ഈ കോലിക്ക് ഇതെന്ത് പറ്റി, കുറ്റം ഫോമിനോ പ്രതിഭയ്ക്കോ; കരിയര്‍ പ്രതിസന്ധിയിലോ?


അഭിനാഥ് തിരുവലത്ത്

10 min read
In Depth
Read later
Print
Share

കോലിയുടെ അഭാവത്തില്‍ അവസരം ലഭിച്ച ദീപക് ഹൂഡയടക്കം തകര്‍പ്പന്‍ പ്രകടനം തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ ഫോമില്‍ കോലിക്ക് ഒരു ഓസ്‌ട്രേലിയന്‍ ടിക്കറ്റ് തരപ്പെടുമോ എന്ന് പോലും സംശയമുയര്‍ന്നുകഴിഞ്ഞു

Photo: Getty Images

ച്ചിന്റെ റെക്കോഡുകള്‍ തകര്‍ക്കാന്‍ ജനിച്ചവന്‍. ഇവന് മാത്രമേ അത് കഴിയൂവെന്ന് ലോകവും സച്ചിനും വിധിയെഴുതി. അനായാസമായ ബാറ്റിങ് ശൈലികൊണ്ട് അയാള്‍ ക്രിക്കറ്റ് ലോകത്തെ തന്നിലേക്ക് വലിച്ചടിപ്പിച്ചു. അവരെ വിസ്മയിപ്പിച്ചു. ക്രീസിലും കളിക്കളത്തിലും ക്യാപ്റ്റന്‍സിയിലും അയാള്‍ പരുക്കനായിരുന്നു. വിരാട വിജയങ്ങളും കിരീട നേട്ടങ്ങളുടെയും ഭാരം ഇറക്കിവച്ച വിരാട് കോലി എന്ന ഇതിഹാസം ഇപ്പോള്‍ റണ്‍സ് ദാരിദ്ര്യത്തിലാണ്. പഴയ ടച്ച് ഒക്കെ കൈമോശം വന്നു. താളം തീരെയില്ല. ആകെ നിരാശനാണ് അയാള്‍. എന്താണ് കോലിക്ക് സംഭവിച്ചത്? സംഭവിക്കുന്നത്. പ്രതിഭയ്ക്കാണോ പ്രശ്‌നം അതോ ഫോമിനാണോ. എന്തോ ഒന്ന് പറ്റി. ഓഫ് സൈഡ് കെണിയില്‍ കുടുക്കി എതിരാളികള്‍ സ്ഥിരമായി ടെസ്റ്റ് മത്സരങ്ങളില്‍ കോലിയെ വീഴ്ത്തുന്നു. ഏകദിനത്തിലും ട്വന്റി 20 യിലും ഒന്നും ശോഭിക്കുന്നില്ല. കരിയര്‍ തന്നെ ഭീഷണിയായിരിക്കുന്നു. 33 മാത്രമേ ആയിട്ടുള്ളൂ. ഇനിയുമൊരു അഞ്ച് വര്‍ഷമെങ്കിലും കോലിയെ പോലൊരു ബാറ്റ്‌സ്മാന് സുവര്‍ണകാലം ബാക്കിനില്‍ക്കുമ്പോഴാണ് ഈ പതനം. ഔന്നത്യത്തില്‍ നിന്നുള്ള അപ്രതീക്ഷിത വീഴ്ച. ലോകകപ്പ് ടീമില്‍ പോലും ഇടമുണ്ടാകുമോ എന്ന കാര്യം സംശയത്തിലാണ്.

