Image Courtesy: Twitter
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് നായിക അനുഷ്ക ശര്‍മയും. അന്താരാഷ്ട്ര പ്രശസ്തരായ താരദമ്പതികള്‍. സ്വന്തം പ്രൊഫഷനില്‍ ആഗോള പ്രശസ്തരായ ഇരുവരും പുതുതലമുറയ്ക്ക് പ്രചോദനവും ഊര്‍ജവുമാണ്. ലോക്ഡൗണിലായതിനാല്‍, ക്രിക്കറ്റ് മത്സരങ്ങളോ ഷൂട്ടിങ് തിരക്കുകളോ ഇല്ലാതെ ദിവസങ്ങളായി ഇരുവരും ഒപ്പമുണ്ട്. കഴിഞ്ഞദിവസം ഒരു ഓണ്‍ലൈന്‍ സംവാദത്തില്‍ ഇരുവരും ഒപ്പമിരുന്ന് ഏറെ സമയം സംസാരിച്ചു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംനല്കി. കോവിഡ്-19, കരിയര്‍, ജീവിതം, ടീംവര്‍ക്ക് തുടങ്ങി വിവിധ വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞു. സംവാദത്തിലെ പ്രസക്ത ഭാഗങ്ങള്‍
കോലി: വലിയൊരു പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. കോവിഡ് 19 വെല്ലുവിളി അവസാനിച്ച് ജീവിതം സാധാരണ നിലയിലെത്തുമ്പോഴേക്ക് നമ്മളെല്ലാം കൂടുതല്‍ കരുണയുള്ളവരായി മാറിയിരിക്കും. ഇതിന്റെ മുന്നില്‍നിന്ന് പൊരുതുന്ന ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും നമ്മള് കൂടുതല്‍ നന്ദി കാണിക്കണം. അസുഖം ഭേദമായാലും ഈ കരുതല്‍ നമ്മളിലെല്ലാമുണ്ടാകും എന്ന് ഞാന്‍ കരുതുന്നു.
അനുഷ്ക: ഇതില്‍നിന്ന് ഏറെ പഠിക്കാനുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ കുറെയാളുകള്‍ ജീവന്‍പണയംവെച്ച് അധ്വാനിക്കുന്നു. അവരില്ലെങ്കില്‍, എന്താണ് ചെയ്യേണ്ടതെന്ന് നമ്മള്‍ക്ക് അറിയില്ല.
കോലി: ആളുകളെ സഹായിക്കാന്‍ വിദ്യാര്‍ഥികളടക്കം ഒരുപാടുപേര് മുന്നോട്ടുവരുന്നു. അതെല്ലാം ഹൃദയംകൊണ്ട് ചെയ്യുന്നതാണ്.
അനുഷ്ക: ഞങ്ങള്‍ ഏറക്കുറെ ഒരേ പശ്ചാത്തലത്തില്‍നിന്നാണ് വന്നത്. ജോലിചെയ്യുന്ന മേഖലയില്‍ പരമാവധി നല്കാന് ഇരുവരും ശ്രമിക്കുന്നു. കുറെ സമാനതകളുണ്ടായിരുന്നു. 2008-ലാണ് രണ്ടുപേരും അവരവരുടെ മേഖലയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
കോലി: അതെ, അതില്‍ത്തന്നെ സമാനതകളുണ്ട്. ഞാന്‍ ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത് 2008 ഓഗസ്റ്റിലാണ്. അനുഷ്കയുടെ ആദ്യ സിനിമ റിലീസായത് അതേവര്‍ഷം ഡിസംബറില്‍.
കോലി: കരിയറില്‍ വിജയിച്ചതിനെപ്പറ്റി പലരും ചോദിക്കാറുണ്ട്. എന്നാല്‍ അന്ന് പഠിത്തത്തിലായിരുന്നു ശ്രദ്ധ. നല്ല വിദ്യാര്ഥിയാകാനായിരുന്നു ശ്രമം. ആ ഘട്ടം കഴിഞ്ഞാണ് കൂടുതല്‍ താത്പര്യമുള്ള മറ്റ് മേഖലകളിലേക്ക് കടന്നത്.
അനുഷ്ക: അതെ. കോളേജില്‍ പഠിക്കുമ്പോള്‍ ഫാഷന്‍ഷോയിലും മറ്റും പങ്കെടുത്തിട്ടുണ്ടെങ്കിലും ഞാന്‍ പഠനത്തില്‍ മിടുക്കിയായിരുന്നു. പഠിത്തത്തില്‍ മോശമാകും, അതുകൊണ്ട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറയാന്‍ അവസരം നല്‍കിയില്ല.
