പാകിസ്താനെതിരായ മത്സരത്തിൽ സെഞ്ചുറി നേടി ആഹ്ളാദം പങ്കുവെയ്ക്കുന്ന കോലി Photo: AFP
വിരാട് കോലി ക്രിക്കറ്റില്‍ ഒരു ബ്രാന്‍ഡാകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് ശേഷം ഇനിയാര് എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമാണ് വിരാട് കോലി എന്ന അപൂര്‍വ പ്രതിഭ. സച്ചിന്‍ സ്ഥാപിച്ച റെക്കോഡുകള്‍ ഇനിയാരും തകര്‍ക്കുകയില്ല എന്ന് പറഞ്ഞ ആരാധകര്‍ക്കിടയിലൂടെയാണ് കോലി നെഞ്ചും വിരിച്ച് കളിക്കാനിറങ്ങിയത്. സച്ചിന്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ഇതിഹാസങ്ങളുടെ റെക്കോഡുകള്‍ ഓരോന്നോരോന്നായി തകര്‍ത്തെറിഞ്ഞ കോലി വൈകാതെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി. സച്ചിന്റെ റെക്കോഡുകള്‍ ഓരോന്നോരോന്നായി ഭേദിച്ചുകൊണ്ട് കോലിയുടെ അശ്വമേധം തുടരുകയാണ്. കുറച്ചുകാലം ഫോം കണ്ടെത്താൻ പാടുപെട്ട കോലിയെ വിമര്‍ശകര്‍ കളിപ്പാട്ടമാക്കി. പക്ഷേ മൂന്ന് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ സെഞ്ചുറി നേടിക്കൊണ്ട് കോലി വിമര്‍ശകരുടെ വായടപ്പിച്ചു. പിന്നീട് ഇന്ത്യയുടെ റണ്‍ മെഷീന്‍ എണ്ണയിട്ട യന്ത്രം പോലെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ പേരില്‍ വീരേതിഹാസങ്ങള്‍ ഓരോന്നായി എഴുതിച്ചേര്‍ക്കുകയാണ് വിരാട് കോലി.
ഏഷ്യാകപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അത്ഭുതപ്രകടനം പുറത്തെടുത്ത കോലി ഏവരെയും ഞെട്ടിച്ചു. മൂന്നാം നമ്പറില്‍ കളിക്കാനിറങ്ങിയ സൂപ്പര്‍ താരം 94 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 122 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. പാകിസ്താന്‍ ജഴ്‌സി കണ്ടാല്‍ സ്‌പെഷല്‍ ഇന്നിങ്‌സ് പിറക്കാറുള്ള കോലിയുടെ ബാറ്റ് ഇന്നും പാക് ബൗളര്‍മാരെ ഒരു ദാക്ഷിണ്യവുമില്ലാതെ തല്ലിയൊതുക്കി. 2022 ട്വന്റി 20 ലോകകപ്പില്‍ നാം അതുകണ്ടതാണ്. വിജയിക്കാന്‍ യാതൊരു സാധ്യതയുമില്ലാതിരുന്ന ഒരു ഘട്ടത്തില്‍ നിന്ന് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി അത്ഭുതപ്രകടനം നടത്തി വിജയത്തിലെത്തിച്ച കോലിയുടെ ആ ബാറ്റിങ് ആരും മറന്നുകാണില്ല. ഹാരിസ് റൗഫിന്റെ പന്തിലെ ആ സിക്‌സറും ഒരു ആരാധകരും മറക്കില്ല. അന്ന് നിര്‍ത്തിയടുത്തിനിന്നാണ് കോലി ഇന്ന് തുടങ്ങിയത്. പിന്നാലെ ചില റെക്കോഡുകളും കോലി സ്വന്തമാക്കി. 19 വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോഡ് മറികടന്നതാണ് ഈക്കൂട്ടത്തില്‍ തിളങ്ങിനില്‍ക്കുന്നത്.
ഏകദിനത്തില്‍ അതിവേഗത്തില്‍ 13000 റണ്‍സ് നേടുന്ന താരം എന്ന സച്ചിന്റെ റെക്കോഡാണ് കോലി മറികടന്നത്. ഷഹീന്‍ അഫ്രീദി ചെയ്ത 48-ാം ഓവറിലെ രണ്ടാം പന്തില്‍ രണ്ട് റണ്‍സെടുത്ത് കോലി 13000 റണ്‍സ് നേടി. പിന്നാലെ താരം സെഞ്ചുറി നേടുകയും ചെയ്തു. 278 മത്സരങ്ങളിലെ 268 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 13000 റണ്‍സ് നേടിയത്. സച്ചിന് 13000 റണ്‍സ് മറികടക്കാന്‍ 321 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു. സച്ചിനും പാകിസ്താനെതിരായ മത്സരത്തിലൂടെയാണ് 13000 റണ്‍സ് തികച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഏകദിനത്തില്‍ 13000 റണ്‍സ് നേടുന്ന നാലാമത്തെ മാത്രം ബാറ്ററാണ് കോലി. റിക്കി പോണ്ടിങ് (341 ഇന്നിങ്‌സ്), കുമാര്‍ സംഗക്കാര (363 ഇന്നിങ്‌സ്), സനത് ജയസൂര്യ (416 ഇന്നിങ്‌സ്) എന്നിവരാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.ഇതുകൊണ്ട് മാത്രം തീരുന്നില്ല കോലിയുടെ വേട്ട. ഏകദിനത്തില്‍ അതിവേഗത്തില്‍ 8000, 9000, 10000, 11000, 12000, 13000 റണ്‍സ് നേടിയതിന്റെ റെക്കോഡും കോലിയുടെ പേരിലാണ്.
