ക്രിക്കറ്റ് കൊണ്ട് കൊല്ലേണ്ടതെങ്ങനെ? കോലിയിൽ മുങ്ങിപ്പോവുന്ന ഈ പാവങ്ങളുടെ ജീവിതം ആരോർക്കാൻ?


ബി.കെ.രാജേഷ്In Depth

.

പാകിസ്താനെതിരേ വിരാട് കോലിയുടെ വെടിക്കെട്ട് ഉണ്ടായിരുന്നില്ലെങ്കില്‍ എന്ത്‌ സംഭവിക്കുമായിരുന്നു? കോലിയുടെ പരാജയപ്പെട്ട അനേകം ഇന്നിങ്‌സുകളിലേയ്ക്ക് ഒന്നുകൂടി ചേര്‍ത്ത് ഇതും എഴുതിത്തള്ളപ്പെട്ടേനെ. ബ്രാന്‍ഡ് കോലിയുടെ തിരിച്ചുവരവിനുവേണ്ടി ബി.സി.സി.ഐ. പിന്നെയും നാളുകള്‍ കാത്തിരിക്കുകയും ചെയ്‌തേനേ. ഇന്ത്യ അന്ന് പാകിസ്താനോട് തോറ്റിരുന്നെങ്കിലോ? ഏട്ടിലെ പുലികള്‍ കുറച്ച് അമറിയേക്കാം. പിന്നെ പതിവുപോലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ച് ഇന്ത്യ നാടകീയമായി ലോകകപ്പില്‍ മുന്നേറിയെന്നുമിരിക്കും. ഇത് ആദ്യത്തെ ഇന്ത്യാ-പാക് ഹൈ വോള്‍ട്ടേജ് പോരാട്ടമല്ല. അതുകൊണ്ടു തന്നെ ഈ ഹൈപ്പിന് അത്രയേയുളളൂ പ്രസക്തിയും. എന്നിട്ടും, മെല്‍ബണില്‍ പതിനെട്ടാം ഓവറിന്റെ അഞ്ചാമത്തെ പന്ത് കോലി ഹാരിസ് റൗഫിന്റെ തന്നെ തലയ്ക്ക് മുകളിലൂടെ ഗ്യാലറിയിലേയ്ക്ക് ആകാശച്ചാലുകീറി പായിച്ചപ്പോള്‍ ലോകം നിശ്ചലമായി. ലെഗ് സ്റ്റമ്പ് ലാക്കാക്കി എറിഞ്ഞ അടുത്ത പന്ത് ഒരു റിസ്റ്റ് ഫ്‌ളിക്കിലൂടെ ഫൈന്‍ ലെഗിന്റെ അതിരിനപ്പുറത്തേയ്ക്ക് പറപ്പിച്ചപ്പോള്‍ ദീപാവലി വിപണി പോലും നിശ്ചലമായി. ഓണ്‍ലൈന്‍ കച്ചവടം കൂപ്പുകുത്തി. ആ വെറും എണ്‍പത്തിരണ്ട് റണ്‍സ് കൊണ്ട് കിങ് കോലിയുടെ തിരിച്ചുവരവ് പുരപ്പറത്തു കയറി വിളംബരം ചെയ്യപ്പെട്ടു. അത്ഭുതജയമെന്ന അത്യുക്തി ദേശീയാഘോഷമായി കൊണ്ടാടപ്പെട്ടു.

എന്നാല്‍, ഇതിന് ഒരാഴ്ച മുന്‍പ് അകലെ കെയ്‌റോയില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ലോകചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിരുന്നു ഇന്ത്യ. രുദ്രാംക്ഷ് ബാലാസാഹേബ് പട്ടേല്‍ എന്നൊരു പതിനെട്ടുകാരന്‍ ഷൂട്ടറിലൂടെ. അഭിനവ് ബിന്ദ്രയ്ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് താനേക്കാരൻ പട്ടേല്‍. അതും ഏതാണ്ട് ഒന്നര പതിറ്റാണ്ടിനുശേഷം. അന്ന് ഈ ലോകകിരീടം ചൂടി രണ്ടു കൊല്ലം കഴിഞ്ഞാണ് ബിന്ദ്ര ലണ്ടനില്‍ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്. ബിന്ദ്രയുടെ പാതയിലാണ് രുദ്രാംക്ഷും. പിഴച്ചില്ലെങ്കില്‍ രണ്ട് വര്‍ഷമപ്പുറമുള്ള പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഉറപ്പുള്ളൊരു മെഡലാണ് രുദ്രാംക്ഷിന്റേത്. എന്നിട്ടും പട്ടേല്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ ലോകിരീടം ചൂടിയപ്പോള്‍ ഒരു ഇല പോലും അനങ്ങിയില്ല. ആരുടെയും ദേശീയബോധം ഉണര്‍ന്നുമില്ല.റോമിലും സ്‌പെയിനിലെ പോണ്‍ടെവെദ്രയിലുമായി ഇതേ കാലത്ത് തന്നെ രണ്ട് തവണ കൂടി ലോകകിരീടം ചൂടി ഇന്ത്യ. ആദ്യം പതിനേഴ് വയസിന് താഴേയുള്ളവരുടെ ലോക ഗുസ്തിചാമ്പ്യന്‍ഷിപ്പിലെ ഗ്രെക്കൊ റോമന്‍ വിഭാഗത്തില്‍ സൂരജ് വസിഷ്ഠ് എന്നൊരു പതിനാറുകാരന്‍. മുപ്പത്തിരണ്ട് വര്‍ഷത്തിനുശേഷമാണ് നാളിതുവരെ ബാലികേറാമലയായിരുന്ന ഗ്രെക്കോ റോമന്‍ ഗുസ്തിയില്‍ ഒരു ഇന്ത്യക്കാരന്റെ ആദ്യ സ്വര്‍ണലബ്ധി. ഇനി സീനിയര്‍ തലത്തിലെ മെഡലാണ് ഹരിയാണക്കാരന്‍ വസിഷ്ഠിന്റെ സ്വപ്നം. അതിനുവേണ്ടിയുള്ള കഠിനമായ പരിശ്രമമുണ്ടെങ്കില്‍ രണ്ട് വര്‍ഷമപ്പുറമുള്ള പാരിസ് ഒളിമ്പിക്‌സിലും മറ്റൊരു ചരിത്രം പിറന്നേക്കും. പക്ഷേ, ഈ ചരിത്രനേട്ടവും ഇരുചെവിയറിഞ്ഞില്ല. ആരും ആഘോഷിച്ചുമില്ല. സ്‌പെയിനിലെ ഫ്രീസ്‌റ്റൈല്‍ ലോകചാമ്പ്യന്‍ഷിപ്പിലെ ഫൈനലില്‍ തുര്‍ക്കിയുടെ അഹമ്മദ് ദുമാനെ മലര്‍ത്തിയടിച്ച അമന്‍ സെഹ്‌രാവത്തും കുറിച്ചത് ഒരു വലിയ ചരിത്രമാണ്. അണ്ടര്‍ 23 ഗുസ്തിയില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടുന്ന ചരിത്രത്തിലെ ആദ്യ താരമാണ് അമന്‍. ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്‌രംഗ് പൂനിയയും രവി ദഹിയയുമെല്ലാം പണ്ട് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ടൂര്‍ണമെന്റിലാണ് അമന്റെ സ്വര്‍ണനേട്ടമെന്നത് മറക്കരുത്. എന്നിട്ടും സ്വര്‍ണമണിഞ്ഞട്ടും പോയപോലെ തന്നെ നാലാളറിയാതെയാണ് അമന്‍ സ്‌പെയിനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചു വിമാനമിറങ്ങി വീടുപറ്റിയത്.

