Photo: twitter.com/SerieA_EN
എസ്.എസ്.സി. നാപ്പോളി....! പേരു കേള്‍ക്കുമ്പോള്‍ മറനീക്കി തെളിഞ്ഞു വരുന്നത് ഒരു ഇതിഹാസമാണ്. സാക്ഷാല്‍ ഡീഗോ മറഡോണ. നാപ്പോളി ലോകോത്തര ക്ലബ്ബായി വളര്‍ന്നതില്‍ മറഡോണയുടെ വിയര്‍പ്പും ചോരയുമുണ്ട്. പക്ഷേ, മറഡോണാ യുഗം അവസാനിച്ചതോടെ നാപ്പോളിയും തകര്‍ന്നു. ആരാധകര്‍ കുറഞ്ഞ് വരുമാനം ഇല്ലാതായി. ഒടുവില്‍ ഇറ്റലിയിലെ പ്രതാപശാലിയായ ക്ലബ്ബ് തകര്‍ന്നടിഞ്ഞു. നാപ്പോളിയുടെ കാലം കഴിഞ്ഞുവെന്ന് പലരും വിധിയെഴുതി. ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ മിലാന്‍ ഡെര്‍ബിയ്ക്കും യുവന്റസിന്റെ പോരാട്ടങ്ങള്‍ക്കുമായി അലറിവിളിച്ചു. നേപ്പിള്‍സിലെ ഡീഗോ മറഡോണ സ്‌റ്റേഡിയത്തില്‍ ആരവങ്ങള്‍ നിലച്ചു. ആദ്യസ്ഥാനങ്ങളിലെത്താതെ ടീം തരംതാഴ്ത്തപ്പെട്ടു. ഫുട്‌ബോളിലെ ദുര്‍ഭൂതങ്ങള്‍ കഴുകന്‍ കണ്ണുകളുമായി ക്ലബ്ബിന് മുകളില്‍ വട്ടമിട്ടു പറന്നു. കിരീടം നേടുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ കണ്ണീരോടെ വീണുടഞ്ഞു.
എന്നാല്‍, നാപ്പോളിയ്ക്ക് വേണ്ടി കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. 2021-ല്‍ പരിശീലകന്‍ ലൂസിയാനോ സ്പല്ലെറ്റിയിലൂടെ നാപ്പോളിയുടെ തലവര തെളിഞ്ഞു. എസ്.എസ്. റോമയിലും ഇന്റര്‍ മിലാനിലും അത്ഭുതങ്ങള്‍ പുറത്തെടുത്ത തന്ത്രശാലിയായ അറുപത്തിനാലുകാരന്‍ പരിശീലകന്‍ നാപ്പോളിയുടെ മാനേജരായി സ്ഥാനമേറ്റതോടെ ടീം അടിമുടി മാറി. നിലവിലുള്ള ഫോര്‍മാറ്റിനെ തച്ചുടച്ച സ്പല്ലെറ്റി പുതിയൊരു ടീമിനെ വാര്‍ത്തെടുത്തു. മുഖംമൂടിയണിഞ്ഞ് കാലില്‍ അത്ഭുതമൊളിപ്പിച്ച വിക്ടര്‍ ഒസിംഹെന്‍ അടക്കമുള്ള യുവനിരയെ മുന്നില്‍ കൊണ്ടുവന്ന് അദ്ദേഹം ടീമിനായി പുതിയ ജാതകമെഴുതി. അത് ഫലം കണ്ടു. സ്ഥാനമേറ്റെടുത്ത ആദ്യ വര്‍ഷം തന്നെ നാപ്പോളി ഇറ്റാലിയന്‍ സീരി എ യില്‍ മൂന്നാം സ്ഥാനം നേടിയെടുത്തു. 38 മത്സരങ്ങളില്‍നിന്ന് 24 വിജയങ്ങളടക്കം 79 പോയന്റുമായാണ് ടീം മൂന്നാമതെത്തിയത്. കിരീടം നേടിയ എ.സി. മിലാനുമായി ഏഴ് പോയന്റിന്റെ വ്യത്യാസം മാത്രമാണുണ്ടായത്. ഒപ്പം ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും നേടി. അന്നുതന്നെ നാപ്പോളി എതിരാളികള്‍ക്ക് ഒരു സിഗ്നല്‍ കൊടുത്തു...; വലിയൊരു സിഗ്നല്‍!