2022 ജൂലായ് ഒമ്പത്, ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം കളിക്കുകയാണ് ഇന്ത്യന്‍ ടീം. ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഋഷഭ് പന്തും ചേര്‍ന്ന് ടീമിന് മികച്ച തുടക്കം സമ്മാനിക്കുന്നു. റിച്ചാര്‍ഡ് ഗ്ലീസനെന്ന ഇംഗ്ലീഷ് യുവതാരത്തിന്റെ പന്തില്‍ രോഹിത് പുറത്താകുന്നു. പിന്നാലെ വിരാട് കോലി ക്രീസിലേക്ക്. ഗ്ലീസന്റെ രണ്ടു പന്തുകള്‍ മാത്രം നേരിട്ട് മൂന്നാം പന്തില്‍ കോലി എങ്ങോട്ടെന്ന് പോലും നോക്കാതെ ഒരു ഷോട്ട് കളിക്കുന്നു. ഡേവിഡ് മലാന്റെ മികച്ചൊരു ക്യാച്ചില്‍ ആ ഇന്നിങ്സ് അവസാനിക്കുന്നു. വെറും മൂന്ന് പന്തുകള്‍ മാത്രം ആയുസ്സുണ്ടായിരുന്ന ഒരു ഇന്നിങ്സ്. ഇന്ത്യന്‍ ടീമിന്റെ മത്സരം കാണുന്നവര്‍ക്ക് പരാജയപ്പെടുന്ന വിരാട് കോലിയെന്ന ക്രിക്കറ്റിങ് ഐക്കണ്‍ ഇന്നൊരു പതിവ് കാഴ്ചയായിരിക്കുന്നു. ഓരോ മത്സരം കഴിയുംതോറും കോലിക്കെതിരെയുള്ള വിമര്‍ശനങ്ങളും ഏറിവരികയാണ്. ഓസ്ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് ഇനി 100-ല്‍ താഴെ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യയുടെ ട്വന്റി 20 സ്‌ക്വാഡിനെ തിരഞ്ഞെടുക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കോലിയുടെ അഭാവത്തില്‍ അവസരം ലഭിച്ച ദീപക് ഹൂഡയടക്കം തകര്‍പ്പന്‍ പ്രകടനം തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ ഫോമില്‍ കോലിക്ക് ഒരു ഓസ്ട്രേലിയന്‍ ടിക്കറ്റ് തരപ്പെടുമോ എന്ന് പോലും സംശയമുയര്‍ന്നുകഴിഞ്ഞു.

രാജ്യാന്തര ക്രിക്കറ്റില്‍ പകരക്കാരില്ലാത്ത താരത്തില്‍ നിന്ന് ഇന്നത്തെ ഈ അവസ്ഥയിലേക്കുള്ള കോലിയുടെ വീഴ്ച വളരെ പെട്ടെന്നായിരുന്നു. ട്വന്റി 20 കരിയറില്‍ ഇടയ്ക്ക് 2015-ല്‍ മോശം ഫോമിലേക്ക് പോയതൊഴിച്ചുനിര്‍ത്തിയാല്‍ പിന്നീട് കോലി ഈ ഫോര്‍മാറ്റിനെ അടക്കിവാണ വര്‍ഷങ്ങളായിരുന്നു. കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ കോലിയെത്തിയ 2016-ല്‍ 15 ട്വന്റി 20-കളില്‍ നിന്ന് 106.83 ശരാശരിയില്‍ താരം അടിച്ചുകൂട്ടിയത് 641 റണ്‍സായിരുന്നു. ഏഴ് അര്‍ധ സെഞ്ചുറികളാണ് ആ ബാറ്റില്‍ നിന്ന് ആ വര്‍ഷം പിറന്നത്. 140.26 സ്ട്രൈക്ക് റേറ്റിലായിരുന്നു സ്‌കോറിങ്. 2017-ല്‍ ഈ ഫോര്‍മാറ്റില്‍ കോലി ഒന്ന് പിന്നാക്കം പോയി. 10 മത്സരങ്ങളില്‍ നിന്ന് നേടാനായത് 299 റണ്‍സ് മാത്രം. ശരാശരി 37.37. എന്നാല്‍ 152.55 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു ഇക്കാലയളവില്‍ കോലിയുടെ സ്‌കോറിങ്. 2018-ലും ട്വന്റി 20-യില്‍ കാര്യമായി ശോഭിക്കാന്‍ താരത്തിനായിരുന്നില്ല. 10 മത്സരങ്ങളില്‍ നിന്ന് 30.14 ശരാശരിയില്‍ 211 റണ്‍സ് മാത്രം. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് കോലിക്ക് ആ വര്‍ഷം ട്വന്റി 20-യില്‍ ഉണ്ടായിരുന്നത്.

