തൊണ്ണൂറുകളുടെ തുടക്കം കേരളത്തില്‍ ഫുട്‌ബോളിന് നല്ല നാളുകളായിരുന്നു. 90-ലും 91-ലും കേരള പോലീസ് ഫെഡറേഷന്‍ കപ്പ് നേടി. 92-ല്‍ കോയമ്പത്തൂരില്‍ സന്തോഷ് ട്രോഫി, 93-ല്‍ എറണാകുളത്ത്, കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ അതേ മണ്ണില്‍വെച്ച് വീണ്ടും, ചാമ്പ്യന്‍പദവി. സന്തോഷ് ട്രോഫി വീണ്ടും നാം ഉയര്‍ത്തിയെങ്കിലും ക്ലബ്ബ് ഫുട്‌ബോളില്‍ പിന്നീട് നമുക്ക് നേട്ടങ്ങള്‍ എടുത്തുകാട്ടാനില്ല. ഡി.സി.എം. ട്രോഫിയില്‍ എഫ്.സി. കൊച്ചിയുടെ പ്രകടനം അപഭ്രംശമാണ് എന്നു കരുതുന്നതാവും ശരി. സ്ഥാപനടീമുകള്‍ക്ക് ജനനാല്‍ ഉണ്ടാവുന്ന രോഗങ്ങള്‍ പിന്നീട് കേരള പോലീസിനെയും ബാധിച്ചു.

പോലീസ്, കേരള ടീമുകളുടെ ശക്തികേന്ദ്രങ്ങളിലൊന്ന് വി.പി. സത്യനായിരുന്നുവെന്ന് നിസ്സംശയം പറയാം. പാപ്പച്ചനെയും വിജയനെയും പോലെത്തന്നെ സത്യനും ഷറഫലിയും മറ്റും കേരളത്തിലെ കാണികള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. ഇത് കളിയില്‍ സത്യന്‍ ചെലുത്തിയിരുന്ന സ്വാധീനം വെളിവാക്കുന്നു. ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായും ഡിഫെന്‍ഡറായും സത്യന്‍ കളിച്ചിട്ടുണ്ട്. പിച്ചിന്റെ ഇടതുഭാഗത്ത് ഒരു വലിയ മേഖലയില്‍ നിയമം നടപ്പാക്കുന്ന സത്യന്റെ രൂപം കാണികളുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.

86-ലെ മെര്‍ദേക്കാ കപ്പില്‍ ദക്ഷിണ കൊറിയയുമായുള്ള സെമി ഫൈനല്‍ മാച്ചില്‍ 80-ാം മിനുട്ടു വരെ 3-3 സമനിലയില്‍ നിന്ന കളി സത്യന്റെ ഗോളില്‍ ജയിച്ചതാണ് ഏറ്റവും അവിസ്മരണീയമായ കളി. ബഹ്‌റൈന്‍, കൊറിയ, കാമറൂണ്‍, ലെബനണ്‍ ടീമുകള്‍ക്കെതിരേ ഗോളടിച്ചിട്ടുണ്ട്.

ടാക്ലിങ്ങിലുള്ള ഉറപ്പുപോലെത്തന്നെ വായുവിലുള്ള കരുത്തും സത്യന്റെ മികവായിരുന്നു. ഒരു ബോഡി ബില്‍ഡറില്‍ അസൂയയുണര്‍ത്താന്‍ പോന്നതായിരുന്നു സത്യന്റെ കാല്‍മസിലുകള്‍. എന്നാല്‍ ശരീരശക്തി ഉപയോഗിച്ചുള്ള കളിയായിരുന്നില്ല അദ്ദേഹത്തിന്റേത്. ടാക്ലിങ്ങില്‍ ഇടപെടുന്നതിനുള്ള സമയം നിശ്ചയിക്കുന്നതിലെ കൃത്യത, പെട്ടെന്ന് തിരിയാനും തിരിച്ചുവന്ന് സ്ഥലം വീണ്ടെടുക്കുവാനുമുള്ള ചടുലത ഇതൊക്കെയായിരുന്നു സത്യന്റെ കളിക്ക് കരുത്തുപകര്‍ന്നത്. ഒരു തിരിച്ചാക്രമണത്തിന്റെ ആരംഭബിന്ദു കണ്ടറിയാനും അതിന് പാസ് നല്‍കി, പച്ചക്കൊടി കാട്ടി തുടക്കം കുറിക്കാനും സത്യന്‍ സമര്‍ഥനായിരുന്നു.

റഹ്‌മാന്‍, ജര്‍ണയില്‍ സിങ് തുടങ്ങി സുബ്രതോ ഭട്ടാചാര്യ, സുധീര്‍ കാര്‍മാര്‍ക്കര്‍, തരുണ്‍ ഡെ തുടങ്ങിയ ഡിഫെന്‍ഡര്‍മാരെ നാം കൊണ്ടാടിയിട്ടുണ്ടെങ്കിലും പൊതുവെ പ്രതിരോധനിരയിലെ ഭടന്മാരെ അറ്റാക്കര്‍മാരുടെയത്ര നാം ഉയര്‍ത്തിപ്പിടിക്കാറില്ല. 2006-ലെ ലോകകപ്പ് ഇക്കാര്യത്തില്‍ വ്യത്യസ്തമായിരുന്നു എന്ന് ഓര്‍ക്കാവുന്നതാണ്. ബഫണിനെയും കന്നവാരോയെയും ഇറ്റലി ഒരുകാലത്തും മറക്കാന്‍ ഇടയില്ല.