തൊട്ടടുത്ത സീസണില്‍ ടീമിനെ ശക്തിപ്പെടുത്താനാണ് സ്പല്ലെറ്റി ശ്രമിച്ചത്. ഒസിംഹെന് മുന്നേറ്റനിരയില്‍ പരമാവധി ഇടം ലഭിക്കുന്ന ശൈലിയിലാണ് സ്പല്ലെറ്റി ടീമിനെ സജ്ജീകരിച്ചത്. സെന്റര്‍ ബാക്ക് മിന്‍ ജെ കിം അടക്കമുള്ള പുതിയ താരങ്ങളെ കൊണ്ടുവന്ന് സ്പല്ലെറ്റി ടീമിന്റെ ബലം പതിന്മടങ് ശക്തിപ്പെടുത്തി. അത് കളിക്കളത്തിലും പ്രകടമായിരുന്നു. ഒസിംഹെനും ക്വാററ്റ്‌സ്‌ഖെലിയയും എല്‍മാസും അടങ്ങുന്ന മുന്നേറ്റനിര എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ നാപ്പോളി എതിര്‍വല കുലുക്കിക്കൊണ്ടേയിരുന്നു. എന്‍ഡോംബെലെ, ലോബോട്ക, ആന്‍ഗ്യുയിസ എന്നിവരടങ്ങിയ മധ്യനിരയും ഒലിവേര, കിം, റഹ്‌മാനി, ഡി ലോറെന്‍സോ എന്നിവര്‍ അണിനിരന്ന പ്രതിരോധവും നാപ്പോളിയില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തി. ഗോള്‍കീപ്പര്‍ മെറെറ്റിന്റെ വമ്പന്‍ സേവുകള്‍ കൂടി വന്നപ്പോള്‍ നാപ്പോളി സുസജ്ജമായി.
മിലാന്‍ ക്ലബ്ബുകളും യുവന്റസുമെല്ലാം പണം വാരിയെറിഞ്ഞ് സൂപ്പര്‍ താരങ്ങള്‍ക്ക് പിന്നാലെ പോയപ്പോള്‍ യുവതാരങ്ങളെ സൂപ്പര്‍ താരങ്ങളാക്കി മാറ്റാനാണ് സ്പല്ലെറ്റി ശ്രമിച്ചത്. ആ പരീക്ഷണം നൂറു ശതമാനം വിജയം നേടുകയും ചെയ്തു. വിക്ടര്‍ ഒസിംഹെന്‍ ഗോളടിയന്ത്രമായി മാറിയതോടെ ടീം സീസണിലെ കറുത്ത കുതിരകളായി. മിലാന്‍ ഡര്‍ബി കാണാന്‍ കൊതിച്ച ആരാധകരെപ്പോലും സ്വന്തം ആരാധകരാക്കി മാറ്റി നാപ്പോളി ഫുട്‌ബോളിന്റെ മാന്ത്രികത ലോകത്തിന് കാട്ടിക്കൊടുത്തു. സീസണിന്റെ തുടക്കത്തില്‍ തന്നെ സ്ഥിരതയോടെ പന്തു തട്ടിത്തുടങ്ങിയ സ്പല്ലെറ്റിയും സംഘവും 2022-2023 സീസണില്‍ 33 മത്സരങ്ങള്‍ പിന്നിട്ടപ്പോഴേക്കും കിരീടം ഉറപ്പിച്ച് ചരിത്രം കുറിച്ചു. അഞ്ച് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ഇറ്റാലിയന്‍ ഫുട്‌ബോളിലെ രാജാക്കന്മാര്‍ തങ്ങളാണെന്ന് നാപ്പോളി ഉറക്കെ വിളിച്ചുപറഞ്ഞു. ഉഡിനിസിനെ സമനിലയില്‍ തളച്ച് നാപ്പോളി കിരീടം നേടിയപ്പോള്‍ ഏവരും ഒരുപോലെ ഓര്‍ത്തത് സാക്ഷാല്‍ മറഡോണയെത്തന്നെ. 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനമായി നാപ്പോളിയ്ക്ക് കിരീടം നേടിക്കൊടുത്ത ആ ഇതിഹാസത്തിനുള്ള സ്മരണാഞ്ജലിയായി ഈ കിരീടം.