Photo: Getty Images

എന്നാല്‍ 2019-ല്‍ ഫോമിലേക്കെത്തിയ കോലി 10 മത്സരങ്ങളില്‍ നിന്നായി 77.66 എന്ന മികച്ച ശരാശരിയില്‍ അടിച്ചുകൂട്ടിയത് 466 റണ്‍സായിരുന്നു. അഞ്ച് അര്‍ധ സെഞ്ചുറികളും ഇക്കാലയളവില്‍ കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. 2020-ല്‍ 10 മത്സരങ്ങളില്‍ നിന്ന് 295 റണ്‍സ്. ശരാശരി 36.87 മാത്രം. 2021-ല്‍ കോലിയുടെ ട്വന്റി 20-യിലെ പ്രകടനം കുറച്ചുകൂടി മെച്ചമായിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് നേടിയത് 299 റണ്‍സ്. 74.75 എന്ന ശരാശരിയില്‍ നാല് അര്‍ധ സെഞ്ചുറികളടക്കമായിരുന്നു സ്‌കോറിങ്. ഈ വര്‍ഷം ഇതുവരെ കളിച്ചത് മൂന്ന് ട്വന്റി 20 മത്സരങ്ങള്‍. 23.33 ശരാശരിയില്‍ നേടിയത് 70 റണ്‍സ്. റണ്‍ചേസില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചിരുന്ന കോലിയെ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി നമ്മള്‍ കാണുന്നില്ല. പലപ്പോഴും നിലയുറപ്പിക്കാന്‍ പോലും സാധിക്കും മുമ്പ് കോലി പുറത്താകുന്നു. ഒരു കാലത്ത് കോലിയുടെ വിക്കറ്റെടുത്താല്‍ ഇന്ത്യയെ തോല്‍പ്പിക്കാമെന്ന അവസ്ഥയില്‍ നിന്ന് എതിര്‍ ടീമുകള്‍ക്ക് ഉറപ്പുള്ള വിക്കറ്റ് എന്ന നിലയിലേക്ക് കോലി മാറുന്നു. 2019-ന് ശേഷമാണ് താരത്തിന്റെ കരിയറിലെ ഈ വീഴ്ച.

കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ട് രണ്ടു വര്‍ഷവും ഏഴു മാസമാകുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ 100 സെഞ്ചുറികളെന്ന റെക്കോഡ് തകര്‍ക്കുമെന്ന് വിശ്വസിച്ചിരുന്ന താരത്തിന്റെ ഈ പതനം കടുത്ത ആരാധകര്‍ക്ക് പോലും വിശ്വസിക്കാനാകാത്തതാണ്. 2019 നവംബറില്‍ കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരേ പിങ്ക് ടെസ്റ്റിലായിരുന്നു കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി.

കരിയറിന്റെ തുടക്കം മുതല്‍ തന്നെ മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററെന്ന് പേരെടുത്ത കോലിയുടെ ഏകദിന കരിയറും 2020 തൊട്ട് താഴേക്കാണ്. 2016-ല്‍ 10 കളികളില്‍ നിന്ന് 3 സെഞ്ചുറികളും 4 അര്‍ധ സെഞ്ചുറികളുമടക്കം 92.37 ശരാശരിയില്‍ 739 റണ്‍സടിച്ചുകൂട്ടിയ കോലി തൊട്ടടുത്ത വര്‍ഷം 26 ഏകദിനങ്ങളില്‍ നിന്നായി അടിച്ചെടുത്തത് 1460 റണ്‍സാണ്. ആറ് സെഞ്ചുറികളും ഏഴ് അര്‍ധ സെഞ്ചുറികളും പിറന്ന ഇക്കാലയളവില്‍ 76.84 ആയിരുന്നു കോലിയുടെ ശരാശരി. പിന്നാലെ 2018-ല്‍ 14 കളികളില്‍ നിന്ന് 133.55 എന്ന വമ്പന്‍ ശരാശരിയില്‍ ആറ് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളുമടക്കം 1202 റണ്‍സാണ് ആ ബാറ്റില്‍ നിന്ന് പിറന്നത്. 2019-ല്‍ കളിച്ചത് ലോകകപ്പിലടക്കം 26 ഏകദിനങ്ങള്‍. അടിച്ചെടുത്തത് അഞ്ച് സെഞ്ചുറികളും ഏഴ് അര്‍ധ സെഞ്ചുറികളും. 59.86 ശരാശരിയില്‍ സ്വന്തമാക്കിയത് 1377 റണ്‍സ്.