കോലിയുടെ അമ്പത്തിമൂന്ന് പന്തിലെ വിസ്മയം രാജ്യം ആഘോഷിച്ചുതിമിര്‍ക്കുന്ന ഈ കാലത്ത് വീട്ടുകാരെ ഒന്ന് ഫോണില്‍ കിട്ടാന്‍ പാടുപെടുന്നുണ്ടായിരുന്നു ഒരു പതിനഞ്ചുകാരി. കുവൈത്തില്‍ ഏഷ്യന്‍ അണ്ടര്‍ 20 അത്‌ലറ്റിക്‌സിലെ എണ്ണൂറ് മീറ്റര്‍ ഓട്ടത്തില്‍ താന്‍ സ്വര്‍ണം നേടിയ വിവരം വീട്ടകാരെ വിളിച്ചറിയിക്കാന്‍ രണ്ടു ദിവസമാണ് അവള്‍ക്ക് കാത്തിരിക്കേണ്ടിവന്നത്. കാരണം ജാര്‍ഖണ്ഡിലെ അവളുടെ ഗ്രാമമായ നവൈദില്‍ വിരലിലെണ്ണാവുന്നവര്‍ക്കേ ഒരു ഫോണുള്ളൂ. ഫോണ്‍ പോയിട്ട് വൈദ്യുതി പോലുമമെത്തിയിട്ടില്ല തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് നൂറ് കിലോമറ്റര്‍ മാത്രം അകലെയുള്ള ഈ ആദിവാസി ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളിലും. മറക്കരുത്. അയിച്ചി നഗോയയിലെയോ ദോഹയിലെയോ ഇന്ത്യയുടെ ഒരു ഏഷ്യന്‍ ഗെയിംസ് മെഡലാണെന്ന് നിസ്സംശയം വിധിക്കാം ഷൈനി വില്‍സന്റെയും കെ.സി. റോസക്കുട്ടിയുടെയും സുനിതാറാണിയുടെയും ടിന്റു ലൂക്കയുടെയുമെല്ലാം ഈ പിന്‍ഗാമിയെ. എന്നിട്ടും ഫോണില്ലാത്ത വീട്ടുകാര്‍ മാത്രമല്ല, വിവരങ്ങള്‍ വിരല്‍ത്തുമ്പിലുള്ള നഗരവാസികളും അറിഞ്ഞില്ല ആശയുടെ ചരിത്രനേട്ടം.

ലക്ഷദ്വീപിനുവേണ്ടി കണ്ണീരൊഴുക്കാനും കൊടിപിടിക്കാനും പതിനായിരങ്ങളുണ്ടായിരുന്നു കൊച്ചിയിലെ തെരുവില്‍ പോലും. എന്നാല്‍, ഒരു നൂറ് മീറ്റര്‍ മണ്‍ട്രാക്ക് പോലുമില്ലാത്ത, വന്‍കരയിലെ പരിശീലനത്തിന് ദിവസങ്ങളോളം കപ്പല്‍ കാത്തുകഴിയേണ്ടിവന്ന ദ്വീപിലെ ഒരു പെണ്‍കുട്ടി രാജ്യത്തിന് ഒന്നല്ല, വെള്ളിത്തിളക്കമുള്ള രണ്ട് അഭിമാനമെഡലുകള്‍ നേടിത്തന്നത് ഈ പ്രക്ഷോഭകാരികള്‍ പോലുമറിഞ്ഞില്ല. മഷിയിട്ടുനോക്കിയിട്ട് പോലും ആരുടെയും സ്റ്റാറ്റസിലും സ്‌റ്റോറിയിലുമൊന്നും കണ്ടതുമില്ല ഈ അത്ഭുതകഥ. മുബസ്സിന മുഹമ്മദ് എന്ന ഏഷ്യന്‍ അണ്ടര്‍ യൂത്ത് അത്‌ലറ്റിക്‌സിലെ ലോംഗ്ജമ്പിലെയും ഹെപ്റ്റാത്തലണിലെയും വെള്ളിലമെഡല്‍ ജേതാവിനെക്കുറിച്ച് കേട്ടറിവുതന്നെയുണ്ടോ മലയാളികള്‍ക്ക് പോലുമെന്ന് സംശയം. കോലിയുടെ വെടിക്കെട്ട് കൊണ്ട് പേജ് നിറച്ച മലയാള മാധ്യമങ്ങള്‍ പോലും വിസ്മരിച്ചു ഈ അത്ഭുത ഭാവിതാരത്തെ.

