ചാമ്പ്യൻസ് ഫുട്ബാൾ  ലീഗ് സെമിഫൈനലിലെ കിടിലോൽക്കിടിലൻ പോരാട്ടത്തിൽ  ടോട്ടനം ഹോട്സ്പഴ്‌സിനോട്  പൊരുതിത്തോറ്റ അയാക്സിന്റെ കളി ( ദ്വിപാദ സെമിഫൈനൽ 3-3 ന് സമനിലയിൽ പിരിഞ്ഞിട്ടും എവേ ഗോൾ  മികവിൽ ഫൈനലിന് യോഗ്യത നേടുകയായിരുന്നു ടോട്ടനം) ഇന്നലെ ടെലിവിഷനിൽ കണ്ടപ്പോൾ, വീണ്ടും ആ പഴയ സ്കോർ ലൈൻ ഓർമ്മവന്നു. സാഹു മേവലാലിന്റെ മിന്നുന്ന ഹാട്രിക്കോടെ അയാക്സിനെ  അവരുടെ സ്വന്തം തട്ടകത്തിൽ  5 - 1 ന് കശാപ്പ് ചെയ്ത ആ ``നഗ്നപാദ'' ഇന്ത്യൻ ടീമിനെ ആരോർക്കുന്നു ഇന്ന്?

1948 ആഗസ്റ്റ് 14 നായിരുന്നു അയാക്സിനെതിരായ  മത്സരം. ലണ്ടൻ ഒളിമ്പിക്സിന്റെ ആദ്യ റൗണ്ടിൽ ജൂലൈ 31 ന് ഫ്രാൻസിനോട് 1 - 2 ന് പൊരുതിത്തോറ്റ് പുറത്തായ ഇന്ത്യ നാട്ടിലേക്കുള്ള തിരിച്ചുപോക്കിനിടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ കളിച്ച എട്ട് സൗഹൃദ മത്സരങ്ങളിൽ ഒന്ന്. ഡച്ച് ദേശീയ ചാമ്പ്യൻഷിപ്പിൽ ജൈത്രയാത്ര തുടങ്ങിയിരുന്നെങ്കിലും അമച്വർ പദവിയേ ഉള്ളൂ  അന്ന് അയാക്സ് ക്ലബ്ബിന്. ദേശീയ ഫുട്ബാളിൽ പ്രൊഫഷണലിസം കടന്നുവന്നിരുന്നില്ല എന്നതാണ് കാരണം.  എങ്കിലും, ടോട്ടൽ ഫുട്ബോളിന്റെ ആശാന്മാരിലൊരാളായി വാഴ്ത്തപ്പെടുന്ന ബ്രിട്ടീഷുകാരൻ ജാക്ക് റെയ്‌നോൾഡ്‌സിന് കീഴിൽ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ  ടീമുകളിൽ ഒന്നായി വളർന്നു കഴിഞ്ഞിരുന്നു അയാക്സ്. (എട്ടു വർഷം കൂടി കഴിഞ്ഞാണ് നെതർലൻഡ്‌സ്‌ പ്രൊഫഷണൽ ലീഗിന് തുടക്കമിട്ടതും അയാക്സ് ആദ്യത്തെ ലീഗ് ചാമ്പ്യന്മാരായതും). യൂറോപ്യൻ കപ്പ്/ചാമ്പ്യൻസ് ലീഗ്  (1970-71, 71-72, 72-73, 94-95), കപ്പ് വിന്നേഴ്സ് കപ്പ് (1986-87), യുവേഫ കപ്പ് (1991-92), യൂവേഫ സൂപ്പർ കപ്പ് (1973, 95), ഇന്റർകോണ്ടിനെന്റൽ കപ്പ് (1972, 95)... അയാക്സിന്റെ ഷോകേസ്  സുവർണമുദ്രകളാൽ സമൃദ്ധം; 1995 ലെ വേൾഡ് ടീം ഓഫ് ദി ഇയർ പുരസ്‌കാരം ഉൾപ്പെടെ. അവരെ തോൽപ്പിച്ച ഇന്ത്യയുടെ കഥയോ?
 
ബൂട്ടിടാതെ കളിച്ച ഇന്ത്യൻ ടീമിനെ, ബൂട്ടിട്ട അയാക്സിനെതിരേ നയിച്ചത് നാഗാലാൻഡുകാരനായ ഡോ ടാലിമരോൺ ആവോ എന്ന മിഡ്ഫീൽഡ് മാന്ത്രികൻ. ബൊലായ് ദാസ് ചൗധരി പരിശീലിപ്പിച്ച ആ ടീമിലെ സൂപ്പർ സ്റ്റാർ മേവലാൽ തന്നെ. ലണ്ടനിലെത്തിയ ഉടൻ കളിച്ച സൗഹൃദ മത്സരത്തിൽ ബെൻറാൽസ് എന്ന അമച്വർ ടീമിനെതിരേ ഡബിൾ ഹാട്രിക്ക് നേടിയ ``മേവാദാ'' പര്യടനത്തിലാകെ സ്കോർ ചെയ്തത്  18 ഗോൾ; ധൻരാജ് പതിമൂന്നും.  തിരുവല്ല പാപ്പൻ എന്ന ടി എം വർഗീസ് ആയിരുന്നു ടീമിലെ ഏക മലയാളി. അയാക്സിനെ  തുരത്തിയതിന് പിന്നാലെ വെയിൽസിന്റെ  അമച്വർ ദേശീയ ടീമിനെയും വകവരുത്തി  ഇന്ത്യ - ഒന്നിനെതിരേ നാല് ഗോളിന്. 

ആ ടീമിലെ ഭൂരിഭാഗം കളിക്കാരെയും  നേരിൽ കണ്ടു സംസാരിക്കാൻ കഴിഞ്ഞത് കളിയെഴുത്തു ജീവിതത്തിലെ അസുലഭ ഭാഗ്യം. മേവലാൽ, ധൻരാജ്, ശൈലൻ മന്ന, വരദരാജ്, സഞ്ജീവ് ഉച്ചിൽ, വജ്രവേലു, പരാബ്, അനിൽ നന്ദി, അഹമ്മദ് ഖാൻ... പന്തുകളിക്ക് വേണ്ടി ജീവിച്ചു മരിച്ചവർ.

Content Highlights: Uefa ChampionsLeague Ajax Tottenham Indian Team India Defeats Ajax