നാപ്പോളി കിരീടമുറപ്പിച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് നൈജീരിയയുടെ വിക്ടര്‍ ഒസിംഹെന്‍ തന്നെയാണ്. ഇതുവരെ 26 മത്സരങ്ങളില്‍നിന്ന് 22 ഗോളുകള്‍ നേടിയ ഒസിംഹെനാണ് കിരീടമുറപ്പിച്ചു കൊണ്ടുള്ള നാപ്പോളി ഗോളും നേടിയത്. നിലവില്‍ ലീഗിലെ ടോപ് സ്‌കോററാണ് ഒസിംഹെന്‍. 12 ഗോളും 10 അസിസ്റ്റും സ്വന്തമായുള്ള ക്വാററ്റ്‌സ്‌ഖെലിയയും തകര്‍പ്പന്‍ പ്രകടനമാണ് ഈ സീസണില്‍ പുറത്തെടുത്തത്. ഇനിയും അഞ്ച് മത്സരങ്ങള്‍ ബാക്കിയുള്ള നാപ്പോളി നേട്ടങ്ങള്‍ ഓരോന്നായി നേടിയെടുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
2022 ഓഗസ്റ്റ് 15-നാണ് നാപ്പോളി ഈ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയത്. വെറോണയ്‌ക്കെതിരായ മത്സരത്തില്‍ 5-2 ന് വിജയിച്ച് സ്പല്ലെറ്റിയും സംഘവും വരറിയിച്ചു. പിന്നീട് വിജയങ്ങളുടെ ഘോഷയാത്രയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ എ.സി. മിലാനോട് അവരുടെ ഗ്രൗണ്ടില്‍ 4-0 ന് തോല്‍ക്കേണ്ടി വന്നെങ്കിലും രണ്ടാം ഏറ്റുമുട്ടലില്‍ നാപ്പോളി 2-1 ന് മിലാനെ കീഴടക്കി. കരുത്തരായ ഇന്റര്‍മിലാനും യുവന്റസും നാപ്പോളിയ്ക്ക് മുന്നില്‍ മുട്ടുകുത്തി. യുവന്റസ് രണ്ട് തവണ ഏറ്റുമുട്ടിയെങ്കിലും ആദ്യം നാപ്പോളി 1-0 നും രണ്ടാം തവണ 5-1 നും വിജയമാഘോഷിച്ചു. എ.എസ്. റോമയെയും രണ്ട് തവണയാണ് നാപ്പോളി കീഴടക്കിയത്. ഇറ്റലിയിലെ വമ്പന്മാരെ ഓരോരുത്തരെയും വെട്ടിവീഴ്ത്തി നാപ്പോളി അത്ഭുതക്കുതിപ്പ് നടത്തി. പിന്നാലെ 12,058 ദിവസങ്ങള്‍ക്ക് ശേഷം മറഡോണ മുത്തമിട്ട അതേ കിരീടം ഒസിംഹെനും സംഘവും സ്വന്തമാക്കി.