നല്ല കളിക്കാര്‍ എല്ലായ്‌പ്പോഴും നല്ല പരിശീലകരായിക്കൊള്ളണമെന്നില്ല. എന്നാല്‍ നല്ല പരിശീലകനാവാന്‍കൂടിയുള്ള വ്യക്തിത്വം വി.പി. സത്യന് ഉണ്ടായിരുന്നു. ആ നിലയ്ക്ക് അദ്ദേഹത്തില്‍നിന്ന് ലഭിക്കാന്‍ പലതുമുണ്ടായിരുന്നിരിക്കണം.

മറ്റുള്ളവരെ തന്റെ സാന്നിധ്യംകൊണ്ട് പ്രചോദിപ്പിക്കാന്‍ കഴിവുള്ള കളിക്കാരനായിരുന്നു സത്യന്‍. അദ്ദേഹത്തിന്റെ ഒപ്പം കളിക്കളം പങ്കിട്ടവര്‍ ഇക്കാര്യം അനുസ്മരിക്കുന്നുണ്ട്. കളിക്കളത്തിലെ ദൃഢമായ കാല്‍വെപ്പുകളുടെ പകര്‍ച്ച അദ്ദേഹത്തിന്റെ സംസാരത്തിലും അനുഭവപ്പെട്ടിരുന്നു എന്ന് ഇപ്പോള്‍ ഓര്‍മയില്‍ വരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശ്ശൂര്‍ പോലീസ് ക്യാമ്പില്‍ വെച്ച് ഫെഡറേഷന്‍ കപ്പില്‍ ടീമിന്റെ സാധ്യതകള്‍ വിലയിരുത്തിയത് അസ്പഷ്ടമായി കാതുകളിലേക്ക് വരുന്നുമുണ്ട്. കളികളുടെ പഴയ കുറിപ്പുകള്‍ ഈ ലേഖകന്‍ ചികഞ്ഞുനോക്കിയപ്പോള്‍, സത്യന്റെ പേര് വല്ലപ്പോഴും മാത്രമേ കണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല; അതേ കാരണമുള്ളൂ. ഗോളുകള്‍ വിജയന്റെയോ പാപ്പച്ചന്റെയോ വകയായിരിക്കാമെങ്കിലും പോലീസ് ടീമിനെ, ആ ടീമാക്കിയ വലിയ സ്വാധീനങ്ങളിലൊന്ന് സത്യനായിരുന്നു എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കൂടുതലായി ബോധ്യപ്പെടുന്നു.

കേരളാ ഫുട്‌ബോളിന്റെ സുവര്‍ണകാലമായിരുന്നു സത്യന്‍ നയിച്ച പോലീസ് ടീമിന്റെ കാലം. 90, 91 വര്‍ഷങ്ങളില്‍ ഈ ടീം ഫെഡറേഷന്‍ കപ്പു നേടി. സത്യന്‍ നയിച്ച കേരളാ ടീം, 92-ല്‍ സന്തോഷ് ട്രോഫിയും നേടി. 93-ല്‍ സന്തോഷ് ട്രോഫി നേടിയ ടീമിലും സത്യനായിരുന്നു നെടുംതൂണ്‍.

93-ല്‍ മഹാരാജാസ് ഗ്രൗണ്ടിലെ സന്തോഷ് ട്രോഫി ഫൈനല്‍. ടിക്കറ്റെടുത്തിട്ടും സീറ്റുകിട്ടാതെ ഗ്രൗണ്ടില്‍ തിങ്ങിക്കൂടിയ പാവങ്ങളെ പോലീസ് അടിച്ചൊതുക്കുന്നു. 5.40ന് കളി തുടങ്ങാനുള്ള വിസില്‍ മുഴങ്ങുന്നു. ഈ ലേഖകന്റെ കുറിപ്പില്‍ ആദ്യത്തെ വരികള്‍ ഇതാണ്: ''ഷറഫലിയുടെ ഫ്രീകിക്ക്, ഓഫ് സൈഡ്''. ''5ാം മിനുട്ട്. ഷറഫില്‍നിന്ന് ഹര്‍ഷനിലേക്ക്. അയാളുടെ ക്രോസ് പാപ്പിന് (പാപ്പച്ചന്‍). ഗോളി പിടിക്കുന്നു.'' കളി അങ്ങനെ പോകുന്നു. ഒരുപാട് ആളുകളുടെ പേരുകള്‍ പോലെ സത്യന്റെ പേരും കുറിപ്പില്‍ എവിടെയുമില്ല. അതിന്റെ ആവശ്യമില്ല. ആക്രമണത്തിന്റെ രഥത്തിലേറി കേരളം പറക്കുന്നു. രണ്ടാംപകുതിയുടെ 16-ാം മിനിറ്റോടെ കേരളം രണ്ടു ഗോളടിച്ചിരുന്നു. 25-ാം മിനുട്ടില്‍ കുറിച്ച അവസാനവരികള്‍. ''തോബി-ഹഷീം വിജയനെ അകത്തേക്കയയ്ക്കുന്നു. വിജയന്റെ ശ്രമം ഇടതുപോസ്റ്റില്‍ തട്ടി മടങ്ങുന്നു!'' ഇവിടെ കുറിപ്പുകള്‍ക്ക് തിരശ്ശീല വീണിരിക്കുന്നു.

എന്നാല്‍ കേരളത്തിന്റെ ഫുട്‌ബോള്‍കളിയുടെ നല്ല ദിവസങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക്, കളിക്കളത്തിന്റെ ഒരു വലിയ ഭാഗത്ത് വീറോടെ അധികാരം സ്ഥാപിച്ചിരുന്ന ഒരു കളിക്കാരന്റെ ഓര്‍മകള്‍ക്ക് തിരശ്ശീല വീഴുന്നേയില്ല.

(മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: V.P Sathyan the unsung hero of indian football