വര്‍ ഡ്രൈവ് കളിക്കുന്ന കോലി ക്രിക്കറ്റിലെ തന്നെ സുന്ദരമായ കാഴ്ചകളിലൊന്നാണ്. വിവിധ ഫോര്‍മാറ്റുകളിലായി ലോകത്തിലെ വിവിധ മൈതാനങ്ങളില്‍ കോലിയുടെ സുന്ദരങ്ങളായ കവര്‍ ഡ്രൈവുകള്‍ നമ്മള്‍ കണ്ടാസ്വദിച്ചിട്ടുണ്ട്. കോലി അത്രയ്ക്ക് ആത്മവിശ്വാസത്തോടെ കളിക്കുന്ന മറ്റൊരു ഷോട്ട് ഉണ്ടോ എന്ന് പോലും സംശയമാണ്. 

എന്നാല്‍ ഇപ്പോള്‍ അതേ കവര്‍ ഡ്രൈവുകള്‍ തന്നെ കോലിയുടെ ഏറ്റവും വലിയ ദൗര്‍ബല്യമാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും കോലി പുറത്തായത് കവര്‍ ഡ്രൈവ് കളിക്കാനുള്ള ശ്രമത്തിനിടെ തന്നെയാണ്. അടുത്തിടെ വിദേശത്ത് തുടര്‍ച്ചയായ പത്താമത്തെ ടെസ്റ്റ് ഇന്നിങ്‌സിലാണ് കോലി ഇത്തരത്തില്‍ പുറത്താകുന്നത്. 

സെഞ്ചൂറിയനില്‍ ഒന്നാം ഇന്നിങ്‌സില്‍ ഓഫ് സ്റ്റമ്പിന് പുറത്തെ ലൈനില്‍ പന്തെറിഞ്ഞ് കോലിയെ വീഴ്ത്തിയത് ലുങ്കി എന്‍ഗിഡിയായിരുന്നെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ആ കര്‍മ്മം ഭംഗിയാക്കിയത് മാര്‍ക്കോ യാന്‍സനാണ്. രണ്ട് അവസരങ്ങളിലും കോലി ഒട്ടും തന്നെ നിയന്ത്രണത്തോടെയല്ല ഈ ഷോട്ടുകള്‍ കളിച്ചത്. 

രണ്ടു വര്‍ഷത്തിലേറെയായി കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ട്. 2019 നവംബര്‍ 23-ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിലാണ് കോലിയുടെ ബാറ്റില്‍ നിന്ന് അവസാനമായി ഒരു സെഞ്ചുറി പിറന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ കോലിയുടെ 70-ാം സെഞ്ചുറിയായിരുന്നു ഇത്. അന്ന് 194 പന്തില്‍ നിന്ന് 136 റണ്‍സെടുത്ത ശേഷം പിന്നീട് ഇതുവരെ കോലിക്ക് അത്തരമൊരു നിമിഷം സമ്മാനിക്കാനായിട്ടില്ല. 

ഇക്കാലയളവില്‍ കോലി പലപ്പോഴും പുറത്തായിട്ടുള്ളത് ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തുകള്‍ ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ്. പലപ്പോഴും മികച്ച തുടക്കം ലഭിച്ചിട്ടും ബൗളര്‍മാര്‍ കുഴിക്കുന്ന ഓഫ് സ്റ്റമ്പ് കെണിയില്‍ കോലി വീഴുന്നത് സ്ഥിരം കാഴ്ചയായി മാറുകയാണ്. 

ഒരു കാലത്ത് അത്രയും ആത്മവിശ്വാസത്തോടെ കളിച്ചിരുന്ന കോലിയുടെ ഏറ്റവും ശക്തമായ ആയുധമായിരുന്ന കവര്‍ ഡ്രൈവ് ഇന്ന് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന ദൗര്‍ബല്യമായി മാറിയിരിക്കുന്നു. ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തുകള്‍ കളിക്കാനുള്ള വ്യഗ്രത നിയന്ത്രിക്കാന്‍ കോലിക്ക് സാധിക്കാതെ പോകുന്നു. 

ഈ സാഹചര്യത്തിലാണ് 2004-ല്‍ സിഡ്‌നിയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിച്ച ഇന്നിങ്‌സിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. അന്ന് സച്ചിന്‍ ഓസീസ് പേസര്‍മാര്‍ക്കെതിരേ കളിച്ച ആ ഇന്നിങ്‌സ് കോലി മാതൃകയാക്കണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. 

