തിരുവനന്തപുരത്തിന്റെ ചരിത്ര പുസ്തകത്തില്‍ ഇടം നേടിയ ഒരു ബഹുമതിയുടെ ഉടമയാണ് വി. ശിവകുമാര്‍ എന്ന ഫുട്ബോളര്. സന്തോഷ് ട്രോഫി നേടിയ ആദ്യ തിരുവനന്തപുരത്തുകാരന് നായകനാണ് അദ്ദേഹം. 2001-ല്‍ മുംബൈയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ കേരളം കിരീടം നേടിയത് പ്രതിരോധ നിരയിലെ ഈ സൗമ്യനായ പോരാളിയുടെ കീഴിലായിരുന്നു. കേരളത്തിന്റെ ചരിത്രത്തിലെ നാലാമത്തെ സന്തോഷ് ട്രോഫി നേടിയ നായകന്. പിന്നീട് 2004-ല്‍ തിരുവനന്തപുരത്തുകാരനായ ഇഗ്നേഷ്യസും ഈ ബഹുമതിക്കര്‍ഹനായി.
ഇക്കുറി കേരളം ആറാമതും സന്തോഷ് ട്രോഫി നേടിയതിന്റെ ആഹ്ലാദത്തിലാണ് ശിവകുമാര്‍. തന്റെ സ്ഥാപനമായ എസ്.ബി.ഐയിലെ അഞ്ച് താരങ്ങള്‍ (ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമടക്കം) സന്തോഷ് ട്രോഫി നേടിയ ടീമില്‍ കളിച്ചതിന്റെ അഭിമാനവും ഈ എസ്.ബി.ഐ ഉദ്യോഗസ്ഥനുണ്ട്. പൊഴിയൂര്‍ എസ്.ബി.ഐയിലെ മാനേജരാണ് അദ്ദേഹമിപ്പോള്‍.
തിരുവനന്തപുരം വളര്‍ത്തിയ താരം
കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ താമസക്കാരനായ ശിവകുമാറിന് ഫുട്ബോളിനോടുള്ള സ്നേഹം കുട്ടിക്കാലത്തെ തുടങ്ങിയതാണ്. ദേവസ്വം ബോര്ഡിനവിടുത്തെ ക്ഷേത്രമൈതാനത്തും കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ഗ്രൗണ്ടിലും പന്തു തട്ടിയാണ് കൊച്ചു ശിവകുമാര്‍ വളര്‍ന്നത്. ടൈറ്റാനിയത്തിന്റെ മുന്‍ താരം എന്‍.ജെ. ജോസിനെപ്പോലുള്ളവരുടെ കളി പ്രചോദനമായി. വലിയച്ഛന്റെ മകന് പ്രദീപാണ് കൈപിടിച്ച് കളിക്കളത്തിലേക്കിറക്കിയത്.
കേരളത്തിന്റെ ഫുട്ബോള്‍ ആചാര്യന് ഗബ്രിയേല്‍ ജോസഫിനെപ്പോലുള്ളവരുടെ കീഴിലുള്ള പരിശീലനും അവര്‍ നല്കിയ പ്രചോദനവും ഗുണമായി. സാല്‍വേഷന്‍ ആര്‍മി സ്കൂളിലും എസ്.ഒ.എസ് (വേ ഔര്‍ സ്പോര്‍ട്സ്) ടീമിലുമൊക്കെ കളിച്ച് മുന്നോട്ട്.
ചെമ്പഴന്തി എസ്.എന്‍.കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. അന്ന് കേരളത്തിലെ ഫുട്ബോള്‍ ശക്തികളിലൊന്നാണ് ചെമ്പഴന്തി. അവിടുത്തെ കായികാധ്യാപകന് വേണുസാറാണ് കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ മറ്റൊരു ഗുരുനാഥന്. കേരള സര്‍വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്മെന്റ് ഡയറക്ടറായിരുന്ന വേണുസാര്‍ കഴിഞ്ഞ മാസമാണ് വിരമിച്ചത്.
ചെമ്പഴന്തി കോളേജ് ടീമിലൂടെ കേരള സര്‍വകലാശാല ടീമില്‍. കേരള സര്‍വകലാശാല അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വരയെത്തിയതോടെ ശിവകുമാറെന്ന ഫുട്ബോളറും ശ്രദ്ധിക്കപ്പെട്ടു. വൈകാതെ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിലിടം പിടിച്ചു. ഇതിനിടെ എസ്.ബി.ടി ടീമിലും അംഗമായി.
