ബി. ദേവാനന്ദും വിക്ടർ മഞ്ഞിലയും | Photo: twitter.com/KeralaBlasters, facebook.com/victor.manjila1
കോഴിക്കോട്: കേരള ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളെയാണ് ബി. ദേവാനന്ദിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറും കേരള ടീം ക്യാപ്റ്റനുമായിരുന്ന വിക്ടര്‍ മഞ്ഞില. 70-കളില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും പിന്നീട് കേരള സന്തോഷ് ട്രോഫി ടീമിലും ദേവാനന്ദിനൊപ്പം കളിച്ച താരമാണ് അദ്ദേഹം.
1970-ല്‍ തിരുവനന്തപുരത്ത് നടന്ന ഇന്റര്‍ യൂണിവേഴ്സിറ്റി സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായി ഇരുവരും ആദ്യമായി ഒന്നിച്ച് കളിക്കുന്നത്. യൂണിവേഴ്സിറ്റി തലത്തില്‍ ദേവാനന്ദിന്റെ ആദ്യ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.
നല്ല ഉയരമുണ്ടായിരുന്നതിനാല്‍ തന്നെ ഹൈ ബോളുകള്‍ ക്ലിയര്‍ ചെയ്യുന്ന കാര്യത്തില്‍ ആശാനായിരുന്നു ദേവാനന്ദ് എന്ന് വിക്ടര്‍ മഞ്ഞില ഓര്‍ക്കുന്നു. അതുപോലെ തന്നെ ലോങ് ക്ലിയറന്‍സുകളുടെ കാര്യത്തിലും ദേവാനന്ദ് മിടുക്കനായിരുന്നു. ശരീരപ്രകൃതി കാരണം, കളിച്ചിരുന്ന കാലത്ത് കാണികളുടെ ഇഷ്ടതാരം കൂടിയായിരുന്നു അദ്ദേഹം. എതിര് ടീം സ്ട്രൈക്കര്‍മാര്‍ ആക്രമിക്കാന്‍ വരുമ്പോള്‍ പ്രതീക്ഷിക്കാത്ത നേരത്ത് മുന്നിലേക്ക് സ്ട്രെച്ച് ചെയ്ത് പന്ത് ക്ലിയര്‍ ചെയ്തിരുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നുവെന്നും വിക്ടര്‍ മഞ്ഞില പറഞ്ഞു. വളരെ സൗമ്യനായിരുന്ന, ആവശ്യത്തിന് മാത്രം സംസാരിച്ചിരുന്ന ദേവാനന്ദിന്റെ വിയോഗം ഞെട്ടലുളവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ബ്രദേഴ്സ് ക്ലബ്ബിലൂടെയാണ് ദേവാനന്ദ് കേരള ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് പ്രീഡിഗ്രിക്ക് കണ്ണൂര്‍ എസ്എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് ടീമിനായി വിവിധ ടൂര്‍ണമെന്റുകളില്‍ കളിച്ചു. 1970-ല്‍ തിരുവനന്തപുരത്ത് നടന്ന ഇന്റര്‍ യൂണിവേഴ്സിറ്റി സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിന്റെ സ്റ്റോപ്പര്‍ ബാക്കായി ദേവാന്ദ് ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി തലത്തില്‍ അദ്ദേഹത്തിന്റെ ആദ്യ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.
%20(1).jpg?$p=e6b9b5e&&q=0.8)
ആദ്യ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗങ്ങളായ കെ.പി.വില്യംസ്, എം.മിത്രന്, ടി.എം.ജാഫര്‍, ബ്ലാസി ജോര്‍ജ്, സേവ്യര്‍, പി.പൗലോസ്, സിസി ജോക്കബ്, ദേവാനന്ദ് എന്നിവര്‍ മഹാരാജാസ് കോളേജില്‍ ഒത്തുചേര്‍ന്നപ്പോള്‍ | ഫോട്ടോ:വി.എസ്.ഷൈന്‍
1972-ല്‍ എം.വി ഡേവിസ് ക്യാപ്റ്റനായിരിക്കെ ഓള് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും ദേവാനന്ദ് ഉണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷം ദേവാനന്ദ് ക്യാപ്റ്റനായിരിക്കെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓള് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിയുന്നത്. 1974-ല്‍ ബഷീര്‍ ക്യാപ്റ്റനായിരുന്ന സമയത്തും കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലുണ്ടായിരുന്നു.
ഇതിനിടെയാണ് 1973-ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ ഭാഗമാകുന്നത്. അന്ന് ടീമില്‍ രണ്ട് രണ്ട് സ്റ്റോപ്പര്‍ ബാക്കുകളായിരുന്നു ഉണ്ടായിരുന്നത്, ദേവാനന്ദും കെ.വി ഉസ്മാന് കോയയും. കളിക്കളത്തില്‍ ഇരുവരും തമ്മിലുണ്ടായിരുന്ന ധാരണ അത്രയും മികച്ചതായിരുന്നു.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ അപ്പാര്‍ട്ട്മെന്റിലാണ് ദേവാനന്ദിന്റെ (71) വിയോഗമുണ്ടായത്. കാല് മുറിച്ചുമാറ്റല്‍ ശസത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കെയാണ് മരണം. ദിവസങ്ങള്‍ക്ക് മുമ്പ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ദേവാനന്ദിന്റെ കാല് മുറിച്ചുമാറ്റിയത്. ധമനികളിലെ രക്തയോട്ടം കുറഞ്ഞു സംഭവിക്കുന്ന ലിംബ് ഇസ്കീമിയ എന്ന രോഗമാണ് ദേവാനന്ദിനെ പിടികൂടിയത്. ഇന്ഫെക്ഷന് സാധ്യത കൂടിയതോടെ ഇടതുകാല് മുട്ടിനുമുകളില്‍വെച്ച് മുറിച്ചുനീക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
Content Highlights: victor manjila remembering former kerala footballer b devanand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..