ന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലഘട്ടമാണ്. അമ്പതുകളിലും അറുപതുകളുടെ തുടക്കത്തിലും ഏഷ്യയുടെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നായി വാഴ്ത്തപ്പെട്ടിരുന്ന, രണ്ടു തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ, 1958 ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ നാലാം സ്ഥാനക്കാരായ ഇന്ത്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭൂപടത്തില്‍ പിന്നാക്കം പോകുന്ന സങ്കടകരമായ കാഴ്ചയ്ക്കാണ് പിന്നീടുള്ള നാലു പതിറ്റാണ്ടിലേറെക്കാലം സാക്ഷ്യം വഹിച്ചത്. ഇടയ്ക്കു ആശ്വസിക്കാന്‍ ചില ഒറ്റപ്പെട്ട നിമിഷങ്ങള്‍ ഒഴിച്ച് ഓര്‍ക്കാന്‍ അധികമൊന്നും ഇല്ലാതിരുന്ന, നിറം മങ്ങിപ്പോയ ഒരു കാലഘട്ടത്തിന്റെ ഓരത്തു നിന്നും നഷ്ടപ്രതാപം പിടിച്ചെടുക്കാന്‍ 'ഉറങ്ങിക്കിടക്കുന്ന സിംഹങ്ങള്‍' സടകുടഞ്ഞെഴുന്നേക്കുന്നതിന്റെ സൂചനകള്‍ വന്നു തുടങ്ങിയിരിക്കുന്നു. 

sept

കഴിഞ്ഞ ഒരു പതിറ്റണ്ടിലേറെയായി പതിയെ നടന്നുകൊണ്ടിരിക്കുന്ന ആ ചുവടുവയ്പുകള്‍ക്ക് കരുത്തേകി ഇന്ത്യന്‍ സൂപ്പര്‍ ലീഗും (ഐ.എസ്.എല്‍) ഐ ലീഗും അരങ്ങു കൊഴുപ്പിച്ചു തുടങ്ങിയിരിക്കുന്നു. അവ ഉയര്‍ത്തിവിട്ട ആ ആരവങ്ങള്‍ക്കിടയിലേക്കാണ് 1996 നു ശേഷമുള്ള (94ാം റാങ്ക്) ഏറ്റവും മികച്ച ഫിഫ റാങ്കിങ്ങിലെക്ക് (96-ാം റാങ്ക്) നമ്മള്‍ ഉയര്‍ന്നത്. ജൂനിയര്‍ തലങ്ങളിലും ഒരു പിടി മികച്ച നേട്ടങ്ങളുണ്ടാക്കി ഇന്ത്യന്‍ സംഘങ്ങള്‍. സി.കെ വിനീതും റിനോ ആന്റോയും അനസ് എടത്തൊടികയും ഒക്കെ പതാകവാഹകരാകുന്ന ഈ പുനരുജ്ജീവനത്തിന്റെ പടയോട്ടത്തിന് ഫിഫ അണ്ടര്‍17 ലോകകപ്പോടെ ഒരു മലയാളി സാന്നിധ്യം കൂടി കൈവന്നു -- കെ.പി രാഹുലിന്റെ രൂപത്തില്‍. 

sept

ലോകകപ്പിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ തോറ്റു എന്നത് ഒരു വസ്തുത തന്നെയാണ്. എന്നിരുന്നാലും ലോകത്തിനു മുന്‍പില്‍ തങ്ങളുടെ വരവറിയിക്കാന്‍ ഇന്ത്യയുടെ യുവ നിരക്ക് കഴിഞ്ഞു. കോമള്‍ തട്ടാല്‍, അന്‍വര്‍ അലി, ധീരജ് സിംഗ് തുടങ്ങിയവര്‍ക്കൊപ്പം കളി നീരീക്ഷകരിക്കടയില്‍ ചര്‍ച്ചയായി രാഹുലിന്റെ പ്രകടനവും. ഇന്ത്യയുടെ നീല ജേഴ്‌സിയില്‍ രാഹുലിന്റെ കണ്ടപ്പോള്‍ ആര്‍ത്തു വിളിച്ച ആയിരക്കണക്കിന് പേര്‍ക്കിടയില്‍ ആത്മ സംതൃപ്തിയും അഭിമാനവും നിറഞ്ഞ മനസ്സുമായി ഒരു കൂട്ടം മനുഷ്യരുണ്ടായിരുന്നു  ഫുട്ബോളിനെ ജീവശ്വാസം പോലെ കൊണ്ട് നടക്കുന്ന, രാഹുലിനെ പോലെ നാടറിയുന്ന ഒരു പിടി താരങ്ങളെ കണ്ടെത്തി പാകപ്പെടുത്തിയെടുത്ത സെപ്റ്റ് (SEPT) എന്ന നിസ്വാര്‍ത്ഥ കായിക പ്രസ്ഥാനത്തിന്റെ അമരക്കാര്‍.