എന്നാല്‍ പിന്നീട് ഏറ്റവും മികച്ച വൈറ്റ് ബോള്‍ പ്ലെയറെന്ന് പേരെടുത്ത കോലിയുടെ കരിയര്‍ ഗ്രാഫ് താഴേക്ക് പോകുന്നതിനാണ് ഈ ഫോര്‍മാറ്റും സാക്ഷ്യം വഹിച്ചത്. 2020-ല്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 47.88 എന്ന ഭേദപ്പെട്ട ശരാശരിയില്‍ നേടിയത് 431 റണ്‍സ്. അഞ്ച് അര്‍ധ സെഞ്ചുറികള്‍ താരത്തിന് നേടാനായി. 2021-ല്‍ കളിച്ചത് മൂന്ന് ഏകദിനങ്ങളില്‍ മാത്രം. രണ്ട് അര്‍ധ സെഞ്ചുറികളടക്കം 43.00 ശരാശരിയില്‍ നേടിയത് 129 റണ്‍സ്. ഈ വര്‍ഷം ഇതുവരെ കളിച്ചത് ആറ് ഏകദിനങ്ങള്‍. നേടിയത് 142 റണ്‍സ്. പിറന്നത് രണ്ട് അര്‍ധ സെഞ്ചുറികള്‍.

Photo: Getty Images

മൂന്ന് ഫോര്‍മാറ്റില്‍ വെച്ച് ടെസ്റ്റിലാണ് കോലി അസാധാണമാംവിധം പിന്നാക്കം പോയത്. 2016-ല്‍ ടെസ്റ്റില്‍ നാല് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളുമടക്കം 12 മത്സരങ്ങളില്‍ നിന്ന് 75.93 ശരാശരിയില്‍ 1215 റണ്‍സാണ് കോലി നേടിയത്. കോലിയുടെ കരിയറിലെ നാല് ഇരട്ട സെഞ്ചുറികള്‍ പിറക്കുന്നതും ഈ വര്‍ഷമായിരുന്നു. 2017-ല്‍ കളിച്ച 10 ടെസ്റ്റില്‍ നിന്ന് അഞ്ച് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയുമടക്കം നേടിയത് 1059 റണ്‍സ്. 75.64 ആയിരുന്നു ഈ വര്‍ഷത്തെ ശരാശരി. രണ്ട് ഇരട്ട സെഞ്ചുറികളാണ് ഇക്കാലയളവില്‍ പിറന്നത്. 2018-ല്‍ 13 മത്സരങ്ങളില്‍ നിന്ന് 55.98 ശരാശരിയില്‍ നേടിയത് 1322 റണ്‍സ്. അഞ്ചു വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും ആ വര്‍ഷം നേടി. 2019-ല്‍ എട്ട് മത്സരങ്ങളില്‍ നിന്നായി നേടിയത് 68.00 ശരാശരിയില്‍ 612 റണ്‍സ്. രണ്ട് വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും ആ ബാറ്റില്‍ നിന്ന് പിറന്നു. ഒരു ഇരട്ട സെഞ്ചുറിയും. എന്നാല്‍ ടെസ്റ്റിലെ കോലിയുടെ അപ്രമാദിത്യം അതോടെ തീര്‍ന്നു. കോവിഡ് വിലക്കിട്ടതോടെ കളിമുടങ്ങിയ കളിക്കളത്തിലേക്ക് തിരികെയെത്തിയത് മറ്റൊരു കോലിയായിരുന്നു. 2020-ല്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ നിന്ന് നേടാനായത് 19.33 ശരാശരിയില്‍ 116 റണ്‍സ് മാത്രം. 2021-ല്‍ 11 ടെസ്റ്റില്‍ നിന്ന് നേടിയത് 536 റണ്‍സ്. ശരാശരി 28.21 മാത്രം. ഈ വര്‍ഷം ഇതുവരെ കളിച്ചത് നാല് ടെസ്റ്റുകള്‍. 31.42 ശരാശരിയില്‍ നേടിയത് 220 റണ്‍സ്. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷം ടെസ്റ്റില്‍ കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത് ആറ് അര്‍ധ സെഞ്ചുറികള്‍ മാത്രം.

മൂന്ന് ഫോര്‍മാറ്റിലെയും ഈ പതനം ഐസിസി റാങ്കിങ്ങിലും കോലിക്ക് തിരിച്ചടിയായി. ഒരു കാലത്ത് മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോലി ടെസ്റ്റ് റാങ്കിങ്ങില്‍ ഇപ്പോള്‍ 13-ാം സ്ഥാനത്താണ്. ട്വന്റി 20-യില്‍ 21-ാം സ്ഥാനത്തും. ഏകദിനത്തില്‍ മാത്രമാണ് നിലവില്‍ കോലി ആദ്യ 10 റാങ്കിനുള്ളിലുള്ളത്. മൂന്നാം സ്ഥാനത്താണ് താരം.

