ്പിന്നര്‍മാരായിരുന്നു. ന്യൂ ബോളിലായാല്‍ പോലും പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും ഇന്ത്യന്‍ പിച്ചുകളില്‍ നിന്ന് പലപ്പോഴും ലഭിക്കാറില്ല.
നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ സ്പിന്‍ കെണിയൊരുക്കുമ്പോള്‍ വിദേശത്ത് അവര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കായി ഒരുക്കിയിരുന്നത് പച്ചപ്പ് തലയുയര്‍ത്തി നില്‍ക്കുന്ന പേസും സ്വിങ് യഥേഷ്ടം പ്രവഹിക്കുന്ന പിച്ചുകളായിരുന്നു. പലപ്പോഴും ഇത്തരം പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാട് പെടുന്നത് അക്കാലത്തെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു. എന്നാല്‍ തിരിച്ച് അവരുടെ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ നമ്മുടെ പേസര്‍മാര്‍ക്ക് കാര്യമായി സാധിക്കാറില്ലെന്നതും മറ്റൊരു വസ്തുതയായിരുന്നു. കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, അജിത്ത് അഗാര്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍, മുനാഫ് പട്ടേല്‍, ആര്‍.പി സിങ് തുടങ്ങി ഇന്ത്യ ജന്മം കൊടുത്ത മിക്ക പേസര്‍മാരും ഈ യാഥാര്‍ഥ്യം അംഗീകരിച്ചവരായിരുന്നു.
എന്നാല്‍ കാലവും കഥയും മാറി. കപിലിന്റെയും, വെങ്‌സാര്‍ക്കറുടെയും രവി ശാസ്ത്രിയുടെയും അസ്ഹറിന്റെയും ഗാംഗുലിയുടെയും ദ്രാവിഡിന്റെയും കുംബ്ലെയുടെയും ധോനിയുടെയുമെല്ലാം കാലം പിന്നിട്ട് ടീം ഇന്ന് വിരാട് കോലിയുടെ കീഴിലാണ്. കോലിയുടെ കീഴില്‍ എന്തിനും പോന്ന ഒരു പേസ് നിര ഇന്ന് ഇന്ത്യയ്ക്ക് സ്വന്തമായിക്കഴിഞ്ഞു.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുനേശ്വര്‍കുമാര്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരടങ്ങുന്ന മികച്ചൊരു പേസ് നിര തന്നെ ഇപ്പോള്‍ ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്. 2018, 2020 വര്‍ഷങ്ങളില്‍ ഓസീസ് മണ്ണിലെ തുടര്‍ച്ചയായ ടെസ്റ്റ് പരമ്പര വിജയങ്ങളില്‍ ഇന്ത്യയെ സഹായിച്ചത് ഈ പേസ് നിരയുടെ മികവാണ്.
ഇപ്പോഴിതാ ഇംഗ്ലീഷ് മണ്ണും ഇന്ത്യന്‍ പേസ് നിരയുടെ തേരോട്ടത്തിന് വേദിയായിരിക്കുകയാണ്. പേസും സ്വിങ്ങും ദ്രംഷ്ടകള്‍ ഒളിപ്പിച്ചുവെച്ച് കാത്തിരിക്കുന്ന ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ അവര്‍ക്കൊത്ത പിന്തുണയുമായി പേസര്‍മാരും മികവിലേക്കുയരുന്നു.
2018-ല്‍ ഓസീസ് മണ്ണില്‍ 2-1ന് പരമ്പര നേടിയാണ് ഇന്ത്യ ചരിത്രമെഴുതിയത്. പരമ്പരയില്‍ 21 വിക്കറ്റുകളുമായി ഓസീസിന്റെ നടുവൊടിച്ചത് ജസ്പ്രീത് ബുംറയെന്ന കോലിയുടെ ആവനാഴിയിലെ ഏറ്റവും പ്രധാന ആയുധമായിരുന്നു. മുഹമ്മദ് ഷമി 16 ഇരകളെ കണ്ടെത്തിയ പരമ്പരയില്‍ ഇഷാന്ത് ശര്‍മ പറഞ്ഞയച്ചത് 11 പേരെ. അന്ന് അഡ്‌ലെയ്ഡിലും മെല്‍ബണിലും ഇന്ത്യന്‍ വിജയത്തിന്റെ ചുക്കാന്‍ പിടിച്ചത് ബുംറയായിരുന്നു. പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് ബൗളര്‍മാര്‍ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞപ്പോള്‍ ചരിത്രത്തിലിടം നേടിയ പരമ്പര വിജയമാണ് വിരാട് കോലിക്കും സംഘത്തിനും സ്വന്തമായത്.
രണ്ടു വര്‍ഷത്തിനിപ്പുറം കോലിയും സംഘവും ഓസീസ് മണ്ണിലെ വിജയഗാഥ ആവര്‍ത്തിച്ചപ്പോഴും നിര്‍ണായകമായത് പേസര്‍മാരുടെ പ്രകടനം തന്നെയാണ്. ഇത്തവണ പക്ഷേ തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ പരമ്പര വിജയമെന്നതാണ് ശ്രദ്ധേയമായ കാര്യം. മുഹമ്മദ് ഷമി പരമ്പരയ്ക്കിടെ പരിക്കേറ്റ് പിന്മാറിയതും ഇഷാന്തിന് കളിക്കാന്‍ സാധിക്കാതിരുന്നതും ബുംറ അവസാന ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നതുമൊന്നും പക്ഷേ ഇന്ത്യയെ ബാധിച്ചില്ല. തനിക്ക് ലഭിച്ച അവസരം കൃത്യമായി ഉപയോഗിച്ച മുഹമ്മദ് സിറാജിന്റെ പ്രകടനമാണ് ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണായകമായത്. ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും ടീമിനായി അവസരത്തിനൊത്ത് ഉയര്‍ന്നു. സ്പിന്നര്‍ ആര്‍. അശ്വിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്.