sept

രാഹുലിന്റെ ഓരോ നീക്കത്തിനും കയ്യടി കിട്ടുമ്പോഴും ആര്‍പ്പു വിളികള്‍ ഉയരുമ്പോഴും സെപ്റ്റിന് അത് ആത്മ സാക്ഷാത്ക്കാരത്തിന്റെ നിമിഷങ്ങളാകുകയായിരുന്നു. ഒരു ജീവിത നിയോഗം പോലെ ഏറ്റെടുത്ത, 14 വര്‍ഷങ്ങളിലേറെയായി തുടര്‍ന്ന് പോരുന്ന ദൗത്യത്തിന്റെ വിജയത്തിന്റെ അടയാളപ്പെടുത്തലുകള്‍.

"ഓരോ വര്‍ഷവും 15,000 ലധികം കുട്ടികളാണ് കേരളമൊട്ടാകെയുള്ള സെപ്റ്റ് സെന്ററുകളില്‍ സെലക്ഷന്‍ ട്രിയല്‍സിനു എത്തുന്നത്. ഇവിടെ പരിശീലിക്കുന്ന കുട്ടികളിലധികം പേരും സാധാരണ ചുറ്റുപാടുകളില്‍ നിന്നുള്ളവരാണ്. എട്ടു വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ളവര്‍,' കോഴിക്കോട് ഫറൂഖ് കോളേജിലെ സെപ്റ്റിന്റെ എലൈറ്റ് സെന്ററിലെ പുല്‍മൈതാനത്തു പന്ത് തട്ടുന്ന പുതിയ ബാച്ചിലെ കുട്ടികളെ ചൂണ്ടിക്കാണിച്ചു സെപ്റ്റ്  സി.ഇ.ഒ അരുണ്‍ കെ നാണു പറഞ്ഞു തുടങ്ങി.

sept

''ഗെയിമിനോടുള്ള കടുത്ത ഇഷ്ടമാണ് ഫുട്‌ബോളിനെ പറ്റിയുള്ള ചര്‍ച്ചകളില്‍ ഭാഗമാവാന്‍ കാരണം. ഈ ഗെയിമിനായി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. 2000ല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍.കോം എന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്കായുള്ള ഒരു വെബ്‌സൈറ്റിലെ ചാറ്റിംഗില്‍ നിന്നാണ് അക്കാദമി എന്ന ഒരു ആശയം പിറവിയെടുത്തത് . ബെല്‍ജിയത്തില്‍ നിന്നുള്ള ജോസഫ് എന്ന സുഹൃത്തിനോട് ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവസ്ഥയെ പറ്റി സംസാരിക്കുമ്പോഴാണ് അദ്ദേഹം കുട്ടികളെ വളരെ ചെറിയ പ്രായത്തില്‍ തന്നെ കണ്ടെത്താന്‍ പറ്റില്ലേ എന്ന് ചോദിക്കുന്നത്. അവര്‍ക്കായി ഒരു അക്കാഡമി അല്ലെങ്കില്‍ ഫുട്‌ബോള്‍ നഴ്‌സറി തുടങ്ങിക്കൂടെ എന്ന ചോദ്യത്തില്‍ നിന്നാണ് സെപ്റ്റ് പിറവിയെടുത്തത്," മുന്‍ ദേശീയ ഫുട്‌ബോള്‍ റഫറി കൂടിയായ അരുണ്‍ ഓര്‍ത്തെടുത്തു.

sept

ആദ്യം കൂടരഞ്ഞി, കടലുണ്ടി, മേപ്പാടി എന്നിവിടങ്ങളിലായി മൂന്നു സാറ്റലൈറ്റ് സെന്ററുകളിലൂടെ 2004ല്‍ സെപ്റ്റ് അഥവാ സ്‌പോര്‍ട്‌സ് ആന്‍ഡ് എഡ്യൂക്കേഷന്‍ പ്രൊമോഷന്‍ ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങി. അന്ന് ഒപ്പമുണ്ടായിരുന്നത് മുന്‍ ഫിഫ റഫറി കൂടിയായ സി സേതുമാധവന്‍, മഹാരാഷ്ട്രയ്ക്കു വേണ്ടി ജൂനിയർ തലത്തിലും പിന്നീട്  കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കും കളിച്ച, ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന്‍ കൂടിയായ എം.സി മനോജ് കുമാര്‍, പിന്നെ അധ്യാപകനായ വി.എ ജോസ് എന്നിവരായിരുന്നു."