2003-04 കാലഘട്ടത്തില്‍ നടന്ന ഇന്ത്യയുടെ ഓസീസ് പര്യനത്തിലായിരുന്നു ചരിത്രത്തില്‍ ഇടംനേടിയ സച്ചിന്റെ ആ ഇരട്ട സെഞ്ചുറി (241*) ഇന്നിങ്‌സ്. പരമ്പരയിലെ നാലാം ടെസ്റ്റിനായിരുന്നു അന്ന് സിഡ്‌നി വേദിയായത്. ആദ്യ മൂന്ന് മത്സരങ്ങളിലും സച്ചിന് തിളങ്ങാനായിരുന്നില്ല എന്ന് മാത്രമല്ല ഓസീസ് പേസര്‍മാരുടെ ഓഫ് സ്റ്റമ്പ് കെണിയില്‍ സച്ചിന്‍ പലപ്പോഴും വീഴുന്നതും സ്ഥിരം കാഴ്ചയായി.

ഇതോടെ നാലാം ടെസ്റ്റിനിറങ്ങും മുമ്പ് സച്ചിന്‍ ഉറപ്പിച്ചു, ഈ മത്സരത്തില്‍ താന്‍ തന്റെ പ്രിയപ്പെട്ട ഷോട്ടായ കവര്‍ ഡ്രൈവ് കളിക്കില്ല. പറഞ്ഞത് അക്ഷരംപ്രതി നടപ്പിലാക്കുന്ന സച്ചിനെയാണ് 2004 ജനുവരി രണ്ടു മുതല്‍ സിഡ്‌നിയില്‍ കണ്ടത്. ബ്രെറ്റ് ലീയും ജേസന്‍ ഗില്ലെസ്പിയും നഥാന്‍ ബ്രാക്കണും സ്റ്റുവര്‍ട്ട് മക്ഗില്ലും അടങ്ങുന്ന ബൗളിങ് നിരയ്‌ക്കെതിരേ അന്ന് പത്ത് മണിക്കൂറിലേറെ സമയം ക്രീസില്‍ നിന്നിട്ടും സച്ചിന്റെ ബാറ്റില്‍ നിന്ന് ഒരു കവര്‍ ഡ്രൈവ് പോലും പിറന്നില്ല. നേരിട്ട 436 പന്തുകളില്‍ ഓഫ് സ്റ്റമ്പിന് പുറത്തു പോയ പന്തുകളെയെല്ലാം തന്നെ സച്ചിന്‍ അര്‍ഹിച്ച ബഹുമാനത്തോടെയാണ് നേരിട്ടത്. പുള്ളുകും ഫ്‌ളിക്കുകളും സ്‌ട്രെയ്റ്റ് ഡ്രൈവുകളും ഓണ്‍ഡ്രൈവുകളും സ്‌ക്വയര്‍ കട്ടുകളും സ്വീപ് ഷോട്ടുകളുമെല്ലാം യഥേഷ്ടം പിറന്ന ആ ഇന്നിങ്‌സില്‍ പക്ഷേ ഒരു കവര്‍ ഡ്രൈവ് പോലും ഉണ്ടായിരുന്നില്ല.

ചേട്ടന്‍ അജിത്തുമായി നടന്ന ഒരു സംസാരത്തില്‍ നിന്നാണ് സിഡ്‌നിയില്‍ ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന ഒരു പന്തും കളിക്കേണ്ടെന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയതെന്ന് സച്ചിന്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. അന്നത്തെ ഇന്നിങ്‌സിനിടെ പലപ്പോഴും കവര്‍ ഡ്രൈവ് കളിക്കാനുള്ള വ്യഗ്രത ഉണ്ടായിരുന്നെന്നും അപ്പോഴെല്ലാം മനസടുക്കിപ്പിടിക്കുകയായിരുന്നുവെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു. സച്ചിനെതിരേ അന്ന് തങ്ങളുടെ ഓഫ് സ്റ്റമ്പ് കെണി നടപ്പായില്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ സ്റ്റീവ് വോയും വെളിപ്പെടുത്തിയിരുന്നു.

ഇക്കാരണത്താലാണ് അടുത്തിടെ സ്ഥിരമായി ഓഫ് സ്റ്റമ്പ് കെണിയില്‍ വീഴുന്ന കോലി സച്ചിന്റെ ഈ ഇന്നിങ്‌സില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്ന് പറയുന്നത്. പലപ്പോഴും ഓഫ് സ്റ്റമ്പിന് വളരെ പുറത്തേക്ക് പോകുന്ന പന്ത് എത്തിപ്പിടിക്കാന്‍ ശ്രമിച്ചാണ് കോലി പുറത്താകുന്നത്. സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും മികച്ച രീതിയില്‍ നടപ്പാക്കിയതും ഇതേ തന്ത്രമാണ്. അന്ന് 117 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തുകള്‍ കളിക്കാതെ വിടുകയായിരുന്നു.

Content Highlights: virat kohli s cover drive weakness and sachin tendulkar s sydney innings