ണി ഈശ്വരവിശ്വാസിയായിരുന്നു. നിമിത്തങ്ങളിലും ലക്ഷണങ്ങളിലും ഉറച്ച വിശ്വാസം. ചരിത്രത്തില്‍ ആദ്യമായി കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടക്കുന്നതില്‍ മൂന്നിന്റെ ഒരു മറിമായമുണ്ടെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു അന്നത്തെ നായകന്‍ മണി.

മുപ്പത്തിമൂന്നാം സന്തോഷ് ട്രോഫിയായിരുന്നു അത്. ടൂര്‍ണമെന്റ് നടന്നത് 1973ല്‍. ഫൈനലില്‍ കേരളം റെയില്‍വെയ്‌സിനെ തോല്‍പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളിന്. കേരളത്തിന് വേണ്ടി മൂന്ന് ഗോളും നേടിയത് ക്യാപ്റ്റന്‍ ടി.കെ.എസ്. മണി. ഹാട്രിക്കോടെ ടീമിന് കിരീടം നേടിക്കൊടുക്കുമ്പോള്‍ ക്യാപ്റ്റന് പ്രായം മുപ്പത്തിമൂന്ന്. കേരളത്തിന്റെ ആദ്യത്തെ ഫുട്‌ബോള്‍ സെന്‍സേഷനായ മണിക്കുള്ളത് മൂന്ന് മക്കളും.

തീര്‍ന്നില്ല മൂന്നിന്റെ മറിമായം. അന്ന് സന്തോഷ് ട്രോഫി ടീമിന്റെ സെലക്ഷനുവേണ്ടി എത്തിയത് മുപ്പത്തിമൂന്ന് പേരായിരുന്നു. സ്വന്തം നാട്ടില്‍ നടക്കുന്നതിനാല്‍ ശരിക്കം ആവശ്യമായ പതിനേഴ് പേര്‍ക്ക് പകരം അവസാന തിരഞ്ഞെടുത്തത് ഇരുപത്തിമൂന്നംഗ ടീമിനെ. അന്ന് ടീമിന് മൂന്ന് പരിശീലകരായിരുന്നു ഉണ്ടായിരുന്നത്. സൈമണ്‍, ഗോപാലകൃഷ്ണന്‍, ദേവസ്സിക്കുട്ടി. ഗോളികളും മൂന്ന് പേര്‍. സേതുമാധവന്‍, വിക്ടര്‍ മഞ്ഞില, രവി. സേതുമാധവനും വിക്ടറും പരിക്കേറ്റതിനെ തുടര്‍ന്നാണ് അന്ന് പയ്യനായ രവി ടീമിലെത്തുന്നത്. എന്തായാലും മൂന്നൊക്കാന്‍ തന്നെയായിരുന്നു വിധി. മുറ തെറ്റാതെ വന്ന ഈ മൂന്നുകളുടെ രൂപത്തിലാണ് ദൈവം തനിക്കും ടീമിനും കിരീടംനേട്ടമെന്ന് അസുലഭ ഭാഗ്യം സമ്മാനിച്ചതെന്ന് എന്നും വിശ്വസിച്ചിരുന്നു ടീമിനെ നയിക്കാനുള്ള നിയോഗവും നിനയ്ക്കാതെ വീണുകിട്ടിയ മണി.