sept

"പിന്നീട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫുട്‌ബോള്‍ കോച്ചിങ് നഴ്‌സറി ആയി സെപ്റ്റ് വളരുന്നത് വളരെ ആത്മനിര്‍വൃതിയോടെ കാണാന്‍ സാധിച്ചു.  തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 55 സാറ്റലൈറ്റ് സെന്ററുകളും കോഴിക്കോട് ഫറോക്കില്‍ 2010ല്‍ ഒരു എലൈറ്റ് സെന്ററും നിലവില്‍ വന്നു. പല ബാച്ചുകളിലായി ആയിരക്കണക്കിന് കുട്ടികള്‍ക്ക് തീര്‍ത്തും സൗജന്യമായി പരിശീലനം നല്‍കി. ഇപ്പോള്‍ സാങ്കേതിക കാരണങ്ങളാല്‍ മൂന്ന് സെന്ററുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. മൂന്ന് പ്രായപരിധിയിലായിഅണ്ടര്‍ 10, 12, 14 ഇപ്പോള്‍ 72 ബാച്ചുകളിലായി 2150 കുട്ടികള്‍ പരിശീലനം നടത്തിവരുന്നു. പെണ്‍കുട്ടികള്‍ക്ക് ഫറൂഖ് സെന്ററില്‍ പരിശീലന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും പരിശീലനം നേടിയ അപര്‍ണ റോയ് ഇന്ത്യന്‍ അണ്ടര്‍14 ടീമില്‍ ഇടം കണ്ടെത്തി," അരുണ്‍ പറയുന്നു.

'ഗ്രാമപ്രദേശങ്ങളിലുള്‍പ്പടെ നടത്തുന്ന ക്യാമ്പുകളിലൂടെയാണ് സാറ്റലൈറ്റ് സെന്ററുകളിലേക്ക് കുട്ടികളെ സെലക്ട് ചെയ്യുന്നത്. അവരില്‍ നിന്നും മികച്ച പ്രകടനം നടത്തുന്ന 25 ഓളം പേര്‍ക്ക് എലൈറ്റ് സെന്ററില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നു,ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പടെ തീര്‍ത്തും സൗജന്യമായി.' 

സെപ്റ്റിന്റെ തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ സെന്ററില്‍  നിന്നാണ് രാഹുല്‍ വന്നത്. രാഹുലിനെ കൂടാതെ ഇനായത്ത്, ഫവാദ്, അജിന്‍ ടോം, സച്ചിന്‍ സുരേഷ്, റോഷന്‍, അല്‍കേഷ് രാജ്, ജാവേദ്,  ജിത്തു റോബി, ലിയോണ്‍ അഗസ്റ്റിന് തുടങ്ങി ഒമ്പതോളം സെപ്റ്റ്  താരങ്ങള്‍ ഇന്ത്യയുടെ അണ്ടര്‍17 വേള്‍ഡ് കപ്പ് പ്ലാനില്‍ ഉണ്ടായിരുന്നു. ആദ്യമായി ഇന്ത്യ ഒരു ലോകകപ്പില്‍ കളിച്ചപ്പോള്‍ ടീമില്‍ സെപ്റ്റില്‍ നിന്നൊരാള്‍ ഉണ്ടെന്നത് എന്നെന്നും ഓര്‍ക്കാന്‍ അഭിമാനം നല്‍കുന്നു. ഒപ്പം പുതുതായി വന്ന കുട്ടികള്‍ക്ക് അതു പകര്‍ന്നു നല്‍കിയ ഊര്‍ജം ചില്ലറയല്ല. ഇന്ന് അവര്‍ വലിയ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. 

sept

നിലവില്‍ വന്ന 14 വര്‍ഷങ്ങള്‍ക്കിടയില്‍ അസൂയാവഹമായ നേട്ടങ്ങളാണ് സെപ്റ്റ് കൈവരിച്ചത്. ഒരു പിടി സംസ്ഥാന, ദേശീയ താരങ്ങളെ വാര്‍ത്തെടുത്തതിനൊപ്പം ഇന്ത്യയിലും വിദേശത്തും നടന്ന ടൂര്‍ണമെന്റുകളിലും വെന്നിക്കൊടി നാട്ടാന്‍ സെപ്റ്റ് സംഘത്തിന് കഴിഞ്ഞു. 2007ല്‍ സ്വീഡനില്‍ നടന്ന അണ്ടര്‍11 ഡെയ്ല്‍ കാര്‍ ലിയ കപ്പ് ഉയര്‍ത്തിയ സെപ്റ്റ് അതേ വര്‍ഷം 33 ടീമുകള്‍ പങ്കെടുത്ത ഫിന്‍ലണ്ടില്‍ നടന്ന കൊക്കോക്കോള കപ്പില്‍ അഞ്ചാം സ്ഥാനക്കാരും 2012ല്‍ നടന്ന ദുബായ് ഇന്റര്‍നാഷണല്‍ സൂപ്പര്‍ കപ്പില്‍ റണ്ണേഴ്‌സ് അപ്പും ആയി. ലാസിം അലി (2010), അനിസ് കെ (2008 ), അസില്‍ കെ (2009) എന്നിവര്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച അണ്ടര്‍ 13 താരത്തിനുള്ള അവാര്‍ഡുകളും നേടി.   