കോലി: നിങ്ങള്‍ക്ക് എന്തെങ്കിലും പഠിക്കണമെങ്കില്‍ അതിനോട് കഠിനമായ ഇഷ്ടവും അതിനുവേണ്ടി സമര്‍പ്പണവും വേണം. അക്കാദമിക് ജീവിതത്തില്‍ അത് വളരെ പ്രധാനമാണ്.
അനുഷ്ക: ഭാവിയെയും കരിയറിനെയും കുറിച്ച് ഓരോ ആളുകള്‍ക്കും നല്ല വ്യക്തതയുണ്ടാകണം. ഒരു ലക്ഷ്യത്തിനുവേണ്ടി സഞ്ചരിക്കുമ്പോള്‍ അതില്‍നിന്ന് ശ്രദ്ധമാറാന്‍, നിരാശരായി അത് ഉപേക്ഷിക്കാന്‍ അനുവദിക്കരുത്. അവഗണനയും നിരാശയുമുണ്ടാകും. അതുകൊണ്ടൊന്നും പിന്മാറരുത്.
കോലി: ഞങ്ങളുടെ ജീവിതത്തിലും ഏറെ പ്രതിസന്ധികളും വെല്ലുവിളികളുമുണ്ടായിട്ടുണ്ട്. ചെറിയ പ്രായത്തില്‍, സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ നിരാശനായി ഞാന്‍ ഒരുദിവസം മുഴുവന്‍ കരഞ്ഞിട്ടുണ്ട്. ആ സീസണില്‍ ഞാന്‍ നന്നായി കളിച്ചിരുന്നു. സംസ്ഥാന ടീമിലെത്തുമെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ, ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ ഇല്ല. ആ വിഷമം സഹിക്കാനാകാതെ പുലര്‍ച്ചെ മൂന്നുമണിവരെ കരഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ കഠിനാധ്വാനവും ആത്മസമര്‍പ്പണവും തുടര്‍ന്നുകൊണ്ടിരുന്നാല്‍ ഒരുനാള്‍ ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യും.
അനുഷ്ക: ദമ്പതിമാര്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ ഒരുമിച്ച് വളരുന്നുണ്ട്. അതോടൊപ്പം ഇരുവരുടെയും വളര്‍ച്ചയ്ക്ക് പരസ്പരം സഹായിക്കുന്നുമുണ്ട്.
കോലി: കുടുംബബന്ധത്തിലും ഒരു ടീം വര്‍ക്ക് ഉണ്ട്. പരസ്പരം മനസ്സിലാക്കിക്കഴിഞ്ഞാല്‍ ടീം വര്‍ക്ക് എളുപ്പമാണ്.
അനുഷ്ക: ഞങ്ങള്‍ക്കിടയിലെ കമ്യൂണിക്കേഷന്‍ വളരെ വ്യക്തമാണ്.
കോലി: അനുഷ്കയെ പരിചയപ്പെടുന്നതിനുമുമ്പ് ഞാന്‍ എല്ലാ കാര്യത്തിലും അക്ഷമനായിരുന്നു. അനുഷ്ക ആ സ്വഭാവം മാറ്റിയെടുത്തു. ഏത് പ്രതിസന്ധിയിലും സമചിത്തതയോടെ പെരുമാറാനുള്ള അനുഷ്കയുടെ ശേഷി എന്നെ സ്വാധീനിച്ചിട്ടുണ്ട്.
അനുഷ്ക: ജോലി ഏറ്റവും നന്നായി ചെയ്യുക. അതിന്റെ ഫലത്തെക്കുറിച്ച് അധികം വേവലാതിപ്പെടാതിരിക്കുക എന്നതാണ് എന്റെ രീതി. ഒരു ചലച്ചിത്ര താരമായതിനാല്‍, എന്റെ ജോലിയുടെ ഫലം അറിയുന്നത് ആറോ എട്ടോ മാസം കഴിഞ്ഞാകും. പിന്നീട് അതിനെപ്പറ്റി വേവലാതിപ്പെട്ടിട്ട് കാര്യമില്ല.
കോലി: നമ്മള് കഠിനമായി അധ്വാനിച്ചാല്‍ അതിന്റെ ഫലം ഇന്നല്ലെങ്കില്‍ നാളെ വരും. ഇന്ന് ഒരു മത്സരം തോറ്റു എന്നതുകൊണ്ട് നിരാശപ്പെട്ടിട്ട് കാര്യമില്ല. എന്നും നന്നായി കളിച്ചാല്‍ ജയിക്കാതിരിക്കില്ല.
Content Highlights: Virat Kohli, Anushka Sharma motivate students via live amid lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..