ക്രിക്കറ്റ് പിച്ചിന് ജീവന്‍വെക്കുമ്പോള്‍ മാത്രം രാജ്യാഭിമാനം ഉണരുന്നവര്‍ പരിശീലനത്തിനുവേണ്ടി സ്‌കൂള്‍ വിട്ട, ശങ്കര്‍ മുത്തുസ്വാമി സുബ്രഹ്മണ്യനെന്ന ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ വെള്ളിമെഡല്‍ ജേതാവിനെയും സൗകര്യപൂര്‍വം മറന്നു. കോലിയുടെ അച്ഛന്‍ മരിച്ച കഥ പോലും ഹൃദിസ്ഥമായവര്‍ മകന്റെ പരിശീലനത്തിനുവേണ്ടി വീട് പണയംവെച്ച മുത്തുസ്വാമിയുടെ കഥ കേട്ടിട്ടുണ്ടോ എന്നുറപ്പില്ല. വനിതാ അണ്ടര്‍ 17 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ തോല്‍വി മാത്രമേ പത്രത്താളില്‍ കോലിക്കും കൂട്ടര്‍ക്കുമിടയില്‍ തിങ്ങിഞെരുങ്ങി ഇടംപിടിച്ചുള്ളൂ. എന്നാല്‍, ആ ടീമിന്റെ ആസ്തം ഒറാവോണ്‍ എന്ന ക്യാപ്റ്റന്‍ ബ്രസീലിനും അമേരിക്കയ്ക്കും മൊറോക്കോയ്ക്കുമെല്ലാമെതിരേ ഉള്ള ഊര്‍ജം വച്ച് പൊരുതുമ്പോള്‍ അവളുടെ അച്ഛനും അമ്മയും നിത്യവൃത്തിക്ക് കത്തുന്ന വെയിലില്‍ കൂലിവേല ചെയ്യുകയായിരുന്നുവെന്ന് മാത്രം പലരും അറിഞ്ഞില്ല.

ഇവര്‍ മാത്രമല്ല, ക്രീസിലെ ആഘോഷക്കടലില്‍ മുങ്ങിമരിച്ചവരില്‍ അഞ്ചു വര്‍ഷത്തിനുശേഷം ജൊഹര്‍ കപ്പ് കിരീടം നേടിയ ഹോക്കി ടീമും എന്തിനേറെ, ഇരുപത്തിയഞ്ചാം ലോകകിരീടം നേടിയ പങ്കജ് അദ്വാനിപോലുമുണ്ട്. എന്നിട്ടും ഇന്ത്യ വിജയിക്കുന്നത് കൊണ്ട് മാത്രമാണ് ക്രിക്കറ്റ് ജനപ്രിയമായതെന്ന തഴമ്പിച്ച വാദം നിരത്തിക്കൊണ്ടേയിരിക്കും നമ്മള്‍. ഈ ക്രിക്കറ്റ് കൊണ്ട് മറ്റു കളികളെ ഇങ്ങനെ ഒന്നൊന്നൊയി കൊന്നുകൊണ്ടിരിക്കും. എന്നിട്ട് ഒളിമ്പിക്‌സില്‍ മെഡല്‍ കുറഞ്ഞാല്‍ വലിയ വായില്‍ നിലവിളിക്കുകയും ചെയ്യും. ഇതിന്റെ പൊരുളറിയണമെങ്കില്‍ ടിട്വന്റി ലോകകപ്പ് കാരണം തമസ്‌ക്കരിക്കപ്പെട്ട തിളക്കമാര്‍ന്ന ഇക്കഥകള്‍ നിരത്തി ഒരു ആത്മപരിശോധന നടത്തിയാല്‍ മാത്രം മതി സീസണല്‍ സ്‌പോര്‍ട്‌സ് ആരാധകര്‍. നമ്മള്‍ മതിമറന്നാഘോഷിച്ച കോലിയുടെയും കൂട്ടരുടെയും ആഢ്യന്‍ ജയങ്ങള്‍ എത്ര നിസാരമാണെന്ന് അറിയാന്‍ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജീവിതങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ മാത്രം മതി.

മെല്‍ബണിലെയും അഡ്‌ലെയ്ഡിലെയുമെല്ലാം വിജയങ്ങളെ, വെടിക്കെട്ടുകളെ വിലകുറച്ചു കാണുകയല്ല. എന്നാല്‍, അതിലും ഉദ്വേഗജനകമായിരുന്നു രുദ്രാംക്ഷിന്റെ മെഡല്‍ നേട്ടമെന്നറിയാന്‍ കെയ്‌റോയിലെ ഇറ്റലിക്കാരന്‍ ഡാനിലോ ഡെന്നിസിനെതിരായ ആ ഫൈനല്‍ പോരാട്ടം മാത്രം ഒന്ന് റീവൈന്‍ഡ് ചെയ്താല്‍ മതി. നിര്‍ണായക നിമിഷത്തില്‍ 4-10 എന്ന സ്‌കോറില്‍ പിന്നിട്ടുനില്‍ക്കുകയായിരുന്നു രുദ്രുംക്ഷ്. അഭിനവ് ബിന്ദ്രയ്ക്കുശേഷം ഒരു സ്വര്‍ണമെന്ന സ്വപ്‌നം പരിശീലകര്‍ പോലും ഉപക്ഷിച്ച നിമിഷം. പതിനെട്ടുകാരന്‍ രുദ്രാംക്ഷ് പക്ഷേ, അക്ഷോഭ്യനായിരുന്നു. കളിക്കിടെ കോച്ച് തോമസ് ഫ്രാണിക്കിനെ ചെന്നു കണ്ട് സംസാരിച്ചു. പിന്നെ ദീര്‍ഘനിശ്വാസമെടുത്ത് കുറച്ചുനേരം ധ്യാനലീനനായി ഇരുന്നു. ഇതിനിടെ ഭാരമാറ്റം പ്രശ്‌നമായപ്പോള്‍ സ്വയം റിപ്പയര്‍ ചെയ്തു. എന്നിട്ട് വീണ്ടും തോക്കെടുത്തു. ശേഷം ചരിത്രം. വെറുമൊരു കായികതാരമല്ല രുദ്രാംക്ഷ്. വിശ്രമവേളകളില്‍ കളികളെകുറിച്ചും കളിക്കാരെ കുറിച്ചും ഗവേഷണം നടത്തുകയാണ് വിനോദം. മത്സരത്തിലെ വിഷമസന്ധികളില്‍ തുണയാകുന്നതും പരിശീലന മികവിനൊപ്പം ഈ വായനാ അറിവുകൂടിയാണെന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട് നീന്തലും ടേബിള്‍ ടെന്നിസും ചെസും ബാഡ്മിന്റണും സ്‌കേറ്റിങ്ങും ഫുട്‌ബോളുമെല്ലാം പരീക്ഷിച്ചശേഷം ഷൂട്ടിങ്ങിലെത്തിയ രുദ്രംക്ഷ്.