സെപ്റ്റിന്റെ എലൈറ്റ് സെന്ററില്‍  നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ കഴിഞ്ഞ ബാച്ചിലെ പത്തു മിടുക്കന്മാര്‍ തിരുവനന്തപുരം സായിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫിഫ കണ്ടിഷനിംഗ് ഇന്‍സ്റ്റക്ടറും ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ഫിറ്റ്‌നസ് കോച്ചും കൂടിയായ സായി അസ്സോസിയേറ്റ് പ്രൊഫസര്‍  പ്രദീപ് ദത്തയുടെ കീഴില്‍ പരിശീലിക്കുന്ന ഇവര്‍ക്കും സെപ്റ്റ് ഒരുക്കിക്കൊടുത്ത സൗകര്യങ്ങളെപ്പറ്റിയും പകര്‍ന്നു നല്‍കിയ പാഠങ്ങളെപ്പറ്റിയും അനുഭവങ്ങളെപ്പറ്റിയും ഒരുപാട്  പറയാനുണ്ട്. ദുബായില്‍ ഇന്റര്‍നാഷണല്‍ സൂപ്പര്‍ കപ്പില്‍ പങ്കെടുത്തു നേടിയ വിദേശപരിചയം ഒട്ടേറെ ഗുണം ചെയ്‌തെന്ന് ഫവാദും ജോസ്‌വിനും പറയുന്നു. വളരെ സാധാരണമായ ചുറ്റുപാടില്‍ നിന്ന് വന്ന സെപ്റ്റിലൂടെ പന്ത് തട്ടി തുടങ്ങിയ ഇനായത്ത് കേരള ജൂനിയര്‍ ടീമിന്റെ നായകനും പിന്നീട് ജര്‍മനിയിലും ഇറാനിലും പര്യടനം നടത്തിയ ഇന്ത്യന്‍ അണ്ടര്‍16 ടീമിലെ അംഗവും ആയി. ഒട്ടേറെ ദേശീയ താരങ്ങളെ പരിശീലിപ്പിച്ച പ്രദീപ് ദത്തയും ഇവരുടെ അച്ചടക്കവും മികവും സാക്ഷ്യപ്പെടുത്തുന്നു. ഇവരെ കൂടാതെ അഞ്ചു മിടുക്കന്മാര്‍ ഗോവയിലെ സെസ് ഫുട്‌ബോള്‍ അക്കാഡമിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

sept
തിരുവനന്തപുരം സായിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സെപ്റ്റ് താരങ്ങൾ കോച്ച് പ്രദീപ് ദത്തയോടൊപ്പം 

 

"ഇത് ഒരു വലിയ ഉദ്യമമാണ്. അത് കൊണ്ട് തന്നെ നടത്തി കൊണ്ട് പോകാന്‍ വളരെയേറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. ഓ എന്‍ ജി സി . ജി എം ആര്‍ ഗ്രൂപ്പ്, ഫൈസല്‍ ആന്‍ഡ് ഷബാന ഫൌണ്ടേഷന്‍, ആസ്‌പൈര്‍, വേര്‍ഡ് ആന്‍ഡ് ബിയോണ്ട്, ഇന്‍സ്പിറേഷന്‍സ് തുടങ്ങി യവര്‍ ആദ്യകാലത്ത് സാമ്പത്തികമായി വളരെയേറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ മുന്നോട്ടു പോകല്‍ വളരെ ബുദ്ധിമുട്ടേറിയതായി. ഫുട്‌ബോള്‍ പ്രേമികളുടെയും അഭ്യദയകാംഷികളുടെയും പിന്തുണയോടെയാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. ഫെറോക്കിലെ എലൈറ്റ് സെന്ററില്‍ 25 പേര് ഇപ്പോള്‍ ഉണ്ട്. ഇവരുടെ താമസത്തിനും ഭക്ഷണത്തിനും പരിശീലനവുവും തീര്‍ത്തും സൗജന്യമാണ്. ഒരു കുട്ടിക്ക് മാത്രം പ്രതിമാസം 3500 രൂപയ്ക്ക് മുകളില്‍ ചിലവുണ്ട്. കൂടാതെ പരിശീലന സൗകര്യങ്ങള്‍ ഒരുക്കാനും ഉപകരണങ്ങള്‍ക്കുമായി നല്ലൊരു തുക ആവശ്യവുമാണ്. ഈ പരിമിതികളില്‍ നിന്ന് കൊണ്ടാണ് ഇപ്പോള്‍ സെപ്റ്റ് പ്രവര്‍ത്തിക്കുന്നത്. ഉദാരമതികളായ കായിക പ്രേമികളില്‍ നിന്നും സഹായം പ്രതീക്ഷിച്ചാണ് മുന്നോട്ടു പോകുന്നത്." അരുണ്‍ വ്യക്തമാക്കി.

