കോഴിക്കോട്: ഫുട്ബോള്‍ വാങ്ങാനായി ചേര്‍ന്ന യോഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താരങ്ങളായ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് മമ്പാട് പഞ്ചായത്തിലെ തെക്കുംമ്പാടത്തെ കുട്ടിപ്പട്ടാളം സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ മത്സരം കാണാനുമെത്തി.
കേരള ഫുട്ബോള്‍ അസോസിയേഷന്റെ ക്ഷണപ്രകാരം കോഴിക്കോട്ടെത്തിയ ഈ കുട്ടികള്‍ തമിഴ്നാടിനെതിരേ നടന്ന മത്സരത്തിനിറങ്ങിയ കേരള താരങ്ങളെ മൈതാനത്തേക്ക് നയിക്കുകയും ചെയ്തു.
സാമൂഹിക പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരിനൊപ്പമാണ് ഇവര്‍ കോഴിക്കോട്ടെത്തിയത്. വീഡിയോയിലൂടെ താരങ്ങളായ മൃദുല്‍, അദില്‍, അദര്‍വ്, അനന്യ, കാശിനാഥ്, അഭിരാം, നിഹാദ്, ആദിത്യന്, അജിന്‍രാജ്, അഭിജിത്ത്, അദിന്, അര്ജുന് തുടങ്ങി 12 പേരും കോഴിക്കോട്ടെത്തിയിരുന്നു. കെ.എഫ്.എ സമ്മാനിച്ച ഫുട്ബോളുകളുമായാണ് കുട്ടികള്‍ കോഴിക്കോടിന്റെ മണ്ണില്‍ നിന്നും മടങ്ങിയത്.
കളികാണാനെത്തിയ കുട്ടിപ്പട്ടാളത്തെ കാണാനും സെല്‍ഫിയെടുക്കാനും ആളുകളുടെ തിരക്കായിരുന്നു. കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ് - ഒഡിഷ മത്സരം കാണാനും ഈ കുട്ടികളെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ക്ഷണമനുസരിച്ച് എത്തിയ ഇവര്‍ കലൂരിലെ കോര്‍പ്പറേറ്റ് ബോക്സിലിരുന്നാണ് കളികണ്ടത്.
ഫുട്ബോള്‍ വാങ്ങാനായി യോഗം ചേര്‍ന്ന കുട്ടിക്കൂട്ടത്തെ സാമൂഹിക പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ പരിചയപ്പെടുത്തിയത്. യോഗം ചേര്‍ന്ന് ഫുട്ബോള്‍ വാങ്ങാനുള്ള പൈസ കണ്ടെത്തുന്നതും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ കളിക്കാരെ അഭിനന്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
തെങ്ങിന്റെ മടല് കൊണ്ട്, മുകളില്‍ ഒരു കമ്പ് വെച്ച് മൈക്ക് സ്റ്റാന്‍ഡ് ഉണ്ടാക്കി, പ്ലാസ്റ്റിക് കവര്‍ കീറി പൊന്നാടയാക്കിയാണ് കുട്ടിപ്പട്ടാളം യോഗം സംഘടിപ്പിച്ചത്. വീഡിയോ വൈറലായതോടെ കുട്ടിപ്പട്ടാളത്തിന് ഉദ്ഘടനങ്ങളടക്കമുള്ള ഓഫറുകള്‍ ധാരാളം വരുന്നുണ്ടെന്ന് സുശാന്ത് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
നിരവധി പേരാണ് ഈ കുട്ടികള്‍ക്ക് ഫുട്ബോളും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതെന്നും സുശാന്ത് പറയുന്നു. നടന് ഉണ്ണി മുകുന്ദന് 15 ജേഴ്സികള്‍ ഈ കുട്ടികള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
Content Highlights: viral children in calicut for santosh trophy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..