1020 ദിനങ്ങളുടെ കാത്തിരിപ്പ്; 'കിങ് ' ഈസ് ബാക്ക് ഇന്‍ ആക്ഷന്‍


അഭിനാഥ് തിരുവലത്ത്‌

കരിയറില്‍ നേട്ടങ്ങളില്‍നിന്ന് നേട്ടങ്ങളിലേക്ക് എതിരാളികളില്ലാതെ കുതിച്ചിരുന്ന കോലിക്ക് പക്ഷേ കാലിടറി തുടങ്ങിയത് രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. രണ്ട വര്‍ഷത്തിലേറെ കാലത്തോളം ആ ബാറ്റിനും താരത്തിനും പഴയ മൂര്‍ച്ചയും പ്രസരിപ്പും നഷ്ടമായിരുന്നു

Photo: AP

രണ്ടുവര്‍ഷത്തിന്റെയും ഒന്‍പതുമാസത്തിന്റെ കാത്തിരിപ്പ്, അതും ഒരു സെഞ്ചുറിക്ക് വേണ്ടി. കാത്തിരിപ്പ് എത്രത്തോളം കഠിനമായിരുന്നു എന്നറിഞ്ഞ നാളുകള്‍. അതിനിടെ അയാള്‍ക്ക് നഷ്ടമായത് പലതുമായിരുന്നു. എന്തിനേറെ പറയുന്നു 10 വര്‍ഷത്തിലേറെ കാലം ഇന്ത്യന്‍ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന അയാളുടെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു. ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി. നാനാകോണുകളില്‍നിന്നും പലരും അയാള്‍ക്കെതിരേ വിമര്‍ശനശരങ്ങള്‍ എയ്തുവിട്ടു. ഒടുവിലിതാ 1020 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് വിരാട് കോലിയുടെ ബാറ്റില്‍ നിന്ന് വീണ്ടും ഒരു സെഞ്ചുറി പിറന്നിരിക്കുകയാണ്. അന്താരാഷ്ട്ര ട്വന്റി 20-യിലെ താരത്തിന്റെ ആദ്യ സെഞ്ചുറി. അന്താരാഷ്ട്ര കരിയറിലെ 71-ാം സെഞ്ചുറി.

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെ അഫ്ഗാനിസ്താനെതിരായ അപ്രസക്തമായ മത്സരത്തിലെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ അത് വിരാട് കോലിയെന്ന പ്രതിഭാധനനായ ക്രിക്കറ്ററുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു. ''കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി ഒരു മാസത്തോളം ഞാന്‍ എന്റെ ബാറ്റ് തൊട്ടില്ല.'' എന്ന് കോലി ഈ ലോകത്തോട് ഏറ്റുപറഞ്ഞിട്ട് അധിക നാളുകളായിട്ടില്ല. അയാളുടെ കഴിവിനെ ഒരുപക്ഷേ അയാള്‍ പോലും തെല്ലൊന്ന് സംശയിച്ചുപോയിരിക്കാം. കഴിഞ്ഞ ഏതാനും നാളുകള്‍ താന്‍ മാനസികവിഷമം അനുഭവിച്ചിരുന്നുവെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചതും ഈ അടുത്ത് തന്നെയാണ്. 2022-ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുത്തത് ഇക്കാരണത്താലാണെന്നും കോലി സ്റ്റാര്‍ സ്പോര്‍ട്സിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കരിയറില്‍ നേട്ടങ്ങളില്‍നിന്ന് നേട്ടങ്ങളിലേക്ക് എതിരാളികളില്ലാതെ കുതിച്ചിരുന്ന കോലിക്ക് പക്ഷേ കാലിടറി തുടങ്ങിയത് രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. രണ്ട വര്‍ഷത്തിലേറെ കാലത്തോളം ആ ബാറ്റിനും താരത്തിനും പഴയ മൂര്‍ച്ചയും പ്രസരിപ്പും നഷ്ടമായിരുന്നു. ഒടുവില്‍ ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെയെടുത്ത വിശ്രമത്തിന് ശേഷം ഏഷ്യാ കപ്പില്‍ തിരിച്ചെത്തിയ കോലി, ആ പഴയ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. പാകിസ്താനെതിരെയും ഹോങ് കോങ്ങിനെതിരെയും അര്‍ധ സെഞ്ചുറി പ്രകടനങ്ങള്‍. ഒടുവിലിതാ ബാറ്റിങ്ങിലെ മുഴുവന്‍ സൗന്ദര്യവും പുറത്തെടുത്ത് അഫ്ഗാനെതിരായ സെഞ്ചുറി. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കോലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവ് ടീം ഇന്ത്യയ്ക്ക് ആശ്വാസമാണ്.

മത്സരത്തില്‍ 61 പന്തുകള്‍ നേരിട്ട കോലി ആറ് സിക്‌സും 12 ഫോറുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു. ഇതോടൊപ്പം 71 രാജ്യാന്തര സെഞ്ചുറികളുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പവും കോലിയെത്തി. 560 രാജ്യാന്തര മത്സരങ്ങളില്‍ നിന്നാണ് പോണ്ടിങ് 71 സെഞ്ചുറികള്‍ കണ്ടെത്തിയത്. കോലി വെറും 468 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടത്തിലെത്തി. 664 മത്സരങ്ങളില്‍ നിന്ന് 100 സെഞ്ചുറികള്‍ നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഇനി കോലിക്ക് മുന്നിലുള്ളത്.

2019 നവംബറില്‍ കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരേ പിങ്ക് ടെസ്റ്റിലായിരുന്നു കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി. പിന്നീടുള്ള നാളുകള്‍ കോലിയെന്ന താരത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്ക് പതിക്കുന്നതിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ഒടുവിലിതാ ആ കെട്ടനാളുകള്‍ പിന്നിട്ട് ഇന്ത്യയുടെ റണ്‍മെഷീന്‍ മടങ്ങിയെത്തിയിരിക്കുകയാണ്.

Content Highlights: virat kohli ends 1020 day wait for international century


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


aeroplane

1 min

'ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണം'; പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Oct 7, 2022

Most Commented