തലയുയര്‍ത്തി കളിക്കളത്തില്‍
ഫുട്ബോളില്‍ പ്രതിരോധനിര താരങ്ങളെ കാര്ക്കശ്യക്കാരായാണ് കരുതുന്നത്. ഇതിനെ നേരെ വിപരീതമാണ് ശിവകുമാര്‍. കളിക്കളത്തിനകത്തും പുറത്തും സൗമ്യന്‍. നൂറു ശതമാനം ആത്മാര്‍ത്ഥതയും. ഇതു രണ്ടുമായാല്‍ ശിവകുമാറായി. ഈ ഗുണങ്ങള്‍ കൈമുതലാക്കി ശിവകുമാര്‍ കേരള ടീമിന്റെയും എസ്.ബി.ടിയുടെയും അവിഭാജ്യഘടകമായി മാറി.
കൊല്‍ക്കത്തയിലെ വമ്പന്മാരും (മോഹന്‍ ബഗാന് ,ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് തുടങ്ങിയ ടീമുകള്‍) ഗോവയിലെ പ്രശസ്തരും (സാല്‍ഗോക്കര്‍ ,ഡെംപോ, ചര്‍ച്ചില്‍ ബ്രദേഴ്സ്) ഇന്ത്യയിലെ മറ്റു ക്ലബ്ബുകളും ഒരുപോലെ പേടിച്ച ടീമായി എസ്.ബി.ടി.വളര്‍ന്നു. കോച്ച് നജീബ് സാര്‍ നല്കിയ ആത്മവിശ്വാസവും പോരാട്ട വീര്യവുമാണ് പ്രമുഖ ടൂര്‍ണമെന്റുകളില്‍ മുന്‍നിര ടീമുകളെ തോല്‍പ്പിക്കാന്‍ സഹായിച്ചത്. ഫുട്ബോളറെന്ന മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രധാന പങ്കുവഹിച്ചത് നജീബ് സാറാണ്. അദ്ദേഹമടക്കമുള്ള ഗുരുക്കന്മാരുടെ അനുഗ്രഹമാണ് നായകനായ വര്‍ഷം തന്നെ സന്തോഷ് ട്രോഫി നേടാന്‍ സഹായിച്ചതെന്ന് ശിവകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ശിവകുമാറിന്റെ ജീവിതത്തിലെ മറക്കാനാവാത്ത വര്‍ഷമാണ് 2001. തലേ വര്‍ഷം സന്തോഷ് ട്രോഫി ക്യാമ്പിലുണ്ടായിരുന്നെങ്കിലും പരിക്കുമൂലം ടീമില്‍ സ്ഥാനം ലഭിച്ചില്ല. 2001-ല്‍ നായകനായി തിരികെ ടീമിലേക്ക്. കരിയറിലാദ്യമായാണ് സന്തോഷ് ട്രോഫി ടീമിന്റെ ക്യാപ്റ്റനാകുന്നത്. കോച്ച് എം. പീതാംബരന്റെ കീഴിലുള്ള ടീം യുവരക്തങ്ങള്കൊണ്ട് സമ്പന്നം. എസ്.ബി.ടിയിലെ പതിന്നാലു താരങ്ങള്‍ ടീമിലുണ്ട്. കേരളത്തിന്റെ യുവ ടീമിനെ എതിരാളികള്‍ അപകടകാരികളായി കണ്ടില്ല. പക്ഷേ അവര്‍ക്കു പിഴച്ചു. ഓരോ കളിയിലും മനോഹരമായ ആക്രമണ ഫുട്ബോള്‍ കളിച്ചു മുന്നേറിയ കേരളം ഫൈനലില്‍ കടന്നു. കരുത്തരായ ഗോവയാണ് എതിരാളികള്‍.