മറഡോണയും അര്‍ജന്റീനയും നാപ്പോളിയും
നാപ്പോളി മൂന്ന് തവണയാണ് ഇറ്റാലിയന്‍ 'സീരി എ' കിരീടം നേടിയത്. 1986-87 സീസണിലും 1989-1990 സീസണിലും നാപ്പോളി കിരീടം നേടിയത് മറഡോണയുടെ നേതൃത്വത്തിലാണ്. 1986-87 സീസണില്‍ 30 മത്സരങ്ങളില്‍നിന്ന് 40 പോയന്റ് നേടിയാണ് ടീം കിരീടം നേടിയത്. അന്ന് 15 മത്സരങ്ങളില്‍ വിജയിച്ച് ടീം ലോകത്തെ ഞെട്ടിച്ചിരുന്നു. ആ സീസണില്‍ മാറഡോണ ടീമിനായി 10 ഗോളുകള്‍ നേടി. 1989-90 സീസണില്‍ 34 മത്സരങ്ങളില്‍നിന്ന് 54 പോയന്റുകള്‍ നേടിയാണ് നാപ്പോളി കിരീടത്തില്‍ മുത്തമിട്ടത്. അന്ന് മിലാന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് നാപ്പോളി ഒന്നാമതെത്തിയത്.
മറഡോണ അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് നേടിയ അതേ വര്‍ഷമാണ് നാപ്പോളി കിരീടം നേടിയത് എന്നതായിരുന്നു 1986-87 സീസണിന്റെ പ്രത്യേകത. അര്‍ജന്റീന കിരീടം നേടിയ അതേവര്‍ഷം നാപ്പോളി കിരീടമുയര്‍ത്തി. അതുതന്നെ 2022-2023 സീസണിലും സംഭവിച്ചു എന്നത് കാലത്തിന്റെ കുസൃതി. 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന വീണ്ടും കിരീടമുയര്‍ത്തിയപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചു. സീരി എ കിരീടം വീണ്ടും നാപ്പോളിയ്ക്ക് അതും 33 വര്‍ഷത്തിനു ശേഷം. അര്‍ജന്റീനയുമായുള്ള നാപ്പോളിയുടെ ഈ കണക്ഷന്‍ ആരാധകര്‍ ഏറ്റെടുത്തു. മാറഡോണയ്‌ക്കൊപ്പം ഒസിംഹെന്റെ ചിത്രം ചേര്‍ത്താണ് ആരാധകര്‍ നാപ്പോളിയുടെ വിജയമാഘോഷിച്ചത്. ഇറ്റാലിയന്‍ സീരി എ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം നൈജീരിയന്‍ താരം എന്ന റെക്കോഡും ഒസിംഹെന്‍ സ്വന്തമാക്കി.
ഇതൊരു തുടക്കം മാത്രമാണെന്നാണ് കിരീടവിജയത്തിനുശേഷം നാപ്പോളി ഉടമ ഡെ ലോറെന്റിസ് പറഞ്ഞത്. അത്രമേല്‍ ആധികാരിതയോടെ ആത്മവിശ്വാസത്തോടെ ലോറെന്റിസ് ഇങ്ങനെ പറയുമ്പോള്‍ അടുത്ത സീസണില്‍ നാപ്പോളി കിരീടം നിലനിര്‍ത്താനായി ഏതറ്റം വരെയും പോകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിക്ടര്‍ ഒസിംഹെന്‍ അടുത്ത സീസണില്‍ നാപ്പോളി വിടുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍, നാപ്പോളിയുടെ ഭാഗ്യദേവനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് അധികൃതര്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അടക്കമുള്ള ടീമുകള്‍ ഒസിംഹെന് പിന്നാലെയുണ്ട്.
ദൈവം നല്ലവനാണ്!