sept
ചീഫ് കോച്ച് എം.സി മനോജ് കുമാര്‍ കുട്ടികൾക്കൊപ്പം 

 

''ഇനി കോളേജ് തലത്തില്‍ ഉള്ള ഒരു പരിശീലന കേന്ദ്രം, ജിം, കളിക്കാര്‍ക്ക് സമീകൃതവും പോഷകസമൃദ്ധവുമായ ആഹാരം, ഫുട്‌ബോള്‍ ക്ലബ്  എന്നിങ്ങനെ ഒട്ടേറെ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാം സാമ്പത്തിക പരാധീനതകളില്‍ തട്ടി നില്‍ക്കുകയാണ്. സെപ്റ്റിനെ  പറ്റിയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ംംം.ലെു.േശി എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പരിശീലനത്തിനുള്ള കുട്ടികളില്‍ സാമ്പത്തിക സഹായം വളരെ ആവശ്യമുള്ള കുട്ടികളുടേത് ഉള്‍പ്പടെ. സാമ്പത്തികമായി സഹായം ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .''

sept

''സഹായത്തിനായി സമീപിക്കുമ്പോള്‍ ചിലരെങ്കിലും സംശയദൃഷ്ടിയോടെ നോക്കാറുണ്ട്. അവരോടു പറയാറുള്ളത് പ്രകടനത്തിന്റെ പ്രോഗ്രസ്സ് ഷീറ്റ് ആണ്. സഹായം പണമായി തന്നെ നല്കണമെന്നില്ല. കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുകയോ,പന്തും ജേഴ്‌സിയും ബൂട്ടും ബിബും പോലുള്ള കളിയുപകരണങ്ങള്‍, പരിശീലനത്തിനും വ്യായാമത്തിനും ഉള്ള സാമഗ്രികള്‍ വാങ്ങി നല്‍കുകയോ ചെയ്താലും മതി.  ടീമിനെ ടൂര്‍ണമെന്റുകളില്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതും വലിയ ഉപകാരം ആകും.  അതുമല്ലെങ്കില്‍ ഇവിടെ നിന്നും ഇറങ്ങുന്ന കുട്ടികള്‍ക്ക് നാട്ടിലോ വിദേശത്തോ ഉള്ള അക്കാഡമികളില്‍ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കി നല്‍കിയാലും മതി.

അണ്ടര്‍17  ലോകകപ്പിനോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ഐ എം വിജയന്‍ പറഞ്ഞ വളരെ പ്രസക്തമായ ഒരു കാര്യമുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇന്നത്തെ പ്രധാന പോരായ്മക്കിളിലൊന്ന് പരിശീലനത്തില്‍ തുടര്‍ച്ചയില്ലായ്മ ആണെന്ന് അദ്ദേഹം ചൂണ്ടികാണിക്കുകയുണ്ടായി. അതിനോട് ചേര്‍ത്ത് വായിക്കണം സെപ്റ്റിന്റെ പ്രവര്‍ത്തനങ്ങളും. 'ഇന്ത്യന്‍ ഫുട്‌ബോളിന് ഇന്ന് ആവശ്യം അക്കാഡമികളാണ്. ഫുട്‌ബോളിന്റെ പരിശീലനക്രമത്തിനു ഒരു പിരമിഡ് ശൈലി ഉണ്ട്. താഴെ തട്ടില്‍ നഴ്‌സറികള്‍ അഥവാ ഗ്രാസ്‌റൂട്‌സ് പരിശീലന കേന്ദ്രങ്ങള്‍. പിന്നീട്  അക്കാഡമികള്‍, തുടര്‍ന്ന് അമേച്ചര്‍ ക്ലബ്ബുകളും ഒടുവില്‍ പ്രൊഫഷണല്‍ ക്ലബ്ബുകളും. ഇവിടെ നഴ്‌സറികള്‍ തന്നെ കുറവാണു. നഴ്‌സറികളിലെ പതിനായിരങ്ങളില്‍ നിന്ന് ഒരു ശതമാനത്തില്‍ താഴെ ആള്‍ക്കാരാണ് പ്രൊഫഷണല്‍ ലെവലില്‍ എത്തുക. ഫുട്‌ബോളിലെ നേട്ടങ്ങള്‍ ഉണ്ടക്കിയ രാജ്യങ്ങളില്‍ ഒക്കെ ഇത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. 