1980ല്‍ വിനോദ് കുമാറും 90ല്‍ പപ്പു യാദവുമാണ് സൂരജ് വസിഷ്ഠിന് മുന്‍പ് ഗ്രെക്കോ റോമന്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്. പിന്നീടുള്ള മുപ്പത്തിരണ്ട് കൊല്ലം ഫ്രീസ്‌റ്റൈലില്‍ വലിയ മുന്നേറ്റം ഉണ്ടായെങ്കിലും ഗ്രെക്കോ റോമനില്‍ വെറും കാഴ്ചക്കാര്‍ മാത്രമായിരുന്നു ഇന്ത്യ. ഒളിമ്പിക്‌സ് യോഗ്യത തന്നെ വലിയ നേട്ടമായ കാലം. ഈ നിറംകെട്ട ചരിത്രമാണ് വസിഷ്ഠ് തിരുത്തിയത്. ഫൈനലില്‍ അസര്‍ബൈജാന്റെ ഫറൈം മുസ്തഫായേവിനെയാണ് 11-0 എന്ന സ്‌കോറില്‍ വസിസഷ്ഠ് അക്ഷരാര്‍ഥത്തില്‍ തന്നെ മലര്‍ത്തിയടിച്ചത്.

അണ്ടര്‍ 23 ഫ്രീസ്‌റ്റൈല്‍ ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടി എന്നതു മാത്രമല്ല, അമന്‍ സെഹ്‌രാവത്തിന്റെ നേട്ടം. ആതിഥേയരായ സ്‌പെയിന്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച അപമാനത്തിനുള്ള മധുര പ്രതികാരം കൂടിയായിരുന്നു ചരിത്രംകുറിച്ച സ്വര്‍ണലബ്ധി. ജീവിക്കാന്‍ പാടുപെടുന്ന ഇന്ത്യന്‍ താരങ്ങള്‍ ടൂര്‍ണമെന്റ് കഴിഞ്ഞാലും രാജ്യം വിട്ടേക്കില്ലെന്ന് ആശങ്കപ്പെട്ട് സ്‌പെയിന്‍ ഇരുപത്തിയൊന്ന് ഇന്ത്യന്‍താരങ്ങള്‍ക്കാണ് അവസാന നിമിഷം വിസ നിഷേധിച്ചത്. ഒടുവില്‍ അമന്‍ അടക്കം ഒന്‍പത് പേര്‍ക്കാണ് കടമ്പ കടക്കാനായത്. അണ്ടര്‍ 20 വനിതാ ലോക ചാമ്പ്യന്‍ അന്റിം പംഗല്‍ വരെയുണ്ടായിരുന്നു യാത്ര നിഷേധിക്കപ്പെട്ടവരില്‍. കേന്ദ്ര സര്‍ക്കാരിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിട്ടും പോലും സംഘാടകര്‍ അയഞ്ഞിരുന്നില്ല. എന്നാല്‍, ചരിത്രവിജയത്തിലൂടെ അമന്‍ ഈ അപമാനത്തിന് തിരിച്ചടി നല്‍കി. എട്ട് വെള്ളിയും എട്ട് വെങ്കലവുമായിരുന്നു നാളിതുവരെയുള്ള സമ്പാദ്യം. കിര്‍ഗിസ്താന്റെ ബെക്‌സാത് അല്‍മാസ് ഊലുവിനെ 10-5 എന്ന ആധികാരിക സ്‌കോറില്‍ കീഴ്‌പ്പെടുത്തിയാണ് അമന്‍ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സ്വര്‍ണം നേടിയത്.

എണ്ണൂറ് മീറ്റര്‍ രണ്ട് മിനിറ്റും ആറ് സെക്കന്‍ഡും കൊണ്ട് ഓടി ഫിനിഷ് ചെയ്താണ് ആശാകിരണ്‍ ബര്‍ള ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടിയത്. എന്നാല്‍, നല്ലൊരു മേല്‍ക്കൂര പോലുമില്ലാത്ത വീട്ടില്‍ വൈദ്യുതി കണക്ഷനു വേണ്ടി അതിലും എത്രയോ ദൂരം, എത്രയോ കാലം ഓടിയിട്ടുണ്ട് ആശയും അമ്മയും. ഇക്കാലത്ത് തന്നെ റേഷന്‍ കാര്‍ഡിനുവേണ്ടി അവര്‍ കൊടുത്ത അപേക്ഷയെല്ലാം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അധികൃതര്‍ തള്ളിക്കൊണ്ടിരുന്നു. വൈദ്യുതി മാത്രമല്ല, വെള്ളവും കിട്ടാക്കനിയാണവര്‍ക്ക്. രണ്ട് കിലോമീറ്റര്‍ അകലെയാണ് പൊതു കിണര്‍. കാട്ടിലൂടെ അതിലേറെ തന്നെ നടക്കണം ബസ് കിട്ടാന്‍. നല്ലൊരു വഴിയില്ല വീട്ടിലേയ്ക്ക്. ഇരുപത്തിയഞ്ച് കിലോമീറ്റര്‍ പോവണം ആശുപത്രിയിലെത്താന്‍. അച്ഛന്‍ കാന്‍സര്‍ വന്ന് മരിച്ചതോടെ വീട്ടിലെ അവസ്ഥ അതീവ പരിതാപകരമായി. ഭക്ഷണം ഒരു നേരമായി. ഒഴിഞ്ഞ വയറുമായാണ് ആശയും സഹോദരങ്ങളും പല രാത്രികളിലും ഉറങ്ങിയത്. ഒടുവില്‍ ആശയും സഹോദരങ്ങളും അമ്മ റോസാലിയയ്‌ക്കൊപ്പം പാടത്ത് പണിക്കിറങ്ങി. ഇതിനിടയില്‍ എപ്പോഴോ ഓട്ടത്തോടുള്ള ഇഷ്ടം ആശയിലും ചേച്ചി ഫ്‌ളോറന്‍സിലും മുളപൊട്ടി. ജീവിതം കരകയറാന്‍ അത്‌ലറ്റിക്‌സ് സഹായിക്കുമെന്ന് കണ്ടതോടെ കൂലിപ്പണിക്കൊപ്പം പരിശീലനവും തുടര്‍ന്നു. ആദ്യമായി ഒരു കന്യാസ്ത്രീ സ്‌പൈക്ക്‌സ് സമ്മാനിച്ചപ്പോള്‍ അത് എന്തിനാണെന്ന് പോലും അറിയുമായിരുന്നില്ല ആശയ്ക്ക്. പക്ഷേ, അതണിഞ്ഞ് ട്രാക്കിലിറങ്ങിയശേഷം കുവൈത്ത് വരെ ഒരു മുത്തശ്ശിക്കഥ പോലെയായിരുന്നു ആശയുടെ യാത്ര. ആറ് സ്വർണമടക്കം ഇരുപത്തിനാല് മെഡലുള്ള ഇന്ത്യയണ് മെഡൽപട്ടികയിൽ മുന്നിൽ. എന്നിട്ടും ഇക്കഥയൊന്നും പക്ഷേ, ആരും അറിഞ്ഞില്ലെന്നു മാത്രം.

