Photo: AFP
തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം. നാട്ടിലാണെങ്കിലും ലോക ഒന്നാം നമ്പറുകാരായ ഓസ്‌ട്രേലിയന്‍ ടീമിനെതിരേ തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് ജയങ്ങള്‍. അതിലൂടെ തുടര്‍ച്ചയായ മൂന്നാം തവണ ബോര്‍ഡര്‍ - ഗാവസ്‌ക്കര്‍ ട്രോഫിയും സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കാത്തിരിക്കുന്നു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് എല്ലാം നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുന്ന സമയമാണിത്.
എന്നാല്‍ ഇതൊന്നും ടീമിന്റെ പിഴവുകള്‍ മറച്ചുവെയ്ക്കുന്നില്ല എന്നതും സത്യമാണ്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും ടീമിലെ ഈ പിഴവുകള്‍ മത്സര ഫലത്തെ ബാധിച്ചില്ലെങ്കിലും വിദേശ പര്യടനങ്ങളിലും ഇനി നാട്ടിലാണെങ്കില്‍ പോലും കൃത്യമായ തയ്യാറെടുപ്പുകളോടെയും ഗെയിംപ്ലാനോടെയും എത്തുന്ന ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ അവ ഓരോന്നായി പുറത്തുവരുമെന്നുറപ്പാണ്.
ആ പോരായ്മകളിലൊന്ന് ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങാണ്. രോഹിത് ശര്‍മയെ മാറ്റിനിര്‍ത്തിയാല്‍ പിന്നീട് വരുന്നവരെല്ലാം പരാജയമാകുന്നു. കെ.എല്‍ രാഹുല്‍, വിരാട് കോലി, ചേതേശ്വര്‍ പുജാര തുടങ്ങിയ അനുഭവസമ്പന്നര്‍ക്ക് ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയാതെ പോകുന്നു.
ഇതില്‍ രാഹുല്‍ കരിയറിലെ ഏറ്റവും മോശം ഫോമിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി താരത്തിന്റെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പോലും പിറന്നിട്ടില്ല. 46 ടെസ്റ്റുകള്‍ക്ക് ശേഷം രാഹുലിന്റെ ബാറ്റിങ് ശരാശരി വെറും 34 മാത്രമാണ്. എന്നിട്ടും ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. വിദേശത്തെ പ്രകടനങ്ങളുടെ പേരില്‍ പലരും രാഹുലിനെ പ്രതിരോധിക്കുന്നുണ്ടെങ്കിലും മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലും ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍ത്ത് കളിക്കുന്ന സര്‍ഫറാസ് ഖാനും പുറത്ത് നില്‍ക്കുമ്പോഴാണ് രാഹുലിനെ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതെന്നാണ് വിമര്‍ശനം.

ആദ്യ രണ്ട് ടെസ്റ്റുകളിലെ പുജാരയുടെ പ്രകടനം ഇന്ത്യന്‍ മധ്യനിരയുടെ സ്ഥിരതക്കുറവ് എടുത്ത് കാണിക്കുന്നു. അവസരം ലഭിച്ച സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എസ് ഭരത് എന്നിവര്‍ക്കും ആ പോരായ്മ നികത്താനാകുന്നില്ല. പേരുകേട്ട ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ കളിമറന്നപ്പോള്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ആര്‍. അശ്വിനുമാണ് ടീമിനെ താങ്ങിനിര്‍ത്തിയത്. അശ്വിനും അക്ഷറും ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരല്ലെന്നും ലോകത്തെവിടെയാണെങ്കിലും ആദ്യ ആറ് സ്ഥാനങ്ങളില്‍ അവര്‍ക്ക് അനായാസം ബാറ്റ് ചെയ്യാനാകുമെന്നും പറഞ്ഞത് മറ്റാരുമല്ല, ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നേതന്‍ ലയണാണ്.
ലയണിന്റെ വാക്കുകളില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ പന്ത് കൊണ്ട് മാത്രമല്ല ടീമിന് വിജയം കൊണ്ടുവരുന്നത്. മറിച്ച് ബാറ്റ് കൊണ്ടുകൂടിയാണ്. ജഡേജ (96 റണ്‍സ്), അശ്വിന്‍ (60 റണ്‍സ്), അക്ഷര്‍ (158 റണ്‍സ്) എന്നിവര്‍ ഈ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പ്രധാന പങ്കുവഹിച്ചവരാണ്.
നാഗ്പുര്‍ ടെസ്റ്റില്‍ രോഹിത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ 84 റണ്‍സുമായി അക്ഷറും 70 റണ്‍സുമായി ജഡേജയും ഇന്ത്യന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയപ്പോള്‍ ഡല്‍ഹി ടെസ്റ്റില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ 74 റണ്‍സുമായി അക്ഷര്‍ ഒറ്റയ്ക്ക് മുന്നില്‍ നിന്നു. അശ്വിനൊപ്പം ഒമ്പതാം വിക്കറ്റില്‍ അക്ഷര്‍ കൂട്ടിച്ചേര്‍ത്ത 114 റണ്‍സ് കൂട്ടുകെട്ടാണ് രണ്ടാം ടെസ്റ്റില്‍ സത്യത്തില്‍ ഇന്ത്യയെ രക്ഷിച്ചത്.
Content Highlights: top order fails team india s tail enders stepped up to save
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..