ട്വന്റി 20 ലോകകപ്പോടെ ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ രവി ശാസ്ത്രിയുടെ യാത്ര അവസാനിച്ചിരിക്കുന്നു. വിരാട് കോലിയെന്ന താരം തന്റെ ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനവും ലോകകപ്പോടെ അഴിച്ചുവെച്ചുകഴിഞ്ഞു. അവസാനമായത് ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ മഹത്തായ ഒരു കൂട്ടുകെട്ടിനാണ്. ഇതായിരുന്നോ ശരിക്കും ശാസ്ത്രിയും കോലിയും അര്‍ഹിച്ച വിടവാങ്ങല്‍?

ഈ ലോകകപ്പ് തുടങ്ങുമ്പോള്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടത് ഇന്ത്യയ്ക്കായിരുന്നു. അടുത്തകാലത്ത് ട്വന്റി 20 ഫോര്‍മാറ്റില്‍ ഇത്രയേറെ ശോഭിച്ച മറ്റൊരു ടീം ഉണ്ടായിരുന്നോ എന്ന കാര്യം സംശയം. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ന്യൂസീലന്‍ഡിലും ടീം പരമ്പരകള്‍ നേടി. ടീമില്‍ അങ്ങോളമിങ്ങോളം ട്വന്റി 20 സ്‌പെഷ്യലിസ്റ്റുകളും ഉണ്ടായിരുന്നു. അത്തരമൊരു ടീമാണ് ലോകകപ്പിന്റെ നോക്കൗട്ട് സ്‌റ്റേജിലെത്താതെ മടങ്ങിയത്. 2012-ന് ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ നോക്കൗട്ടിലെത്താതെ പുറത്താകുന്നത് ആദ്യമായിരുന്നു. 

ഇത്തരമൊരു വിടവാങ്ങലായിരുന്നില്ല ശാസ്ത്രിയും കോലിയും മുന്നില്‍ കണ്ടിരുന്നത്. എല്ലാ ഫോര്‍മാറ്റിലുമായി അടുത്തകാലത്ത് ഭയത്തിന്റെ ചെറിയ ലാഞ്ഛന പോലുമില്ലാതെ കളിച്ച ഒരു ടീം, ലോകകപ്പിലെ തങ്ങളുടെ വലിയ രണ്ട് മത്സരങ്ങളെ ഭയത്തോടെ സമീപിച്ചത് അത്ര സുഖകരമായ കാഴ്ചയായിരുന്നില്ല.

ലോകകപ്പിലെ പുറത്താകലിനു ശേഷം പലരും പറഞ്ഞതു പോലെ ഒന്നോ രണ്ടോ മോശം മത്സരങ്ങള്‍ കൊണ്ട് ഈ ഇന്ത്യന്‍ ടീമിനെ വിലയിരുത്താനാകില്ല. കോലിയുടെയും ശാസ്ത്രിയുടെയും നേതൃത്വത്തില്‍ ടീം എത്തിപ്പിടിച്ച നേട്ടങ്ങള്‍ അത്രയ്ക്ക് അധികമാണ്. ടീം തോല്‍വിയില്‍ പതറി നില്‍ക്കുമ്പോള്‍ പലരും അത് സൗകര്യപൂര്‍വം മറന്ന് കളയുന്നു എന്നേയുള്ളൂ. 