ഐ ലീഗ് താരങ്ങളെക്കെണ്ട് നിറഞ്ഞ ഗോവയ്ക്കെതിരെ പതറാതെ കളിച്ച കേരളം അബ്ദുല്‍ ഹക്കീമിന്റെ ഹാട്രിക് ഗോളില്‍ ഗോവയെ മറികടന്ന് (3-2) കിരീടം നേടി. ആസിഫ് സഹീറും ഹക്കീമും ഇഗ്നേഷ്യസും വിനു ജോസും പുരുഷോത്തമനും നൗഷാദുമടക്കം കേരള ടീമിലെ താരങ്ങളെല്ലാവരും ടൂര്‍ണമെന്റില്‍ ഒത്തിണക്കത്തോടെ കളിച്ചതിന്റെ ഫലമാണ് അന്നത്തെ സന്തോഷ് ട്രോഫി വിജയമെന്ന് ക്യാപ്റ്റന്‍ ഓര്‍ക്കുന്നു. കേരള ക്യാപ്റ്റനെന്ന നിലയില്‍ സന്തോഷ് ട്രോഫി ഉയര്‍ത്തിയത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ്. 2004 വരെ കേരള ടീമില്‍ കളിച്ച ശിവകുമാര്‍ എസ്.ബി.ടിക്കുവേണ്ടി 2005 വരെയും കളിച്ചു.
തിരിഞ്ഞു നോക്കുമ്പോള്‍
ഫുട്ബോളാണ് ജീവിതത്തില്‍ എല്ലാം നല്‍കിയത്. ജോലിയും പദവിയും പ്രശസ്തിയുമെല്ലാം. കളിക്കളത്തില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെയുള്ള പ്രകടനം നടത്തി. 2000-ല്‍ ചേട്ടന് മധുസുവിന്റെ വിവാഹത്തിന്റെ അന്നാണ് ഗോവയില്‍ ഐ ലീഗില്‍ സാല്ഗോക്കറുമായുള്ള മത്സരം. ചേട്ടന്റെ വിവാഹമാണെന്നു പോലും നജീബ്സാറടക്കം ആരോടും പറഞ്ഞില്ല. ടീമിനായി കളിച്ചു. വൈകിട്ട് എല്ലാവര്ക്കും മധുരം വാങ്ങിനല്കുമ്പോഴാണ് വിവാഹക്കാര്യം അവര്‍ അറിയുന്നത്. എല്ലാ സൗകര്യങ്ങളും പ്രോത്സാഹനങ്ങളുമായി എസ്.ബി.ടി അധികൃതരും കൂടെ നിന്നു.
പരിശീലകനായിരിക്കുമ്പോള്‍ നജീബ് സാര്‍ പറഞ്ഞിരുന്ന വാക്കുകളാണ് ശിവകുമാറിനെ മുന്നോട്ട് നയിക്കുന്നത്. 'ഇപ്പോള്‍ കളിക്കാരെന്ന നിലയില്‍ നിങ്ങള്‍ നൂറ് ശതമാനം ആത്മാര്‍ത്ഥമായ പ്രകടനം നടത്തണം. കളി നിറുത്തി ജോലി മാത്രമാകുമ്പോള്‍ അതേ ആത്മാര്‍ത്ഥ ജോലിക്കാര്യത്തിലും കാണിക്കണം.' ഗുരുവിന്റെ വാക്കുകള്‍ അക്ഷരം പ്രതി പാലിക്കുന്ന ശിഷ്യന് ജോലിയിലും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എസ്.ബി.ടിയില്‍ ഓവര്‍സീസ് (വിദേശ ശാഖ)നിയമനത്തിനുള്ള അഭിമുഖത്തില്‍ ഒന്നാമനായാണ് ശിവകുമാര്‍ വിജയിച്ചത്. തുടര്‍ന്ന് മസ്കറ്റില്‍ മൂന്നു വര്‍ഷം ജോലി ചെയ്തു. നാട്ടില്‍ തിരിച്ചെത്തി ഇപ്പോള്‍ പൊഴിയൂരില്‍ തന്റെ പ്രവര്‍ത്തനം തുടരുന്നു.
അച്ഛന് വെങ്കിടേശന്. അമ്മ പരേതയായ രത്തിനം. കുട്ടിക്കാലത്ത് അമ്മ പഠിപ്പിച്ച പാഠങ്ങളാണ് കളിക്കളത്തിനകത്തും പുറത്തും വിനയത്തോടെ നില്ക്കാന് സഹായിക്കുന്നതെന്ന് മകന്റെ സാക്ഷ്യം. ഭാര്യ പ്രിയക്കും മക്കളായ ലക്ഷ്മിക്കും ലോഹിത്തിനുമൊപ്പം പണ്ഡിറ്റ് കോളനിയിലാണ് താമസം.
Content Highlights: V Shiva Kumar Former Kerala Football Team Caption and Santosh Trophy Winning Captian
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..