മുബസ്സിനയും ഉമ്മ ദുബിനയും

ക്ലാസ് കഴിഞ്ഞാല്‍ പിന്നെ മുബസ്സിന മുഹമ്മദ് എന്ന മിനിക്കോയ്ക്കാരി ഗ്രൗണ്ടിലാണ്. മത്സരങ്ങള്‍ കഴിയുംവരെ ഫുട്‌ബോളും ക്രിക്കറ്റും വോളിബോളുമൊക്കെ കണ്ടിരിക്കും. ഇത് പക്ഷേ, കളിക്കമ്പം കൊണ്ടല്ല. ഈ കളിക്കാര്‍ കളി നിര്‍ത്തിപ്പോയിട്ടു വേണം മുബസ്സിനയ്ക്ക് ഓടാനും ചാടാനുമെല്ലാം. കാരണം ഈ ഗ്രൗണ്ടിന് ചുറ്റുമാണ് കോച്ച് സ്വന്തം കൈയില്‍ നിന്ന് കാശെടുത്ത് ഒരു ഇരുന്നൂറ് മീറ്റര്‍ ദൈര്‍ഘ്യംവരുന്ന ഒരു മണ്‍ട്രാക്ക് വെട്ടിയെടുത്തത്. ഇത്തിരിപ്പോന്ന ഈ ട്രാക്കല്ലാതെ അത്‌ലറ്റിക്‌സ് പരിശീലിക്കാന്‍ മറ്റൊരു ഗ്രൗണ്ടില്ല ലക്ഷദ്വീപിലെ പത്ത് ദ്വീപുകളിലും. മുബസ്സിന ഒരു നാനൂറ് മീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്ക് കാണുന്നത് തന്നെ കേരളത്തില്‍ കപ്പലിറങ്ങുമ്പോഴാണ്. സിന്തറ്റിക് ട്രാക്കില്‍ കാലു കുത്തുന്നതു മത്സരങ്ങള്‍ക്കിറങ്ങുമ്പോഴും. എന്നിട്ടും മുബസ്സിന മെഡലുകള്‍ പലതും വാരി. മണ്‍ട്രാക്കില്‍ പരിശീലിക്കുന്നത് കൊണ്ടാണ് അത്‌ലറ്റിക്‌സില്‍ കേരളം പിന്നോട്ടടിക്കുന്നതെന്ന് പറയുന്നവര്‍ ഒന്നറിഞ്ഞിരിക്കേണ്ടതാണ് ഇക്കഥ.