പക്ഷേ കണക്കുകള്‍ കള്ളം പറയില്ല. ഒരു ഐ.സി.സി. ട്രോഫിയുടെ അഭാവം കോലി-ശാസ്ത്രി യുഗത്തിലെ ബ്ലാക്ക് മാര്‍ക്ക് ആണെന്നത് സമ്മതിക്കുന്നു. എന്നാല്‍ ഇരുവരുടെയും കീഴില്‍ ടീം എത്തിപ്പിടിച്ച നേട്ടങ്ങള്‍ എങ്ങനെ കണ്ടില്ലെന്ന് നടിക്കും?. ഇവര്‍ക്കു കീഴില്‍ ടെസ്റ്റില്‍ 43 മത്സരങ്ങളില്‍ 25ഉം, 64 ട്വന്റി 20 മത്സരങ്ങളില്‍ 42ഉം, 183 ഏകദിനങ്ങളില്‍ 118ഉം ജയം നേടാന്‍ ഇന്ത്യയ്ക്കായിരുന്നു.

virat kohli ravi shastri farewell ends glorious and entertaining coach captain combination

എന്നാല്‍ ഈ കണക്കുകള്‍ വെച്ച് മാത്രം ശാസ്ത്രിയുടെയും ടീമിന്റെയും നേട്ടങ്ങളെ വിലയിരുത്തുന്നതും ശരിയല്ല. കാരണം ഇന്ത്യന്‍ ടീം അത്ര സുഖകരമല്ലാത്ത ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെയാണ് ശാസ്ത്രിക്ക് ടീമിന്റെ ചുമതല ലഭിക്കുന്നത്. 

2017-ല്‍ അന്നത്തെ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയും കോലിയും തമ്മിലുള്ള ബന്ധം വഷളായ സമയം. കുംബ്ലെയുടെ രീതികള്‍ക്കെതിരേ കോലി പരസ്യമായി രംഗത്ത് വരികയും ടീമില്‍ ഒന്നടങ്കം ഒരു മോശമായ അന്തരീക്ഷം കടന്നുവരികയും ചെയ്ത കാലമായിരുന്നു അത്. 2017-ലെ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ പരാജയത്തിനു ശേഷം അപ്രതീക്ഷിതമായാണ് കുംബ്ലെയ്ക്ക് സ്ഥാനചലനമുണ്ടാകുന്നത്. പോകുന്നതിനു മുമ്പ് കോലിയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന് തുറന്നുപറഞ്ഞാണ് അദ്ദേഹം ടീം വിട്ടത്.

ടീമിലെ അന്തരീക്ഷം പ്രക്ഷുബ്ധമായ ഈ അവസരത്തിലാണ് ശാസ്ത്രി ടീമിന്റെ ഭാഗമാകുന്നത്. സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതി കോലിയുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് ഈ തീരുമാനത്തിലേക്കെത്തുന്നത്. 

അതിനു മുമ്പ് 2014 മുതല്‍ 2016 വരെ ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി ഒപ്പമുണ്ടായിരുന്നു. 2014-ല്‍ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കോലി ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി ചുവടുവെയ്ക്കുമ്പോള്‍ ശാസ്ത്രി ഒപ്പമുണ്ടായിരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന ആ ടെസ്റ്റില്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ അഭാവത്തിലായിരുന്നു കോലി നായകസ്ഥാനം ഏറ്റെടുത്തത്. അന്ന് ഓസീസിനെ ഞെട്ടിച്ച ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. അവസാന ദിനം ഓസീസ് ഉയര്‍ത്തിയ 364 റണ്‍സ് ചേസ് ചെയ്ത ഇന്ത്യ, മുരളി വിജയിയുടെ 99 റണ്‍സ്, കോലിയുടെ 141 റണ്‍സ് ഇന്നിങ്‌സുകളുടെ ബലത്തില്‍ ഓസീസിനെ വിറപ്പിച്ച ശേഷമാണ് 48 റണ്‍സിന്റെ തോല്‍വി വഴങ്ങിയത്. എന്നാല്‍ ഭാവിയിലെ ഇന്ത്യന്‍ ടീമിന്റെ ജനന സര്‍ട്ടിഫിക്കറ്റ് എഴുതപ്പെട്ട പരമ്പരയായിരുന്നു അത്. 

