മാന്യന്‍മാരുടെ കളിയെന്നാണ് ക്രിക്കറ്റിനുള്ള വിശേഷണം. എന്നാല്‍ പോയ വര്‍ഷം പലപ്പോഴും ക്രിക്കറ്റ് മൈതാനങ്ങള്‍ വിവാദത്തിന്റെ നിഴലിലായിരുന്നു. നിരവധി റെക്കോഡുകള്‍ക്കും അവിസ്മരണീയമായ ബാറ്റിങ് - ബൗളിങ് പ്രകടനങ്ങള്‍ക്കും ക്രിക്കറ്റ് മൈതാനങ്ങള്‍ സാക്ഷിയായ വര്‍ഷമായിരുന്നു 2019. ലോകകപ്പും ഐ.പി.എല്ലും കാണികള്‍ക്ക് വിരുന്നായപ്പോള്‍ ഏതാനും ചില സംഭവങ്ങള്‍ അവയുടെ നിറംകെടുത്തുകയും ചെയ്തു. 2019-ന് അവസാനമാകുമ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ ഏതാനും വിവാദങ്ങള്‍ ഇവയാണ്.

Top controversies which rocked cricket in 2019

1. വിവാദമായ ലോകകപ്പ് ഫൈനല്‍

2019 ജൂലായ് 14-ന് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനല്‍ തന്നെ വിവാദം നിറഞ്ഞതായിരുന്നു. ക്രിക്കറ്റിലെ നിയമങ്ങളുടെ അപാകത ചൂണ്ടിക്കാട്ടുന്നതായിരുന്നു ഈ മത്സരം. കിവീസിനെ മറികടന്ന് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയെങ്കിലും ആര് ആരെ തോല്‍പ്പിച്ചു എന്ന കാര്യത്തില്‍ പിന്നീടങ്ങോട്ട് സംശയങ്ങളും വിവാദങ്ങളുമായിരുന്നു. നിശ്ചിത ഓവറില്‍ മത്സരം ടൈ ആയതോടെ സൂപ്പര്‍ ഓവറിലാണ് വിജയികളെ നിശ്ചയിച്ചത്. എന്നാല്‍ സൂപ്പര്‍ ഓവറിലും സ്‌കോര്‍ തുല്യമായതോടെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് കിരീടം നേടുകയായിരുന്നു. അതേസമയം മത്സരത്തിന്റെ അവസാന ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ഓവര്‍ ത്രോയില്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സ് അനുവദിച്ച സംഭവവും വിവാദമായി. ഗുപ്റ്റില്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്ന് എറിഞ്ഞ പന്ത് ബെന്‍ സ്റ്റോക്ക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ കടക്കുകയായിരുന്നു. ഇതോടെ ആ പന്തില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് ലഭിച്ചു. എന്നാല്‍ ഐ.സി.സിയുടെ നിയമപ്രകാരം ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത് അഞ്ചു റണ്‍സായിരുന്നു. സൂപ്പര്‍ ഓവറിലെ വിവാദ തീരുമാനത്തില്‍ ഇഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചതോടെ ഈ ഓവര്‍ത്രോയും വിവാദമായി. ന്യൂസീലന്‍ഡിനേക്കാള്‍ ഒരു റണ്‍ പോലും ഇംഗ്ലണ്ട് അധികം നേടിയിട്ടില്ല. കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായതും ഇംഗ്ലണ്ടിനായിരുന്നു. ഇംഗ്ലണ്ട് ആകെ 26 ബൗണ്ടറികള്‍ നേടിയപ്പോള്‍ ന്യൂസീലന്‍ഡിന്റെ പേരിലുണ്ടായിരുന്നത് 17 ബൗണ്ടറികളായിരുന്നു. മുന്‍ താരങ്ങളടക്കം പലരും ഈ തീരുമാനത്തിനെതിരേ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ വിവാദം ഇവിടം കൊണ്ടും അവസാനിച്ചില്ല. ഈ സംഭവത്തിന് ശേഷം ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഓവര്‍ത്രോയിലെ എക്സ്ട്രാ റണ്‍സ് നല്‍കുന്ന നിയമവും, ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ വിജയിയെ നിര്‍ണയിക്കുന്ന നിയമവും എം.സി.സി പുനഃപരിശോധനയ്ക്ക് വിധേയമാക്കി.