പാകിസ്താനെതിരായ സെഞ്ചുറി കോലിയുടെ ഏകദിന കരിയറിലെ 47-ാം ശതകമാണ്. ഇതോടെ സച്ചിനുമായുള്ള സെഞ്ചുറികളുടെ എണ്ണത്തിന്റെ ദൂരം വെറും രണ്ടാക്കി കുറയ്ക്കാന്‍ കോലിയ്ക്ക് സാധിച്ചു. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരം സച്ചിനാണ്. 49 സെഞ്ചുറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. സച്ചിന് ഇത്രയും സെഞ്ചുറികള്‍ നേടാന്‍ 463 മത്സരങ്ങള്‍ വേണ്ടിവന്നു. എന്നാല്‍ കോലി വെറും 278 മത്സരങ്ങളില്‍ നിന്ന് തന്നെ 47 സെഞ്ചുറികളിലെത്തിയിരിക്കുന്നു. ചിലപ്പോള്‍ ഏഷ്യാകപ്പിലൂടെ തന്നെ കോലി സച്ചിന്റെ റെക്കോഡ് മറികടന്നേക്കും. അങ്ങനെ സംഭവിച്ചാല്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് കോലിയ്ക്ക് സ്വന്തമാകും. ഏകദിനത്തില്‍ കോലിയ്ക്ക് പിന്നിലുള്ളത് രോഹിത് ശര്‍മയും റിക്കി പോണ്ടിങ്ങുമാണ്. ഇരുവരുടെയും അക്കൗണ്ടില്‍ 30 സെഞ്ചുറികള്‍ വീതമാണുള്ളത്.
അന്താരാഷ്ട്ര കരിയറിലെ കോലിയുടെ 77-ാം സെഞ്ചുറിയാണിത്. 100 സെഞ്ചുറികള്‍ നേടിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് കോലിയ്ക്ക് മുന്നിലുള്ളത്. സച്ചിന്‍ ടെസ്റ്റില്‍ 51 സെഞ്ചുറിയും ഏകദിനത്തില്‍ 49 സെഞ്ചുറിയും നേടി. കോലിയാകട്ടെ ടെസ്റ്റില്‍ 29 സെഞ്ചുറിയും ഏകദിനത്തില്‍ 47 സെഞ്ചുറിയും ട്വന്റി 20യില്‍ ഒരു സെഞ്ചുറിയും സ്വന്തമാക്കി. ഈ സെഞ്ചുറിയുടെ മികവില്‍ ഏഷ്യാകപ്പ് ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും കോലി സ്വന്തമാക്കി. കെ.എല്‍. രാഹുലിനൊപ്പം 233 റണ്‍സാണ് കോലി അടിച്ചെടുത്തത്. ഇതും റെക്കോഡാണ്. ഏകദിനത്തില്‍ ഏറ്റവുമധികം ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ താരം കോലിയാണ്. 14 തവണയാണ് താരം ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയത്. 10 തവണ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. ഏഷ്യാകപ്പിലെ മൂന്നാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് കൂടിയാണിത്.
കഴിഞ്ഞ ഒരു വര്‍ഷത്തെ കാലയളവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരം കോലിയാണ്. 2023-ൽ ഇതുവരെ വിവിധ ഫോർമാറ്റുകളിലായി 21 ഇന്നിങ്‌സുകള്‍ കളിച്ച താരം 1110 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 58.42 ആണ് താരത്തിന്റെ ശരാശരി. ശ്രീലങ്കയിലെ കൊളംബോ സ്‌റ്റേഡിയത്തിലാണ് കോലി പാകിസ്താനെതിരേ സെഞ്ചുറി നേടിയത്. താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്റ്റേഡിയമാണിത്. അവസാന നാല് ഏകദിന ഇന്നിങ്‌സുകളിലും താരം ഇവിടെ സെഞ്ചുറി നേടി. അവസാന നാല് ഇന്നിങ്‌സുകളില്‍ കോലിയുടെ സ്‌കോര്‍ ഇങ്ങനെയാണ് 128*(119), 131(96), 110*(116), 122*(94).
കോലി ഫോമിലേക്കുയര്‍ന്നത് ഇന്ത്യയ്ക്ക് പകരുന്ന ഊര്‍ജം ചെറുതല്ല. ഏഷ്യാകപ്പിന് പിന്നാലെ ഇന്ത്യ ഏകദിന ലോകകപ്പിന് ഒരുങ്ങുകയാണ്. സ്വന്തം മണ്ണില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. 2011-ലാണ് ഇന്ത്യയില്‍ അവസാനമായി ലോകകപ്പ് നടന്നത്. അന്ന് ഇന്ത്യ തന്നെയാണ് കിരീടം നേടിയത്. അന്ന് കിരീടം നേടിയ ടീമിൽ കോലിയുണ്ടായിരുന്നു. ഫൈനലിൽ നിർണായക പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇത്തവണയും ഇന്ത്യയ്ക്ക് തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇന്ത്യയുടെ റണ്‍മെഷീനായ വിരാട് കോലി ഈ ഫോം തുടര്‍ന്നാല്‍ എതിരാളികളെ... നിങ്ങള്‍ ഏറെ ഭയക്കണം. ഏകദിന ഫോര്‍മാറ്റില്‍ കോലിയോളം മികച്ച പ്രകടനം പുറത്തെടുത്ത താരം സമീപകാലത്ത് ക്രിക്കറ്റ് ലോകത്തുണ്ടായിട്ടില്ല. ടീമിന് വിജയം നേടാനായി ഏതറ്റം വരെയും പോകുന്ന കോലി തന്നെയാണ് വരാനിരിക്കുന്ന ലോകകപ്പിലെ ഇന്ത്യയുടെ തുറുപ്പ്ചീട്ട്.
Content Highlights: unbelievable performance of indian cricket legend virat kohli against pakistan
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..