ആറു വയസ്സുകാരി മകള്‍ക്ക് ഓട്ടവും ചാട്ടവുമൊക്കെയാണ് താത്പര്യമെന്ന് അറിഞ്ഞപ്പോള്‍ ഉമ്മ ദുബിന ബാനു നേരിട്ട ആദ്യത്തെ പ്രശ്‌നം എവിടെ ഓടും എന്നതായിരുന്നു. അടുത്തത് മകളെ ഇതൊക്കെ ആര് പഠിപ്പിക്കും എന്നതും. എല്ലാറ്റിനും പുറമെ നാട്ടുകാരുടെ കടുത്ത എതിര്‍പ്പും ഒറ്റപ്പെടുത്തലും. എന്നിട്ടും ദുബിന മകളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം നിന്നു. ഒന്‍പതാം വയസ്സില്‍ അവളെ ദ്വീപിലെ ഏക അത്‌ലറ്റിക് കോച്ചായ അഹമ്മദ് ജാവേദ് ഹസ്സിന്റെ അടുക്കലെത്തിച്ചു. പരിശീലനത്തിന്റെ സൗകര്യാര്‍ഥം അവര്‍ മിനിക്കോയില്‍ നിന്ന് ആന്ത്രോത്ത് ദ്വീപിലേയ്ക്ക് താമസം മാറുകപോലും ചെയ്തു. ഹസ്സന്റെ നേതൃത്വത്തിലാണ് ഇത്തിരിപ്പോന്ന മണ്‍ട്രാക്കില്‍ മുബസ്സിന ഓടിവളര്‍ന്നത്. ചാടിത്തെളിഞ്ഞത്. മറ്റ് കളിക്കാര്‍ ഒഴിഞ്ഞുപോയാല്‍ പാതിരാത്രി വരെ തുടരും പരിശീലനം. ഫുട്‌ബോള്‍, ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ക്കിടയില്‍ ഇത്തിരി ഇടമുണ്ടാക്കിയാണ് അവള്‍ ലോംഗ്ജമ്പ് പരിശീലിച്ചത്. ജിമ്മും നീന്തല്‍ക്കുളവുമെല്ലാം വിദൂരസ്വപ്‌നങ്ങളായതിനാല്‍ ഫിറ്റ്‌നസ് ട്രെയിനിങ്ങും നിലാവെട്ടത്തില്‍ ഈ ഗ്രൗണ്ടില്‍ തന്നെ. നീന്താന്‍ നീലക്കടലായിരുന്നു ആശ്രയം. പുലര്‍ച്ചെ രണ്ട് മണി വരെ നീളുമായിരുന്നു പരിശീലനം. ഒന്നുറങ്ങി അടുത്തത് കാലത്ത് ഏഴ് മണിക്കും തുടങ്ങും. വളര്‍ന്നപ്പോള്‍ വിദഗ്ദ്ധ പരിശീലനം വേണമെന്നായി. അതിന് ആശ്രയം വന്‍കര തന്നെ. എന്നാല്‍, കരപറ്റാന്‍ കപ്പല്‍ വേണം. കവരത്തിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് കപ്പലുളളത് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം. അതും എപ്പോള്‍ വരുമെന്ന് ഒരു ഉറപ്പുമില്ലതാനും. പങ്കെടുക്കുന്ന മത്സരങ്ങളേക്കാള്‍ കടുപ്പമായിരന്നു അതിനുവേണ്ടിയുള്ള യാത്രകള്‍. ടിക്കറ്റിനും ഭക്ഷണത്തിനും താമസത്തിനുമെല്ലാമായി ഒന്നര ലക്ഷത്തോളം രൂപയാണ് ചെലവായിരുന്നത്. അച്ഛന്റെ കുഞ്ഞുജോലിയില്‍ നിന്നു വേണം ഇത് കണ്ടെത്താന്‍. എങ്കിലും അവര്‍ മകളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം നിന്നു. ഈ ത്യാഗങ്ങളും കഠിനാധ്വാനവുമൊന്നും പക്ഷേ പാഴായില്ല. ആദ്യം ദേശീയ യൂത്ത് അത്‌ലറ്റിക്‌സില്‍. പിന്നെ ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍. ഒരു ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ലക്ഷദ്വീപുകാരി എന്ന ഖ്യാതി കൂടിയാണ് മുബസ്സിന സ്വന്തമാക്കിയത്. അതുകഴിഞ്ഞ് ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സിലെ ഇരട്ട മെഡല്‍ കൂടിയായതോടെ ലക്ഷദ്വീപില്‍ നിന്ന് അന്താരാഷ്ട്ര മെഡല്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി കൂടി സ്വന്തമായി ഈ പതിനെട്ടുകാരിക്ക്. ലോംഗ്ജമ്പില്‍ അഞ്ചാം ചാട്ടം വരെ ഒന്നാം സ്ഥാനത്തായിരുന്നു മുബസ്സിന. ഒടുവില്‍ 0.15 മീറ്ററിന്റെ നേരിയ വ്യത്യാസത്തിലാണ് വെള്ളി കൊണ്ട് തൃപ്തിപ്പെട്ടത്. ഹെപ്റ്റാത്തലണില്‍ വെറും ഏഴ് പോയിന്റ് വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. എന്നാല്‍, കുവൈത്തില്‍ നിന്ന് ഇരട്ടമെഡലുമായി മടങ്ങിയ മുബസ്സിനയ്ക്ക് നാടുപറ്റാന്‍ കൊച്ചിയില്‍ ദിവസങ്ങളോളമാണ് കാത്തുനില്‍ക്കേണ്ടിവന്നത്. ലക്ഷദ്വീപ് ഭരണകൂടം പത്ത് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചെങ്കിലും അതില്‍ നല്ലൊരു തുക കപ്പല്‍ കാത്തുകൊണ്ടുള്ള കൊച്ചിയിലെ താമസത്തിനു തന്നെ ചെലവായി. മുബസ്സിനയ്ക്ക് പക്ഷേ, ഇതിലല്ല, ദ്വീപ് ഭരണകൂടം സ്‌പോര്‍ട്‌സിന് വേണ്ടി ഒന്നും ചെയ്യാത്തതിലാണ് പരാതി. 'അവര്‍ കുറച്ചുകൂടി സൗകര്യങ്ങള്‍ ഏര്‍പ്പടുത്തിയാല്‍ ഇനിയും എന്നെപ്പോലുള്ള മുബസ്സിനമാര്‍ നിരവധി വളര്‍ന്നുവരും. ഉറപ്പ്'-ഈ പതിനാറുകാരിയുടെ ആത്മവിശ്വാസത്തില്‍ കഴമ്പുണ്ട്. കാരണം ഇനി വരുന്ന കുട്ടികള്‍ക്ക് മാതൃകയാക്കാന്‍ മുന്നില്‍ മുബസ്സിന എന്നൊരു ഐക്കണുണ്ട്. പക്ഷേ, ഇക്കഥകളൊക്കെ ഒന്നറിയണമെങ്കില്‍ നമ്മള്‍ ക്രിക്കറ്റിന്റെയും ബ്ലാസ്‌റ്റേഴ്‌സിന്റെയുമെല്ലം നിറംപിടിപ്പിച്ച കഥകളുടെ കടലില്‍ മുങ്ങിത്തപ്പുക തന്നെ വേണം.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുഞ്ഞു ശങ്കറിന് മുന്നില്‍ ഒരു ചോദ്യം ഉയര്‍ന്നു. പഠനമാണോ ബാഡ്മിന്റനാണോ വേണ്ടത്. കളി കാരണം ക്ലാസില്‍ അറ്റന്‍ഡന്‍സില്ലെന്ന പറഞ്ഞ് പ്രിന്‍സിപ്പല്‍ കണ്ണുരുട്ടിയപ്പോള്‍ ശങ്കര്‍ നേരെ അച്ഛന്‍ മുത്തുസ്വാമി സുബ്രഹ്മണ്യന്റെ അടുക്കലെത്തി. ഒരൊറ്റ ഉത്തരമേ ഉണ്ടായുള്ളൂ പഴയ ടെന്നിസ് താരമായ അച്ഛന്. ഇഷ്ടം കളിയാണെങ്കില്‍ പഠിത്തം നിര്‍ത്തിക്കോ. ശങ്കറല്ല, ബന്ധുക്കളാണ് ഞെട്ടിയത്. മകന്റെ ഭാവി തുലയ്ക്കുന്നുവെന്ന് ആക്ഷേപിച്ച് അവര്‍ ശകാരവര്‍ഷം ചൊരിഞ്ഞു. പക്ഷേ, മുത്തുസ്വാമിക്കുണ്ടായില്ല തെല്ലും കുലുക്കം. അടുത്ത പ്രശ്‌നം മകന്റെ കളിക്കുവേണ്ടിവരുന്ന ചെലവാണ്. അതിനും കണ്ടു മുത്തുസ്വാമി വേറിട്ടൊരു വഴി. താമസിക്കുന്ന സ്വന്തം വീട് വില്‍ക്കുക. കുടുംബം ഒരു വാടകവീട്ടിലേയ്ക്ക് മാറി. ഇക്കുറിയും ബന്ധുക്കള്‍ വെറുതെ വിട്ടില്ല. പക്ഷേ, മുത്തുസ്വാമിക്ക് മകനില്‍ അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. അവനെ രണ്ട് കൈ കൊണ്ടും കഴിക്കാനും കളിക്കാനും പഠിപ്പിച്ചു. ക്രിക്കറ്റില്‍ വലങ്കൈ കൊണ്ട് ബൗള്‍ ചെയ്യുന്നവന്‍ ബാഡ്മിന്റണില്‍ റാക്കറ്റേന്തുന്നത് ഇടങ്കൈയില്‍. ചൈനയുടെ ഇടങ്കൈ ഇതിഹാസം ലിന്‍ ഡാനായിരുന്നു തുടക്കക്കാലത്ത് റോള്‍മോഡല്‍. പിന്നെ ജപ്പാന്റെ കെന്റോ മൊമോട്ടോയുടെ പ്രതിരോധ ശൈലിയോടായി താത്പര്യം. റിസ്‌ക്ക് പിടിച്ച ഈ ശൈലി കൊണ്ടാണ് ശങ്കര്‍ കോര്‍ട്ടില്‍ ഇക്കണ്ട ദൂമത്രയും താണ്ടിയത്. ഏറ്റവുമൊടുവില്‍ ലോക ജൂനിയര്‍ വെള്ളിമെഡല്‍ ജേതാവായതും. നാലു വര്‍ഷം മുന്‍പ് ലക്ഷ്യസെന്നാണ് ഈ നേട്ടം അവസാനമായി കൈവരിച്ച ഇന്ത്യക്കാരന്‍. എല്ലാ അര്‍ഥത്തിലും ലക്ഷ്യയുടെ പിന്‍ഗാമിയാണ് ശങ്കര്‍. പ്രഗ്യാനന്ദയുടെ നേട്ടത്തിന്റെ പേരില്‍ പോരടിച്ചവര്‍ പോലും പക്ഷേ, ഈ തമിഴ്‌നാട്ടുകാരനെ, നാളത്തെ ഈ പദുക്കോണിനെ കണ്ടില്ല.