Top controversies which rocked cricket in 2019

2. നാക്കു പിഴച്ച് പണിവാങ്ങിയ പാണ്ഡ്യയും രാഹുലും

കരണ്‍ ജോഹര്‍ അവതാരകനായ 'കോഫി വിത്ത് കരണ്‍' എന്ന പരിപാടിയില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടിക്കിടെ സംസാരം മുറുകിയപ്പോള്‍ വ്യക്തിജീവിതത്തെ കുറിച്ചുള്ള ഇരുവരുടെയും തുറന്നുപറച്ചിലുകള്‍ കേട്ട് ക്രിക്കറ്റ് ലോകം മാത്രമല്ല ഇന്ത്യ ഒന്നാകെ ഞെട്ടി. തങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ചായിരുന്നു ഇരുവരുടെയും തുറന്നുപറച്ചിലുകള്‍. തനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഷോയില്‍ ഹാര്‍ദിക് തുറന്നു സമ്മതിച്ചു. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളില്‍ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ലെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. തനിക്ക് 18 വയസുള്ളപ്പോള്‍ മുറിയില്‍ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ സംഭവമായിരുന്നു രാഹുല്‍ തുറന്നു പറഞ്ഞത്. ഷോയില്‍ പങ്കെടുത്ത് ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വലിയ വിവാദത്തിന് തിരികൊളുത്തി. ഇരുവര്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തിയ ഇരുവര്‍ക്കും ബി.സി.സി.ഐ നടപടി കാരണം പോയതിനേക്കാള്‍ വേഗത്തില്‍ നാട്ടില്‍ തിരിച്ചെത്തേണ്ടതായി വന്നു. വിലക്കും പിഴയുമായിരുന്നു ഇരുവര്‍ക്കും വിധിച്ചത്.

Top controversies which rocked cricket in 2019

3. സര്‍ഫറാസിന്റെ വംശീയ അധിക്ഷേപം

പാകിസ്താന്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ അന്‍ഡില്‍ ഫെഹ്‌ലുക്‌വായോക്കെതിരേ നടത്തിയ വംശീയ പരാമര്‍ശം. ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരേ നടന്ന ഏകദിന പരമ്പരയിലായിരുന്നു അന്ന് പാക് ക്യാപ്റ്റനായ സര്‍ഫറാസ്, ഫെഹ്‌ലുക്‌വായോ അപമാനിച്ചത്. ഇതോടെ താരത്തെ ഐ.സി.സി നാലു മത്സരങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തു.

Top controversies which rocked cricket in 2019

4. ക്യാപ്റ്റന്‍ കൂള്‍ ലൂസസ് ഹിസ് കൂള്‍

15 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ ധോനിക്ക് സമ്മാനിച്ച പേരാണ് 'ക്യാപ്റ്റന്‍ കൂള്‍' എന്നത്. കടുത്ത സമ്മര്‍ദ ഘട്ടങ്ങളിലും തെല്ലും പതറാതെ നിലകൊള്ളാറുള്ള അതേ ധോനി സകല നിയന്ത്രണവും വിട്ട് പെരുമാറുന്നതിനും 2019 സാക്ഷിയായി. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി നിലമറന്ന് പെരുമാറിയത്. അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച ധോനി ഡഗ്ഔട്ടില്‍ നിന്ന് പിച്ചിലെത്തി അമ്പയറോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. രാജസ്ഥാനെതിരായ അവസാന ഓവറിലെ നാടകീയ സംഭവങ്ങളാണ് ഇതിലേക്കെല്ലാം നയിച്ചത്. ചെന്നൈക്ക് ജയിക്കാന്‍ മൂന്ന് പന്തില്‍ എട്ടു റണ്‍സ് വേണമെന്ന ഘട്ടം. രവീന്ദ്ര ജഡേജയും സാന്റ്നറും ക്രീസില്‍. സാന്റ്നര്‍ക്ക് നേരെ ബെന്‍ സ്റ്റോക്ക്സ് എറിഞ്ഞ് പന്ത് അരയ്ക്ക് മുകളില്‍ ഉയരത്തിലായിരുന്നു. ഇതിന് ആദ്യം നോബോള്‍ വിളിച്ച അമ്പയര്‍ പിന്നീട് അത് തിരുത്തി. ഇത് ചെന്നൈ താരങ്ങള്‍ക്ക് അംഗീകരിക്കാനാകുമായിരുന്നില്ല. ക്രീസിലുണ്ടായിരുന്ന ജഡേജ അമ്പയറോട് കാര്യം അന്വേഷിച്ചു. ഇതിനടയില്‍ ഡഗ്ഔട്ടില്‍ നിന്ന് ധോനി ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. ബൗണ്ടറി ലൈനില്‍ നിന്ന് തന്നെ അമ്പയറോട് ദേഷ്യം പ്രകടിപ്പിച്ചായിരുന്നു ധോനി വന്നത്. ഇത് എങ്ങനെ സമ്മതിക്കുമെന്നും അത് നോ ബോള്‍ അല്ലേ എന്നും അമ്പയര്‍ ഉല്‍ഹാസ് ഗാന്ധെയോട് ധോനി ചോദിക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ് നിയമം ലംഘിച്ചതിന് ബി.സി.സി.ഐ മാച്ച് ഫീയുടെ 50% ധോനിക്ക് പിഴയായി വിധിക്കുകയും ചെയ്തു. എന്നിരുന്നാലും അവസാന പന്തില്‍ സിക്സ് അടിച്ച് സാന്റ്നര്‍ ചെന്നൈയെ ജയിപ്പിക്കുകയും ചെയ്തു.

Top controversies which rocked cricket in 2019

5. അശ്വിന്റെ ചതി

2019-ല്‍ ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്ത കാര്യങ്ങളിലൊന്ന് ഐ.പി.എല്ലില്‍ ഇന്ത്യന്‍ താരം അശ്വിന്‍ നടത്തിയ 'മങ്കാദിങ്' ആയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ജോസ് ബട്ട്‌ലറെയാണ് കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനായ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. രാജസ്ഥാന്റെ ഇന്നിങ്സിലെ 13-ാം ഓവറിലായിരുന്നു സംഭവം. 13-ാം ഓവറിന്റെ അഞ്ചാം പന്ത് എറിയാന്‍ അശ്വിന്‍ തയാറെടുക്കുമ്പോള്‍ 12.4 ഓവറില്‍ ഒരേയൊരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. 44 പന്തും ഒന്‍പതു വിക്കറ്റും ബാക്കിനില്‍ക്കെ അവര്‍ക്കു വിജയത്തിലേക്കുണ്ടായിരുന്നത് 77 റണ്‍സിന്റെ ദൂരം മാത്രം. അഞ്ചാം പന്ത് എറിയാനെത്തിയ അശ്വിന്‍ റണ്ണപ്പിനുശേഷം ആക്ഷനു തുടക്കമിട്ടെങ്കിലും ഇടയ്ക്കുവച്ച് നിര്‍ത്തി. ഈ സമയം നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന ബട്‌ലര്‍ അശ്വിനെ ശ്രദ്ധിക്കാതെ ക്രീസിലുള്ള സഞ്ജുവിനെ മാത്രം നോക്കി പതുക്കെ ക്രീസിനു പുറത്തേക്കു നീങ്ങിത്തുടങ്ങിയിരുന്നു. ബൗളിങ് ആക്ഷന്‍ പാതിവഴിക്ക് നിര്‍ത്തിയ അശ്വിന്‍, ബട്‌ലര്‍ ക്രീസിനു പുറത്താണെന്ന് ഉറപ്പാക്കി സ്റ്റമ്പിളക്കി. ശേഷം ഔട്ടിന് അപ്പീല്‍ ചെയ്തു. ബട്ലര്‍ ക്രീസ് വിടാന്‍ കാത്തുനിന്ന ശേഷമായിരുന്നു അശ്വിന്റെ ഈ സ്റ്റമ്പിങ്ങ്. അശ്വിനുമായി ബട്‌ലര്‍ ഏറെ നേരം തര്‍ക്കിച്ചെങ്കിലും റീപ്ലേയില്‍ ബട്ലര്‍ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ അമ്പയര്‍ ഔട്ട് നല്‍കി. അശ്വിന്‍ ചെയ്തത് ചതിപ്രയോഗമാണെന്നും സ്പോര്‍ട്സ്മാന്‍ സ്പിര്റ്റിന് നിരക്കാത്തതാണെന്നും തരത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നു.

Top controversies which rocked cricket in 2019

6. ഉത്തേജക വിവാദത്തില്‍ പൃഥ്വി ഷാ

ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ ഉത്തേജക വിവാദത്തില്‍ കുടുങ്ങിയത് ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് സ്വീകരിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യയ്ക്കായി സെഞ്ചുറി നേടി വരവറിയിച്ച ഷാ പിന്നീട് വാര്‍ത്തകളില്‍ ഇടംപിടിച്ചത് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടെന്നാണ്. ഉത്തേജക മരുന്ന് പരിശോധനയില്‍ ശരീരത്തില്‍ നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ ബി.സി.സി.ഐ എട്ടു മാസത്തേക്ക് വിലക്കുകയും ചെയ്തു. കഫ് സിറപ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന നിരോധിത വസ്തുവാണ് ഷായ്ക്ക് തിരിച്ചടിയായത്. ഇത് അശ്രദ്ധമായി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് നടപടി. 2019 നവംബര്‍ 15 വരെയായിരുന്നു താരത്തിന്റെ വിലക്ക്. ഫെബ്രുവരി 22-ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഷാ നല്‍കിയ മൂത്രസാമ്പിള്‍ പരിശോധിച്ചതിലാണ് നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വാഡ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടെര്‍ബുട്ടാലൈന്‍ ഘടകമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ചുമയ്ക്കായി മരുന്ന് കഴിച്ചിരുന്നുവെന്നും അബന്ധത്തില്‍ സംഭവിച്ചതാണ് ഇക്കാര്യമെന്നുമാണ് ഷാ നല്‍കിയ വിശദീകരണം. മരുന്നിലെ ഘടകങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ഷാ വ്യക്തമാക്കിയിരുന്നു. 2018-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു പൃഥ്വി ഷാ. 2018 ഒക്ടോബറിലാണ് താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ ഷാ റെക്കോഡ് ബുക്കിലും ഇടംപിടിച്ചിരുന്നു.

Content Highlights: Top controversies which rocked cricket in 2019