sept

ഇനി മറ്റൊരു കാര്യം നോക്കാം. അണ്ടര്‍ 17 ലോകകപ്പ് കളിക്കാനെത്തിയ വിദേശ ടീമുകളിലെ താരങ്ങളില്‍ മിക്കവരും അതാതു രാജ്യങ്ങളിലെ പ്രൊഫഷണല്‍ അക്കാഡമികളില്‍ നിന്ന് വന്നവരാണ്. ഉദാഹരണത്തിന് സ്‌പെയിനിലെ ലാ മാസിയ, ബ്രസീലിലെ കൊറിന്ത്യൻസ്, ഫ്ളമിംഗോ എന്നിങ്ങനെ ഫുട്‌ബോളിനെ പ്രൊഫഷണലായി സമീപിക്കുന്ന ഇടങ്ങളില്‍ നിന്ന്. ഇന്ത്യന്‍ താരങ്ങളില്‍ എത്ര പേര്‍ക്കുന്നുണ്ടാകും അത്തരം അനുഭവങ്ങള്‍. ഇവിടെ ബേസിക് അക്കാഡമികള്‍ തന്നെ ഇല്ല. അപ്പോള്‍ പിന്നെ മുകളിലേക്ക് ചിന്തിക്കാന്‍ എത്രത്തോളം സാധ്യമാകും?

സഹായമനസ്കർക്കായി:

സെപ്റ്റിന്റെ അക്കൗണ്ട് വിവരങ്ങൾ:

ബാങ്ക് ഓഫ് ഇന്ത്യ - കോഴിക്കോട് ശാഖ

എസ് ബി അക്കൗണ്ട് നമ്പർ: 852010100012345 (ഐ എഫ് എസ് സി: BKID0008520)

വിദേശത്തു നിന്നുള്ള സംഭവനകൾക്കായി:

ഇന്ത്യൻ ഓവർസീസ് ബാങ്ക് - വെസ്റ്റ് ഹിൽ ശാഖ

അക്കൗണ്ട് നമ്പർ: 208901000009000

വെബ്‌സൈറ്റ് : www.sept.in

കോണ്ടാക്ട് നമ്പർ:

അരുൺ കെ നാണു, സി ഇ ഒ : 9656300200

മനോജ് കുമാർ എം സി, ചീഫ് കോച്ച് : 9947606060

 

സെപ്റ്റിലെ കുട്ടികളെ  പരിശീലിപ്പിക്കാന്‍ ഹോളണ്ടില്‍ നിന്നുള്‍പ്പെടെ വിദേശ പരിശീലകര്‍ വരാറുണ്ട്. അവര്‍ ചൂണ്ടി കാട്ടുന്ന ഒരു കാര്യമുണ്ട്. ലോകത്ത് ഫുട്ബോളിൽ നേട്ടങ്ങള്‍ ഉണ്ടാക്കിയ രാജ്യങ്ങളിലൊക്കെ തന്നെ -- ഹോളണ്ടോ സ്‌പെയിനോ ബ്രസീലോ ഇറ്റലിയോ ഒക്കെ -- തനതായ ഒരു കായിക സംസ്‌കാരം ഉണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അവര്‍ കുട്ടികളെ കായിക വിനോദങ്ങളെ പരിചയപ്പെടുത്തുന്നു. ഒരു ബോള്‍ ഫീല്‍ അവരില്‍ ഉണ്ടാകുന്നതുനു അത് കാരണമാകുന്നു. ഒരു പന്ത് കണ്ടാല്‍ അത് തൊട്ടു നോക്കാന്‍, ഒരു തട്ടി നോക്കാന്‍ ഒക്കെ ഉണ്ടാകുന്ന ചോദനയുണ്ടല്ലോ അതില്‍ നിന്നാണ് വലിയ ചിന്തകള്‍ ഉണ്ടാകുക. അവിടെ 5-6 വയസില്‍ താല്പര്യമുള്ളവര്‍ അക്കാഡമികളില്‍/ നഴ്‌സറികളില്‍ എത്തും. ഇവിടടെ ഒരു ക്യാമ്പ് കിട്ടുക മിക്കവരും സ്റ്റേറ്റ് ലെവലില്‍ കളിക്കുമ്പോഴാണ്. അതും വളരെ വൈകി. 'ക്യാച്ച് ദെം യങ് ' അഥവാ ചെറുപ്പത്തിലെ കണ്ടെത്തുക എന്നതാണ് അവരുടെ മുദ്രാവാക്യം. കതിരില്‍ വളം വച്ചിട്ടെന്തു കാര്യം?