പിന്നീട് 2018 നും 2021 നും ഇടയ്ക്ക് ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റ് ലോകത്തെ തന്നെ വമ്പന്‍ ശക്തിയാക്കി മാറ്റാന്‍ കോലിക്കും ശാസ്ത്രിക്കും സാധിച്ചു. വിദേശമണ്ണില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യ പ്രാപ്തരായതും എണ്ണം പറഞ്ഞ മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ സംഘമായി ഇന്ത്യ ടീം ഉയരുന്നതും ഈ കാലഘട്ടത്തിലായിരുന്നു. 

virat kohli ravi shastri farewell ends glorious and entertaining coach captain combination

എന്നും ബാലികേറാമലയായിരുന്ന ഓസീസ് മണ്ണില്‍ ഇന്ത്യ 2018-19 സീസണിലെ ടെസ്റ്റ് പരമ്പര ജയിച്ചുകയറി. ലോകത്തിലെ തന്നെ മികച്ച പര്യടന ടീമുകളിലൊന്നായി ഇന്ത്യ ഉയരുകയായിരുന്നു. ഏത് ഘട്ടത്തിലും വിജയം പിടിച്ചുവാങ്ങാന്‍ ഏതറ്റംവരെയും പോകുമെന്ന തരത്തിലേക്ക് ടീം ഒന്നടങ്കം മാറി. ലോകത്തെ ഏത് പിച്ചിലും ഏത് വമ്പന്‍ ബാറ്റിങ് നിരയേയും വിറപ്പിക്കാന്‍ പോന്ന തരത്തിലേക്ക് ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ് യൂണിറ്റ് ഉയര്‍ന്നു. 

ഈ വര്‍ഷം ആദ്യം ഗാബയില്‍ ഋഷഭ് പന്ത് ഓസീസ് ബൗളിങ് നിരയെ തരിപ്പണമാക്കി വിജയം തട്ടിയെടുക്കുമ്പോള്‍ ചരിത്രത്തില്‍ ഇടംപിടിച്ച തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര വിജയം ഇന്ത്യ ഓസീസ് മണ്ണില്‍ ആഘോഷിക്കുകയായിരുന്നു.

2018-ല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ടീം ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശ പര്യടന സംഘമെന്ന് ഈ ടീമിനെ ശാസ്ത്രി വിശേഷിപ്പിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ 2021-ല്‍ ഈ പ്രസ്താവനയെ ചോദ്യം ചെയ്യാന്‍ ആരെങ്കിലും ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.

ടെസ്റ്റില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയപ്പോളും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വി ഈ സംഘത്തിന്റെ വലിയ ദുഃഖങ്ങളില്‍ ഒന്നാണ്. പിന്നീട് നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ലീഡ് ചെയ്യുമ്പോഴും ആ ഫൈനല്‍ തോല്‍വി മറക്കാന്‍ ടീമിനായിട്ടില്ല. 

2019 ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിയും കോലി-ശാസ്ത്രി കൂട്ടുകെട്ട് മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. പ്രധാന ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ നിര്‍ണായക ഘട്ടങ്ങളില്‍ ടീം ഇടറുന്നത് പക്ഷേ മാറ്റിമറിക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. ഒടുവിലിപ്പോഴിതാ ട്വന്റി 20 ലോകകപ്പിലും അതേ ദുര്‍വിധി ഇരുവര്‍ക്കും നേരിടേണ്ടതായി വന്നു. എങ്കിലും ടീമെന്ന നിലയില്‍ ഭയമേതുമില്ലാത്ത ഒരു സംഘമാക്കി ഇന്ത്യയെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതിനു പിന്നില്‍ കോലി-ശാസ്ത്രി കൂട്ടുകെട്ടിനുള്ള പങ്ക് നമുക്ക് മറന്നുകളയാനൊക്കുമോ?

അവലംബം: ഇന്ത്യ ടുഡെ, ക്രിക് ഇന്‍ഫോ

Content Highlights: virat kohli ravi shastri farewell ends glorious and entertaining coach captain combination