പരമ്പരയില്‍ 13 വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത് സിറാജായിരുന്നു. 11 വിക്കറ്റുകളുമായി ബുംറ തനിക്കൊത്ത പ്രകടനം പുറത്തെടുത്തു. ബുംറ പരിക്കേറ്റ് മാറിനിന്ന പരമ്പരയിലെ അവസാന ടെസ്റ്റില്‍ സിറാജും ടി. നടരാജനും ഷാര്‍ദുല്‍ താക്കൂറും ചേര്‍ന്ന് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മൂക്കുകയറിട്ടു. പ്രധാന ബൗളര്‍മാര്‍ ആരും തന്നെയില്ലാതെ ഇന്ത്യന്‍ ബൗളിങ് വിഭാഗം പുറത്തെടുത്ത പ്രകടനം ക്രിക്കറ്റ് ലോകത്തിന്റെ തന്നെ കൈയടി ഏറ്റുവാങ്ങുകയും ചെയ്തു.
ഓസീസ് മണ്ണിലെ രണ്ട് ചരിത്ര പരമ്പര ജയങ്ങള്‍ക്കു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നത്. ഇതിനിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസീലന്‍ഡിനോട് നേരിട്ട തോല്‍വി ടീമിനെ ഉലച്ചുകളഞ്ഞിരുന്നു.
എന്നാല്‍ ബുംറയും ഷമിയും സിറാജും ഷാര്‍ദുല്‍ താക്കൂറും ഇംഗ്ലീഷ് സാഹചര്യങ്ങള്‍ മുതലെടുത്ത് മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞതോടെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിന്റെ വക്കോളമെത്തിയിരുന്നു. പക്ഷേ മഴ ഇംഗ്ലണ്ടിനെ കാത്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ബുംറ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ബൗളിങ് ഇതില്‍ പരം ഇനി എന്ത് മാജിക്കാണ് ഇംഗ്ലണ്ടില്‍ കാണിക്കേണ്ടത്.
പരമ്പരയില്‍ ഇതുവരെ 18 വിക്കറ്റുകളുമായി ബുംറ തന്നെയാണ് ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ അമരത്ത്. 14 വിക്കറ്റുകളുമായി സിറാജ് കൂടുതല്‍ കൂടുതല്‍ മികവിലേക്ക് ഉയരുന്നു. 11 വിക്കറ്റുകളുമായി ഷമി പിന്നാലെയുണ്ട്. വെറും രണ്ട് മത്സരങ്ങളില്‍ നിന്നുമായി ഏഴു വിക്കറ്റുകളുമായി താക്കൂറും തന്റെ ഭാഗം ഭംഗിയാക്കി. നാലാം ടെസ്റ്റില്‍ മാത്രം അവസരം ലഭിച്ച ഉമേഷ് യാദവ് ആറു വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്.
നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലെ ബുംറയുടെ ഒരു സ്‌പെല്ലാണ് കളിയുടെ ഗതി തന്നെ മാറ്റിമറിച്ചത്. നിലയുറപ്പിക്കും മുമ്പ് ഒലി പോപ്പിനെയും ജോണി ബെയര്‍സ്‌റ്റോയേയും മടക്കിയ ബുംറയുടെ ആ മാജിക്ക് സ്‌പെല്‍ ഇപ്പോഴും ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. പേസും സ്വിങ്ങും സ്ലോ ബോളുകള്‍ പോലും ഇത്ര ഫലപ്രദമായി ഉപയോഗിക്കാമെന്ന് കാട്ടിത്തരികയാണ് ബുംറ.
മറുവശത്ത് ബുംറയ്ക്ക് ഉറച്ച പിന്തുണ നല്‍കുകയാണ് സിറാജ്. ഇംഗ്ലീഷ് കാണികളുടെ കളിയാക്കലുകള്‍ക്ക് വിക്കറ്റുകള്‍ കൊണ്ടാണ് സിറാജ് മറുപടി പറയുന്നത്. ലോകത്തെവിടെയുമുള്ള പിച്ചുകളിലും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ് തങ്ങളെന്ന് ഇന്ത്യന്‍ പേസര്‍മാര്‍ തെളിയിച്ച് കഴിഞ്ഞു. കോലി തന്റെ പേസര്‍മാരില്‍ അര്‍പ്പിക്കുന്ന വിശ്വാസവും അവര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യവും എടുത്തുപറയേണ്ടതാണ്. ക്യാപ്റ്റന്റെ പിന്തുണ തന്നെയാണ് മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ താരങ്ങളെ സഹായിക്കുന്നത്.
അതെ ഇംഗ്ലണ്ട് കരുതിയിരിക്കണം കോലിയുടെയും ഇന്ത്യയുടെയും ആവനാഴിയിലെ ഈ പേസ് ആയുധങ്ങളെ. ഇംഗ്ലീഷ് പാളയം തീയിടാന്‍ അക്കൂട്ടത്തിലെ ചെറിയൊരു തീപ്പൊരി തന്നെ ധാരാളമാണ്.
Content Highlights: Virat Kohli s Formidable Fast Bowling arsenal
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..