sept

1983 ലെ ലോകകപ്പ് വിജയത്തിന് ഇന്ത്യയിലെ ക്രിക്കറ്റിനു വന്ന മാറ്റം തന്നെ നോക്കാം. ഗെയിമിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരായി. കുട്ടികള്‍ ചെറു പ്രായത്തി കളിച്ചു ത്തുടങ്ങി .ക്രിക്കറ്റ് എല്ലാ മുക്കിലും മൂലയിലും എത്തി. അക്കാഡമികള്‍ ഉണ്ടായി. പ്രതിഭയുടെ ധാരാളിത്തമാണ് ഇന്ന്. ഇതേ അവസ്ഥ ഫുട്‌ബോളിലും സാധ്യമാണ്. ഒപ്പം മറ്റു കായിക ഇനങ്ങളിലും. അതിനു ചെറുപ്പത്തിലേ കണ്ടെത്തി പരിശീലിപ്പിക്കുക തന്നെയാണ് ഏറ്റവും മികച്ച രീതി.

sept

"സെപ്റ്റ് പോലുള്ള ഗ്രാസ്റൂട്ട് അക്കാഡമികളും അവര്‍ പിന്തുടരുന്ന പ്രൊഫഷണല്‍ ആയ പരിശീലന മുറകളും ആണ് വേണ്ടത്. അവിടെ ഒരു നെറ്റ്വർക്ക് ഉണ്ട്. തിരഞ്ഞെടുപ്പിനു രീതികളുണ്ട്. പ്രാദേശിക തലങ്ങളില്‍ പ്രവർത്തിക്കുന്ന അക്കാഡമികള്‍ വേറെയും ഉണ്ട് . എന്നാല്‍ അവ അവിടവിടെ മാത്രമായി ചുരുങ്ങുന്നു. ഇപ്പോള്‍ ഉള്ള പല അക്കാഡമികളിലും ഒരു ക്രോഡീകരണം നടക്കുന്നില്ല. അതിനാല്‍ത്തന്നെ പരിശീലനത്തിന്റെ പ്രയോജനം ലഭിക്കുന്നില്ല. കൃത്യമായ തുടര്‍ച്ചയുള്ള തയ്യാറെടുപ്പു ഒന്ന് കൊണ്ട് മാത്രമേ റിസള്‍ട്ട് ഉണ്ടാകുകയുള്ളൂ. സാറ്റലൈറ്റ് സെന്ററുകളില്‍ നിന്നും എലൈറ്റിലേക്ക് എത്തുന്നതോടെ സെപ്റ്റിലെ പരിശീലനം അവസാനിക്കുന്നു. തുടർപരിശീലനത്തിനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലേ അതിനു പ്രയോജനം ലഭിക്കൂ. അതിനു വേണ്ട പ്ലാന്‍ ആളാണ് വേണ്ടത്. സാമ്പത്തിക പരാധീനതകള്‍ അവർക്ക് തിരിച്ചടിയാകുന്നു എന്നാണ് അനുമാനിക്കേണ്ടത്," മുൻ ഇന്ത്യൻ താരവും എം എസ് പി കമ്മാണ്ടന്റുമായ യു ഷറഫ് അലി പറയുന്നു. ഇപ്പോൾ സെപ്റ്റിന്റെ അഡ്വൈസർ കൂടിയാണ് ഷറഫ് അലി.

sept

"അന്താരാഷ്‌ട്ര മത്സര പരിചയം വളര്‍ന്നു വരുന്ന താരങ്ങള്‍ക്കു വളരെ അത്യാവശ്യമാണ്. ആദ്യ ബാച്ചിലെ കളിക്കാരെ  കൊണ്ട് പോയ അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂടി പറയുകയാണ് അത്തരം നീക്കങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം ഉയര്ത്തും. പരിചിതമല്ലാത്ത ചുറ്റുപാടുകളില്‍ അറിയപ്പെടാത്ത എതിരാളികളെ നേരിടുന്നത് അവര്‍ക്ക് ഒരേ സമയം ഒരു നവ്യാനുഭവവും വെല്ലുവിളിയും ആകും. ഇപ്പോഴും, ഫിന്‍ലണ്ടിലെ കൊക്കോള കപ്പ് ഉള്‍പ്പടെ, ടീമിന് ക്ഷണമുണ്ട്. എന്നാല്‍ ഇന്നത്തെ പരിമിതികള്‍ അതിനു വിലങ്ങു തടിയാകുന്നു," അരുണ്‍ പറയുന്നു.

