ത്തവണ വിജയ് ഹസാരേ ട്രോഫിയില്‍ കേരള ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തില്‍ ആവേശം കൊള്ളുകയാണ് നാട്ടിലുള്ള ക്രിക്കറ്റ് പ്രേമികള്‍. കരുത്തരായ മഹാരാഷ്ട്രയെ അടക്കം തകര്‍ത്ത് ഗ്രൂപ്പ് ഡിയില്‍ നിന്ന് നോക്കൗട്ട് ഉറപ്പിച്ചിരിക്കുകയാണ് ടീം.

എന്നാല്‍ കേരളത്തിന് അഭിമാനിക്കാവുന്ന പ്രകടനവുമായി ഗ്രൂപ്പ് ബിയില്‍ ഒരു കുഞ്ഞന്‍ ടീമുണ്ട്, പുതുച്ചേരി. ഗ്രൂപ്പ് ബിയില്‍ നിന്ന് നോക്കൗട്ടിലേക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിലും കരുത്തരായ തമിഴ്‌നാട്, മുംബൈ, ബംഗാള്‍ ടീമുകളെ അട്ടിമറിച്ച് തങ്ങളുടെ കരുത്ത് കാട്ടിയ പുതുച്ചേരി ടീമിന്റെ കുതിപ്പിനു പിന്നില്‍ ഒരുപറ്റം മലയാളികളാണ്.

മുന്‍ കേരള ക്രിക്കറ്റ് താരങ്ങളായ റെയ്ഫി വിന്‍സന്റ് ഗോമസ്, സോണി ചെറുവത്തൂര്‍, വി.എ ജഗദീഷ് എന്നിവരാണ് പുതുച്ചേരി ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍.

മൂന്നോ നാലോ വര്‍ഷമാകുന്നേയുള്ളൂ പുതുച്ചേരി ഇന്ത്യന്‍ ക്രിക്കറ്റിന്റെ റഡാറിലെത്തിയിട്ട്. ടീമിന്റെ മുന്നൊരുക്കങ്ങളിലും തിരഞ്ഞെടുപ്പിലുമെല്ലാം റെയ്ഫി ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിക്ക് കാര്യമായ പങ്കുണ്ട്. 

vijay hazare trophy puducherry shows strength by overthrowing giants malayalee power behind
പുതുച്ചേരി ക്രിക്കറ്റ് ടീം

ഈ മൂവര്‍ക്കുമൊപ്പം ഇഖ്‌ലാസ് നഹ, ഫാബിദ് അഹമ്മദ് തുടങ്ങിയ മലയാളി താരങ്ങളും പുതുച്ചേരി ടീമിന്റെ കരുത്താണ്. ടൂര്‍ണമെന്റില്‍ കരുത്തരായ തമിഴ്‌നാടിനെ പരാജയപ്പെടുത്തിയ മത്സരത്തില്‍ 87 റണ്‍സുമായി തിളങ്ങിയത് ഫാബിദായിരുന്നു. മുംബൈക്കെതിരായ മത്സരത്തില്‍ 10 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുമായി തിളങ്ങിയതും ഫാബിദ് തന്നെ. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായ ദിശാന്ത് യാഗ്നിക്കാണ് പുതുച്ചേരി ടീമിന്റെ മുഖ്യ പരിശീലകന്‍.

vijay hazare trophy puducherry shows strength by overthrowing giants malayalee power behind
ഫാബിദ് അഹമ്മദ് 

''പുതുച്ചേരിയിലെ ഡൊമസ്റ്റിക് ടൂര്‍ണമെന്റുകളില്‍ നിന്നും പുതുച്ചേരി പ്രീമിയര്‍ ലീഗില്‍ നിന്നുമൊക്കെയാണ് ഞങ്ങള്‍ താരങ്ങളെ തിരഞ്ഞെടുത്തത്. ഇത്തരം ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തിയവരെ തിരഞ്ഞെടുത്ത് ഒരു സ്‌ക്വാഡ് ഉണ്ടാക്കുകയായിരുന്നു. മഴ കാരണം ഇത്തവണ പുതുച്ചേരിയില്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ സാധിച്ചില്ല. ഇതോടെ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് വയനാട് കൃഷ്ണഗിരിയില്‍ ക്യാമ്പിനുള്ള സൗകര്യമൊരുക്കുകയായിരുന്നു. കെസിഎയുടെ ഭാഗത്തു നിന്നും ടീമിന് മികച്ച പിന്തുണയാണ് ലഭിച്ചത്. കേരള ടീമുമായി പരിശീലന മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചതും നേട്ടമായി. ഇതിന്റെയെല്ലാം ഫലമാണ് ഈ ടൂര്‍ണമെന്റിലെ ടീമിന്റെ പ്രകടനം.'' - റെയ്ഫി വിന്‍സന്റ് ഗോമസ് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

ചാമ്പ്യന്‍ഷിപ്പുകള്‍ കളിക്കുക എന്നതാണ് ടീമിന്റെ പ്രധാന ലക്ഷ്യമെന്നും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുക എന്നതിലേക്കാണ് ഈ ലക്ഷ്യത്തിന്റെ അടുത്ത പടിയെന്നും റെയ്ഫി വ്യക്തമാക്കി.

ടീമിനെ ഒത്തൊരുമിച്ച് കൊണ്ടു പോകുന്നതില്‍ ക്യാപ്റ്റന്‍ രോഹിത് ദാമോദരന്റെ പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ മധുരൈ പാന്തേഴ്‌സിനെ കിരീടത്തിലെത്തിച്ച നായകനാണ് രോഹിത്. 

ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് പുതുച്ചേരി ടീമിന് ടീമിന് മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എട്ട് മൈതാനങ്ങളടങ്ങിയ ഒരു കോമ്പൗണ്ട് തന്നെ ടീമിന് പരിശീലിക്കാനും മറ്റുമായുണ്ട്.

Content Highlights: vijay hazare trophy puducherry shows strength by overthrowing giants malayalee power behind