ടോക്യോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ ഒൻപതു മലയാളികൾ സ്ഥാനം പിടിച്ചപ്പോൾ അതിൽ ഒരു വനിത പോലുമില്ല. 1980-ലെ മോസ്കോ ഒളിമ്പിക്സിൽ പിടി ഉഷ തുടക്കമിട്ട മലയാളി വനിതാ പ്രാതിനിധ്യം തൽക്കാലത്തേക്കെങ്കിലും അവസാനിച്ചിരിക്കുന്നു. പക്ഷേ, ഇതിൽ അതിശയിക്കാൻ ഒന്നുമില്ല.

ഇന്ത്യയുടെ വനിതാ റിലേ ടീം 4x400 മീറ്ററിൽ യോഗ്യത നേടാതെ പോയപ്പോൾ തന്നെ മലയാളികളുടെ സാധ്യത മങ്ങിയിരുന്നു. ദോഹയിൽ 2019-ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഏഴാം സ്ഥാനം നേടുകവഴി ടോക്കിയോ ബർത്ത് ഉറപ്പിച്ച മിക്സ്ഡ് റിലേ ടീമിൽ ആയിരുന്നു പ്രതീക്ഷ ബാക്കി നിന്നത്. വി.കെ.വിസ്മയ ദോഹയിൽ ടീമിൽ ഉണ്ടായിരുന്നു താനും.

പക്ഷേ, മിക്സ്ഡ് റിലേ ടീമിൽ അഞ്ചുപേരിൽ (കോവിഡ് മൂലമാകണം ഇത്തവണ റിലേ ടീമുകളിൽ ആറു പേർ വേണ്ട എന്ന നിർദേശം വന്നത്.) മൂന്നും വനിതകൾ ആയിട്ടും ജിസ്ന മാത്യുവിനും വിസ്മയയ്ക്കും അവസരം കിട്ടിയില്ല.

ഈ വർഷം ദേശീയ തലത്തിൽ നടന്ന ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച സീനിയർ താരം എംആർ പൂവമ്മയെയും (നടുവേദനയുടെ പേരിൽ എന്നു പറയുന്നു) ഇക്കഴിഞ്ഞ അന്തർ സംസ്ഥാന മീറ്റിൽ പൂവമ്മയെയും തോൽപിച്ച പതിനെട്ടുകാരി പ്രിയ എച്ച് .മോഹനനെയും (ദേശീയ ക്യാംപിൽ ഇല്ലായിരുന്നു) ഒഴിവാക്കിയിട്ടും ജിസ് നയ്ക്കും വിസ്മയയ്ക്കും ടീമിലെത്താനായില്ല. സൂപ്പർ താരം ഹിമാ ദാസും പിൻവാങ്ങിയിരുന്നു എന്നോർക്കണം.

ഉഷ, ഷൈനി, സാറാമ്മ, ബീനാമോൾ എന്നിവർക്കു ശേഷം ഒരു ലാപ് ഓട്ടത്തിൽ ഇന്ത്യയിൽ ഒരു ഒന്നാം നമ്പർ താരമാകാൻ മലയാളി വനിതകൾക്കു കഴിയുന്നില്ല എന്ന സത്യം മറക്കരുത്. ചിത്ര കെ. സോമൻ, ജിൻസി ഫിലിപ് , സിനി ജോസ് എന്നിവരെപ്പോലെ റിലേ ടീമിൽ അനിവാര്യമാകാനും നമ്മുടെ പെൺകുട്ടികൾക്കു സാധിക്കുന്നില്ല.

റിയോ ഒളിമ്പിക്സിൽ അനിൽഡ തോമസും ഭുവനേശ്വർ ഏഷ്യൻ ചാംപ്യൻഷിപ്പിൽ ജിസ്നയും ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വിസ്മയയും ഒക്കെ ടീമിൽ നാലിൽ ഒരാൾ മാത്രമായിരുന്നു. വനിതാ റിലേയിൽ മൂന്നു മലയാളികളും മറ്റൊരാളും എന്ന സ്ഥിതിയായിരുന്നു 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സ് മുതൽ ഏതാനും വർഷം മുൻപുവരെ കണ്ടു പോന്നത്. ഒരു ഹിമാ ദാസോ, ദ്യുത്തീ ചന്ദോ കേരളത്തിൽ നിന്നു വളർന്നു വരുന്നില്ല താനും.

ജംപ് ഇനങ്ങളിലും ദീർഘദൂര ഓട്ടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മേഴ്സി കുട്ടനും അഞ്ജു ബോബി ജോർജിനും മയൂഖ ജോണിക്കും എം.എ. പ്രജൂഷയ്ക്കും ദീർഘ ദൂരങ്ങളിൽ പ്രീജാ ശ്രീധരനും ഒ.പി. ജെയ്ഷയ്ക്കുമൊക്കെ പിൻഗാമികൾ വളർന്നു വരേണ്ടിയിരിക്കുന്നു. മിക്സ്ഡ് റിലേ ടീമിൽ മലയാളികളെ തഴഞ്ഞ് തമിഴ്നാടിന്റെ ധനലക്ഷ്മി ശേഖറിനെ ഉൾപ്പെടുത്തിയതിനു കാരണവും നമ്മുടെ ക്വാർട്ടർ മൈൽ താരങ്ങൾ ഫോമിലല്ല എന്നതുകൊണ്ടാണ്.

മുൻപ് റിലേയിൽ ആന്ധ്രയുടെ ധനലക്ഷ്മി മൂന്നു മലയാളികൾക്കൊപ്പം ഓടിയെങ്കിൽ ഇന്നു മറ്റൊരു ധനലക്ഷ്മി കേരള താരങ്ങളെ പിൻതള്ളി സ്ഥാനം നേടിയിരിക്കുന്നു. ഇന്ത്യയിലെ വേഗമേറിയ ഓട്ടക്കാരിയാണ് ധനലക്ഷ്മി. 400 മീറ്ററിൽ ട്രയൽസിൽ മൂന്നാമതെത്തുകയും ചെയ്തു. ധനലക്ഷ്മിയുടെ സ്പ്രിന്റ് മികവ് പ്രയോജനപ്പെടുത്താനാകും ലക്ഷ്യം. എന്തായാലും മലയാളി വനിതകൾ ഒളിമ്പിക് ടീമിൽ നിന്ന് തഴയപ്പെട്ടു എന്നാരും പറയേണ്ടതില്ല. അവർ യോഗ്യത നേടിയില്ലെന്നു പറയുന്നതാകും നല്ലത്.

Content Highlights: Tokyo Olympics 2021 Kerala Women Athlets Participation