കഴിഞ്ഞ ദശാബ്ദത്തിലെ (2010-2020) ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം നേടിയ താരത്തിനാണ് ഇപ്പോള്‍ കരിയറില്‍ ഇത്രയും വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത്. ഇതിനൊപ്പം ഐ.സി.സിയുടെ ദശാബ്ദത്തിലെ മികച്ച ഏകദിന ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടതും കോലി തന്നെയായിരുന്നു.

രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഒരു പതിറ്റാണ്ടിനുള്ളില്‍ 20,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത നേട്ടം കോലി സ്വന്തമാക്കിയത് 2019-ലായിരുന്നു. ഒരു പതിറ്റാണ്ടിനുള്ളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങിന്റെ റെക്കോര്‍ഡും നേരത്തേതന്നെ കോലി സ്വന്തം പേരിലാക്കി. ഈ പട്ടികയില്‍ രണ്ടാമതുള്ള പോണ്ടിങ്ങിന്റെ സമ്പാദ്യം 18,962 റണ്‍സാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ് (16,777), ശ്രീലങ്കന്‍ താരങ്ങളായ മഹേള ജയവര്‍ധനെ (16,304), കുമാര്‍ സംഗക്കാര (15,999), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (15962), രാഹുല്‍ ദ്രാവിഡ് (15,853), ഹാഷിം അംല (15,185) എന്നിവരെല്ലാം കോലിക്കു പിന്നിലാണ്.

ഇതോടൊപ്പം ചരിത്രത്തില്‍ ആദ്യമായി ഒരേ വര്‍ഷം ഐ.സി.സിയുടെ എല്ലാ വ്യക്തിഗത പുരസ്‌കാരങ്ങളും സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടവും കോലിയെ തേടിയെത്തിയിരുന്നു. 2018-ലെ ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ (സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി), ഏകദിന-ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ കോലിക്കായിരുന്നു.

ഇതോടൊപ്പം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി ഐ.സി.സി തിരഞ്ഞെടുത്ത മൂന്ന് ഫോര്‍മാറ്റിലെ ലോക ഇലവനില്‍ ഉള്‍പ്പെട്ട ഏക താരവും കോലിയാണ്. ടെസ്റ്റ് ടീമിന്റെ നായകനായി ഐ.സി.സി തിരഞ്ഞെടുത്തതും കോലിയെ തന്നെ. എന്നാല്‍ ഈ നേട്ടങ്ങളുടെയെല്ലാം നെറുകയില്‍ നിന്ന് കോലിയെന്ന താരം താഴേക്ക് പരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി കാണുന്നത്.

Photo: Getty Images

കരിയറിലെ ആ മോശം കാലം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം കൂടിയാണ് കോലിക്ക് നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ട്വന്റി 20 ലോകകപ്പിന് ശേഷം താന്‍ ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഏകദന ക്യാപ്റ്റന്‍ സ്ഥാനവും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും ബിസിസിഐ കോലിയില്‍ നിന്ന് മാറ്റി. 2021 ഡിസംബര്‍ എട്ടിനായിരുന്നു ആ നാടകീയ സംഭവങ്ങളുടെ തുടക്കം. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച സെലക്ടര്‍മാര്‍ എല്ലാവരേയും ഞെട്ടിച്ച് കോലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി രോഹിത് ശര്‍മയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. 2021 ഡിസംബറില്‍ ന്യൂസീലന്‍ഡിനെതിരേ മുംബൈയില്‍ നടന്ന ടെസ്റ്റ് വിജയിച്ച് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും 50 വിജയങ്ങള്‍ നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡ് സ്വന്തമാക്കി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കോലി ഈ തിരിച്ചടി നേരിട്ടത്. സ്വയം സ്ഥാനമൊഴിയാന്‍ കോലിക്ക് സമയം നല്‍കിയിരുന്നെന്നും അതിന് തയ്യാറാകാതെ വന്നതോടെ ബിസിസിഐ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നുവെന്നും ആ സമയത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തുടര്‍ന്ന് ഡിസംബര്‍ 15-ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോലി ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തിയത്. കോലിയോട് ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയരുതെന്ന് താനും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും അപേക്ഷിച്ചുവെന്നുള്ള ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രസ്താവന ഇതിനിടെ വന്നിരുന്നു.

ഡിസംബര്‍ 15-ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചീഫ് സെലക്ടറും മറ്റു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നും വിരാട് കോലി വ്യക്തമാക്കിയതോടെ ബോര്‍ഡും താരവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു തുടങ്ങി.

ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ തന്നോട് ആരും സ്ഥാനമൊഴിയരുതെന്ന് ആവശ്യപ്പെട്ടില്ലെന്നുകൂടി വാര്‍ത്താ സമ്മേളനത്തിനിടെ കോലി വ്യക്തമാക്കി. കോലിയുടെ ഈ പ്രസ്താവന ഈ വിഷയവുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വാക്കുകളെ തള്ളുന്നതായിരുന്നു.

ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ചീഫ് സെലക്ടര്‍ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അതിനുശേഷം ഫോണ്‍ കോള്‍ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇനി ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ താന്‍ ആയിരിക്കില്ല എന്ന് പറഞ്ഞു. അഞ്ച് സെലക്ടര്‍മാരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ചീഫ് സെലക്ടര്‍ അറിയിച്ചതായും കോലി അന്ന് പറഞ്ഞു.

ടീമില്‍ ആരാലും ചോദ്യം ചെയ്യപ്പെടാത്ത ഒരു ശക്തിയായി വളര്‍ന്ന കോലിക്ക് തിരിച്ചടി നേരിടുന്നത് ഇവിടം മുതലാണ്. മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയെ പുറത്താക്കിയതടക്കം കോലി വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കുന്ന സ്ഥിതി മാറി. ഒപ്പം മോശം ഫോമും കൂടിയായതോടെ ഇപ്പോള്‍ ടീമിലെ താരത്തിന്റെ സ്ഥാനവും ചോദ്യംചെയ്യപ്പെട്ടു തുടങ്ങി. ആര്‍. അശ്വിനെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കാമെങ്കില്‍ എന്തുകൊണ്ട് കോലിയെ ട്വന്റി 20 ടീമില്‍ നിന്ന് ഒഴിവാക്കിക്കൂടാ എന്ന് ചോദിച്ച് കപില്‍ ദേവ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.

2014-ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ മെല്‍ബണില്‍ നടന്ന ടെസ്റ്റിനു ശേഷം എം.എസ് ധോനി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോലി ഇന്ത്യയുടെ റെഡ് ബോള്‍ ടീമിന്റെ നായക സ്ഥാനത്തെത്തുന്നത്. ധോനിയുടെ കീഴില്‍ ടെസ്റ്റ് ടീം നേട്ടങ്ങളുടെ പടവുകള്‍ കയറിത്തുടങ്ങുകയായിരുന്നെങ്കില്‍ കോലിയുടെ കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ കുതിപ്പിനാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷിയായത്.

Photo: Getty Images

വര്‍ഷങ്ങളോളം തുടര്‍ച്ചയായി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പ്, ഓസ്‌ട്രേലിയന്‍ മണ്ണില്‍ രണ്ടു തവണ ടെസ്റ്റ് പരമ്പര നേട്ടങ്ങള്‍, ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയില്‍ 2-1ന്റെ ലീഡ് ഇവയെല്ലാം ഇന്ത്യന്‍ ടെസ്റ്റ് സംഘം സ്വന്തമാക്കിയത് കോലിയുടെ കീഴിലായിരുന്നു. ഇതില്‍ ഓസീസ് പരമ്പരയില്‍ ഇടയ്ക്ക് വിട്ടുനിന്ന കോലിക്ക് പകരം ടീമിനെ നയിച്ചത് അജിങ്ക്യ രഹാനെയായിരുന്നു. എങ്കിലും ലോകത്തെവിടെയും ടെസ്റ്റില്‍ ഇന്ത്യയെ വിജയിക്കാന്‍ പ്രാപ്താരാക്കിയതില്‍ കോലിയുടെ പങ്ക് ചെറുതൊന്നുമല്ല.

കോലിയുടെ കീഴില്‍ 2016 ഒക്ടോബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ തുടര്‍ച്ചയായി 42 മാസങ്ങളാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്. 2014 മുതല്‍ 2022 വരെ 68 ടെസ്റ്റുകളിലാണ് കോലി ഇന്ത്യയെ നയിച്ചത്. 40 എണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ 11 മത്സരങ്ങള്‍ സമനിലയിലായി. തോറ്റത് 17 എണ്ണത്തില്‍ മാത്രം.

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ക്യാപ്റ്റന്‍ കോലിയാണ്. വിജയ ശതമാനത്തിലും മുന്നില്‍ കോലി തന്നെ. ഇതോടൊപ്പം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വിദേശത്ത് നാല് ടെസ്റ്റ് വിജയങ്ങളെന്ന നേട്ടം രണ്ടു തവണ സ്വന്തമാക്കിയ ഏക ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിയാണ്. ഇന്ത്യ ഇത്തരമൊരു നേട്ടം ആദ്യമായി സ്വന്തമാക്കുന്നതും കോലിയുടെ കീഴില്‍ തന്നെ. 2018-ല്‍ ജൊഹാനസ്ബര്‍ഗ്, നോട്ടിങ്ഹാം, അഡ്‌ലെയ്ഡ്, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ ടെസ്റ്റ് ജയിച്ച ഇന്ത്യ 2021-ല്‍ ബ്രിസ്‌ബെയ്ന്‍, ലോര്‍ഡ്‌സ്, ഓവല്‍, സെഞ്ചൂറിയന്‍ എന്നിവിടങ്ങളിലും ജയം നേടി.

ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനില്‍ ഒരു ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനെന്ന നേട്ടവും കോലിക്കാണ്. 2000-ല്‍ ഇംഗ്ലണ്ടിന്റെ നാസര്‍ ഹുസൈനും 2014-ല്‍ ഓസീസിന്റെ മൈക്കല്‍ ക്ലാര്‍ക്കിനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനും കോലിയാണ്.

സേന രാജ്യങ്ങളില്‍ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ) ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയിച്ച ഏഷ്യന്‍ ക്യാപ്റ്റനും കോലി തന്നെ. ഈ രാജ്യങ്ങളില്‍ കളിച്ച 23 ടെസ്റ്റുകളില്‍ ഏഴു ജയങ്ങളാണ് കോലിക്കുള്ളത്. 13 എണ്ണത്തില്‍ തോറ്റപ്പോള്‍ മൂന്നെണ്ണം സമനിലയിലായി. ഇന്ത്യയ്ക്ക് പുറത്ത് കളിച്ച 36 ടെസ്റ്റുകളില്‍ 16 എണ്ണത്തില്‍ കോലിയുടെ കീഴില്‍ ഇന്ത്യ ജയിച്ചു.

ദക്ഷിണാഫ്രിക്കയില്‍ രണ്ട് ടെസ്റ്റുകള്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടവും കോലിക്ക് തന്നെ. 2018-ല്‍ ജൊഹാനസ്ബര്‍ഗിലും 2021-ല്‍ സെഞ്ചൂറിയനിലുമായിരുന്നു ഈ നേട്ടം. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ചുറികള്‍ കേലി സ്വന്തമാക്കുന്നത് ക്യാപ്റ്റനായിരുന്ന സമയത്താണ്. ഇതോടൊപ്പം 20 ടെസ്റ്റ് സെഞ്ചുറികളാണ് ക്യാപ്റ്റനായിരിക്കെ അദ്ദേഹം കുറിച്ചത്.

ക്രിക്കറ്റില്‍ ഇത്തരത്തില്‍ ആരാലും ചോദ്യം ചെയ്യപ്പെടാത്ത ഉന്നതിയില്‍ നിന്നാണ് കോലിക്ക് പിന്നീട് കരിയറില്‍ വമ്പന്‍ തിരിച്ചടികള്‍ നേരിടുന്നത്. 2013-ന് ശേഷം ഒരു ഐസിസി ട്രോഫി സ്വന്തമാക്കാന്‍ സാധിക്കാത്ത ക്യാപ്റ്റനെന്ന പഴി കേട്ടാണ് കോലി ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങിയത്. ഇത്തരത്തില്‍ തന്റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയത് കോലിയെ മാനസികമായും ബാധിച്ചിരിക്കാം. കളിക്കളത്തില്‍ അഗ്രസീവെന്ന് പേരെടുത്ത കോലിക്ക് ബാറ്റിങ്ങില്‍ ആ അഗ്രസീവ്നെസ് നഷ്ടപ്പെട്ടു തുടങ്ങി. കോലിയുടെ കാഴ്ചയുടെ പ്രശ്നവും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സൗരവ് ഗാംഗുലിക്കും വീരേന്ദര്‍ സെവാഗിനും ഇതേ പ്രശ്നമുണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിച്ച് ആ പ്രശ്നം പരിഹരിച്ചിരുന്നു. കോലി അതിനും തയ്യാറാകുന്നില്ലെന്നതാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം.

ഇത്തരത്തില്‍ നാലുപാടുനിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ഒടുവിലിപ്പോഴിതാ കോലിക്ക് പിന്തുണയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തന്നെ രംഗത്തെത്തേണ്ട അവസ്ഥ പോലും വന്നുചേര്‍ന്നിരിക്കുകയാണ്. കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും സ്വാഭാവികമാണെന്നും ഒന്നോ രണ്ടോ പരമ്പരയില്‍ പരാജയമായി എന്നതുകൊണ്ട് ഒരു കളിക്കാരന്റെ കഴിവിനെ കുറച്ചുകാണരുതെന്നും രോഹിത് പറഞ്ഞുവെയ്ക്കുന്നു. ''നമ്മള്‍ ശക്തമായ ഒരു ടീമിനെ വളര്‍ത്തിക്കൊണ്ടുവരികയാണ്. അതിനുപിന്നില്‍ വലിയ ആലോചനയും പ്രയത്‌നവുമുണ്ട്. ടീമിന് പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാകില്ല. പുറത്തുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നത് ഞങ്ങള്‍ക്ക് പ്രധാനവുമല്ല'' - ഇതായിരുന്നു കോലിക്ക് പിന്തുണയറിയിച്ചുള്ള രോഹിത്തിന്റെ വാക്കുകള്‍.

ഇനി വരാനിരിക്കുന്ന വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ലോകകപ്പ് അടുത്തിരിക്കേ കോലിക്ക് മറ്റൊരു തിരിച്ചടി കൂടിയാണിത്. കളിച്ച് ഫോമിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ലോകകപ്പ് ടീമിലടക്കം ഒരിടം അവകാശപ്പെടാന്‍ താരത്തിന് സാധിക്കാതെ വരും. കോലി ഒരു ഇടവേളയെടുക്കണമെന്നാണ് മറ്റൊരു കൂട്ടര്‍ നിര്‍ദേശിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി, ഫോം വീണ്ടെടുത്ത ശേഷം തിരികെ ടീമിലെത്താമെന്നാണ് അവരുടെ നിര്‍ദേശം. എന്നാല്‍ കോലിയുടെ ഈഗോ അതിന് തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണണം.

ക്രിക്കറ്റില്‍ പകരം വെയ്ക്കാനില്ലാത്ത നേട്ടങ്ങള്‍ക്ക് ഉടമയാണ് കോലി. അത്തരമൊരു താരം ഇന്നനുഭവിക്കുന്ന റണ്‍ വരള്‍ച്ച ക്രിക്കറ്റ് ആരാധകര്‍ക്ക് തന്നെ വിഷമമുണ്ടാക്കുന്നതാണ്. റണ്‍ വരള്‍ച്ചയുടെ നാളുകള്‍ കടന്ന് പതിവുപോലെ ബാറ്റുകൊണ്ടുതന്നെ കോലി തന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുമെന്ന് കരുതാം, അിനായി കാത്തിരിക്കാം...

Content Highlights: virat kohli is no longer the batsman bowlers once feared whats is the reason behind his downfall

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Who is the all-rounder who will win India third World Cup

3 min

ആരാവും ഇന്ത്യക്ക് മൂന്നാം ലോകകപ്പ് നേടിത്തരുന്ന ആ ഓള്‍റൗണ്ടര്‍?

Sep 6, 2023


team india s u turn on Ravichandran Ashwin reasons behind his return for the Australia odis

5 min

'ആഷ്' ഉണ്ടാകുമോ ലോകകപ്പില്‍? അശ്വിന്റെ കാര്യത്തില്‍ ടീം ഇന്ത്യയുടെ യു ടേണിന് പിന്നില്‍

Sep 20, 2023


The story of cricket in Switzerland

3 min

തലശ്ശേരിക്കാരന്റെ സ്വപ്നം; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്രിക്കറ്റ് നാമ്പിട്ട കഥ...

Aug 21, 2023


Most Commented