നാപ്പോളി ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ അമരത്തിരിക്കുമ്പോള്‍ ഏവരും ചര്‍ച്ച ചെയ്യുന്നത് വിക്ടര്‍ ഒസിംഹെന്‍ എന്ന നൈജീരിയന്‍ താരത്തിന്റെ അത്ഭുത പ്രകടനമാണ്. സീറോയില്‍നിന്ന് ഹീറോയായി മാറിയ താരത്തിന്റെ ജീവിതം നാടോടിക്കഥപോലെ അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. 1998 ഡിസംബര്‍ 29-ന് നൈജീരിയയിലെ ലാഗോസിലാണ് ഒസിംഹെന്റെ ജനനം. ഒസിംഹെന്‍ എന്ന വാക്കിനര്‍ത്ഥം ദൈവം നല്ലവനാണ് എന്നാണ്. ദൈവത്തിന്റെ പേര് ഒപ്പമുള്ളതുകൊണ്ടായിരിക്കണം ഒസിംഹനെ ദൈവം ഇതുവരെ കൈവിട്ടിട്ടില്ല. ആറു മക്കളുള്ള കുടുംബത്തിലെ ഏറ്റവും ഇളയവനായ ഒസിംഹെന്‍ ചെറുപ്പംതൊട്ട് ഫുട്‌ബോളിനെ മാത്രമാണ് പ്രണയിച്ചത്. ആഫ്രിക്കന്‍ ഫുട്‌ബോള്‍ ഇതിഹാസം ദിദിയര്‍ ദ്രോഗ്ബയെ റോള്‍ മോഡലാക്കി അദ്ദേഹത്തിന്റെ ശൈലിയില്‍ ഒസിംഹെന്‍ പന്ത് തട്ടിത്തുടങ്ങി.
അത്ര നല്ല ഓര്‍മകളല്ല കുട്ടിക്കാലം താരത്തിന് സമ്മാനിച്ചത്. പട്ടിണിയും ദാരിദ്ര്യവും കരിനിഴല്‍ വീഴ്ത്തിയ കുടുംബത്തെ കാല്‍പ്പന്തുകളിയുടെ കരുത്തിലൂടെ ഒസിംഹെന്‍ രക്ഷിച്ചു. ലാഗോസിലെ പ്രാദേശിക ക്ലബ്ബായ അള്‍ട്ടിമേറ്റ് സ്‌ട്രൈക്കേഴ്‌സ് അക്കാദമിയില്‍ ഫുട്‌ബോള്‍ തട്ടിത്തുടങ്ങിയ ഒസിംഹെന്‍ കാലിലൊളിപ്പിച്ച മാന്ത്രികത കൊണ്ട് 2015-ല്‍ നൈജീരിയ അണ്ടര്‍ 17 ദേശീയ ടീമിലിടം നേടി. 10 മത്സരങ്ങളില്‍നിന്ന് ഏഴ് ഗോളുകളും അടിച്ചുകൂട്ടി. 2015 അണ്ടര്‍ 17 ഫിഫ ലോകകപ്പിലെ പ്രകടനമാണ് ഒസിംഹെന്റെ ജാതകം മാറ്റിയെഴുതിയത്. ലോകകപ്പില്‍ ഒസിംഹെന്റെ പ്രകടനമികവില്‍ നൈജീരിയ കിരീടം നേടി. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത് ഒസിംഹെനാണ്.

താരത്തിന്റെ പ്രകടനം കണ്ട് അമ്പരന്ന ജര്‍മന്‍ ക്ലബ്ബായ വോള്‍ഫ്‌സ്ബര്‍ഗ് അധികൃതര്‍ വമ്പന്‍ ഓഫറുമായി ഒസിംഹെനെ സമീപിച്ചു. 2017-ല്‍ ഒസിംഹെന്‍ വോള്‍ഫ്‌സ്ബര്‍ഗില്‍ കളിക്കാനാരംഭിച്ചു. എന്നാല്‍, ജര്‍മന്‍ ക്ലബ്ബില്‍ ഒസിംഹെന്‍ ക്ലച്ച് പിടിച്ചില്ല. 14 മത്സരങ്ങള്‍ കളിച്ചെങ്കിലും ഗോളടിക്കാനായില്ല. ഇതോടെ താരത്തെ വോള്‍ഫ്‌സ്ബര്‍ഗ് ഷാര്‍ലെറോയിലേക്ക് ലോണ്‍ അടിസ്ഥാനത്തില്‍ വിട്ടു. പക്ഷേ ഷാര്‍ലെറോയിക്ക് വേണ്ടി 34 മത്സരങ്ങള്‍ കളിച്ച താരം 19 ഗോളുകളുമായി തിളങ്ങി. ഇതോടെ ലില്ലെയില്‍ നിന്ന് താരത്തിന് വമ്പന്‍ ഓഫര്‍ ലഭിച്ചു. 15 മില്യണ്‍ യൂറോയ്ക്ക് താരം 2019-ല്‍ ഫ്രാന്‍സിലേക്ക് പറന്നു. ലില്ലെയ്ക്ക് വേണ്ടി 27 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടി ഫ്രാന്‍സിലും താരം തരംഗമായി. ടീമിന്റെ ടോപ് സ്‌കോററായി മാറിയ ഒസിംഹെന്‍ ടീമിന്റെ പ്ലെയര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാരവും സ്വന്തമാക്കി.
