തിരുവനന്തപുരം: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടവുമായി ചെല്‍സി ഫുട്ബോള്‍ ടീം പോര്‍ട്ടോയില്‍നിന്നും ലണ്ടനിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുന്‍പായിരുന്നു മലയാളിയായ വിനയ് പി. മേനോനെ വാട്സാപ്പ് കോളില്‍ കിട്ടിയത്.

ചെല്‍സി താരങ്ങളുടെ കിരീടാഘോഷം അവസാനിച്ചിരുന്നില്ല. ''ലണ്ടനിലേക്കുള്ള വിജയ യാത്ര ആരംഭിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍. എന്തുപറയണം എന്നറിയില്ല. കപ്പ് അടിച്ചതുമുതല്‍ ആഘോഷമായിരുന്നു. അതിന്റെ ഹാങ് ഓവര്‍ മാറിയിട്ടില്ല. ലണ്ടനില്‍ സ്റ്റാംഫഡ് ബ്രിജില്‍ ചെന്നിട്ട് ബാക്കി ആഷോഷങ്ങള്‍.'' -കഴിഞ്ഞ 12 സീസണുകളിലായി ചെല്‍സി ഫുട്ബോള്‍ ടീമിന്റെ വെല്‍നസ് കണ്‍സള്‍ട്ടന്റും മൈന്‍ഡ് സ്ട്രാറ്റജിസ്റ്റുമായ മലയാളി വിനയ് പി. മേനോന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ ചെല്‍സി രണ്ടാംതവണയും മുത്തമിടുമ്പോള്‍ എറണാകുളം ചെറായ് സ്വദേശിയായ വിനയ് പി. മേനോനും അതില്‍ പങ്കുണ്ട്.

2009 മേയിലാണ് വിനയ് വെല്‍നസ് കണ്‍സള്‍ട്ടന്റായി ചെല്‍സിയില്‍ ചേര്‍ന്നത്. പ്രമുഖ യോഗാചാര്യനായ ചെറായി നീലിവീട്ടില്‍ ശ്രീധരമേനോന്റെ പേരക്കുട്ടിയായ വിനയ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം പൂര്‍വവിദ്യാര്‍ഥിയാണ്. പോണ്ടിച്ചേരി സര്‍വകലാശാലയിലെ യോഗാപഠന കേന്ദ്രത്തില്‍ ചേര്‍ന്നു. ഋഷികേശിലെ പ്രശസ്ത പഞ്ചനക്ഷത്ര റിസോര്‍ട്ടായ ആനന്ദാസില്‍ യോഗാപരിശീലകനായത് വഴിത്തിരിവായി.

അവിടെനിന്ന് ദുബായിലെത്തി. റഷ്യന്‍ എണ്ണക്കമ്പനി മുതലാളിയും ചെല്‍സി ഉടമ റോമന്‍ അബ്രമോവിച്ചിനെ പരിചയപ്പെട്ടു. അബ്രമോവിച്ചിന്റെ മകളെയും മരുമകനെയും യോഗപഠിപ്പിച്ചതോടെ ചെല്‍സി ടീമിന്റെ ഫസ്റ്റ് ഇലവന്‍ വെല്‍നസ് കണ്‍സള്‍ട്ടന്റായി 47-കാരന്‍ മാറി. ഭാര്യ ഫ്‌ളോമ്നിയോടും മകന്‍ അഭയ് മേനോനുമൊപ്പം ലണ്ടനില്‍ താമസം. '' കേരളത്തില്‍ ഒരുപാട് ആരാധകരുണ്ട്. അവരോടെല്ലാം നന്ദി. സുരക്ഷിതമായിരിക്കുക. ഇനിയും പിന്തുണയ്ക്കുക.'' - വിനയ് പറഞ്ഞു.

Content Highlights: Vinay P Menon the keralite wellness trainer working with Chelsea FC