sept
 
"അഭിനന്ദനങ്ങള്‍ക്കും ഉപചാരങ്ങള്‍ക്കും പഞ്ഞമില്ല. എന്നാൽ സെപ്റ്റിന് ഇപ്പോൾ വേണ്ടത് സാമ്പത്തിക സഹായമാണ്. 2013 ല്‍ കേരള അണ്ടര്‍14 സംഘത്തിലെ 16 പേര്‍ സെപ്റ്റില്‍ നിന്നായിരുന്നു. എന്തിനു വേണ്ടിയാണു ഇങ്ങനെ മുന്നോട്ടു പോകുന്നതെന്ന് ചിലര്‍ ചോദിക്കാറുണ്ട്. നമ്മളുടെ നിയോഗം അല്ലെങ്കില്‍ നമ്മള്‍ ജീവിതത്തിൽ അവശേഷിപ്പിച്ചു പോകുന്ന ചില അടയാളങ്ങള്‍ എന്നേ എനിക്ക് പറയാന്‍ കഴിയൂ. തുടക്കത്തിലേ ആവേശം കെട്ടടങ്ങാതെ സൂക്ഷിക്കുന്നതിനാലാണ് ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിച്ചും ഞാനും എന്റെ ഒപ്പമുള്ളവരും 14 വര്‍ഷങ്ങളായി  തളരാതെ മുന്നോട്ടു പോകുന്നത്.പെട്ടെന്ന് ഫലം ഉണ്ടാക്കുക അസാധ്യമാണെന്നറിയാം. ഇവിടെ പ്രതിഭകള്‍ക്ക് ഒരു കുറവുമില്ല. ഒന്ന് തേച്ചു മിനുക്കിയാല്‍ ലോകോത്തരമാക്കി മാറ്റാന്‍ കഴിയുന്നവര്‍. ഫുട്‌ബോള്‍ സംസ്‌കാരം ഉടലെടുക്കുകയാണ് മുഖ്യം. അത് കൃത്യമായ പാതയില്‍ ആയാല്‍ പ്രകടന മികവ് പിന്നാലെ വരും,'' ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ച് സെപ്റ്റിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ അരുണ്‍ പറയുന്നു.

sept
സെപ്റ്റ് എലൈറ്റ് സെൻററിലെ പരിശീലകരും കുട്ടികളും സി ഇ ഒ അരുൺ കെ നാണുവിനൊപ്പം 


 ഏതു മാറ്റത്തിനും അതിന്റെതായ സമയം ഉണ്ട്. ഇപ്പോള്‍ ഫുട്ബാളില്‍ അത്തരമൊരു നിര്‍ണായക ഘട്ടത്താണ് നാം. ആദ്യ ചുവടുകള്‍ ഉറച്ചതു തന്നെയാണ് താനും. അങ്ങിനെ നോക്കുമ്പോള്‍ സെപ്റ്റിലൂടെ അരുണും മനോജ് കുമാറും, വി.എ ജോസും, കെ.എസ് ശരത് ലാലും പ്രൊഫസര്‍ ടി.എം അബ്ദു റഹിമാനുമൊക്കെ ഏറ്റെടുത്തിരിക്കുന്നത് ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു ദൗത്യമാണ്. ഇനി വേണ്ടത് അവരുടെ കാലുകള്‍ക്ക് തളരാതെ മുന്നോട്ടു പോകാനുള്ള കരുത്ത് പകരുകയാണ്. ആ ലക്ഷ്യം സാധ്യമാക്കാന്‍ ഓരോ കായിക പ്രേമിയും മുന്നോട്ട് ഇറങ്ങണം. സഹായിച്ചും പിന്തുണച്ചും പുതുനാമ്പുകളെ കരുത്തുറ്റ വടവൃക്ഷങ്ങളാക്കണം.ആര്‍ക്കറിയാം നാളെ ഒരു കാലത്തു ലോക ഫുട്‌ബോളിനെ അടക്കിവാഴുന്ന കാലുകള്‍ നമ്മുടെ ചുറ്റും പന്ത് തട്ടുന്നുണ്ട് എന്ന്. ആ മാറ്റം സംഭവിച്ചേ മതിയാകൂ. ഇതാണ് സമയം. കൊടുക്കാം രാഹുലിന്റെ പിന്മുറക്കാര്‍ക്കൊരു കൈത്താങ്ങ്.

Content Highlights: KP Rahul, u17 world Cup, fifa SEPT, youth football, indian football, soccer, ISL I League, football nursery