ജയിച്ചവരെ തന്നെ ഓര്‍ക്കാന്‍ നേരമില്ല. പിന്നെയല്ലെ തോറ്റവരെ. അമേരിക്കയോട് എട്ടും ബ്രസീലിനോട് അഞ്ചും മൊറോക്കോയോട് മൂന്നും ഗോള്‍ വാങ്ങി തോറ്റ ഇന്ത്യയുടെ അണ്ടര്‍ 17 ഫുട്‌ബോള്‍ താരങ്ങളെ എന്തിന് ഓര്‍ക്കണം. അതും ഇപ്പുറത്തെ തട്ടില്‍ ത്രസിപ്പിക്കുന്ന ജയങ്ങള്‍ തൂക്കമേറി നില്‍ക്കുമ്പോള്‍. പക്ഷേ, കോലിയുടെയും രാഹുലിന്റെയുമെല്ലാം ആഘോഷിക്കപ്പെടുന്ന അരസെഞ്ചുറികളേക്കാള്‍ വിലയുണ്ട് തോല്‍വിയിലേക്കാണെങ്കില്‍ ഈ പെണ്‍കുട്ടികള്‍ നടത്തിയ സംഭവബഹുലമായ യാത്രയ്‌ക്കെന്ന് നമ്മള്‍ അറിയണം. ക്യാപ്റ്റന്‍ ആസ്തം ഒറാവോണിന്റെ ജീവിതം മാത്രമെടുത്താല്‍ മതി അതിന്റെ മാറ്ററിയാന്‍. മകളെ ഒരു ഫുട്‌ബോള്‍ താരമാക്കാന്‍ ഒറാവോണിന്റെ രക്ഷിതാക്കള്‍ നല്‍കിയത് മറ്റൊന്നുമല്ല, അവരുടെ ജീവിതമാണ്. ഇന്ത്യയുടെ ലോകകപ്പ് പേരാട്ടം കഴിഞ്ഞതിനുശേഷമാണ് ഒറാവോണിന്റെ ജാര്‍ഖണ്ഡിലെ നക്‌സല്‍ ബാധിത പ്രദേശമായ ബനാരി ഗരാതോളി ഗ്രാമത്തിന് ഒരു നല്ല റോഡ് ലഭിക്കുന്നത്. ആസ്തമിന്റെ അച്ഛന്‍ ഹീരാലാലും അമ്മ താരാദേവിയുമുണ്ടായിരുന്നു റോഡ് വെട്ടാന്‍. എന്നാല്‍, പൊരിവെയിലില്‍ റോഡ് വെട്ടുമ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല റോഡ് വരുന്നത് സ്വന്തം മകളുടെ പേരിലാണെന്ന്. റോഡിന് മകളുടെ പേരിട്ടതിലല്ല, മകള്‍ കാരണം ഗ്രാമത്തിന് നല്ലൊരു റോഡ് ലഭിച്ചല്ലോ എന്നു മാത്രമായിരുന്നു അവരുടെ സന്തോഷം. റോഡ് മാത്രമല്ല, രണ്ട് കോടി രൂപ ചെലവില്‍ ഗ്രാമത്തില്‍ ഒരു സ്‌റ്റേഡിയവും നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഗുമ്‌ല ജില്ലാ ഭരണകൂടം.