ലില്ലെയിലെ മികച്ച പ്രകടനമാണ് ഒസിംഹെനെ നാപ്പോളിയിലേക്ക് അടുപ്പിച്ചത്. 2020 ജൂലായ് 31-ന് ഒസിംഹെന്‍ നാപ്പോളിയുടെ ഭാഗമായി. 80 മില്യണ്‍ യൂറോ മുടക്കിയാണ് താരത്തെ നാപ്പോളി സ്വന്തമാക്കിയത്. അത് നാപ്പോളിയുടെ തലവര മാറ്റുന്ന സൈനിങ് ആകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പിന്നീട് നടന്നത് ചരിത്രം. കറുത്ത മുഖാവരണം ധരിച്ച് ഒസിംഹെന്‍ നാപ്പോളിയുടെ ജഴ്‌സിയിലിറങ്ങുമ്പോള്‍ എതിരാളികളുടെ ഹൃദയമിടിപ്പിന്റെ താളം പിഴയ്ക്കും. അതുതന്നെയാണ് നാപ്പോളിയുടെ കരുത്തും.
ഒസിംഹെന്‍ കറുത്ത മാസ്‌ക് ധരിക്കുന്നത് എന്തിനാണ്?
2021 നവംബര്‍ 22-ന് ഇന്റര്‍ മിലാനെതിരായ മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് താരം മാസ്‌ക് ഉപയോഗിക്കാനാരംഭിച്ചത്. ഏറെ നാള്‍ കളിക്കളത്തില്‍നിന്നു വിട്ടുനിന്ന ഒസിംഹെന്‍ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ തൊട്ട് മാസ്‌ക് ധരിക്കാൻ തുടങ്ങി. ഇനിയൊരു അപകടമുണ്ടാകാതെ തലയെ സംരക്ഷിക്കാനാണ് താരം മാസ്‌ക് ധരിക്കുന്നത്. പരിക്കില്‍നിന്ന് പൂര്‍ണമായും മുക്തനായിട്ടും ഒസിംഹെന്‍ ഇപ്പോഴും മാസ്‌ക് ധരിക്കുന്നുണ്ട്. ഇതോടെ താരത്തിന് ആരാധകര്‍ക്കിടയില്‍ ഒരു സൂപ്പര്‍ ഹീറോ പരിവേഷവും ലഭിച്ചിട്ടുണ്ട്. നാപ്പോളി കിരീടം നേടിയ ശേഷം പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഒസിംഹെനെ മാസ്ക് ധരിച്ച സൂപ്പര്‍ ഹീറോയായി ചിത്രീകരിച്ചിട്ടുണ്ട്. ഒസിംഹെനെ ഗോളടിയന്ത്രമാക്കി മാറ്റിയത് സ്പല്ലെറ്റിയുടെ തന്ത്രങ്ങളാണ്. അടുത്ത സീസണിലും ഈ മാരകമായ കോംബോ നാപ്പോളിയ്ക്ക് വേണ്ടി അണിനിരന്നാല്‍ ഇന്റര്‍ മിലാനും എ.സി. മിലാനുമെല്ലാം കിരീടം നേടാനായി അല്‍പ്പം വിയര്‍ക്കേണ്ടിവരും.
Content Highlights: unbelievable run of napoli to win italian serie a title after 33 years of wait
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..