മുംബൈ: വനിതാ ലോകകപ്പ് ട്വന്റി 20-ക്കു പിന്നാലെ ഇന്ത്യന്‍ താരം മിതാലി രാജും കോച്ച് രമേശ് പൊവാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തലപൊക്കിയോടെ വനിതാ ക്രിക്കറ്റ് വിവാദങ്ങളുടെ നിഴലിലായിരുന്നു. ഇരുവരും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ബി.സി.സി.ഐ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ വനിതാ ടീം പരിശീലകനെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയും ഇന്ത്യന്‍ ക്രിക്കറ്റ് ഭരണ നിര്‍വഹണ സമിതി അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കം നടക്കുകയാണ്. രമേശ് പൊവാറിന്റെ കരാര്‍ അവസാനിച്ച ഒഴിവിലേക്കാണ് ബി.സി.സി.ഐ പുതിയ പരിശീലകനെ തേടിയിരിക്കുന്നത്.
ഈ വിഷയത്തില്‍ ഇടക്കാല ഭരണസമിതി (സി.ഒ.എ) അംഗങ്ങളായ വിനോദ് റായിയും ഡയാന എഡുല്‍ജിയും പരിശീലനകനെ ചൊല്ലി മുഖാമുഖം വന്നിരിക്കുകയാണ്. വനിതാ ടീമിന്റെ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അഡ്‌ഹോക്ക് കമ്മിറ്റിയില്‍ ആരൊക്കെയെന്ന് തനിക്കറിയില്ലെന്നും തനിക്ക് ഇത്തരത്തിലൊരു അഡ്‌ഹോക്ക് കമ്മിറ്റിയുടെ ആവശ്യമില്ലെന്നും എഡുല്‍ജി പറഞ്ഞു. തനിക്കും റായിക്കും ഒരുപോലെയാണ് അധികാരമെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.
ഇന്ത്യന്‍ പുരുഷ ടീം പരിശീലകനായിരുന്ന അനില്‍ കുംബ്ലെയെ മാറ്റി രവി ശാസ്ത്രിയെ പരിശീലകനാക്കാന്‍ ബി.സി.സി.ഐ നിലവിലുള്ള നിയമങ്ങള്‍ തെറ്റിച്ചുവെന്നും എഡുല്‍ജി ആരോപിച്ചു. കുംബ്ലെയ്‌ക്കെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റിക്ക് തുടര്‍ച്ചയായി എസ്.എം.എസുകള്‍ അയച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
കോലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നായിരുന്നു കുംബ്ലെ ഇന്ത്യന്‍ പരിശീലക സ്ഥാനം രാജിവെച്ചത്. കുംബ്ലെയുടെ സമീപനത്തോടും പരിശീലന രീതികളോടും എതിര്‍പ്പുണ്ടെന്ന് കോലി ബി.സി.സി.ഐയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുംബ്ലെ സ്ഥാനമൊഴിയുന്നത്.
പിന്നാലെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബി.സി.സി.ഐ ഉപദേശക സമിതിയാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖവും മറ്റും നടത്തിയത്. കുംബ്ലെയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇടക്കാല ഭരണസമിതിയുടെ നിര്‍ദേശ പ്രകാരം ഉപദേശക സമിതി കോലിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കോലി തന്റെ നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ തയ്യാറായില്ല.
പരിശീലക സ്ഥാനത്തേക്ക് കുംബ്ലെയെ തന്നെ ഉപദേശക സമിതി നിര്‍ദേശിച്ചെങ്കിലും കോലി തന്റെ നിലപാടില്‍ നിന്ന് വ്യതിചലിക്കാതിരുന്നതിനാല്‍ ബി.സി.സി.ഐ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള കാലാവധി നീട്ടുകയും ഇതുവഴി ശാസ്ത്രിക്ക് അപേക്ഷിക്കാനുള്ള അവസരം ഒരുക്കുകയുമായിരുന്നുയായിരുന്നു.
ഇക്കാര്യമാണ് ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് എഡുല്‍ജി തുറന്നടിച്ചത്. വനിതാ ടീമിന്റെ പരിശീലകസ്ഥാനത്ത് രമേഷ് പവാറിന്റെ നിലനിര്‍ത്തേണ്ടതില്ലെന്ന ബി.സി.സി.ഐ തീരുമാനത്തിന് ശേഷമാണ് വിനോദ് റായിക്കും എഡുല്‍ജിക്കുമിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.
രമേഷ് പവാറിനെ തന്നെ നിലനിര്‍ത്തണമെന്നായിരുന്നു എഡുല്‍ജിയുടെ പക്ഷം. ഇതിനായി അവര്‍ വിനോദ് റായിക്ക് കത്തയക്കുകയും ചെയ്തിരുന്നു. രവിശാസ്ത്രിയെ പരിശീലകനാക്കാന്‍ കോലിയുടെ താത്പര്യം പരിഗണിച്ച പോലെ വനിത ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും താത്പര്യങ്ങള്‍ മാനിക്കണമെന്നും എഡുല്‍ജി വ്യക്തമാക്കുന്നു. അതേസമയം താരങ്ങളുടെ വോട്ടിലൂടെയല്ല പരിശീലകനെ തിരഞ്ഞെടുക്കുക എന്നായിരുന്നു വിനോദ് റായിയുടെ മറുപടി.
പുരുഷ ടീമിന്റെ പരിശീലകനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ക്യാപ്റ്റനു സമ്മര്‍ദം ചെലുത്താമെന്നിരിക്കെ, വനിതാ ടീമിന്റെ കാര്യത്തിലും ക്യാപ്റ്റന്റെ അഭിപ്രായത്തിനു ചെവികൊടുക്കണമെന്നായിരുന്നു എഡുല്‍ജിയുടെ നിലപാട്.
സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഉള്‍പ്പെടുന്ന ഉപദേശക സമിതി കുംബ്ലെയ്‌ക്കൊപ്പം നിന്നിട്ടും കോലിയുടെ അഭിപ്രായത്തിനാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നതില്‍ മുന്‍ഗണന ലഭിച്ചതെന്ന് എഡുല്‍ജി ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ വനിതാ ടീം താരങ്ങള്‍ക്കും അവര്‍ നല്ലതെന്നു കരുതുന്നതു ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് എഡുല്‍ജി, വിനോദ് റായിക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.
Content Highlights: virat kohli engineered anil kumble exit diana edulji leaked email