കൂലിവേലക്കാരായ രക്ഷിതാക്കള്‍ കിട്ടുന്നതെല്ലാം സ്വരുകൂട്ടിവെച്ചാണ് മകളെ ഒരു ഫുട്‌ബോള്‍ താരമാക്കിയത്. അതുകൊണ്ട് തന്നെ വീട്ടിലെ സ്ഥിതി അത്ര മെച്ചമായിരുന്നില്ല. ലോകകപ്പ് മത്സരം തുടങ്ങുന്നതിന് തൊട്ടു മുന്‍പ് മാത്രമാണ് ജില്ലാ ഭരണകൂടം അവരുടെ ദാവൂദ് നഗറിലെ മണ്ണ് കൊണ്ടുള്ള വാടകവീട്ടില്‍ ഒരു ടിവിയും ഇന്‍വര്‍ട്ടറുമെല്ലാം എത്തിച്ചത്. അതുകൊണ്ട് മാത്രമാണ് അവര്‍ മകളുടെ കളി കണ്ടാസ്വദിച്ചത്. അതുകൊണ്ടു മാത്രമാണ് ഒരു ദേശീയ ടീമിന്റെ ക്യാപ്റ്റന്റെ നിറംകെട്ട ജീവിതം രാജ്യമറിഞ്ഞത്. ടീം തോറ്റതില്‍ തെല്ലുമില്ല വീട്ടുകാര്‍ക്ക് സങ്കടം. മകള്‍ക്ക് ഇന്ത്യയ്ക്കുവേണ്ടി കളിച്ചത് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് അഭിമാനത്തോടെ പറയുന്ന ആളാണ് പരിക്ക് കാരണം ഫുട്‌ബോള്‍ മോഹം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന ഹീരാലാല്‍. ഈ തെറ്റുകളില്‍ നിന്ന് അവള്‍ കൂടുതല്‍ പാഠങ്ങള്‍ പഠിക്കും. പഠിച്ച് ഒരുനാള്‍ സീനിയര്‍ ടീമിനുവേണ്ടിയും കളിക്കും-അതു മാത്രമായിരുന്നു അവരുടെ പ്രതീക്ഷ. അവഗണനയും തിരസ്‌ക്കാരങ്ങളും വഴിയില്‍ തളര്‍ത്തിയില്ലെങ്കില്‍ ഈ പ്രതീക്ഷ അസ്ഥാനത്തല്ല.

പണ്ടൊരിക്കല്‍, പ്രോ കബഡിക്കൊക്കെ മുന്‍പ് ലോക കബഡി ഫെഡറേഷന്റെ കൊറിയക്കാരന്‍ ജനറല്‍ സെക്രട്ടറി യൂന്‍ യോങ് ഹാക്കിനെ കാണാന്‍ അന്നത്തെ ഇന്ത്യന്‍ നായകന്‍ അനൂപ് കുമാര്‍ കാണാന്‍ പോയൊരു കഥയുണ്ട്. ലഖ്‌നൗവിലെ ഹോട്ടിലേയ്ക്ക് ഓട്ടോയില്‍ വന്നിറങ്ങിയ അനൂപിനെ കണ്ട് ഞെട്ടിപ്പോയി ഹാക്ക്. ഇന്ത്യന്‍ നായകനെ ഹോട്ടലിലെ ഒരാള്‍ പോലും തിരിച്ചറിയുന്നുല്ലെന്നു കണ്ട ഹാക്ക് പറഞ്ഞു: ഇത് കഷ്ടമാണ്. നിങ്ങളെപ്പോലൊരു സൂപ്പര്‍സ്റ്റാര്‍ കൊറിയയിലായിരുന്നെങ്കില്‍ ഞങ്ങള്‍ ചുരുങ്ങിയത് ഒരു പ്രതിമയെങ്കിലും സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ടാകും. ഇതാണ് സര്‍ ഇന്ത്യ എന്ന് അനൂപ് മനസില്‍ പറഞ്ഞുവോ എന്നറിയില്ല. ഒരു സര്‍ട്ടിഫിക്കറ്റിനുവേണ്ടി സ്വന്തം നാട്ടിലെ വില്ലേജ് ഓഫീസിന്റെ തിണ്ണ ആഴ്ചകളോളം കയറയിറങ്ങേണ്ടിവന്ന ആലപ്പുഴക്കാരിയായ ഒരു തുഴച്ചില്‍ താരത്തിന്റെ കഥ ഇയ്യിടെയാണ് കേട്ടത്. ഇക്കുറി ദേശീയ ഗെയിംസില്‍ കേരളത്തിന്റെ ഒരു അഭിമാന സ്വര്‍ണം ഈ താരത്തിന്റെ വകയായിരുന്നു. ക്രിക്കറ്റ്, അതും പുരുഷന്മാരുടെ ക്രിക്കറ്റ് ഒഴികെയുള്ളതെല്ലാം നമ്മള്‍ വിസ്മരിക്കുന്നതില്‍ പിന്നെന്തുണ്ട് അത്ഭുതം. പഴയ കൊളോണിയല്‍ ക്രിക്കറ്റിനുവേണ്ടി സ്വന്തം ഹോക്കിയെപ്പോലും ബലി കൊടുത്തവര്‍ക്ക് ഇതിലെന്ത് അത്ഭുതം. അല്ലെങ്കിലും വളര്‍ത്തേണ്ട വിധമല്ലല്ലോ. കൊല്ലേണ്ട വിധമല്ലേ നമ്മള്‍ ശീലിച്ചതേറെയും. കളിയിലായാലും കാര്യത്തിലായാലും.

Content Highlights: virat kohli big hit in t20 world cup against pakistan rudraksh patil mubbsina astam oraon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented